സംഘങ്ങളില്‍ ലോക നമ്പര്‍ വണ്‍ ഇഫ്‌കോ 

moonamvazhi

ലോകത്തെ മികച്ച 300 സഹകരണ സംഘങ്ങളില്‍ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്‌കോ ) ഒന്നാംസ്ഥാനത്തെത്തി.

വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണു ഉയര്‍ന്ന റാങ്കിലുള്ള 300 സഹകരണസ്ഥാപനങ്ങളെ നിശ്ചയിക്കുന്നത്. അമുല്‍ ബ്രാന്റില്‍ ക്ഷീരോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനാണ് ( GCMMF ) രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം ഫ്രഞ്ച് ഗ്രൂപ്പായ അഗ്രികോള്‍ കരസ്ഥമാക്കി. മികച്ച 300 സഹകരണസ്ഥാപനങ്ങളില്‍ കൂടുതലും വ്യാവസായികരാജ്യങ്ങളിലാണുള്ളത്. യു.എസ്സില്‍ 71 സംഘങ്ങള്‍ മുന്‍നിരയില്‍ ഇടംനേടിയപ്പോള്‍ രണ്ടാംസ്ഥാനത്തു ഫ്രാന്‍സാണ് – 42 സംഘങ്ങള്‍. 31 സംഘങ്ങളുമായി ജര്‍മനി മൂന്നാംസ്ഥാനത്തും 22 സംഘങ്ങളുമായി ജപ്പാന്‍ നാലാംസ്ഥാനത്തും നില്‍ക്കുന്നു.

അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) പ്രസിദ്ധീകരിച്ച വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടറിന്റെ പതിനൊന്നാമതു വാര്‍ഷികറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ആഗോള കാര്‍ഷികമേഖലയിലെ മികച്ച പത്തു സഹകരണ സംഘങ്ങളിലും ഇഫ്‌കോ ഒന്നാംസ്ഥാനത്താണ്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് വിളവു കൂട്ടുക എന്ന ലക്ഷ്യവുമായി ഇഫ്‌കോ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യത്തെ നാനോ യൂറിയ ഏറെ ശ്രദ്ധ നേടുകയുണ്ടായി. 36,000 സഹകരണ സംഘങ്ങളാണു ഇഫ്‌കോയിലുള്ളത്.

1946 ല്‍ സ്ഥാപിതമായ ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷനാണു (  GCMMF )  ഇന്ത്യയെ ലോകത്തെ വന്‍കിട പാലുല്‍പ്പാദകരാജ്യമായി വളര്‍ത്തിയത്.  1.6 കോടിയിലധികം വരുന്ന ക്ഷീരകര്‍ഷകര്‍ നിത്യവും 18 ലക്ഷം സഹകരണ സംഘങ്ങളിലൂടെയാണു പാലളക്കുന്നത്.

ധനകാര്യ സേവനമേഖലയില്‍ ഏഷ്യ-പെസഫിക് മേഖലയിലെ ഒന്നാംസ്ഥാനം കേരള ബാങ്കിനാണു ലഭിച്ചത്. ഈ മേഖലയില്‍ ലോകത്തെ ഏഴാം സ്ഥാനവും കേരള ബാങ്കിനാണ്. ഇന്റസ്ട്രിയല്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ( യു.എല്‍.സി.സി.എസ് ) രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഊരാളുങ്കലിനാണു രണ്ടാംസ്ഥാനം. സ്‌പെയിനിലെ സഹകരണഭീമനായ മോണ്‍ഡ്രഗോണ്‍ കോര്‍പ്പറേഷനാണ് ഒന്നാംസ്ഥാനത്ത്. ഇറ്റലിയിലെ സാക്മി ( SACMI )  മൂന്നാംസ്ഥാനത്തും യു.എസ്സിലെ ബെയ്‌സിന്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ നാലാംസ്ഥാനത്തും ജപ്പാനിലെ ഒസാക്ക കൗക്കി റെഡി മിക്‌സഡ് കോണ്‍ക്രീറ്റ് കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ അഞ്ചാംസ്ഥാനത്തുമെത്തി.

ഇഫ്‌കോയ്ക്കും സഹകരണസാഹോദര്യത്തിനും ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്നു ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ യു.എസ്. അവസ്തി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിന്റെ മഹത്തായ നേട്ടമാണിത് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News