സംഘശക്തിയില്‍ ചക്കപ്പൊരി മുതല്‍ പെട്രോള്‍ ബങ്ക് വരെ

യു.പി. അബ്ദുള്‍ മജീദ്

ഗ്രാമപ്രദേശങ്ങളില്‍ പെട്രോള്‍ ബങ്കുകള്‍ കുറവായിരുന്ന കാലത്ത്
1986 ല്‍ കൊടുവള്ളിയില്‍ പെട്രോള്‍ ബങ്ക് തുറന്ന സംഘമാണു
കോഴിക്കോട് കൊടുവള്ളിയിലെ പട്ടികജാതി സഹകരണസംഘം.
32 പേര്‍ക്കു ജോലി നല്‍കുന്ന രണ്ടു പെട്രോള്‍ ബങ്കുകളാണു
സംഘം ലാഭകരമായി നടത്തുന്നത്. പ്രതിദിനം പത്തു ലക്ഷം രൂപയാണ്
ഈ ബങ്കുകളിലെ വിറ്റുവരവ്. 2135 അംഗങ്ങളുള്ള സംഘം ചക്ക കൊണ്ട്
വിവിധ ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നു, തയ്യല്‍ പരിശീലന കേന്ദ്രം നടത്തുന്നു.

 

നിരനിരയായി നില്‍ക്കുന്ന സ്വര്‍ണക്കടകളാണു കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. സ്വര്‍ണ്ണക്കച്ചവടത്തിന്റെ അകവും പുറവും അറിയുന്ന കൊടുവള്ളിക്കാരുടെ ജ്വല്ലറികള്‍ അയല്‍പ്രദേശങ്ങളിലേക്കാണ് ആദ്യം പടര്‍ന്നത്. പിന്നീട് വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലും അയല്‍സംസ്ഥാനങ്ങളിലുമൊക്കെ കൊടുവള്ളിക്കാര്‍ സ്വര്‍ണക്കച്ചവടം തുടങ്ങി വിപണി പിടിച്ചു. തൊഴില്‍ തേടി ഗള്‍ഫുനാടുകളിലേക്കു പോയവര്‍ ഏറെയുള്ള കൊടുവള്ളിയുടെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. കോഴിക്കോട്-വയനാട് റോഡിലെ ചെറിയ അങ്ങാടി പട്ടണപ്രൗഢിയോടെ വളര്‍ന്നപ്പോള്‍ വ്യാപാരസ്ഥാപനങ്ങള്‍ പെരുകി. ആരോഗ്യ-വിദ്യാഭ്യാസമേഖല വളര്‍ന്നു. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പുതുതായി വന്നു. അതോടൊപ്പം, സഹകരണമേഖലയിലും നിരവധി സ്ഥാപനങ്ങള്‍ ബാങ്കിങ്, നോണ്‍-ബാങ്കിങ്‌മേഖലയില്‍ കൊടുവള്ളിയില്‍ വളര്‍ന്നു പന്തലിച്ചു. അക്കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സ്ഥാപനമാണു കൊടുവള്ളി പട്ടികജാതി സഹകരണ സംഘം. പട്ടികജാതിക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച സംഘം നാലു പതിറ്റാണ്ടിലധികം സജീവമായി പ്രവര്‍ത്തിച്ച് ചക്കസംസ്‌കരണ യൂണിറ്റ് മുതല്‍ പെട്രാള്‍ ബങ്കുകള്‍ വരെ നടത്തി സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും നല്‍കാമെന്നു തെളിയിച്ചുകഴിഞ്ഞു. കേരളത്തിലെ മികച്ച പട്ടികജാതി സംഘത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയെടുക്കാനും കൊടുവളളിയിലെ പട്ടികജാതിക്കാരുടെ സംഘശക്തിക്കു കഴിഞ്ഞിട്ടുണ്ട്.

മൂന്നു ഷിഫ്റ്റ്
32 പേര്‍ക്ക് ജോലി

ഇപ്പോള്‍ മുനിസിപ്പാലിറ്റിയായി മാറിയ പഴയ കൊടുവള്ളി ഗ്രാമപ്പഞ്ചായത്തും തൊട്ടടുത്ത കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളും പ്രവര്‍ത്തനപരിധിയായി 1980 ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘം 1986 ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധനവില്‍പ്പന ഏറ്റെടുത്തതോടെയാണു ശ്രദ്ധേയമായത്. ഗ്രാമപ്രദേശങ്ങളില്‍ പെട്രോള്‍ ബങ്കുകള്‍ കുറവായിരുന്ന അക്കാലത്ത് കൊടുവള്ളിയില്‍ പെട്രോള്‍ ബങ്ക് തുറക്കാന്‍ സംഘത്തിനു കഴിഞ്ഞതു നല്ല ചുവടുവെയ്പ്പായി. പുതിയ ബങ്കുകള്‍ അനുവദിക്കുമ്പോള്‍ പട്ടികജാതി സഹകരണ സംഘങ്ങള്‍ക്കു പൊതുമേഖലാ എണ്ണക്കമ്പനികള്‍ നല്‍കിയ പരിഗണനയാണു സംഘത്തെ തുണച്ചത്. ദേശീയപാതയില്‍ പെട്രോള്‍ ബങ്കുകള്‍ കുറവായതു കാരണം അക്കാലത്തു വന്‍തോതില്‍ വില്‍പ്പന നടന്നതു സംഘത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തി. 2002 ല്‍ ഓമശ്ശേരിയില്‍ രണ്ടാമത്തെ പെട്രോള്‍ ബങ്ക് തുറന്നതോടെ സംഘത്തിന്റെ വിറ്റുവരവ് ഇരട്ടിയായി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഓമശ്ശേരി-താമരശ്ശേരി റോഡിലുള്ള ഈ ബങ്കും ആരംഭകാലത്തു വില്‍പ്പനയില്‍ ഏറെ മുന്നിലായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബങ്കുകളില്‍ മൂന്നു ഷിഫ്റ്റുകളിലായി 32 പേര്‍ക്കു ജോലി നല്‍കുന്നുണ്ട്.

പെട്രോള്‍, ഡീസല്‍ ഇനങ്ങളില്‍ ശരാശരി പത്തു ലക്ഷം രൂപയാണു സംഘത്തിന്റെ പ്രതിദിന വിറ്റുവരവ്. ഒരു ലിറ്റര്‍ പെട്രോളിന് 3.41 രൂപയും ഡീസലിന് 2.14 രൂപയും കമ്മീഷനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നതാണു സംഘത്തിന്റെ വരുമാനം. നടത്തിപ്പ് ചെലവുകള്‍ ഇതില്‍ നിന്നാണു വഹിക്കുന്നത്. അടുത്ത കാലത്തായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഗ്രാമപ്രദേശങ്ങളില്‍ ഒരു മാനദണ്ഡവുമില്ലാതെ ബങ്കുകള്‍ അനുവദിക്കുന്നതു വിറ്റുവരവിനെ ബാധിച്ചിട്ടുണ്ട്. മുമ്പ് ഏതെങ്കിലും ഒരു പൊതുമേഖലാ എണ്ണക്കമ്പനിക്ക് ഔട്ട്‌ലെറ്റ് ഉള്ള സ്ഥലത്തു മറ്റൊരു പൊതുമേഖലാ കമ്പനി വില്‍പ്പനഏജന്‍സി അനുവദിക്കില്ല. എന്നാല്‍, ഇപ്പോള്‍ ഒരേ കമ്പനിതന്നെ ചെറിയ ഗ്രാമത്തില്‍പ്പോലും ഒന്നിലധികം ബങ്കുകള്‍ നല്‍കുന്നുണ്ട്. മുമ്പു പരിഗണിച്ചിരുന്ന ദൂരപരിധിയും ഒഴിവാക്കിയതോടെ പണമുള്ള ആര്‍ക്കും എവിടേയും പെട്രാള്‍ ബങ്ക് തുറക്കാമെന്ന അവസ്ഥ വന്നതാണു സഹകരണമേഖലയിലെ ഇത്തരം സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. മാത്രമല്ല, സ്വകാര്യമേഖലാ എണ്ണക്കമ്പനികളും ഗ്രാമങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ വ്യാപകമാക്കിയിട്ടുണ്ട്. സേവനത്തിലെ മികവും ഇടപാടുകാരുമായുള്ള നല്ല ബന്ധവുമാണു പ്രതികൂല സാഹചര്യത്തിലും നല്ല രീതിയില്‍ വില്‍പ്പന നിലനിര്‍ത്താന്‍ പട്ടികജാതി സംഘത്തിനു സഹായമാവുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമൂലം ഹൈവേയില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ക്കു സംഘത്തിന്റെ ബങ്ക് അത്താണിയാവുന്നു. ഗുണമേന്മ, അളവ് തുടങ്ങിയവയില്‍ സഹകരണസംഘത്തിനു ലഭിക്കുന്ന വിശ്വാസ്യതയും ബങ്കിലെ വിറ്റുവരവ് നിലനിര്‍ത്താന്‍ സഹായകമാണ്. സംഘത്തിന്റെ പ്രവര്‍ത്തനമികവിന് അംഗീകാരമെന്ന നിലയില്‍ ഐ.ഒ.സി. യുടെ ചേളാരിയിലെ പെട്രോള്‍ ബങ്കിന്റെ നടത്തിപ്പ് സംഘത്തെ ഏല്‍പ്പിച്ചിരുന്നു. 12 വര്‍ഷം പ്രവര്‍ത്തിപ്പിച്ച ശേഷമാണു തിരിച്ചു നല്‍കിയത്.

ചക്കകൊണ്ട്
വിവിധ വിഭവങ്ങള്‍

ഇന്ധനവില്‍പ്പനയിലൂടെ പച്ചപിടിച്ച കൊടുവള്ളി പട്ടികജാതി സഹകരണസംഘം ചക്ക സംസ്‌കരണ യൂണിറ്റിലൂടെയും കുറെ പേര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേളകളും എക്‌സ്‌പോയും നടക്കുമ്പോള്‍ ചക്കയില്‍ നിന്നുണ്ടാക്കിയ നിരവധി ഉല്‍പ്പന്നങ്ങളുമായി സംഘത്തിന്റെ സ്റ്റാളുണ്ടാവും. എറണാകുളത്തും ന്യൂഡല്‍ഹിയിലും സഹകരണ എക്‌സ്‌പോയില്‍ സംഘത്തിന്റെ ചക്ക ഉല്‍പ്പന്നങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. ചക്ക ഉപയോഗിച്ചുള്ള പൊരി, ഉണ്ണിയപ്പം, അച്ചാര്‍, സോസ്, ജാം തുടങ്ങിയവ സംഘത്തിന്റെ മധുരം ജാക്ക് ഫ്രൂട്ട് യൂണിറ്റിലെ ഉല്‍പ്പന്നങ്ങളാണ്. കൊടുവള്ളിക്കടുത്ത വാവാടില്‍ പ്രവര്‍ത്തിക്കുന്ന ചക്ക സംസ്‌കരണ യൂണിറ്റില്‍ ഏഴു പേരുണ്ട്. ചക്ക സീസണ്‍ തുടങ്ങുന്നതോടെ യൂണിറ്റ് സജീവമാവും. ഉല്‍പ്പന്നങ്ങള്‍ക്കു പ്രാദേശികമായിത്തന്നെ കൂടുതല്‍ ആവശ്യക്കാരുണ്ട്. ബേക്കറികള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ വഴിയും വില്‍പ്പന നടത്തുന്നുണ്ട്. സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വീടുകള്‍തോറും വില്‍പ്പന നടത്തുന്നവരുമുണ്ട്.

ആറു വര്‍ഷമായി സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെയ്ലറിങ് യൂണിറ്റ് തൊഴില്‍പരിശീലന സ്ഥാപനം കൂടിയാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ സ്ത്രീകള്‍ക്കു വീടുകള്‍ കേന്ദ്രീകരിച്ച് ചെയ്യാവുന്ന തൊഴില്‍ എന്ന നിലയ്ക്കു തയ്യല്‍ ജോലിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ സംഘം ഇതിനകം നിരവധി പേര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. തയ്യല്‍ ജോലികള്‍ ഏറ്റെടുക്കുന്നതിനു പുറമെ കുറഞ്ഞ ഫീസില്‍ പരിശീലനം നല്‍കുക വഴി ലഭിക്കുന്ന വരുമാനവും ചേര്‍ത്ത് ഏതാനും സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കാന്‍ സംഘത്തിനു കഴിയുന്നുണ്ട്. സംഘത്തിനു കീഴില്‍ കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കൊറോണക്കാലത്തുണ്ടായ നിയന്ത്രണങ്ങളും ഐ.ടി. മേഖലയിലുണ്ടായ മാറ്റങ്ങളും കാരണം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വാശ്രയസംഘങ്ങള്‍ രൂപവത്കരിച്ചും വിദ്യാഭ്യാസപ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കിയും സഹകരണവകുപ്പിന്റെ വിവിധ പദ്ധതികള്‍ മാതൃകാപരമായി നിര്‍വ്വഹണം നടത്തിയും സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കിയും സംഘം സാമൂഹികക്ഷേമ രംഗത്ത് ഇടപെട്ടിട്ടുണ്ട്.

2135 അംഗങ്ങളുള്ള സംഘത്തിനു കെട്ടിടവും 37.5 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. ബാങ്കിങ് ഇതര മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിനു 48,42,919 രൂപ പ്രവര്‍ത്തനമൂലധനമുണ്ട്. ഒമ്പതു സ്ഥിരം ജീവനക്കാരും 40 ദിവസവേതനക്കാരുമാണു സംഘത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. 2021-22-ല്‍ അന്താരാഷ്ട സഹകരണ വാരാഘോഷത്തില്‍ മികച്ച സംഘത്തിനുള്ള അവാര്‍ഡ് കൊടുവള്ളി പട്ടികജാതി സഹകരണസംഘത്തിനു ലഭിച്ചിട്ടുണ്ട്. എസ്. സി. / എസ്.ടി. സംഘങ്ങളില്‍ മികവിനുളള പുരസ്‌കാരങ്ങളും സംഘത്തിനു ലഭിച്ചിട്ടുണ്ട്.

വി. രവീന്ദ്രന്‍ സംഘത്തിന്റെ പ്രസിഡന്റും വി.പി. കീരന്‍ വൈസ് പ്രസിഡന്റുമാണ്. എം. ബാബുരാജ്, കെ. സുകുമാരന്‍, യു.കെ. ഭാസ്‌കരന്‍, പി. രജീഷ്, പി. ബിജിത, എം. ജീഷ, വി. ജീഷ എന്നിവര്‍ ഡയറക്ടര്‍മാരും സി. വാസുദേവന്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമാണ്.

                                                                (മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)

 

 

Leave a Reply

Your email address will not be published.