ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കം നിര്‍ത്തി വെക്കണം – ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ്ബാങ്ക് എംപ്ലായീസ് കോണ്‍ഗ്രസ്

Deepthi Vipin lal

ശമ്പളമായി കൈപ്പറ്റിയ ഒന്നര ലക്ഷം രുപ വരെയുള്ള കുടിശ്ശികത്തുക കോഴിക്കോട് ജില്ലയിലെ എണ്‍പതോളം കേരള ബാങ്ക് ജീവനക്കാരില്‍ നിന്നു തിരികെ ഈടാക്കാനുള്ള നടപടി നിര്‍ത്തിവെക്കണമെന്നു ഓള്‍ കേരള ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍ സഹകരണ മന്ത്രിയോട് ആവശ്യപ്പെട്ടു. സഹകരണ നിയമപ്രകാരം അധികാരപ്പെട്ട വകുപ്പ് ജോ. ഡയരക്ടര്‍ സാക്ഷ്യപ്പെടുത്തി അനുവദിച്ച തുക തിരികെ ഈടാക്കുന്നതു നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ നടപടികള്‍ കൈക്കൊണ്ട അധികാരികളുടെ തെറ്റിനു ജീവനക്കാര്‍ വില നല്‍കേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്നും അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

2017 ഏപ്രില്‍ ഒന്നു മുതല്‍ കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ഈ തീയതിക്കുശേഷം സര്‍വീസില്‍ വന്നവര്‍ക്ക് ശമ്പള ഫിക്‌സേഷന്‍ നടത്തുമ്പോള്‍ പഴയ നിരക്കിലെ ശമ്പളത്തേക്കാള്‍ കുറഞ്ഞാല്‍ പുതിയ സ്‌കെയിലില്‍ ഇന്‍ക്രിമെന്റ് നല്‍കി അതു പരിഹരിക്കാവുന്നതാണെന്നു പരാമര്‍ശിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ജില്ലകളിലും 2017 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ വന്ന ക്ലാര്‍ക്ക് , ശിപായി തസ്തികയിലുള്ളവര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൂടുതല്‍ നല്‍കി ശമ്പള ഫിക്‌സേഷന്‍ നടത്തിയപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം നാലു ഇന്‍ക്രിമെന്റ് കൂടുതല്‍ നല്‍കിയാണ് ഫിക്‌സേഷന്‍ നടത്തിയത്.

ശമ്പള പരിഷ്‌കരണം അനുവദിക്കുന്നതിനു മുമ്പായി തങ്ങളുടെ സംഘടന ശമ്പള ഫിക്‌സേഷന്‍ ഉത്തരവിടേണ്ട കോഴിക്കോട് റീജ്യണല്‍ ജനറല്‍ മാനേജരെയും അതു ശരിയാണെന്നു സാക്ഷ്യപ്പെടുത്തേണ്ട കണ്‍കറന്റ് ഓഡിറ്ററായ ജോ. ഡയരക്ടറെയും കണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തെറ്റായ ശമ്പളം നല്‍കി അതു തിരിച്ചുപിടിക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നു തങ്ങള്‍ പറഞ്ഞപ്പോള്‍ ബാങ്ക് നിര്‍ണയിച്ച ശമ്പള ഫിക്‌സേഷന്‍ ശരിയാംവിധമുള്ളതാണെന്നും അതിനാല്‍ തിരിച്ചുപിടിക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നുമാണ് അറിയിച്ചിരുന്നത് – അബ്ദുറഹിമാന്‍ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News