സംഘത്തിന്റെ നഷ്ടം ജീവനക്കാരുടെ പെന്‍ഷനും പ്രമോഷനും മുടക്കാനുള്ള കാരണമല്ല – സഹകരണ വകുപ്പ്
സഹകരണ സംഘത്തിന് സാമ്പത്തിക സ്ഥിതി കുറവായതിന്റെ പേരില്‍ പെന്‍ഷന്‍ സ്‌കീമില്‍ ജീവനക്കാരെ ഉള്‍പ്പെടുത്താതിരിക്കുന്നതും അര്‍ഹതപ്പെട്ട ഗ്രേഡ് പ്രമോഷനുകളും ശമ്പള പരിഷ്‌കരണവും നിഷേധിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍, ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് ഹിയറിങ് നടത്തി സഹകരണ സംഘം ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
ബാങ്കിലെ അറ്റന്റര്‍ തസ്തികയില്‍ ജോലിചെയ്തിരുന്ന മാത്യു ബെന്‍ എന്ന ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ലഭിച്ചില്ലെന്നും, പെന്‍ഷന്‍ വിഹിതം സംഘം പെന്‍ഷന്‍ ബോര്‍ഡില്‍ അടച്ചില്ലെന്നുമായിരുന്നു പരാതി. ഇതില്‍ രണ്ടുമാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രമോഷനും പെന്‍ഷന്‍ വിഹിതവും നല്‍കണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇതിനെതിരെ സംഘം നല്‍കിയ അപ്പീലില്‍ സഹകരണ വകുപ്പിനോട് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇങ്ങനെ നടത്തിയ ഹിയറിങ്ങിലാണ് ജീവനക്കാരുടെ പെന്‍ഷനോ പ്രമോഷനോ തടയുന്നത് നിയമപരമല്ലെന്ന് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്.
സംഘം അറ്റ നഷ്ടത്തിലാണെന്നും പെന്‍ഷന്‍ ബോര്‍ഡ് അംഗത്വം എടുക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്നും ബാങ്ക് വാദിച്ചു. ജീവനക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങളുള്‍പ്പെടെ നല്‍കാന്‍ ബാങ്ക് തയ്യാറാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ എല്ലാം നല്‍കുമെന്നും, അതുവരെ താല്‍ക്കാലികമായി മാറ്റിവെച്ചതാണെന്നും ബാങ്ക് വിശദീകരിച്ചു. നിക്ഷേപ തുക ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കരുതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറുണ്ടെന്നും ബാങ്ക് അറിയിച്ചു.
ജീവനക്കാരുടെ സമയബന്ധിത ഹയര്‍ഗ്രേഡ്, ഫീഡര്‍ കാറ്റഗറി സബ്റൂള്‍ അംഗീകരിച്ചുവാങ്ങി പ്രമോഷന്‍ നല്‍കുന്നതിനും പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനും ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ ഉത്തരവ് പാലിക്കേണ്ടതാണെന്നാണ് സഹകരണ വകുപ്പ് വിലയിരുത്തിയത്. ഇതില്‍ സംഘത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മോശമാകുന്നത് ജീവനക്കാരുടെ നിയമപരമായ അവകാശത്തെ നിഷേധിക്കാനുള്ള കാരണമല്ലെന്നാണ് ഉത്തരവില്‍ സഹകരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.കെ.ഗോപകുമാര്‍ ചൂണ്ടിക്കാട്ടിയത്.