വീണ്ടും വരുന്നൂ ഏകീകൃത സോഫ്റ്റ്‌വെയര്‍

[mbzauthor]

വേണ്ടതു സോഫ്റ്റ്‌വെയര്‍ ഏകീകരണമോ ഏകോപനമോ ?

(2021 മാര്‍ച്ച് ലക്കം)

– സ്റ്റാഫ് പ്രതിനിധി

സഹകരണ മേഖലയില്‍ ഏകീകൃത സോഫ്റ്റ്‌വെയറിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ഉയര്‍ന്നതോടെ സഹകാരികള്‍ക്കിടയില്‍ ആശങ്കയും ആശയക്കുഴപ്പവും പരക്കുകയാണ്. പരിഷ്‌കരണത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ഓര്‍ക്കാതെയും സഹകാരികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചകളൊന്നും
നടത്താതെയും ടെണ്ടര്‍ നടപടികളിലേക്കു സര്‍ക്കാര്‍ കടന്നിരിക്കുകയാണ്.

ഇഫ്ടാസില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത ഏകീകൃത സോഫ്റ്റ്‌വെയര്‍ എന്ന ചര്‍ച്ച സഹകരണ മേഖലയില്‍ വീണ്ടും ഉയരുകയാണ്. ഇത്തവണ ചര്‍ച്ചകള്‍ കുറയുകയും നടപടികള്‍ വേഗത്തിലാവുകയും ചെയ്തുവെന്നതാണു മാറ്റം. പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നതിനു സഹകരണ സംഘം രജിസ്ട്രാര്‍ ടെണ്ടര്‍ നടപടിയിലേക്കു കടന്നു. ആധുനിക ബാങ്കിങ് സേവനങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ലഭ്യമാക്കാനും കാലാനുസൃതമായ നവീകരണവും ഭരണനിയന്ത്രണ സംവിധാനവും ഈ മേഖലയില്‍ കൊണ്ടുവരാനും ലക്ഷ്യമിട്ടാണു സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുന്നതു എന്നതാണു ഇതിനായി തയാറാക്കിയ ടെണ്ടര്‍ രേഖയില്‍ വ്യക്തമാക്കുന്നത്. നിലവില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെല്ലാം ഉപേക്ഷിച്ച് പുതിയതിലേക്കു മാറേണ്ടിവരുമെന്നതാണു ടെണ്ടര്‍ രേഖ ബോധ്യപ്പെടുത്തുന്നത്. ഇതാണു ആശങ്കയും ആകാംക്ഷയും ആശയക്കുഴപ്പവും സഹകാരികള്‍ക്കിടയിലുണ്ടാകാന്‍ കാരണം.

സഹകാരികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ച നടത്താതെയാണു സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള ടെണ്ടര്‍ നടപടിയിലേക്കു കടന്നിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു വന്ന നിയന്ത്രണം, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കു ശേഷമുണ്ടാകുന്ന വിലക്കുകള്‍, പണം കൈമാറ്റത്തിനുണ്ടായ പരിമിതി, ഡിജിറ്റല്‍ ഇടപാട് അനിവാര്യമാക്കുന്ന ബാങ്കിങ് രംഗം എന്നീ പ്രശ്‌നങ്ങളെല്ലാം നേരിടുന്ന ഘട്ടത്തിലാണു സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനു സഹകരണ വകുപ്പ് ഒരുങ്ങുന്നത്. ഇതിലൂടെ രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്ന എല്ലാ ബാങ്കിങ് സേവന സാധ്യതകളും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു അനിവാര്യമായും വേണ്ടതു തന്നെയാണ്. എന്നാല്‍, നേരത്തെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്ന ഘട്ടത്തെ അവസ്ഥയല്ല പ്രാഥമിക സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇപ്പോഴുള്ളത്. വയനാട്ടിലും ഇടുക്കിയിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സോഫ്റ്റ്‌വെയര്‍ ഏകീകരണം വേണ്ടത്ര വിജയമായിരുന്നില്ല. ആ പരാജയത്തിന്റെ അടിസ്ഥാനത്തിലാണു ഏകീകൃത സോഫ്റ്റ്‌വെയര്‍ കേരളമാകെ വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമത്തെ നേരത്തെ എതിര്‍ത്തത്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ പ്രതിസന്ധി രൂക്ഷമാവുകയും സേവനം മെച്ചപ്പെടുത്തേണ്ടതു നിലനില്‍പ്പിനുതന്നെ അനിവാര്യമാവുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ സഹകരണ വകുപ്പിന്റെ പുതിയ ശ്രമം പൂര്‍ണമായി നിരാകരിക്കാനാവില്ല. അതേസമയം, ഇതിന്റെ വരും വരായ്കകള്‍ വിലയിരുത്താതെ തിടുക്കപ്പെട്ടുള്ള നടപടി കൂടുതല്‍ അപകടത്തിനു വഴിവെക്കുമെന്നു ഉറപ്പാണ്.

വായ്പാ മേഖലയുടെ പ്രതിസന്ധി

1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണു ( PACS ) കേരളത്തിലുള്ളത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്ക്, 69 അര്‍ബന്‍ സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, 72 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്, എംപ്ലോയീസ് സംഘങ്ങളടക്കം 1600 മറ്റു ക്രെഡിറ്റ് സംഘങ്ങള്‍ എന്നിവ അടങ്ങുന്നതാണു മൊത്തം സഹകരണ വായ്പാ മേഖല. ഈ സഹകരണ ബാങ്കിങ് മേഖലയിലെ മൊത്തം നിക്ഷേപം ഇന്ത്യയിലെ ആകെ സഹകരണ നിക്ഷേപത്തിന്റെ പകുതിയിലധികമാണ്. നിക്ഷേപത്തിന്റെ തോത്, ബാങ്കിങ് ഇടപാടിന്റെ വ്യാപ്തി, ഒരു പഞ്ചായത്തില്‍ ഒന്നിലേറെ വായ്പാ സഹകരണ സംഘം പ്രവര്‍ത്തിക്കുന്ന സംസ്ഥാനം – ഇതെല്ലാമാണു കേരളത്തിന്റെ സഹകരണ അടിത്തറ ശക്തമാക്കുന്ന ഘടകങ്ങള്‍.

നിക്ഷേപത്തിന്റെ തോതും ബാങ്കിങ് ഇടപാടുകളെല്ലാം നിര്‍വഹിക്കുന്നുവെന്നതുമാണു കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഇത്രയേറെ ശക്തമാകാന്‍ കാരണം. 1.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു കേരളത്തിലെ സഹകരണ മേഖലയിലുള്ളത്. ഇതിന്റെ 80 ശതമാനവും പ്രാഥമിക സഹകരണ ബാങ്കുകളുടേതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ബാങ്കിങ് മേഖലയിലുണ്ടായ മാറ്റം അതിനു മുമ്പു 15 വര്‍ഷത്തിനിടെയുണ്ടായ മാറ്റത്തേക്കാള്‍ കൂടുതലാണ്. പ്രത്യേകിച്ച് നോട്ട് പിന്‍വലിക്കലിനു ശേഷമുണ്ടായ അവസ്ഥ. അതായത്, സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമായി. പണമിടപാടുകള്‍ക്കു പരിധി വന്നു. ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കി. വാണിജ്യ ബാങ്കുകള്‍ തകരുന്നതു കണ്‍മുമ്പില്‍ കണ്ടു. മഹാരാഷ്ട്രയിലെ പി.എം.സി. അര്‍ബന്‍ ബാങ്കുപോലുള്ളവയില്‍ നിക്ഷേപിച്ചവര്‍ പണം കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായി. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിച്ചു. വാലറ്റുകള്‍ സാധാരണക്കാര്‍വരെ ഉപയോഗിക്കുന്ന സ്ഥിതി വന്നു. കോവിഡ് വ്യാപനത്തോടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചു. ബാങ്കിങ് ഇന്‍ക്ലൂഷന്‍ ഒരു ദൗത്യമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതും പിന്നാലെ ഡിജിറ്റല്‍ ഉപയോഗം കൂടുതലായി ആശ്രയിക്കേണ്ടിവന്നതും ഓരോ വ്യക്തിയും ബാങ്കില്‍ പോകാതെ ബാങ്കിടപാട് നടത്തുന്ന രീതിയിലേക്കു് മാറി.

ഇവിടെയാണു സഹകരണ മേഖലയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തുടങ്ങുന്നത്. റിസര്‍വ് ബാങ്ക് നിയന്ത്രണം ശക്തമാക്കിയപ്പോള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ആദ്യത്തെ പ്രതിസന്ധി വന്നു. പണമിടപാടിനു നിയന്ത്രണം വന്നതോടെ രണ്ടാമത്തെ പ്രതിസന്ധിയായി. കാലോചിതമായി സേവനം മെച്ചപ്പെടുത്താനാവാത്തതും ഇടപാടുകാരെ തൃപ്തിപ്പെടുത്താനാവാത്തതും മൂന്നാമത്തെ പ്രശ്‌നമാണ്.

റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കു ശേഷം സഹകരണ ബാങ്കിങ് സ്ഥാപനങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനു റിസര്‍വ് ബാങ്കിനു കൂടുതല്‍ അധികാരം കൈവന്നു. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നവയാണു ഇതിലേറെയും. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നതോടെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു രണ്ടു പ്രശ്‌നങ്ങളാണു നേരിടേണ്ടിവരിക. ബാങ്ക് എന്ന പേരുപയോഗിച്ച് പ്രവര്‍ത്തിക്കാനാവില്ല എന്നതാണു അതിലൊന്ന്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഇടപാടുകാര്‍ക്കു നല്‍കാനാവില്ല എന്നതു രണ്ടാമത്തേതും. നിയമഭേദഗതി ആദ്യം ഓര്‍ഡിനന്‍സായി ഇറങ്ങുകയും പിന്നീട് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നു പാസാക്കുകയുമാണു ചെയ്തത്. 2020 ജൂണ്‍ 26 നാണു ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. അതായത് അന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പിന്നീട് അര്‍ബന്‍ ബാങ്കുകള്‍ക്കു ബാധകമാക്കി. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഇതു സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കുകയാണ്.

കേരള ബാങ്കിലുണ്ടാകുന്ന മാറ്റവും പ്രാഥമിക സഹകരണ ബാങ്കുകളെ പരോക്ഷമായും പ്രത്യക്ഷമായും ബാധിക്കും. അല്ലെങ്കില്‍, ഭാവിയില്‍ ഏതുനിമിഷവും അതിന്റെ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഓഹരി സംബന്ധിച്ചുള്ളതാണു ഇതില്‍ ആദ്യത്തേത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരള ബാങ്കില്‍ എടുത്തിട്ടുള്ള ഓഹരി തിരിച്ചുകിട്ടില്ല. കേരള ബാങ്ക് ഭരണസമിതി ഓഹരി തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചാലും അതു നടപ്പാക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണമെന്നാണു വ്യവസ്ഥ. ഓരോ പ്രാഥമിക സഹകരണ ബാങ്കിനും കോടികളുടെ ഓഹരി കേരള ബാങ്കിലുണ്ട്. കേരള ബാങ്കിനു ലാഭവിഹിതം നല്‍കാനാവാത്ത കാലത്തോളം അതു വരുമാനമില്ലാത്ത നിക്ഷേപമായി മാറും.

കേരള ബാങ്കിന്റെ ഭരണസമിതിയെ റിസര്‍വ് ബാങ്കിനു പിരിച്ചുവിടാമെന്നതാണു മറ്റൊരു വ്യവസ്ഥ. ഇതും പ്രാഥമിക ബാങ്കുകളെ ബുദ്ധിമുട്ടിലാക്കും. കേരള ബാങ്കിന്റെ ഭരണസമിതിയില്‍ പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളാണു അംഗങ്ങള്‍. അതിനാല്‍, കേരള ബാങ്ക് എടുക്കുന്ന ഏതൊരു തീരുമാനവും പ്രാഥമിക സംഘങ്ങളുടെ താല്‍പ്പര്യം കൂടി സംരക്ഷിച്ചുകൊണ്ടാകുമെന്നു ഉറപ്പാണ്. ആ ഭരണസമിതി ഇല്ലാതാവുകയും റിസര്‍വ് ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം വരുകയും ചെയ്താല്‍ ഈ സംരക്ഷണം ഇല്ലാതാവും. കേരള ബാങ്ക് പ്രതിസന്ധി നേരിട്ടാല്‍ ഇന്ത്യയിലെ ഏതു ബാങ്കുമായും അതിനെ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനു അധികാരം നല്‍കുന്നതാണു മറ്റൊരു വ്യവസ്ഥ. ഇത്തരമൊരു സാഹചര്യവും കേരളത്തിലെ സഹകരണ വായ്പാ മേഖലയെ ആകെ തകര്‍ക്കും.

പരിഹാരം ഏകീകൃത സോഫ്റ്റ്‌വെയര്‍

നിലവിലെ പ്രശ്‌നങ്ങളെല്ലാം മറികടക്കാനുള്ള മറുമരുന്നായാണു ഏകീകൃത സോഫ്റ്റ്‌വെയര്‍ സഹകരണ വകുപ്പ് അവതരിപ്പിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ പണമിടപാടു കുറയ്ക്കുകയും ഡിജിറ്റല്‍ ഇടപാടു കൂട്ടുകയുമാണു ഇതിലൂടെ ലക്ഷ്യമിടുന്ന ഒരു കാര്യം. ഒരു സഹകരണ ബാങ്കിലെ അക്കൗണ്ട് ഹോള്‍ഡര്‍ക്കു അയാള്‍ക്കുവേണ്ട എല്ലാ ബാങ്കിങ് ആവശ്യങ്ങളും നിവൃത്തിച്ചുകൊടുക്കാന്‍പാകത്തില്‍ സേവനം ഉറപ്പുവരുത്താനാകണമെന്നതാണു മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. ഇതിനൊപ്പം, കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും തമ്മില്‍ ബന്ധിപ്പിച്ച് ഒരു വായ്പാ ശൃംഖല തീര്‍ക്കുകയാണു ലക്ഷ്യം. ഏകീകൃത സോഫ്റ്റ്‌വെയര്‍ എങ്ങനെയാകണമെന്നു ഇതിനായി തയാറാക്കിയ ടെണ്ടര്‍ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ 1533 എണ്ണമാണു ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളതെന്നാണു 161 പേജുള്ള ടെണ്ടര്‍ രേഖ ( ആര്‍.എഫ്.പി. ) യില്‍ വിശദീകരിച്ചിട്ടുള്ളത്. ഈ സംഘങ്ങള്‍ക്കാകെ 3145 ശാഖകളുണ്ട്. ഓരോ ജില്ലയിലും പുതിയ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കേണ്ട സംഘങ്ങളുടെ എണ്ണവും കണക്കാക്കിയിട്ടുണ്ട്. 1611 എണ്ണമാണു ഇതിലുള്ളത്.

90 ശതമാനം പ്രാഥമിക ബാങ്കുകളും നിലവില്‍ അവരുടേതായ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്. 10 ശതമാനം ബാങ്കുകള്‍ ഇപ്പോഴും മാന്വല്‍ ആയാണു പ്രവര്‍ത്തിക്കുന്നത്. ക്രെഡിറ്റ് ബിസിനസ്, ഭരണപരവും ജീവനക്കാരുടെ കാര്യങ്ങളും സംബന്ധിച്ചുള്ളവ, വായ്‌പേതര ബിസിനസ് യൂണിറ്റുകള്‍ എന്നിങ്ങനെ മൂന്നു രീതിയിലാണു ഇപ്പോള്‍ PACS കളുടെ സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചിട്ടുള്ളത്. പൊതു അക്കൗണ്ടിങ് രീതി, സുരക്ഷ, റഗുലേറ്ററി കംപ്ലയിന്‍സ് എന്നിവയെല്ലാം എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും ഒരേ രീതിയില്‍ ക്രമീകരിക്കുകയാണു ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ ചെയ്യുന്നത്. സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കല്‍, പരിശീലനം, ഡാറ്റ മൈഗ്രേഷന്‍ എന്നിവയെല്ലാം കരാര്‍ ഏറ്റെടുത്ത സ്ഥാപനം നല്‍കണം. ഏഴു വര്‍ഷത്തേക്കാണു ഇതു നല്‍കേണ്ടതെന്നു ടെണ്ടര്‍ രേഖയില്‍ പറയുന്നു. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിനു പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം എന്തൊക്കെയാണെന്നു കണക്കാക്കിയിട്ടുണ്ട്. 23 മേഖലകളിലുള്ള പ്രവര്‍ത്തനമാണു ഇതില്‍ പറയുന്നത്.

എന്തൊക്കെയാണു പ്രത്യേകത ?

* എല്ലാ ജഅഇട കള്‍ക്കും ഒരേസമയം ഒരേപോലെ ഉപയോഗിക്കാന്‍ പാകത്തിലായിരിക്കണം ഇതിന്റെ ക്രമീകരണം.
* ഇന്ത്യയ്ക്കുള്ളില്‍ മാത്രമായിരിക്കും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാവുക.
* ഒരു സെക്കന്റില്‍ 10,000 പേര്‍ക്കു തടസ്സമില്ലാതെ ഉപയോഗിക്കാനാകണം.
* മൊബൈല്‍ ആപ്പ്, വായ്പ – വായ്‌പേതര പ്രവര്‍ത്തനം എന്നിങ്ങനെ എട്ട് മൊഡ്യൂളുകളാണു പുതിയ സോഫ്റ്റ്‌വെയറിനുണ്ടാവുക.
* പ്രാഥമിക സഹകരണ ബാങ്കുകള്‍ തമ്മില്‍ പണം കൈമാറാനാകും. ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി., ബില്‍ പേ, റീ ചാര്‍ജ്,
വാലറ്റ് എന്നിവയെല്ലാം ഉണ്ടാകും.
* നിക്ഷേപ – വായ്പാ പിരിവുകാര്‍ക്കും ഇടപാടുകാര്‍ക്കും ഉപയോഗിക്കാനാവുന്ന വിധത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.
* വകുപ്പിനും സ്ഥാപനത്തിനും ഒരേപോലെ ശേഖരിക്കാനാവുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകും.
* സംഘത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാന്‍ നിത്യവുമുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടും.

ഇടപാടുകാര്‍ക്കു എല്ലാ സേവനങ്ങളും ഡിജിറ്റലായി നല്‍കാനാവുന്നില്ല എന്ന പ്രശ്‌നത്തിനു ഏകീകൃത സോഫ്റ്റ്‌വെയര്‍ വരുന്നതോടെ പരിഹാരമാകുമെന്നാണു സഹകരണ വകുപ്പ് നല്‍കുന്ന വാഗ്ദാനം. വാലറ്റ്, മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ ഇടപാട് എന്നിവ സാധ്യമായാല്‍ പ്രാഥമിക സംഘങ്ങളുടെ മുഖം തന്നെ മാറും. ബാങ്ക് എന്ന പരിധിയില്‍ വരാത്തതിനാല്‍ പ്രാഥമിക സംഘങ്ങളുടെ പണമിടപാടു പരിമിതപ്പെടുത്തുന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ഇതിനെ മറികടക്കാന്‍ പണമിടപാടു പരമാവധി കുറയ്ക്കാനാകും എന്നതാണു പുതിയ പദ്ധതിയിലൂടെ സഹകരണ വകുപ്പ് മുന്നോട്ടുവെക്കുന്നത്. ചെക്കും ഡ്രാഫ്റ്റും ഉപയോഗിക്കാതെ ഡിജിറ്റലായി ഇടപാടു നടത്താനാകുമ്പോള്‍ ആ പ്രശ്‌നവും പരിഹരിക്കാനാകും.

കാലം തെറ്റിയ പരിഷ്‌കാരം

അനിവാര്യമായ ലക്ഷ്യം നേടാന്‍ ദീര്‍ഘവീക്ഷണമില്ലാത്തതും കാലോചിതമല്ലാത്തതുമായ പദ്ധതിയാണു ഏകീകൃത സോഫ്റ്റ്‌വെയര്‍ എന്നതാണ് പൊതുവേയുള്ള വിമര്‍ശനം. സോഫ്റ്റ്‌വെയര്‍ ഏകീകരിച്ചാല്‍ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണു ഇപ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ നേരിടുന്നതെങ്കില്‍ ഈ പദ്ധതി മികച്ചതായി മാറുമായിരുന്നു. അങ്ങനെയാവണമെങ്കില്‍ സോഫ്റ്റ്‌വെയറിലെ പോരായ്മകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാകണം ഇപ്പോള്‍ പ്രാഥമിക ബാങ്കുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി., മൊബൈല്‍ ആപ്പ്, റീച്ചാര്‍ജ്, വാലറ്റ് എന്നിവയൊന്നും സോഫ്റ്റ്‌വെയറിലെ പോരായ്മകൊണ്ടു നടക്കാത്തതോ സോഫ്റ്റ്‌വെയര്‍ മെച്ചപ്പെടുത്തിയതുകൊണ്ട് നടപ്പാക്കാവുന്നതോ അല്ല. ഇപ്പോള്‍ത്തന്നെ ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. സേവനം പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ട്‌സ്വകാര്യ വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണു ഈ സേവനങ്ങളെല്ലാം നല്‍കുന്നത്. അപ്പോള്‍ അത്തരം സേവനം ഉറപ്പുവരുത്താന്‍ സ്വകാര്യ വാണിജ്യ ബാങ്കിനു പകരം ഒരു സംവിധാനമാണു കേരളത്തില്‍ വേണ്ടത്. അതാണു കേരള ബാങ്കിലൂടെ നമ്മള്‍ ലക്ഷ്യമിട്ടത്. അപ്പോള്‍ പരിഷ്‌കരണവും ആധുനികീകരണവും വേണ്ടതു കേരള ബാങ്കിനാണ്. സോഫ്റ്റ്‌വെയര്‍ ഏകീകരിച്ചാലേ ബാങ്കിങ് ഇടപാടുകള്‍ സാധ്യമാവൂ എന്നില്ല. അങ്ങനെയെങ്കില്‍, എസ്.ബി.ഐ.യും എച്ച്.ഡി.എഫ്.സി.യും തമ്മിലുള്ള ബാങ്കിടപാടു നടത്താന്‍ കഴിയാതിരിക്കണം. അതായത്, സോഫ്റ്റ്‌വെയര്‍ ഏകീകരണമല്ല, സോഫ്റ്റ്‌വെയര്‍ ഏകോപനമാണു ഉണ്ടാകേണ്ടത്.

സോഫ്റ്റ്‌വെയറുകളുടെ ഏകോപനം സാധ്യമാകണമെങ്കില്‍ നിലവില്‍ എല്ലാ സഹകരണ ബാങ്കുകളും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ മികച്ച നിലവാരവും സൈബര്‍ സുരക്ഷയും ഉറപ്പുവരുത്തുന്നതാവണം. അതിനു നിലവിലെ എല്ലാ സോഫ്റ്റ്‌വെയറുകളും ഓഡിറ്റിനു വിധേയമാക്കുകയാണു ആദ്യം വേണ്ടത്. പ്രാഥമിക ബാങ്കുകളുടെ സോഫ്റ്റ്‌വെയറിനു സ്റ്റാന്റേര്‍ഡ് നിശ്ചയിക്കണം. സൈബര്‍ സുരക്ഷ, ഡാറ്റ സ്വകാര്യത, ഡാറ്റ ശേഖരണം എന്നിവയെല്ലാം ഉറപ്പുവരുത്തുന്ന വിധത്തിലാകണം സ്റ്റാന്റേര്‍ഡ് നിശ്ചയിക്കേണ്ടത്. ഈ സ്റ്റാന്റേര്‍ഡുള്ള സോഫ്റ്റ്‌വെയറുകള്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂവെന്നു വ്യവസ്ഥ ചെയ്യണം.

സാസ് മോഡല്‍ പരീക്ഷണം

പ്രാഥമിക ബാങ്കുകള്‍ക്കു സാസ് മോഡല്‍ സോഫ്റ്റ്‌വെയര്‍ ഏകീകരണം നടപ്പാക്കണമെന്നാണു സഹകരണ വകുപ്പിന്റെ ടെണ്ടര്‍ നോട്ടിലുള്ളത്. സാസ് മോഡല്‍ എന്നാല്‍ ‘സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് ‘ എന്നാണ്. അതായത്, ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഒരു ഉല്‍പ്പന്നമായി ലഭിക്കാതെ അതിന്റെ സേവനം മാത്രം പണം കൊടുത്തു ഉപയോഗിക്കുന്ന രീതിയാണിത്. ഫെയ്‌സ് ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ഇതിനുദാഹരണമാണ്. ഇ-കൊമേഴ്‌സ് രംഗത്താണു സാസ് മോഡല്‍ സോഫ്റ്റ്‌വെയര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രാഥമിക ബാങ്കിങ് നെറ്റ്‌വര്‍ക്കുകള്‍ക്കു ഇതു പാടില്ലെന്നു റിസര്‍വ് ബാങ്ക് വിലക്കിയിട്ടില്ല. എന്നാല്‍, പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ ഈ മാതൃക ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഓരോ ബാങ്കിനും ആവശ്യമായ വിധത്തില്‍ സര്‍വീസ് ലഭിക്കില്ലെന്നതാണു ഇതിന്റെ ഒരു പ്രധാന പ്രശ്‌നം. ഡാറ്റ കൈമാറ്റവും ഡാറ്റ സ്വകാര്യതയും പ്രശ്‌നമാണ്. സര്‍വീസ് എഗ്രിമെന്റ് കുറ്റമറ്റതും പഴുതില്ലാത്തതുമായിരിക്കണം. സര്‍വീസ് ബാങ്കുകളിലെ മുഴുവന്‍ ഇടപാടു വിവരങ്ങളും മറ്റൊരു ഏജന്‍സിയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നുവെന്നതാണു മറ്റൊരു കാര്യം. കേരള ബാങ്കില്‍പ്പോലും സാസ് മാതൃകയല്ല സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

കേരള ബാങ്കില്‍ കേന്ദ്രീകരിക്കുമ്പോള്‍

പ്രാഥമിക സഹകരണ ബാങ്കുകളെ മുഴുവന്‍ കേരള ബാങ്കിന്റെ ഈ ക്രെഡിറ്റ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുകയാണു ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. അതിനുള്ള പൂര്‍ണ പദ്ധതിരേഖ ഇതുവരെ തയാറാക്കിയിട്ടില്ല. കേരള ബാങ്കിനു ഇതിനുള്ള സാങ്കേതിക സംവിധാനം ഇപ്പോഴില്ലെന്നതാണു അതിനു തടസ്സം. കേരള ബാങ്ക് ഇപ്പോള്‍ പേരില്‍ മാത്രമാണ്. 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും എന്ന രീതിയില്‍ത്തന്നെയാണു ഇപ്പോള്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനം. ഒറ്റ ബാങ്ക് എന്ന നിലയില്‍ സാങ്കേതികമായി കേരള ബാങ്കിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു മുമ്പു PACS കളില്‍ പരിഷ്‌കരണം നടപ്പാക്കുന്നതു അപകടകരമായ നീക്കമാകും.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരള ബാങ്കിലും PACS കളിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നു നമ്മള്‍ പരിശോധിച്ചതാണ്. റിസര്‍വ് ബാങ്കിനു കേരള ബാങ്കില്‍ എന്തു നടപടിയും പെട്ടെന്നു സ്വീകരിക്കാനാകും. പി.എം.സി. ബാങ്കിന്റെ അനുഭവം ഇതിനു തെളിവാണ്. അത്തരമൊരു നടപടി കേരള ബാങ്കിലുണ്ടായാല്‍, അതിനെ മാത്രം ആശ്രയിച്ച് പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചാല്‍ ഉണ്ടാകുന്ന ആപത്ത് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തില്‍ സഹകരണ മേഖലയ്ക്ക് ശക്തമായ അടിത്തറ നല്‍കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ തകര്‍ച്ചക്കാവും അതു വഴിവെക്കുക. ഇപ്പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന സേവനം പ്രാഥമിക സംഘങ്ങള്‍ക്കു നല്‍കാന്‍ കേരള ബാങ്കിനെ പ്രാപ്തമാക്കുകയാണു ആദ്യം വേണ്ടത്.

കേരള ബാങ്കിനെ അവഗണിച്ചോ എതിര്‍ത്തോ പ്രാഥമിക സംഘങ്ങള്‍ മുന്നോട്ടുപോകണമെന്നല്ല ഈ പറഞ്ഞതിനൊന്നും അര്‍ഥം. കേരള ബാങ്ക് പൂര്‍ണ അര്‍ഥത്തില്‍ PACSകളുടെ അപ്പക്‌സ് ബാങ്കാവണം. അതിന്റെ സേവനം സാങ്കേതികമായി PACS കള്‍ക്കു ലഭിക്കണം. അതേസമയം, കേരള ബാങ്കിനുണ്ടാകുന്ന ഏതെങ്കിലും പ്രതിസന്ധി PACS കളെ ബാധിക്കാതിരിക്കാനുള്ള കരുതലും വേണം. അതിനുള്ള മാര്‍ഗമാണു തേടേണ്ടത്. സഹകരണ ഫിന്‍ടെക് എന്ന ആശയത്തിനു പ്രസക്തി കൈവരുന്നതു അവിടെയാണ്. സഹകരണ ഫിന്‍ടെക് എന്നാല്‍ പ്രാഥമിക സംഘങ്ങളുടെ ഏകോപനത്തിലുള്ള ഒരു ഫിനാന്‍ഷ്യല്‍ കമ്പനി. ജഅഇട കള്‍ തമ്മിലുള്ള ഇടപാടുകള്‍ അതു കേരള ബാങ്ക് വഴി നിര്‍വഹിക്കുന്നു. കേരള ബാങ്കിനു എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ മറ്റു ബാങ്കുകളുടെ സഹായത്തോടെ അതു നിര്‍വഹിക്കാനുള്ള ശേഷിയും സാങ്കേതിക ക്ഷമതയും ഈ ഫിനാന്‍ഷ്യല്‍ കമ്പനിക്കുണ്ടാകണം. ഇതിന്റെ പ്രായോഗികതയാണു പരിശോധിക്കേണ്ടത്. അതിനാല്‍, സോഫ്റ്റ്‌വെയര്‍ ഏകീകരിക്കുക എന്നതു ഒരു പദ്ധതി നിര്‍വഹണമായി കണക്കാക്കുന്നതിനു പകരം പ്രായോഗിക ചിന്തയും നടപടിയുമാണു വേണ്ടത്. അതിനേ സഹകരണ മേഖലയെ നവീകരിക്കാനും ശക്തിപ്പെടുത്താനും സാധിക്കൂ.

[mbzshare]

Leave a Reply

Your email address will not be published.