സഹകരണ കേസില്‍ കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ വാദിക്കും

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ നടപടിയില്‍ കേരളം ഉടന്‍ ഹരജി നല്‍കും. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അഡ്വ. കെ.വി. വിശ്വനാഥന്‍ ഹാജരാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അഡ്വ. വിശ്വനാഥനുമായി നേരിട്ടു ചര്‍ച്ച നടത്തി. ഇതിനൊപ്പം, അഭിഭാഷകരുടെ പാനലും കേരളം തയാറാക്കിയിട്ടുണ്ട്. ആവശ്യഘട്ടത്തില്‍ ഇവരുടെ സഹായവും തേടാനാണ് തീരുമാനം.

റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ മാസമാണ് മുന്നറിയിപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. ആദ്യം വാര്‍ത്താക്കുറിപ്പായി നല്‍കിയ മുന്നറിയിപ്പുകള്‍ പിന്നീട്
പത്രപ്പരസ്യമായി നല്‍കുകയായിരുന്നു. ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നും നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി. ) പരിരക്ഷ നല്‍കിയിട്ടില്ലെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ അംഗങ്ങളില്‍ നിന്നു മാത്രമാണ് നിക്ഷേപം സ്വീകരിക്കുന്നത്. ഡി.ഐ.സി.ജി.സി. ഇന്‍ഷുറന്‍സ് പരിരക്ഷ നാളിതുവരെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നോട്ടീസ് പിന്‍വലിക്കണമെന്നും പത്രക്കുറിപ്പ് വഴിയും പത്രപ്പരസ്യം വഴിയും സൃഷ്ടിക്കപ്പെട്ട തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും കത്തു നല്‍കിയത്. എന്നാല്‍, അനുകൂല പ്രതികരണമല്ല ഉണ്ടായത്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ ആര്‍.ബി.ഐ. പരസ്യത്തിനനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. മുതിര്‍ന്ന അഭിഭാഷകര്‍, അഡ്വക്കെറ്റ് ജനറല്‍, നിയമ മന്ത്രി പി. രാജീവ് എന്നിവരുമായി എറണാകുളത്തു നടന്ന ചര്‍ച്ചയിലാണ് നിയമപരമായ നടപടികള്‍ ആലോചിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണു ഡല്‍ഹിയില്‍ അഡ്വ. കെ.വി. വിശ്വനാഥനുമായി ചര്‍ച്ച നടത്തിയത്.

ഒട്ടനവധി കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി അഡ്വ. കെ.വി. വിശ്വനാഥനെ നിയോഗിച്ചിട്ടുണ്ട്. ഭരണഘടനാ സംബന്ധമായ നിരവധി കേസുകളില്‍ അനുകൂല വിധി സമ്പാദിച്ച വിദഗ്ദ്ധനായ അഭിഭാഷകനാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുന്‍ അഡീഷണല്‍ അഡ്വക്കെറ്റ് ജനറലും ഡി.ജി.പി.യുമായിരുന്ന അഡ്വ. കെ.കെ. രവീന്ദ്രനാഥും സുപ്രീം കോടതി കോണ്‍സല്‍ അഡ്വ. പ്രകാശും ഡല്‍ഹിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.