ലഘുഗ്രാമീണ വായ്പാ പദ്ധതി ‘മുറ്റത്തെ മുല്ല’ ക്ക് തുടക്കമായി
കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക രംഗം കൂടുതൽ ഭദ്രമാകുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലഘു ഗ്രാമീണ വായ്പാ പദ്ധതി ‘ മുറ്റത്തെ മുല്ല ‘ പാലക്കാട് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈക്രോ ഫിനാൻസ് രംഗത്തേക്ക് സഹകരണ മേഖല നേരത്തേ കടന്നു വരേണ്ടതായിരുന്നു. പദ്ധതി നടപ്പിലാവുന്നതോടെ സാധാരണക്കാർ ബ്ലേഡ് മാഫിയയുടെയും സ്വകാര്യ മൈക്രോ ഫിനാൻസുകാരുടെയും പിടിയിൽ നിന്നും മോചിതരാകുമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുമായി കൈകോർത്താണ് സഹകരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. 1000 രൂപ മുതൽ 25,000 രൂപ വരെയാണ് ഒരാൾക്ക് വായ്പയായി ലഭിക്കുക.നിലവിൽ കൊള്ളപ്പലിശക്കാരിൽ നിന്നെടുത്ത വായ്പ ഒറ്റത്തവണയായി അടച്ചു തീർക്കാനും വായ്പ നൽകും.100 രൂപക്ക് പ്രതിമാസം 1 രൂപയാണ് പലിശ.പരമാവധി 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി.
10 ആഴ്ച കൊണ്ട് തിരിച്ചടവ് പൂർത്തിയാക്കാവുന്ന വായ്പകളും ലഭ്യമാണ്. ഓരോ വാർഡിലെയും ഒന്നു മുതൽ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുംടുംബശ്രീ യൂണിറ്റിന് പരമാവധി പത്ത് ലക്ഷം രൂപ വരെ 9% പലിശ നിരക്കിൽ കാഷ് ക്രെഡിറ്റ് വായ്പയായി നൽകും.
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ എൻ.ഷംസുദ്ദീൻ എം എൽ എ അധ്യക്ഷനായിരുന്നു. ആദ്യ കുടുംബശ്രീ കാഷ് ക്രഡിറ്റ് വിതരണവും ആദ്യ വ്യക്തിഗത വായ്പാ വിതരണവും എം ബി രാജേഷ് എം.പി നിർവഹിച്ചു. പി.കെ ശശി എം എൽ എ, സഹകരണ സംഘം രജിസ്ട്രാർ ഡോ.സജിത് ബാബു, ജോയിന്റ് രജിസ്ട്രാർ എം.കെ ബാബു, അസി. രജിസ്ട്രാർ ജനറൽ പി ഉദയൻ, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സാവിത്രി, മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം .പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
[mbzshare]