സംഘങ്ങളുടെ CASA നിക്ഷേപത്തിനു വിലക്ക് വരുമ്പോള്‍

[mbzauthor]

- ബി.പി. പിള്ള
( മുന്‍ ഡയരക്ടര്‍
എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )
സഹകരണ വായ്പാ സംഘങ്ങള്‍ അവയുടെ മിച്ച ഫണ്ട് 
കേരള ബാങ്കില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്ന ഉത്തരവു 
ലംഘിച്ചാണു മറ്റു ബാങ്കുകളില്‍ കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നതെന്നും 
അങ്ങനെയുള്ള സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സഹകരണ സംഘം 
രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ 
പണമായി ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന 
പ്രാഥമിക സംഘങ്ങള്‍ക്കു ഒരു സാമ്പത്തികവര്‍ഷം അഞ്ചു കോടിയോ 
പത്തു കോടിയോ പണമായി ബാങ്കില്‍ നിന്നെടുത്തു വിതരണം 
ചെയ്യേണ്ടതുണ്ട്. കേരള ബാങ്കില്‍ മാത്രമേ കറന്റ്-സേവിങ്‌സ് 
ബാങ്ക് അക്കൗണ്ട്് പാടുള്ളു എന്ന സ്ഥിതിയുണ്ടായാല്‍ കേരളത്തിലെ 
പ്രാഥമിക സംഘങ്ങളില്‍ ഒരു ഭാഗം ടി.ഡി.എസ്സിനു വിധേയമാകും.


സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും മറ്റു പ്രാഥമിക വായ്പാ സംഘങ്ങളും തങ്ങളുടെ കറന്റ് നിക്ഷേപവും സേവിങ്‌സ് നിക്ഷേപവും അവയുടെ കേന്ദ്ര ബാങ്കായ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ( കേരള ബാങ്ക് ) നിക്ഷേപിക്കാതെ പുതിയ തലമുറ-സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനെതിരെ സഹകരണ സംഘം രജിസ്ട്രാര്‍ 2022 ഏപ്രിലില്‍ സംഘങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയുണ്ടായി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും മറ്റു പ്രാഥമിക വായ്പാ സംഘങ്ങളുടെയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് അവരുടെ നിക്ഷേപകര്‍ക്കു നല്‍കുന്ന പലിശനിരക്കുതന്നെ സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലിക്വിഡ് ഫണ്ട് ലഭിക്കുന്ന കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപം മറ്റു ബാങ്കുകളില്‍ സൂക്ഷിക്കാതെ കേരള ബാങ്കില്‍ത്തന്നെ നിക്ഷേപിക്കുന്നതിനു നടപടി കൈക്കൊള്ളണമെന്നു കേരള ബാങ്ക് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഇറക്കേണ്ടിവന്നത്. സഹകരണ വായ്പാ സംഘങ്ങള്‍ അവയുടെ മിച്ച ഫണ്ട് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചുകൂടെന്നും കേരള ബാങ്കില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്നും സഹകരണ സംഘം രജിസ്ട്രാര്‍ മുമ്പു സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഈ ഉത്തരവു ലംഘിച്ചാണു പ്രാഥമിക വായ്പാ സംഘങ്ങള്‍ മറ്റു ബാങ്കുകളില്‍ കറന്റ്- സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അങ്ങനെ മറ്റു ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിശോധനയും ഓഡിറ്റും നടത്തുമ്പോള്‍ കേരള ബാങ്കില്‍ അല്ലാതെയുള്ള നിക്ഷേപങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്നും ജില്ലകളിലെ ഓഡിറ്റ് ഡയരക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും മറ്റു പ്രാഥമിക വായ്പാ സംഘങ്ങള്‍ക്കും അവയുടെ നിക്ഷേപത്തിന്റെ 20 ശതമാനം തരളധനം വെച്ചശേഷം മിച്ചമുള്ള നിക്ഷേപത്തിന്റെ 80 ശതമാനം വായ്പാവിതരണത്തിനു ഉപയോഗിക്കാവുന്നതാണ്. വായ്പകളിലെ കുടിശ്ശികനിലവാരം ഭയന്നോ ഒരംഗത്തിനു നല്‍കാവുന്ന പരമാവധി വായ്പത്തുകയായി സംഘ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള തുക കാലോചിതമായി വര്‍ധിപ്പിക്കാത്തതിനാലോ അംഗങ്ങളുടെ വിവിധ വായ്പാ ആവശ്യങ്ങള്‍ മനസ്സിലാക്കി കാലാനുസൃതമായ വിവിധ വായ്പകള്‍ ഇല്ലാത്തതിനാലോ വായ്പകളുടെ പലിശനിരക്ക് ഉയര്‍ന്ന തോതിലായതിനാലോ സ്ഥാപനത്തിലെ മറ്റു കാരണങ്ങളാലോ നിക്ഷേപത്തിലെ വായ്പാ വിതരണത്തിനുള്ള ഭാഗം പൂര്‍ണമായി വായ്പ നല്‍കാന്‍ മിക്ക സംഘങ്ങള്‍ക്കും സാധിക്കുന്നില്ല. ഹ്രസ്വകാല കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നതിനായി ബഹുഭൂരിഭാഗം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും കേരള ബാങ്കില്‍ നിന്നുള്ള കുറഞ്ഞ പലിശനിരക്കിലുള്ള കടങ്ങള്‍ ഉപയോഗിച്ചിട്ടും കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപ-വായ്പാ അനുപാതം 2020 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷം 74.17 ശതമാനമേ ഉണ്ടായിരുന്നുള്ളു എന്നതു ഗൗരവമേറിയ കാര്യം തന്നെയാണ്. ജാഗ്രതയോടെ ഫണ്ട് മാനേജ്‌മെന്റ് നടത്തുന്ന വായ്പാ സംഘങ്ങളൊന്നും വായ്പ കൊടുക്കാന്‍ സാധിക്കാതെ വരുന്ന അവയുടെ മിച്ചഫണ്ട് ഒരു കാരണവശാലും കറന്റ് അക്കൗണ്ടിലോ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലോ സൂക്ഷിക്കാറില്ല. ലിക്വിഡിറ്റിയും വരുമാനവും ഏകോപിപ്പിച്ചുകൊണ്ട് മിച്ചഫണ്ടുകള്‍ വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപമാക്കി മാറ്റുകയാണ് അവ ചെയ്യുന്നത്.

പണത്തിന്റെ
അളവ് കുറയുന്നു

ആദായനികുതി നിയമത്തിലെ വകുപ്പുകളായ 269 എസ്.എസ്, 269 ടി, 269 എസ്.ടി. എന്നിവ ബാധകമായശേഷം വായ്പാസംഘങ്ങള്‍ കൈവശം സൂക്ഷിക്കുന്ന കാഷ് ബാലന്‍സും കേരള ബാങ്കിലും മറ്റു ബാങ്കുകളിലുമുള്ള കറന്റ് അക്കൗണ്ട് ബാലന്‍സും കൂടി ഒരിക്കല്‍പ്പോലും അവയുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനത്തിനുമേല്‍ ഉണ്ടാകാറില്ല. ഒരു നിക്ഷേപകനില്‍ നിന്നും വായ്പക്കാരനില്‍ നിന്നും ഒരു ദിവസം സ്വീകരിക്കാവുന്ന നിക്ഷേപമോ വായ്പാ തിരിച്ചടവുതുകയോ അല്ലെങ്കില്‍ ഒരു നിക്ഷേപകനു തന്റെ കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയോ ഒരു വായ്പക്കാരന്റെ വായ്പാ അക്കൗണ്ടില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന വായ്പത്തുകയോ രണ്ടു ലക്ഷം രൂപയോ അതില്‍ക്കൂടുതലോ പാടില്ല എന്നിരിക്കെ വായ്പാ സംഘങ്ങളില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ അളവില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെയും മറ്റു പ്രാഥമിക വായ്പാ സംഘങ്ങളുടെയും സമീപത്തുള്ള കേരള ബാങ്കിന്റെ ശാഖയില്‍ മാറാവുന്ന ചെക്കുകള്‍ നിക്ഷേപകന്റെയും വായ്പക്കാരന്റെയും മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേയ്ക്കു ആര്‍.ടി.ജി.എസ്സും എന്‍.ഇ.എഫ്.ടി.യും നടത്തിയാണു രണ്ടു ലക്ഷത്തിനുമേലുള്ള നിക്ഷേപ-വായ്പത്തുകകള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 194 എന്‍ ബാധകമാക്കുകയുണ്ടായി. ഒരു സാമ്പത്തികവര്‍ഷം ഒരു വ്യക്തി പണമായി ഒരു സ്ഥാപനത്തില്‍ നിന്നു പിന്‍വലിക്കുന്ന തുക 20 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍, തൊട്ടു മുമ്പുള്ള മൂന്നു വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, ഇരുപതു ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു രണ്ടു ശതമാനം ടി.ഡി.എസ്. ബാധകമാവും. റിട്ടേണ്‍ സമര്‍പ്പിച്ചവരാണെങ്കില്‍ ഒരു കോടി രൂപവരെയുള്ള പണം പിന്‍വലിയ്ക്കലിനു ടി.ഡി.എസ്. ബാധകമല്ല. ഒരു കോടിയ്ക്കു മുകളിലാണു പിന്‍ലിച്ചിട്ടുള്ളതെങ്കില്‍ ഒരു കോടിയ്ക്കു മുകളിലുള്ള തുകയ്ക്കു രണ്ടു ശതമാനം ടി.ഡി.എസ്. ബാധകമാണ്. റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ കാര്യത്തില്‍ പണം പിന്‍വലിക്കല്‍ ഒരു കോടിയ്ക്കു മുകളിലാണെങ്കില്‍ 20 ലക്ഷം രൂപയ്ക്കു മുകളില്‍ ഒരു കോടി രൂപവരെയുള്ള തുകയ്ക്കു രണ്ടു ശതമാനവും ഒരു കോടിക്കു മുകളിലുള്ള തുകയ്ക്കു അഞ്ചു ശതമാനവും ടി.ഡി.എസ്. ബാധകമാണ്. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ( സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ ) പോസ്റ്റോഫീസുകളുമാണു ടി.ഡി.എസ്. പിടിക്കുക. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും മറ്റു വായ്പാ സംഘങ്ങളും ടി.ഡി.എസ്. നല്‍കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ-സ്വകാര്യമേഖലാ-സഹകരണ മേഖലാ ബാങ്കുകള്‍, പോസ്റ്റോഫീസുകള്‍, ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുമാര്‍, ബാങ്കിന്റെ വൈറ്റ് ലേബല്‍ എ.ടി.എം. ഓപ്പറേറ്റര്‍മാര്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കര്‍ഷകര്‍ക്കു പണം നല്‍കാനായി കാര്‍ഷികോല്‍പ്പന്ന മാര്‍ക്കറ്റ് കമ്മിറ്റിക്കു ( APMC ) കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ദിഷ്ട കമ്മീഷന്‍ ഏജന്റുമാര്‍ / വ്യാപാരികള്‍, റിസര്‍വ് ബാങ്ക്, അതിന്റെ ഫ്രാഞ്ചൈസി ഏജന്റുമാര്‍ എന്നിവര്‍ ടി.ഡി.എസ്. ബാധകമല്ലാത്ത സ്ഥാപനങ്ങളാണ്.

ടി.ഡി.എസ്.
എങ്ങനെ ?

ഒരു ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയ്ക്കു മുകളില്‍ വരുമ്പോഴാണു ടി.ഡി.എസ്. ബാധകമാകുന്നത്. മൂന്നോ നാലോ വ്യത്യസ്ത ബാങ്കുകളില്‍ ഒരാള്‍ക്കു കറന്റ് / സേവിങ്‌സ് ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ ഓരോ ബാങ്കില്‍ നിന്നും ഒരു വര്‍ഷം ഒരു കോടി രൂപവരെ പണമായി പിന്‍വലിക്കാം. നാലു ബാങ്കുകളിലൂടെ നാലു കോടി രൂപ പിന്‍വലിക്കുമ്പോള്‍ ഒരു രൂപപോലും ടി.ഡി.എസ്. ഉണ്ടാകുന്നില്ല. എന്നാല്‍, ഒരു ബാങ്കില്‍ മാത്രമാണ് അക്കൗണ്ടുള്ളതെങ്കില്‍ ആ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നും നാലു കോടി രൂപ ഒരു സാമ്പത്തിക വര്‍ഷം പിന്‍വലിക്കുമ്പോള്‍ ഒരു കോടി രൂപയില്‍ കൂടുതലുള്ള മൂന്നു കോടി രൂപയ്ക്കു രണ്ടു ശതമാനം വെച്ച് ആറു ലക്ഷം രൂപ ടി.ഡി.എസ്. നല്‍കേണ്ടിവരും. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ പണമായി ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു ഒരു സാമ്പത്തികവര്‍ഷം അഞ്ചു കോടിയോ പത്തു കോടിയോ പണമായി ബാങ്കില്‍ നിന്നെടുത്തു വിതരണം ചെയ്യേണ്ടതുണ്ട്. കേരള ബാങ്കില്‍ മാത്രമേ കറന്റ്-സേവിങ്‌സ് ബാങ്ക് അക്കൗണ്ട്് പാടുള്ളു എന്ന സ്ഥിതിയുണ്ടായാല്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഒരു ഭാഗം ടി.ഡി.എസ്സിനു വിധേയമാകും എന്നതില്‍ സംശയമില്ല.

ആദായനികുതി നിയമത്തിന്റെ വകുപ്പ് 269 എസ്.ടി. പ്രകാരം ഒരു ദിവസം ഒരു നിക്ഷേപ അക്കൗണ്ടില്‍ നിന്നോ വായ്പാ അക്കൗണ്ടില്‍ നിന്നോ രണ്ടു ലക്ഷം രൂപയോ അതില്‍ക്കൂടുതലോ പണമായി പിന്‍വലിക്കാനോ നിക്ഷേപ-വായ്പാ അക്കൗണ്ടുകളില്‍ ഒരു ദിവസം രണ്ടു ലക്ഷം രൂപയോ അതില്‍ക്കൂടുതലോ പണമായി അടയ്ക്കാനോ സാധ്യമല്ല. ആദായനികുതി നിയമത്തിലെ വകുപ്പ് 269 എസ്.ടി. ലംഘിക്കുന്ന വായ്പാ സംഘം മൊത്തം തുകയുടെ 100 ശതമാനം പിഴയൊടുക്കാന്‍ ബാധ്യസ്ഥമാകും. ഒരു വായ്പാ അക്കൗണ്ടില്‍ 50 ലക്ഷം രൂപയും 75 ലക്ഷം രൂപയും വായ്പ നല്‍കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അനുവദിക്കുന്ന വായ്പത്തുക വായ്പക്കാരന്റെ മറ്റു ബാങ്കുകളിലെ അക്കൗണ്ടിലേക്കു റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ( ആര്‍.ടി.ജി.എസ് ) ആയി ഇലക്ട്രോണിക് സംവിധാനത്തിലൂടെ ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കുകയാണ്. ഇവിടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നു മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിനുള്ളിലുള്ള ബാങ്കുകളല്ലാത്തതിനാല്‍ അവയുടെ അക്കൗണ്ടില്‍ നിന്നു ഒരു വാണിജ്യ ബാങ്കിന്റെ അക്കൗണ്ടിലേക്കു ആര്‍ടി.ജി.എസ്. നടത്താന്‍ സാധിക്കില്ല. ഈ സാങ്കേതിക തടസ്സം അതിജീവിയ്ക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വാണിജ്യ ബാങ്കുകളുടെ സഹായം തേടുകയാണു ചെയ്യുന്നത്.

ഒരു ബാങ്കില്‍ CASA നിക്ഷേപമുള്ള ആളിന്റെ അക്കൗണ്ടില്‍ നിന്നു മറ്റേതെങ്കിലും ബാങ്ക് ശാഖയിലുള്ള ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു പണം ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇന്റര്‍ ബാങ്ക് ട്രാന്‍സ്ഫറായ ആര്‍.ടി.ജി.എസ്. സഹായകമാണ്. ആര്‍.ടി.ജി.എസ്. പോലെ എന്‍.ഇ.എഫ്.ടി.യും ഇന്റര്‍ ബാങ്ക് ട്രാന്‍സ്ഫറാണ്. ഈ സംവിധാനങ്ങള്‍ റിസര്‍വ് ബാങ്കാണു പരിപാലിക്കുന്നത്. സാധാരണ സാഹചര്യത്തില്‍ പണമയക്കുന്ന ബാങ്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്താലുടനെ ബനിഫിഷ്യറി ബാങ്ക്ശാഖയ്ക്കു ഫണ്ട് ലഭിക്കും. ഫണ്ട് ട്രാന്‍സ്ഫര്‍ വിവരം ലഭിച്ചശേഷം രണ്ടു മണിക്കൂറിനുള്ളില്‍ ബനിഫിഷ്യറി ബാങ്ക് ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ചെയ്തുകൊടുക്കും.

ഐ.എഫ്.എസ്.സി.
ഉപയോഗിക്കാനാവുന്നില്ല

കേരള ബാങ്കിനു സ്വന്തമായി ഐ.എഫ്.എസ്.സി. കോഡ് ഇപ്പോഴുണ്ട്. കെ.എസ്.ബി.കെ. 0000101 ആണു ഹെഡ്ഓഫീസ് ശാഖയുടെ ഐ.എഫ്.എസ്.സി. കോഡ്. എന്നാല്‍, കേരള ബാങ്കില്‍ ലയിച്ച ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോഴും സംസ്ഥാന സഹകരണ ബാങ്കിന്റെ ഐ.എഫ്.എസ്.സി. ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. അവയെല്ലാം ഐ.ഡി.ബി.ഐ. പോലുള്ള ബാങ്കുകളുടെ സഹായത്താലാണ് ഇപ്പോഴും ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നത്. ഓരോ ജില്ലയിലുമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന അതതു ജില്ലാ ബാങ്കുകളുടെ ശാഖകളില്‍ കേരള ബാങ്കിന്റെ ഐ.എഫ്.എസ്.സി. കോഡുപയോഗിക്കാന്‍ സൗകര്യമുണ്ടായാല്‍ പ്രാഥമിക സംഘങ്ങള്‍ക്കു വാണിജ്യ ബാങ്കുകളെ ആശ്രയിക്കേണ്ടിവരില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ ദിനംതോറുമുള്ള ബാലന്‍സിനു നാലു ശതമാനം പലിശ നല്‍കുന്ന കേരള ബാങ്കിനെ ആശ്രയിച്ച് പ്രാഥമിക സംഘങ്ങള്‍ ഫണ്ട് ട്രാന്‍സ്ഫര്‍ അപ്പപ്പോള്‍ നടത്തിയാല്‍ അക്കൗണ്ടിലെ ബാലന്‍സിനു മറ്റു വാണിജ്യ ബാങ്കുകള്‍ നല്‍കുന്നതിലും ഉയര്‍ന്ന പലിശ സംഘങ്ങള്‍ക്കു ലഭിക്കും. അതുവരെ പ്രാഥമിക സംഘങ്ങള്‍ അവയുടെ ഇടപാടുകാര്‍ക്കുവേണ്ടി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിനായി ഏതെങ്കിലും വാണിജ്യ ബാങ്കിനെ ആശ്രയിക്കുകയും പ്രസ്തുത സേവനം കിട്ടാനായി ഏതെങ്കിലും വാണിജ്യ ബാങ്കില്‍ കറന്റ് അക്കൗണ്ടോ സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ നിലനിര്‍ത്തുകയും പ്രസ്തുത അക്കൗണ്ടില്‍ സേവനദാതാവ് ആവശ്യപ്പെടുന്ന മിനിമം തുക മാത്രം സൂക്ഷിക്കുകയും ചെയ്യുന്നതു നിരോധിച്ചാല്‍ അതു പ്രാഥമിക സംഘങ്ങളുടെയും അവയുടെ ഇടപാടുകാരുടെയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായിരിക്കും. ഈ ആവശ്യത്തിനല്ലാതെ ഏതെങ്കിലും വാണിജ്യ ബാങ്കില്‍ കറന്റ് / സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുന്നതും പ്രസ്തുത അക്കൗണ്ടില്‍ വലിയ തുകകള്‍ നിലനിര്‍ത്തുന്നതും ഗൗരവമായിത്തന്നെ കാണേണ്ടതാണ്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കേരള ബാങ്കില്‍ നടത്തുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കു വാണിജ്യ ബാങ്കുകള്‍ നല്‍കുന്നതിലും ഉയര്‍ന്ന നിരക്കിലാണു പലിശ നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലുള്ള പൊതുമേഖലാ ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിനു പരമാവധി 5.5 ശതമാനം മാത്രം പലിശ നല്‍കുമ്പോള്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനം പലിശയാണു കേരള ബാങ്ക് നല്‍കുന്നത്. കേരള ബാങ്ക് നിക്ഷേപത്തില്‍ ഭൂരിഭാഗവും പ്രാഥമിക സംഘങ്ങളുടെ ഉയര്‍ന്ന പലിശനിരക്കിലുള്ള സ്ഥിരനിക്ഷേപവും കറന്റ് / സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനത്തില്‍ താഴെ മാത്രവും ആയതിനാല്‍ നിക്ഷേപങ്ങളുടെ ശരാശരി പലിശച്ചെലവ്് 2021 മാര്‍ച്ച് 31 നു അവസാനിച്ച വര്‍ഷവും ഏഴു ശതമാനത്തിനു മുകളിലായിരുന്നു. മൊത്തം നിക്ഷേപത്തില്‍ വ്യക്തികളില്‍ നിന്നുള്ള നിക്ഷേപം വര്‍ധിപ്പിക്കുകയും കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപ അനുപാതം ഉയര്‍ത്തുകയും ചെയ്തുകൊണ്ടേ നിക്ഷേപങ്ങളുടെ ശരാശരി പലിശച്ചെലവ് കുറച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ നല്‍കാന്‍ സാധിക്കുകയുള്ളു.

കറന്റ് അക്കൗണ്ടിന്റെ
ഗുണങ്ങള്‍

ദിനംതോറും നിരവധി വരവുകളും ചെലവുകളുമുള്ള പ്രൊപ്രൈറ്റര്‍മാര്‍, കൂട്ടുപങ്കാളിത്ത സ്ഥാപനങ്ങള്‍, പൊതുമേഖലാ-സ്വകാര്യ മേഖലാ കമ്പനികള്‍, ട്രസ്റ്റുകള്‍, സഹകരണ സംഘങ്ങള്‍ പോലുള്ള വ്യക്തികളുടെ കൂട്ടായ്മകള്‍ തുടങ്ങിയവയാണു കറന്റ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ തുറക്കുന്നത്. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ് കൃത്യമായും ശരിയാംവിധവും നടത്താന്‍ ഈ നിക്ഷേപ അക്കൗണ്ട് സഹായകമാണ്. ഏതു സമയത്തും തുക നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയും. അതിനായി മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ട കാര്യമില്ല. ഉത്തമര്‍ണന്മാരുടെ ( കടം കൊടുക്കുന്നവരുടെ ) തുകകള്‍ ചെക്കായി നല്‍കാനും പേ ഓര്‍ഡര്‍, ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് തുടങ്ങിയ രൂപത്തില്‍ ബിസിനസുകാര്‍ക്ക് അവരുടെ ഉത്തമര്‍ണന്മാര്‍ക്കു നേരിട്ടു പണം നല്‍കാനും ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയുടെ സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. വ്യാവസായിക പുരോഗതിക്കു സഹായകമായ കറന്റ് അക്കൗണ്ടുകളിലൂടെ ഹ്രസ്വകാല ഡിമാന്റ് വായ്പയായ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനാവശ്യമായ ചുരുങ്ങിയ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ മിനിമം ഡെപ്പോസിറ്റ് കറന്റ് അക്കൗണ്ട് തുടങ്ങാന്‍ വേണം. വാണിജ്യ ബാങ്കുകള്‍ 5000 മുതല്‍ 25,000 രൂപവരെ മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. പലിശ ലഭിക്കാത്ത കറന്റ് അക്കൗണ്ടിലെ തുക നിശ്ചിത ചുരുങ്ങിയ തുകയില്‍ കുറവായാല്‍ ബാങ്കുകള്‍ പിഴ ഈടാക്കും. ക്ലിപ്ത കാലാവധിയില്ലാത്ത കറന്റ് അക്കൗണ്ടില്‍ നിക്ഷേപത്തുകയുടെയും നിക്ഷേപിക്കുന്ന എണ്ണത്തിന്റെയും കാര്യത്തിലും പിന്‍വലിക്കുന്ന തുകയുടെയും പിന്‍വലിക്കുന്ന എണ്ണത്തിന്റെയും കാര്യത്തിലും നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അക്കൗണ്ടില്‍ ആവശ്യത്തിനു ബാലന്‍സ് ഉണ്ടായിരിക്കണമെന്നുമാത്രം. ഹോം ശാഖയിലല്ലാതെ ആ ബാങ്കിന്റെ മറ്റേതു ശാഖയിലും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ഈ അക്കൗണ്ടില്‍ സൗകര്യമുണ്ടായിരിക്കും. ബാങ്കിന് അതിന്റെ കറന്റ് അക്കൗണ്ട് ഇടപാടുകാര്‍ക്കുവേണ്ടി പണം കളക്ടു ചെയ്ത് അതതു ഇടപാടുകാരന്റെ അക്കൗണ്ടില്‍ വരവു വെക്കാനും ഈ അക്കൗണ്ട് സഹായകമാണ്. ഫോണിലൂടെയും എസ്.എം.എസ്. ബാങ്കിങ്ങിലൂടെയും ഇടപാടുകളെക്കുറിച്ചും ബാലന്‍സ് തുകയെക്കുറിച്ചും സമകാലിക വിവരങ്ങള്‍ കിട്ടുന്നതോടൊപ്പം മാസംതോറുമോ മൂന്നു മാസത്തിലൊരിക്കലോ വര്‍ഷാവസാനമോ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഇ മെയില്‍ / ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യവുമുള്ള അക്കൗണ്ടാണു കറന്റ് അക്കൗണ്ട്.

2010 ഏപ്രില്‍ മുതല്‍ ബാങ്കുകള്‍ അവയുടെ സേവിങ്‌സ് ബാങ്ക് നിക്ഷേപകര്‍ക്കു ദിനംതോറുമുള്ള ബാലന്‍സ് തുകയ്ക്കു പലിശ നല്‍കുന്നുണ്ട്. ഏതാനും ബാങ്കുകള്‍ മൂന്നു മാസത്തിലൊരിക്കല്‍ ദിനംതോറുമുള്ള ബാലന്‍സ് തുകയ്ക്കു പലിശ കണക്കാക്കി അക്കൗണ്ടില്‍ വരവുവെച്ചു നല്‍കുമ്പോള്‍ ഭൂരിഭാഗം ബാങ്കുകളും അര്‍ധവാര്‍ഷികമായാണു സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിനു പലിശ ക്രെഡിറ്റ് ചെയ്തുകൊടുക്കുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് മൂന്നു മുതല്‍ മൂന്നര ശതമാനംവരെയും സിറ്റി ബാങ്ക് രണ്ടര ശതമാനവും ആക്‌സിസ് ബാങ്ക് മൂന്നു മുതല്‍ മൂന്നര ശതമാനംവരെയും എസ്.ബി.ഐ. 2.7 ശതമാനവും ദിനംതോറുമുള്ള ബാലന്‍സ് തുകയ്ക്കു പലിശ നല്‍കുമ്പോള്‍ സംസ്ഥാന സഹകരണ ബാങ്ക് നാലു ശതമാനം പലിശയാണു നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു വ്യക്തിക്കോ ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിനോ നടത്താവുന്ന നിക്ഷേപമാണു സേവിങ്‌സ് ബാങ്ക് നിക്ഷേപം. കറന്റ് അക്കൗണ്ട് നിക്ഷേപത്തിനു ലിക്വിഡിറ്റി മാത്രമുള്ളപ്പോള്‍ സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടിനു ലിക്വിഡിറ്റിയും റിട്ടേണുമുണ്ട്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയ്ക്കു പരിധിയില്ലെങ്കിലും പിന്‍വലിക്കാവുന്ന തവണകള്‍ക്കു നിയന്ത്രണമുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശപോലെ സേവിങ്‌സ് ബാങ്ക് നിക്ഷേപപ്പലിശയും നികുതിവിധേയമാണ്. കറന്റ് അക്കൗണ്ടന്റ് മിതവ്യയ സമ്പാദ്യശീലം വളര്‍ത്തുന്ന അക്കൗണ്ടല്ല. എന്നാല്‍, സേവിങ്‌സ് ബാങ്ക് നിക്ഷേപം നിക്ഷേപകരില്‍ മിതവ്യയ സമ്പാദ്യശീലങ്ങള്‍ വളര്‍ത്താന്‍ സഹായകമായ അക്കൗണ്ടാണ്. പ്രതിമാസ ഇടപാടുകള്‍ക്കോ ത്രൈമാസ ഇടപാടുകള്‍ക്കോ അര്‍ധവാര്‍ഷിക ഇടപാടുകള്‍ക്കോ സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകളില്‍ പരിധികളുണ്ടെങ്കില്‍ അങ്ങനെയുള്ള പരിധികള്‍ കറന്റ് അക്കൗണ്ടിനില്ല.

ആരോഗ്യകരമായ
നിക്ഷേപഘടന വേണം

സംസ്ഥാന സഹകരണ ബാങ്കിനും സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും ആരോഗ്യകരമായ ഒരു നിക്ഷേപഘടനയല്ല ഇപ്പോഴുള്ളത്. പ്രാഥമിക സംഘങ്ങളുടെ മൊത്തം നിക്ഷേപത്തില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമാണു സേവിങ്‌സ് ബാങ്ക് നിക്ഷേപമുള്ളത്. കറന്റ് നിക്ഷേപം ഇല്ലെന്നുതന്നെ പറയാം. സംസ്ഥാന ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനത്തില്‍ത്താഴെയാണു കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുള്ളത്. കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ ശാഖകളില്‍ അവയുടെ മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനത്തിലധികം പലിശച്ചെലവില്ലാത്തതും കുറഞ്ഞ പലിശച്ചെലവുള്ളതുമായ നിക്ഷേപങ്ങളാണ്. സഹകരണ സംഘം രജിസ്ട്രാറുടെ 19 / 2012 -ാം സര്‍ക്കുലറില്‍ ഒരു വര്‍ഷം ശരാശരി ഒരു ലക്ഷം രൂപയില്‍ കുറയാതെ ബാലന്‍സ് നിലനിര്‍ത്തുന്ന എസ്.ബി. നിക്ഷേപകനു ദിനംതോറുമുള്ള ബാലന്‍സിനു അഞ്ചു ശതമാനം ( 2022 ഫെബ്രുവരി പത്തിലെ സര്‍ക്കുലര്‍ നമ്പര്‍ 5 / 2022 പ്രകാരം നാലു ശതമാനം ) വെച്ച് പലിശ കണക്കാക്കി ഓരോ ആറു മാസം കൂടുമ്പോഴും പലിശത്തുക അക്കൗണ്ടില്‍ വരവുവെച്ചു കൊടുക്കണമെന്നു നിര്‍ദേശിച്ചിട്ടുള്ളപ്പോള്‍ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നില്ല. സേവിങ്‌സ് ബാങ്ക് നിക്ഷേപകര്‍ക്കു ലഭിക്കുന്ന സേവനങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, എടുക്കുന്ന സമയം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സേവിങ്‌സ് ബാങ്ക് നിക്ഷേപ നിലവാരത്തെ സ്വാധീനിക്കുന്നതാണ്. നിക്ഷേപ സമാഹരണ യജ്ഞങ്ങളില്‍ സമാഹരിക്കേണ്ട മൊത്തം നിക്ഷേപത്തോടൊപ്പം സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ സമാഹരിക്കേണ്ട അധികനിക്ഷേപത്തിനും ലക്ഷ്യം നിശ്ചയിച്ചുനല്‍കുന്നതു ഉചിതമായിരിക്കും. വായ്പാ സംഘങ്ങള്‍ അംഗങ്ങള്‍ക്കു വായ്പ നല്‍കാന്‍വേണ്ടി രൂപവത്കരിക്കപ്പെട്ട സംഘങ്ങളാണ്. രജിസ്ട്രാര്‍ കാലാകാലങ്ങളില്‍ വിവിധതരം വായ്പകള്‍ക്കു നിശ്ചയിക്കുന്ന പരമാവധി പലിശനിരക്കിനുള്ളില്‍ സ്ഥാപനത്തിനു നഷ്ടം സംഭവിക്കാതെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക എന്നതാണു വായ്പാ സംഘത്തില്‍ അര്‍പിതമായ സാമൂഹിക പ്രതിബദ്ധത. ആരോഗ്യകരമായ നിക്ഷേപഘടനയിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാന്‍ വായ്പാസംഘങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കേണ്ടതാണ്.

[mbzshare]

Leave a Reply

Your email address will not be published.