വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹകരണ വകുപ്പിന്റെ ‘സൗരജ്യോതി’ വായ്പാ പദ്ധതി

[mbzauthor]

വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ വകുപ്പ് പ്രത്യേക വായ്പ പദ്ധതി നടപ്പാക്കി തുടങ്ങി. ‘സൗരജ്യോതി’ എന്ന പേരിലാണ് പുതിയ വായ്പ സ്‌കീം തയ്യാറാക്കിയിട്ടുള്ളത്. സൗരോര്‍ജ പദ്ധതികള്‍ക്ക് സബ്‌സിഡി നിലവിലുണ്ടായിരുന്നെങ്കിലും അത് സഹകരണ സംഘങ്ങള്‍ നല്‍കുന്ന വായ്പയ്ക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോള്‍ ‘സൗരജ്യോതി’ സഹകരണ വായ്പകള്‍ക്കും സബ്‌സിഡി ലഭ്യമാകും.

സഹകരണ സംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ എന്നിവ വഴി വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സൗരജ്യോതി സ്‌കീം അനുസരിച്ച് മൂന്നുലക്ഷം രൂപവരെ വായ്പ അനുവദിക്കും. വര്‍ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. കെ.എസ്.ഇ.ബി.യുടെ സൗരപദ്ധതിപ്രകാരം രണ്ടുമുതല്‍ 10 കിലോവാട്ട് വരെയുള്ള സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ.

സൗരോര്‍ജ നിലയം തുടങ്ങുന്നതിനായി സബ്‌സിഡി കഴിഞ്ഞ് ഉപഭോക്താവ് ചെലവഴിക്കേണ്ട ആകെ തുകയുടെ 80 ശതമാനമോ, പരമാവധി മൂന്നുലക്ഷം രൂപയോ ആയിരിക്കും വായ്പ അനുവദിക്കുക. 10 ശതമാനം പലിശ നിരക്കില്‍ അഞ്ചുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. നിയമാനുസരണമുളള വ്യവസ്ഥകള്‍ പാലിച്ചായിരിക്കും വായ്പ നല്‍കുക. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഇ കിരണ്‍ പോര്‍ട്ടല്‍ വഴി സൗര സബ്‌സിഡി പദ്ധതി പ്രകാരമുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.

തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്ന ഡെവലപ്പര്‍ സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്, സാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കം അപേക്ഷകന്‍ താമസിക്കുന്ന പ്രദേശം പ്രവര്‍ത്തനപരിധിയായ ബാങ്ക്, സംഘം എന്നിവയില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. സബ്‌സിഡി മുഖേന നടപ്പാക്കുന്ന സൗരപദ്ധതിയാണെന്ന ഡവലപ്പറുടെ സാക്ഷ്യപത്രം വായ്പ അപേക്ഷയോടൊപ്പം വയ്ക്കണം. പദ്ധതി ചെലവിന്റെ സബ്‌സിഡി കഴിച്ചുള്ള തുകയുടെ ഗുണഭോക്തൃ വിഹിതമായ 20 ശതമാനം തുക ഗുണഭോക്താവ് നേരിട്ട് ഡവലപ്പര്‍ക്ക് നല്‍കണം. വായ്പ പാസായി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ മെറ്റീരിയല്‍സ് ഇറക്കിയശേഷം വായ്പാ തുകയുടെ 50 ശതമാനം തുക സംഘം വഴി ഡവലപ്പര്‍ക്ക് നല്‍കും. നിര്‍മാണം പൂര്‍ത്തിയായശേഷം ഡവലപ്പര്‍ സാക്ഷ്യപ്പെടുത്തിയ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍വോയ്‌സും സംഘത്തില്‍ നല്‍കുന്ന മുറയ്ക്ക് അവസാനഗഡുവായ ബാക്കി 50 ശതമാനം തുകയും ഡവലപ്പര്‍ക്ക് നല്‍കും.

[mbzshare]

Leave a Reply

Your email address will not be published.