വ്യവസായ പ്രമുഖർക്ക് സഹകരണ ഫെഡറേഷന്റെ പുരസ്കാരം സമ്മാനിച്ചു
വ്യവസായ രംഗത്ത് കയ്യൊപ്പ് ചാർത്തിയ പ്രമുഖ വ്യക്തികളെ കേരള സഹകരണ ഫെഡറേഷന്റെ ദുബായിൽ ചേർന്ന ആഗോള സഹകരണ കോൺഗ്രസിന്റെ ആദരം .മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെങ്കിലും വ്യവസായികൾക്ക് അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളിലടക്കം ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തവർ ചരിത്രത്തിന്റെ ഭാഗമാണെന്നും ശങ്കര നാരായണൻ ഓർമപ്പെടുത്തി.
എ.വി.എ ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ.എ.വി.അനൂപ്, എം.സി.ആർ ടെക്സ്റ്റയിൽസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എം.സി.റോബിൻ, ഫ്ളോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ വി.എ. ഹസ്സൻ, ചിക്കിങ് ഗ്ലോബൽ എം.ഡി എ.കെ മൻസൂർ, പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.എ റഹ്മാൻ, ഇറോം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ്, മെൽട്രാക്സ് ചെയർമാൻ അബ്ദുല്ലക്കോയ എന്നിവരെയാണ് പുരസ്കാരം നൽകി ആദരിച്ചത്.വ്യവസായ രംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും പുരസ്കാര ജേതാക്കൾ സംസാരിച്ചു.
അറ്റ്ലസ് ഗ്രൂപ്പ് ഡയറക്ടർ രാമചന്ദ്രൻ ആശംസാ പ്രസംഗം നടത്തി.പ്രതിസന്ധികൾ തരണം ചെയ്ത് അറ്റ്ലസ് ഗ്രൂപ്പ് തിരിച്ചു വരിക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. ആസൂത്രണ ബോർഡ് മുൻ അംഗം സി.പി ജോൺ, സംഘാടക സമിതി ജോയിന്റ് സെക്രട്ടറി അബ്ദുൾ നാസർ, ഫ്ളോറ ഹോസ്പ്പിറ്റാലിറ്റി ജനറൽ മാനേജർ അരുൺ മാത്യു എന്നിവർ സംസാരിച്ചു.