വില്ലേജ് അതിര്‍ത്തി മാറിയപ്പോള്‍ സഹകരണ ബാങ്കുകള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം
കണ്ണൂരിലെ രണ്ട് സഹകരണ ബാങ്കുകള്‍ അതിര്‍ത്തി തര്‍ക്കത്തിലാണ്. പ്രവര്‍ത്തന പരിധി ലംഘിച്ച് ശാഖ തുടങ്ങിയതാണ് പരാതിയെങ്കിലും, പ്രവര്‍ത്തനപരിധി തന്നെ നിശ്ചയിക്കാനാകാത്ത തര്‍ക്കത്തിലാണ് എത്തിയത്. വില്ലേജിന്റെ അതിര്‍ത്തി മാറ്റിയപ്പോഴാണ് ‘സഹകരണ യുദ്ധ’ത്തിന് വഴിവെച്ചത്.
തടിക്കടവ് സഹകരണ ബാങ്കും, നടുവില്‍ സഹകരണ ബാങ്കും തമ്മിലാണ് അതിര്‍ത്തി തര്‍ക്കം. തടിക്കടവ് ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട ചാണോക്കുണ്ട് എന്ന സ്ഥലത്ത് നടുവില്‍ സഹകരണ ബാങ്ക് സായാഹ്ന ശാഖ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. 2013-ല്‍ കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാറാണ് ഇതിനുള്ള അനുമതി നല്‍കിയത്. പരാതിയുമായി തടിക്കടവ് ബാങ്ക് നല്‍കിയ അപ്പീല്‍ ജോയിന്റ് രജിസ്ട്രാറും പിന്നീട് സംസ്ഥാന സര്‍ക്കാരും തള്ളി. പക്ഷേ, തടിക്കടവ് ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി, ബാങ്കിന്റെ അപ്പീല്‍ അപേക്ഷ കേട്ട് തീര്‍പ്പാക്കാന്‍ കോടതി ഉത്തരവിട്ടു.
ഈ ഘട്ടത്തിലാണ് വില്ലനായത് വില്ലേജിന്റെ അതിര്‍ത്തി മാറ്റിയതാണെന്നത് ഉയര്‍ന്നുവരുന്നത്. തടിക്കടവ്, തലവില്‍, തിമിരി ദേശം എന്നിവയാണ് തടിക്കടവ് ബാങ്കിന്റെ പ്രവര്‍ത്തനപരിധി. ഇതിലാണ് ചാണോക്കുണ്ട് വരുന്നത്. വെള്ളാട്, ന്യൂ നടുവില്‍ വില്ലേജുകളാണ് നടുവില്‍ ബാങ്കിന്റെ പ്രവര്‍ത്തന മേഖല. ഇതിനിടയില്‍ സര്‍ക്കാര്‍ ചാണോക്കുണ്ട്, വായാട്ടുപറമ്പ് എന്നി പ്രദേശങ്ങള്‍ വെള്ളാട് വില്ലേജില്‍ ഉള്‍പ്പെടുത്തി. ഈ ഘട്ടത്തിലാണ് വെള്ളാട് വില്ലാജ് പ്രവര്‍ത്തന പരിധിയായ നടുവില്‍ ബാങ്ക് ചാണോക്കുണ്ടില്‍ സായാഹ്ന ശാഖയ്ക്ക് അനുമതി നേടുന്നത്.
തര്‍ക്കം വില്ലേജ് അതിര്‍ത്തിയായതിനാല്‍, സഹകരണ നിയമം നടപ്പാക്കിയതിലെ പരാതിയായി കാണേണ്ടതില്ലെന്നാണ് ഇരുഭാഗത്തെയും നേരില്‍ കേട്ടശേഷം സഹകരണ വകുപ്പ് വിലയിരുത്തിയത്. വില്ലേജിന്റെ അതിര്‍ത്തി മാറിയത് നടുവില്‍ സഹകരണ ബാങ്കിന് ശാഖതുറക്കാനുള്ള ഇളവായി പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വിധിച്ചു. ശാഖ തുടങ്ങിയ നടപടിയെ റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാര്‍ ശരിവെക്കുകയും ചെയ്തു.