വിദ്യാഭ്യാസഫണ്ട് കൊണ്ട് സംഘങ്ങള്‍ക്കു എന്തു ഗുണം ?

moonamvazhi

ബി.പി. പിള്ള

( മുന്‍ ഡയരക്ടര്‍, എ.സി.എസ്.ടി.ഐ,
തിരുവനന്തപുരം )

(2021 മാര്‍ച്ച് ലക്കം)

സഹകരണ സംഘങ്ങളുടെ ലാഭത്തില്‍ നിന്നു അഞ്ചു ശതമാനം നല്‍കിക്കൊണ്ടുള്ള സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പദ്ധതി ഫെബ്രുവരി ഒന്നിനു നിലവില്‍ വന്നു. സംഘം അംഗങ്ങളുടെയോ ജീവനക്കാരുടെയോ മക്കള്‍ക്കു സംവരണമോ ഫീസിളവോ ഈ പദ്ധതിയില്‍ അനുവദിക്കുന്നില്ല. അപ്പോള്‍ പദ്ധതിയിലേക്കു സംഘങ്ങള്‍ എന്തിനു ഫണ്ട് നല്‍കണം എന്ന ചോദ്യം ന്യായമാണ്.

കേരള സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പദ്ധതി – 2021 ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വന്നു. സഹകരണ സംഘങ്ങളുടെ ലാഭത്തില്‍ നിന്നു വര്‍ഷംതോറും അഞ്ചു ശതമാനംവെച്ച് സഹകരണ സംഘം രജിസ്ട്രാറുടെ പേര്‍ക്കു അയച്ചുകൊടുക്കുന്ന തുകയാണു ഈ ഫണ്ടിന്റെ സ്രോതസ്. എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഡി, മെഡിക്കല്‍ പി.ജി, ഡിപ്ലോമ കോഴ്‌സ്, ബി.ടെക്, ബി.എസ്‌സി നഴ്‌സിങ്, ബി.ഫാം, എം.ബി.എ, എം.സി.എ, ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍, സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നടത്തുന്ന പ്രൊഫഷണല്‍ ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്നിവയാണു ധനസഹായം കിട്ടാന്‍ അര്‍ഹതയുള്ള അംഗീകൃത കോഴ്‌സുകള്‍. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ടു നടത്തുന്ന സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം സഹകരണ സംഘങ്ങളുടെ കീഴില്‍ രൂപവത്കരിച്ചിട്ടുള്ള സൊസൈറ്റികള്‍ / ട്രസ്റ്റുകള്‍ നടത്തുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ( CAPE കേപ്പ് ) നടത്തുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങള്‍, പരിശീലന കോളേജുകള്‍, സഹകരണ വകുപ്പ് അതിന്റെ ഉദ്യോഗസ്ഥര്‍ക്കു പ്രൊഫഷണല്‍ പരിശീലനം നല്‍കാനായി രൂപവത്കരിക്കുന്ന ട്രെയിനിങ് സെന്റര്‍ / ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് , കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ഫാര്‍മസി കോളേജ് എന്നീ സ്ഥാപനങ്ങളാണു ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സഹകരണ മന്ത്രി, വകുപ്പു സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു സമിതിയായിരിക്കും അര്‍ഹമായ അപേക്ഷകള്‍ സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുക. സ്ഥലം ഒഴികെയുള്ള അടിസ്ഥാന സൗകര്യം സൃഷ്ടിക്കാനും നവീകരിക്കാനും വികസിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കും പുതുക്കിപ്പണികള്‍ക്കും പ്രവര്‍ത്തന മൂലധനക്കുറവു പരിഹരിക്കാനും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് ഘടനയുടെ ഫലമായുണ്ടാകുന്ന നഷ്ടങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാനും കേപ്പിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് നടത്തുന്ന സംഘങ്ങള്‍ക്കും പദ്ധതിയില്‍ നിന്നു ധനസഹായം നല്‍കും. സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്കു പ്രൊഫഷണല്‍ പരിശീലനം നല്‍കാനായി സഹകരണ വകുപ്പിന്റെ കീഴില്‍ ട്രെയിനിങ് സെന്റര്‍ / ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനസഹായം നല്‍കും. സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള ജെ.ഡി.സി. ട്രെയിനിങ് സെന്ററുകള്‍ക്കു അടിസ്ഥാന സൗകര്യ വികസനങ്ങളായ പുസ്തകശാല, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ അനുബന്ധ സാധനങ്ങള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ധനസഹായം ലഭിക്കും.

വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്

കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ഫാര്‍മസി കോളേജിനു അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ ധനസഹായം കിട്ടും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു കേപ്പിലും സഹകരണ സംഘങ്ങളുടെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളിലും സഹകരണ യൂണിയന്റെ പരിശീലന കേന്ദ്രങ്ങളിലും പഠിക്കുന്ന ഉയര്‍ന്ന അക്കാദമിക് പ്രാവീണ്യവും താഴ്ന്ന വരുമാനവുമുള്ള അര്‍ഹരായ കുട്ടികള്‍ക്കു ഈ ഫണ്ടില്‍ നിന്നു സ്‌കോളര്‍ഷിപ്പ് നല്‍കാനും വ്യവസ്ഥയുണ്ട്. കൂടാതെ, ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിനു വിധേയമായി പ്രൊഫഷണല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു ഗവേഷണങ്ങള്‍ നടത്താനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ വഹിക്കാനും ജേര്‍ണല്‍, പുസ്തകങ്ങള്‍ തുടങ്ങി പ്രൊഫഷണല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ നടത്താനും സെമിനാറും കോണ്‍ഫറന്‍സുകളും നടത്താനും ഈ ഫണ്ടിന്റെ അക്കൗണ്ട് സൂക്ഷിപ്പ്, അടവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കാനും രജിസ്ട്രാര്‍ക്കു അധികാരം നല്‍കിയിട്ടുണ്ട്. ഓരോ വര്‍ഷവും ഫണ്ടില്‍ കിട്ടുന്ന തുകയുടെ 30 ശതമാനം സഹകരണ സംഘങ്ങള്‍ക്കും 40 ശതമാനം കേപ്പിനും അഞ്ചു ശതമാനം സംസ്ഥാന സഹകരണ യൂണിയനും 15 ശതമാനം സഹകരണ വകുപ്പിനും 10 ശതമാനം കണ്‍സ്യൂമര്‍ഫെഡിനും അവര്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകള്‍ക്കും ഗ്രാന്റ് ഇന്‍ എയിഡായി വിഹിതം കിട്ടും.

സഹകരണ സംഘങ്ങള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മൂന്നു കോടി രൂപ വീതവും സംസ്ഥാന സഹകരണ യൂണിയന്റെ ഓരോ പരിശീലന കേന്ദ്രത്തിനും അഞ്ചു ലക്ഷം രൂപ വീതവും സഹകരണ വകുപ്പിനും കണ്‍സ്യൂമര്‍ഫെഡിനും അഞ്ചു കോടി രൂപ വീതവും നല്‍കും. സംഘങ്ങള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജ് ഓരോന്നിനും പ്രവര്‍ത്തനമൂലധനമായി 50 ലക്ഷം വീതവും കേപ്പിനു അഞ്ചു കോടിയും സഹകരണ വകുപ്പിന്റെ പരിശീലന കേന്ദ്രത്തിനു 50 ലക്ഷവും കിട്ടും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസു മാത്രം വാങ്ങി പ്രവര്‍ത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം പൂര്‍ണമായി ഒഴിവാക്കാനോ / കുറയ്ക്കാനോ സംഘങ്ങളുടെ കോളേജുകള്‍ക്കു ഓരോന്നിനും 50 ലക്ഷം രൂപയും കേപ്പിനു 10 കോടി രൂപയും നല്‍കുമെന്നാണു വ്യവസ്ഥ. അര്‍ഹരായ കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പു നല്‍കാനായി ഓരോ സംഘ കോളേജിനും 25 ലക്ഷം പ്രകാരവും കേപ്പിനു ഒരു കോടിയും സംസ്ഥാന സഹകരണ യൂണിയനു 50 ലക്ഷവും ഈ പദ്ധതി പ്രകാരം കിട്ടാന്‍ അര്‍ഹതയുണ്ടാവും.

സംവരണമില്ല, ഫീസിളവില്ല

ലാഭത്തിലുള്ള സഹകരണ സംഘങ്ങള്‍ ലാഭത്തിന്റെ അഞ്ചു ശതമാനം ഓരോ വര്‍ഷവും സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കു സംഭാവന നല്‍കുമ്പോള്‍ അങ്ങനെയുള്ള സംഘങ്ങളിലെ അംഗങ്ങളുടെ മക്കള്‍ക്കോ ജീവനക്കാരുടെ മക്കള്‍ക്കോ പഠന മികവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനു സംവരണമോ ഫീസിളവോ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. സഹകരണ സംഘങ്ങളുടെ പ്രധാന പ്രവര്‍ത്തനലക്ഷ്യം അതിന്റെ അംഗങ്ങളുടെ താല്‍പ്പര്യമാണ്. പൊതുസമൂഹത്തിന്റെ താല്‍പ്പര്യം പരിരക്ഷിക്കുക എന്നതു രണ്ടാം ലക്ഷ്യം മാത്രമാണ്. സഹകരണ സംഘങ്ങളുടെ ലാഭം അതിലെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുക എന്നതു സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ കൈവിടാതെ സൂക്ഷിക്കുന്ന മൂല്യമാണ്. ആ മൂല്യത്തിനു യോജിക്കുന്ന ഒരു നടപടിയല്ല പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ട് സ്‌കീമിലുള്ളത്.

ലാഭത്തിന്റെ മൂന്നര ശതമാനം അല്ലെങ്കില്‍ പരമാവധി 10,000 രൂപയായിരുന്നു സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്കു സംഭാവന നല്‍കാന്‍ 1992 ല്‍ സഹകരണ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നത്. ഒരു സഹകരണ സംഘത്തിന്റെ ഒരു വര്‍ഷത്തെ അറ്റലാഭത്തുകയുടെ അടിസ്ഥാനത്തില്‍ അറ്റലാഭത്തിന്റെ ഒന്നു മുതല്‍ മൂന്നര ശതമാനംവരെ സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്കു സംസ്ഥാന സഹകരണ യൂണിയനു സംഭാവന നല്‍കുന്നതുമാത്രമായിരുന്നു സംഘങ്ങളുടെ ലാഭത്തില്‍ നിന്നുള്ള ഏക ഔട്ട്ഫ്‌ളോ. ലാഭത്തിന്റെ ബാക്കി 96.5 ശതമാനവും ഓഹരി മൂലധനത്തിനു ലാഭവീതം നല്‍കാനും കരുതല്‍ധനത്തിലേക്കും സ്വതന്ത്ര കരുതലുകളിലേക്കും മാറ്റിവെക്കാനും അംഗങ്ങള്‍ക്കു കൂടുതല്‍ സേവനങ്ങളും സഹായങ്ങളും കുറഞ്ഞ ചെലവിലോ സൗജന്യമായോ നല്‍കാനും ഉപയോഗിക്കാമായിരുന്നു. പിന്നീട് ലാഭത്തിന്റെ പത്തു ശതമാനം സഹകരണ അംഗസമാശ്വാസ ഫണ്ടിലേക്കും അഞ്ചു ശതമാനം സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കും മാറ്റിവെച്ചു രജിസ്ട്രാറുടെ പേര്‍ക്കു തുക ചെക്കായി അയച്ചുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുകയുമുണ്ടായി. ഇപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം അംഗങ്ങള്‍ക്കു ഒരു പ്രയോജനവും കിട്ടാത്ത ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നു.

ഫീസ് വാങ്ങാതെ പരിശീലനമില്ല

ലാഭത്തിന്റെ അഞ്ചു ശതമാനപ്രകാരം പരമാവധി 60,000 രൂപ സംസ്ഥാന സഹകരണ യൂണിയനു വിദ്യാഭ്യാസ ഫണ്ടിലേക്കു സംഭാവന നല്‍കുന്ന സംഘങ്ങള്‍ക്കോ അതിലെ അംഗങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ സഹകരണ യൂണിയനില്‍ നിന്നു ഒരു സഹായവും കിട്ടുന്നില്ല. ലാഭത്തിന്റെ ഒന്നു മുതല്‍ മൂന്നര ശതമാനംവരെ മാറ്റിവെച്ച് സംസ്ഥാന സഹകരണ യൂണിയനു സംഭാവന നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നത് ഭേദഗതി ചെയ്ത് ലാഭത്തിന്റെ അഞ്ചു ശതമാനമാക്കുകയും പരമാവധി 10,000 രൂപ എന്നതു 60,000 രൂപയാക്കുകയും ചെയ്തു. സഹകരണ സംഘങ്ങളെ സംഘടിപ്പിക്കുക, സഹായിക്കുക, വികസിപ്പിക്കുക, സഹകരണ തത്വങ്ങളും പ്രായോഗികതയും വ്യാപിപ്പിക്കുക, സഹകരണ സംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കുക തുടങ്ങിയ ചുമതലകളും കര്‍ത്തവ്യങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥമായ സഹകരണ യൂണിയന്‍ അവ ശരിയാംവണ്ണം നിറവേറ്റുന്നുണ്ടോ എന്നു നിഷ്പക്ഷമായി വിലയിരുത്തേണ്ടതാണ്. യൂണിയന്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഈ പരിശീലന പരിപാടികളെല്ലാം നടത്തുന്നതു നിശ്ചിത ഫീസ് പഠിതാക്കളുടെ സ്ഥാപനങ്ങളില്‍ നിന്നു മുന്‍കൂര്‍ വാങ്ങിയാണ്. ഒരു പരിശീലന പരിപാടിയും ഫീസ് വാങ്ങാതെ നടത്തുന്നില്ല.

സംസ്ഥാന സഹകരണ യൂണിയന്‍ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷനും ജൂണിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷനും നടത്തുന്നതു പഠിതാക്കളില്‍ നിന്നു ഫീസു വാങ്ങിയാണ്. വാങ്ങുന്ന ഫീസാകട്ടെ പരിശീലന കോഴ്‌സുമായി ബന്ധപ്പെട്ട എല്ലാ ചെലവും വഹിക്കാന്‍ പര്യാപ്തവുമാണ്. ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ ഏക സ്വകാര്യ സ്ഥാപനമാണു കോട്ടയത്തെ എന്‍.എസ്.എസ്. കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ്. സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജ് ഈടാക്കുന്ന അതേ ഫീസു വാങ്ങി പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ സ്ഥാപനം ഒരിക്കലും നഷ്ടത്തിലായിട്ടില്ല. യാഥാര്‍ഥ്യമിതായിരിക്കെ, സഹകരണ വിദ്യാഭ്യാസഫണ്ട് പൂര്‍ണമായി ലഭിക്കുന്നതും കാലാകാലങ്ങളില്‍ സംഘങ്ങളുടെ ലാഭത്തില്‍ നിന്നു നല്‍കേണ്ട വിഹിതം വര്‍ധിപ്പിച്ചുകൊണ്ട് സഹകരണച്ചട്ടം ഭേദഗതി ചെയ്തുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിന്റെ വിഹിതംകൂടി സഹകരണ യൂണിയന്റെ പരിശീലന കേന്ദ്രങ്ങള്‍ക്കു നല്‍കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ എന്ന കോഴ്‌സ് ഒരു പരിശീലനം മാത്രമാണ്. അതൊരു പ്രൊഫഷണല്‍ വിദ്യാഭ്യാസമായി എങ്ങനെ കാണാന്‍ കഴിയും ? സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ എം.ബി.എ. കോഴ്‌സ് നടത്തുന്ന ഒരു കോളേജുണ്ട്. ഇവിടെ പ്രവേശനത്തിനു സഹകാരികളുടെ മക്കള്‍ക്കു നിശ്ചിത ശതമാനം സംവരണവും ഫീസില്‍ കിഴിവും അനുവദിച്ചിരുന്നു. അനുവദനീയ സീറ്റുകളിലേക്കു വേണ്ടത്ര കുട്ടികളെ കിട്ടാത്തതിനാല്‍ ചില വര്‍ഷങ്ങളില്‍ പ്രവര്‍ത്തനനഷ്ടം ഉണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസു മാത്രം വാങ്ങുകയും പ്രൊഫഷണല്‍ കോഴ്‌സ് നടത്തുകയും നഷ്ടം ഉണ്ടാവുകയും ചെയ്യുന്ന സഹകരണ യൂണിയന്റെ കീഴിലുള്ള എം.ബി.എ. കോളേജിനു പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നുള്ള ധനസഹായത്തിനു വ്യവസ്ഥയില്ല.


ഫണ്ടിലെ കൂടുതല്‍ സഹായം കേപ്പിന്

സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പദ്ധതി – 2021 ല്‍ ഏറ്റവും കൂടുതല്‍ ധനസഹായം കേപ്പിനാണ്. കേപ്പ് ഒരു സഹകരണ സംഘമല്ല. മറിച്ച്, 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രൂപവത്കരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്. കേപ്പിനു കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റിലും മാനേജുമെന്റ്, എന്‍.ആര്‍.ഐ. സീറ്റുകളിലും പ്രവേശനം നല്‍കുകയും വ്യത്യസ്ത നിരക്കില്‍ ഫീസ് ഈടാക്കുകയും ചെയ്യുന്നുണ്ട്. നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹായകമായ ഫീസ് ഘടനയാണു ഓരോ വര്‍ഷവും നിശ്ചയിക്കാറുള്ളത്. സഹകരണ മേഖലയിലെ ജീവനക്കാരുടെയോ സഹകാരികളുടെയോ മക്കള്‍ക്കു കേപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷനു സംവരണമോ ഫീസിളവോ കിട്ടുന്നില്ല. ഈ കോളേജുകളില്‍ നിന്നു പഠിച്ചു പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ സഹകരണ മേഖലയ്ക്കു അത്യാവശ്യമുള്ളവരല്ല. കേപ്പിന്റെ കീഴിലുള്ള എം.ബി.എ. കോളേജില്‍ സഹകരണ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള സിലബസ് പ്രകാരമല്ല കോഴ്‌സ് നടത്തുന്നത്. ലാഭത്തിന്റെ ഒരു ഭാഗം കേപ്പിനു നല്‍കുന്ന സംഘങ്ങള്‍ക്കോ സഹകരണ മേഖലയ്‌ക്കോ ഇതുകൊണ്ടുള്ള നേട്ടമെന്തെന്നു മനസ്സിലാകുന്നില്ല. സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നു ഏറ്റവും കൂടുതല്‍ ധനസഹായം ഗ്രാന്റ് ഇന്‍ എയ്ഡായി കേപ്പിനു നല്‍കാനാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കാന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനും അതു നടത്തിക്കൊണ്ടുപോകാനും ആവശ്യമായ ഗ്രാന്റ് ഇന്‍ എയ്ഡ് സഹകരണ വകുപ്പിനു നല്‍കാന്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നതു പ്രൊഫഷണല്‍ വിദ്യാഭ്യാസമായി കാണുന്നതു ഏതു മാനദണ്ഡമനുസരിച്ചാണെന്നു മനസ്സിലാകുന്നില്ല. ഐ.എം.ജി, ഐ.സി.എം. തുടങ്ങിയ കേന്ദ്രങ്ങളില്‍ ഫീസ് നല്‍കിയാണു സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. ആ സംവിധാനത്തില്‍ നിന്നു മാറി സഹകരണ വകുപ്പു ജീവനക്കാര്‍ക്കു പ്രത്യേക പരിശീലന കേന്ദ്രം തുടങ്ങാനുള്ള ധനസഹായം പദ്ധതിയിലുണ്ട്. ഈ പരിശീലന കേന്ദ്രത്തെ ഒരു പ്രൊഫഷണല്‍ കോളേജായി എങ്ങനെ കാണാനാവും ? സഹകരണ വകുപ്പില്‍ നിന്നു കിട്ടുന്ന എല്ലാ സേവനങ്ങള്‍ക്കും സംഘങ്ങള്‍ പ്രതിഫലം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പായ സഹകരണ വകുപ്പിനു അതിലെ ജീവനക്കാര്‍ക്കു പരിശീലനം നല്‍കാനുള്ള സാമ്പത്തിക ബാധ്യതയും സംഘങ്ങള്‍ ഏറ്റെടുക്കണമെന്ന കാഴ്ച്ചപ്പാട് എങ്ങനെ സഹകാരികള്‍ക്കു അംഗീകരിക്കാന്‍ കഴിയും ?

സഹകാരികള്‍ക്കു താല്‍പ്പര്യക്കുറവ്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സഹകരണ വകുപ്പിനു ഒരു സഹകരണ ഭവന്‍ ഉണ്ടാക്കാന്‍ എല്ലാ സംഘങ്ങളും പരസ്പരം മത്സരിച്ചു സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. ഡെപ്പോസിറ്റ് ഗാരണ്ടി ബോര്‍ഡ് പോലുള്ള സഹകരണ മേഖലയിലെ ബോര്‍ഡുകള്‍ രണ്ടു കോടി രൂപവരെ ധനസഹായം നല്‍കി. 50 ലക്ഷവും ഒരു കോടിയും സംഭാവന നല്‍കിയ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും കേരളത്തിലുണ്ടായിരുന്നു. രണ്ടു കോടിവരെ സംഭാവന നല്‍കിയ ബോര്‍ഡുകള്‍ക്കു സഹകരണ ഭവനില്‍ വാടകയില്ലാതെ ഓഫീസ് പ്രവര്‍ത്തിപ്പിക്കാം എന്ന വാഗ്ദാനം പക്ഷേ, സഹകരണ വകുപ്പു പാലിച്ചിട്ടില്ല. സഹകരണ വകുപ്പിനു ഇങ്ങനെയൊരു ബഹുനിലക്കെട്ടിടം ഉണ്ടായതുകൊണ്ട് അതിലേക്കു സംഭാവന നല്‍കിയ സംഘങ്ങള്‍ക്കോ അംഗങ്ങള്‍ക്കോ എന്തു നേട്ടമുണ്ടായി എന്നതു ചിന്തിക്കേണ്ട കാര്യമാണ്. കേരള സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പദ്ധതി – 2021 ലെ നിബന്ധനകള്‍ വായിക്കുന്ന ഏതു നിഷ്പക്ഷമതിക്കും സഹകാരികളുടെ അഭിപ്രായമോ നിര്‍ദേശങ്ങളോ പരിഗണിക്കാതെ സഹകരണ വകുപ്പുദ്യോഗസ്ഥരുടെ തലത്തില്‍ ചര്‍ച്ച ചെയ്തു തയാറാക്കിയ ഒരു പദ്ധതിയാണിതെന്നു ബോധ്യപ്പെടും. സ്‌കീമിന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടു ആഴ്ച പലതു കഴിഞ്ഞു. സംഘങ്ങളുടെയോ സഹകാരികളുടെയോ കാഴ്ച്ചപ്പാടില്‍ ഈ പദ്ധതിയെ വിലയിരുത്തി അഭിപ്രായപ്രകടനം നടത്താന്‍ സോഷ്യല്‍ മീഡിയയില്‍പ്പോലും ഒരു സഹകാരിയോ സഹകരണ ജീവനക്കാരനോ അവരുടെ ഏതെങ്കിലും സംഘടനയോ വന്നില്ല എന്നതു നിരാശാജനകമാണ്.

കേരള സഹകരണ സംഘ നിയമത്തിലെ 56-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പിലാണു പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കു ലാഭത്തിന്റെ അഞ്ചു ശതമാനം സംഭാവന നല്‍കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സംഘങ്ങളുടെ അറ്റലാഭ വിഭജനവുമായി ബന്ധപ്പെട്ട 56 -ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ പറഞ്ഞിട്ടുള്ള ലാഭത്തിന്റെ 15 ശതമാനത്തില്‍ കുറയാത്ത ഭാഗം കരുതല്‍ധനത്തിലേക്കും അഞ്ചു ശതമാനത്തില്‍ അധികരിക്കാതെ സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്കും 10 ശതമാനം അംഗസമാശ്വാസ ഫണ്ടിലേക്കും മാറ്റിവെക്കുക എന്നതു ആജ്ഞാരൂപത്തിലുള്ള വ്യവസ്ഥയാണ്. നിയമ വ്യവസ്ഥയ്ക്കനുസൃതമായ നിയമാവലി വ്യവസ്ഥ പ്രകാരം സംഘക്കണക്കുകള്‍ ഓഡിറ്റ് ചെയ്ത ഓഡിറ്റര്‍തന്നെ അറ്റലാഭത്തുകയില്‍ നിന്നു ഈ മൂന്നു ഫണ്ടുകളിലേക്കും വകമാറ്റും. ശേഷിക്കുന്ന അറ്റലാഭമാണു വിഭജിക്കാനുള്ളതും പൊതുയോഗ തീരുമാനപ്രകാരം സ്വതന്ത്രഫണ്ടുകളിലേക്കു മാറ്റിവെക്കാനുള്ളതും. 56 -ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പു പ്രകാരവും സംഘ നിയമാവലി വ്യവസ്ഥ പ്രകാരവും സംഘത്തിന്റെ വാര്‍ഷിക പൊതുയോഗമാണു മിച്ചം വരുന്ന വിഭജിക്കാനുള്ള ലാഭം ഏതൊക്കെ ഫണ്ടുകളിലേക്കു എത്രമാത്രം മാറ്റിവെക്കണമെന്നു തീരുമാനിക്കുക. അംഗങ്ങളുടെ ഓഹരി മൂലധനത്തിനു 25 ശതമാനംവരെ ലാഭവീതം, സംഘവുമായി അംഗങ്ങള്‍ നടത്തിയ ബിസിനസ് തുകയുടെയോ / വ്യാപ്തിയുടെയോ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ക്കു ബോണസ്, കാര്‍ഷിക വായ്പാ സ്ഥിരതാഫണ്ടിലേക്കു ലാഭത്തിന്റെ ഏഴു ശതമാനം, രജിസ്ട്രാര്‍ പരിപാലിക്കുന്ന സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കു അഞ്ചു ശതമാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കാനായി പൊതുനന്മാഫണ്ടിലേക്കു 10 ശതമാനത്തില്‍ അധികരിക്കാത്ത ഭാഗംവരെ സംഘ പൊതുയോഗത്തിനു ലാഭത്തില്‍ നിന്നു മാറ്റിവെക്കാന്‍ അധികാരമുണ്ട്. 56 -ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പിലെ എല്ലാ ആവശ്യങ്ങള്‍ക്കുവേണ്ടിയോ / ഏതെങ്കിലും ഒരാവശ്യത്തിനുവേണ്ടിയോ വിഭജിക്കാനുള്ള അറ്റലാഭം വിനിയോഗിക്കാന്‍ സംഘ പൊതുയോഗത്തിനു അധികാരമുണ്ട്. ഈ അധികാരം പ്രയോഗിച്ച് വിഭജിക്കാനുള്ള ലാഭമുപയോഗിച്ച് ലാഭവീതവും കാര്‍ഷികവായ്പാ സ്ഥിരതാ ഫണ്ട്, പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ട്, പൊതുനന്മാഫണ്ട് എന്നിവയും നല്‍കാനോ മാറ്റിവെക്കാനോ നല്‍കാതിരിക്കാനോ മാറ്റിവെക്കാതിരിക്കാനോ പൊതുയോഗത്തിനു അധികാരമുണ്ട്. ഇവയൊന്നും ഓഡിറ്റര്‍ കൈകാര്യം ചെയ്യേണ്ടതല്ല.

നിര്‍ബന്ധ വ്യവസ്ഥയാക്കരുത്

56 -ാം വകുപ്പിലെ വ്യവസ്ഥകളുടെ പ്രാവര്‍ത്തികത വിശദീകരിക്കുന്ന 53 -ാം ചട്ടത്തില്‍ വിഭജിക്കാനുള്ള ലാഭത്തിന്റെ അഞ്ചു ശതമാനം നിര്‍ബന്ധമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കു ഓഡിറ്റര്‍ മാറ്റിവെക്കണമെന്നു വ്യവസ്ഥ ചെയ്തുകൊണ്ടോ സഹകരണ സംഘം രജിസ്ട്രാര്‍ ഒരു ഉത്തരവിറക്കിക്കൊണ്ടോ നിയമത്തിലെ 56 -ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിര്‍ബന്ധമല്ലാത്ത ഒരു നിയമവ്യവസ്ഥയെ നിര്‍ബന്ധ വ്യവസ്ഥയാക്കാന്‍ സാധിക്കില്ല. ചട്ടവ്യവസ്ഥ നിയമ വ്യവസ്ഥക്കു അനുസൃതമായിരിക്കണം. വകുപ്പിലെ വ്യവസ്ഥക്കു വിരുദ്ധമായി ചട്ടവ്യവസ്ഥ ഉണ്ടായാല്‍ ചട്ട വ്യവസ്ഥക്കു സാധുത ഉണ്ടായിരിക്കില്ല. നിയമസഭ പാസാക്കുന്ന നിയമത്തിലെ വകുപ്പുകള്‍ നിയമതത്വങ്ങളാണ്. ചട്ടങ്ങളാവട്ടെ വകുപ്പിലെ വ്യവസ്ഥകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതാണു പ്രതിപാദിക്കുന്നത്.

അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവക്കു മൂലധന പര്യാപ്തത ( Capital to Risk Weighted Assets Ratio ) ബാധകമാണ്. നിര്‍ദിഷ്ട ഒമ്പതു ശതമാനത്തില്‍ കുറവാണു മൂലധന പര്യാപ്തതയെങ്കില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെടും. മൂലധന പര്യാപ്തത കൈവരിക്കാനും നിലനിര്‍ത്താനും കാപ്പിറ്റല്‍ ഫണ്ടില്‍ ചെലവില്ലാത്തതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ ലഭിക്കുന്നതും ലാഭമുപയോഗിച്ചു സൃഷ്ടിക്കുന്നതുമായ സ്വതന്ത്ര റിസര്‍വുകളുണ്ടാവണം. അതു സാധ്യമാകാന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പോലുള്ള സ്വതന്ത്രഫണ്ടുകള്‍ക്കു തുക നല്‍കുന്നതില്‍ നിന്നും സംഘങ്ങളെ ഒഴിവാക്കണം. ലാഭത്തിന്റെ പത്തു ശതമാനം സഹകരണ അംഗ സമാശ്വാസ ഫണ്ടിലേക്കും അഞ്ചു ശതമാനം പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കും മാറ്റിവെക്കുന്നതു ഒഴിവാക്കി ഇത്രയും തുക അതതു സംഘങ്ങളില്‍ത്തന്നെ സൂക്ഷിക്കാനും നിര്‍ധനരായ അംഗങ്ങളുടെ മിടുക്കരായ മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി സംഘതലത്തില്‍ത്തന്നെ വിനിയോഗിക്കാനും സാഹചര്യമുണ്ടാകണം. സഹകരണ അംഗ സമാശ്വാസ ഫണ്ടും ലാഭത്തിന്റെ പത്തു ശതമാനവും ( പരമാവധി ഒരു ലക്ഷം രൂപ ) മാറ്റിവെച്ച് അതതു സംഘങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ളവരും വീടോ ചികിത്സാ സഹായമോ ആവശ്യമുള്ളവരുമായ അംഗങ്ങള്‍ക്കു ധനസഹായമായി നല്‍കാന്‍ ഉപയോഗിക്കുന്നതിനുതകുന്ന സാഹചര്യവും ഉണ്ടാകണം. സംഘലാഭം അതതു സംഘങ്ങളിലെ അംഗങ്ങളുടെ ക്ഷേമത്തിനു ഉപയോഗിക്കാനും ഉപയോഗിക്കാത്ത തുക കാപ്പിറ്റല്‍ ഫണ്ടാക്കി മാറ്റാനും മേല്‍സൂചിപ്പിച്ച സാഹചര്യം സഹായകമാവും.

സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധനത്തിലും പ്രവര്‍ത്തന ഫണ്ടിലും സ്വന്തം ഫണ്ടുകളുടെ അനുപാതം ആരോഗ്യകരമായ നിലവാരത്തിലല്ല. ബാഹ്യ ബാധ്യതയല്ലാത്തതും ദീര്‍ഘകാല ഉപയോഗത്തിനു കിട്ടുന്നതും പലിശച്ചെലവില്ലാത്തതുമായ വിഭവമാണു സ്വന്തം ഫണ്ട്. എന്നാല്‍, സ്വന്തം ഫണ്ടുകളില്‍ കെട്ടിട ഫണ്ട്, ലാഭവീത സമീകരണ ഫണ്ട്, പൊതുനന്മാഫണ്ട് തുടങ്ങിയ ലാഭം ഉപയോഗിച്ചുകൊണ്ടുള്ള ഫണ്ടുകളുടെ നിലവാരം സഹകരണ ബാങ്കുകളിലും വായ്പാ സംഘങ്ങളിലും വളരെ മോശമാണ്. നിയമ വ്യവസ്ഥകളിലൂടെ സംഘലാഭത്തിന്റെ നല്ലൊരു ഭാഗം വിദ്യാഭ്യാസ ഫണ്ട്, പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട്, സഹകരണ അംഗ സമാശ്വാസ ഫണ്ട് എന്നിങ്ങനെയുള്ള ഫണ്ടുകളിലേക്കു മാറ്റിവെക്കുന്നതിലൂടെ സംഘത്തിനു പുറത്തേക്കു ഒഴുകിപ്പോവുന്നു. കൂടാതെ, പൊതുനന്മാഫണ്ടിലെ തുക സംഘാംഗങ്ങള്‍ക്കു ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ കഴിയാതെ പ്രകൃതിക്ഷോഭങ്ങളില്‍ സംഭാവനയായി നല്‍കാന്‍ നിര്‍ബന്ധിതമാകുന്നതിലൂടെയും പുറത്തേക്കു പോകുന്നു. മറ്റു സംസ്ഥാനങ്ങളിലെ സഹകരണ നിയമങ്ങളില്‍ സംഘലാഭം ഇതുപോലെ പുറത്തേക്കു ഒഴുകിപ്പോകാന്‍ വ്യവസ്ഥകളില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published.