വിഴിഞ്ഞത്തിനായുള്ള സഹകരണ കണ്‍സോര്‍ഷ്യം ഉടന്‍വരും; ആദ്യം നല്‍കുന്നത് 550 കോടിരൂപ

moonamvazhi

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപത്കരിക്കാന്‍ സര്‍ക്കാരില്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ സഹകരണ-തുറമുഖ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇതിന് ശേഷം മന്ത്രിമാരും വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് തുടര്‍ നടപടികളും ധാരണയാക്കി. ആദ്യ ഘട്ടത്തില്‍ തുറമുഖ വകുപ്പിന് 550 കോടി രൂപയാണ് സഹകരണ കണ്‍സോര്‍ഷ്യത്തില്‍നിന്ന് ശേഖരിക്കുക.

പുലിമുട്ട് നിക്ഷേപത്തിന്റെ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് 347 കോടിയും, റെയില്‍ കണക്ടിവിറ്റിക്ക് ഭൂമി ഏറ്റെടുക്കാന്‍ 103 കോടിയും, തുറമുഖ അനുബന്ധ റോഡ് നിര്‍മ്മാണത്തിന് 100 കോടിയുമാകും ഇതില്‍ നിന്ന് നല്‍കുക. കഴിഞ്ഞദിവസം മന്തിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കണ്‍സോര്‍ഷ്യം രൂപരവത്കരിക്കുന്നത് സംബന്ധിച്ച് അന്തിമ ധാരണയായത്. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് പങ്കെടുത്തത്.

സഹകരണ കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ഇനി സഹകരണ വകുപ്പാണ് സ്വീകരിക്കുക. പണം നല്‍കാന്‍ തയ്യാറുള്ള പ്രാഥമിക സഹകരണ ബാങ്കുകളെയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തുക. കേരളബാങ്കിന്റെ നേതൃത്വത്തിലായിരിക്കും കണ്‍സോര്‍ഷ്യം. സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് എത്ര പലിശ നല്‍കണമെന്ന കാര്യത്തില്‍ തീരമാനമായിട്ടില്ല. ഇക്കാര്യം സഹകരണ സംഘം രജിസ്ട്രാര്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാകും തീരുമാനിക്കുക. 9.5 ശതമാനം പലിശയെങ്കിലും നല്‍കേണ്ടിവരുമെന്നാണ് സഹകരണ വകുപ്പ് കണക്കാക്കുന്നത്. 8.45 ശതമാനം വരെ പലിശ പൊതുജനങ്ങള്‍ക്ക് നല്‍കിയാണ് സഹകരണ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നത്. അതിനാലാണ് 9.5 ശതമാനം നല്‍കേണ്ടിവരുമെന്ന് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published.