റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടി

moonamvazhi

നാണ്യപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ബാങ്കുകള്‍ക്കു ഹ്രസ്വകാലത്തേക്കു നല്‍കുന്ന വായ്പയായ റിപ്പോയുടെ നിരക്ക് വെള്ളിയാഴ്ച അര ശതമാനമാണു കൂട്ടിയത്. ഇതോടെ പലിശനിരക്ക് 5.9 ശതമാനമായി ഉയര്‍ന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ യോഗം ചേര്‍ന്ന പണനയ സമിതി റിപ്പോ നിരക്കില്‍ 50 അടിസ്ഥാന പോയിന്റാണു വര്‍ധിപ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്നു നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. അന്നു റിവേഴ്‌സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ 3.35 ശതമാനത്തില്‍ത്തന്നെ തുടര്‍ന്നു. പണപ്പെരുപ്പ നിരക്കിനെ നിയന്ത്രിക്കാനാണു റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉപയോഗിക്കുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണനയസമിതി യോഗത്തിനുശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസാണു അടുത്ത രണ്ടു മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. പണനയസമിതിയുടെ അടുത്ത യോഗം ഇനി ഡിസംബറിലാണു ചേരുക. ഇക്കൊല്ലം ഇതുവരെയായി നാലു തവണ പലിശ കൂട്ടി. മൊത്തം 1.9 ശതമാനം. പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഭവന- -വാഹന-വിദ്യാഭ്യാസ വായ്പകളുടെ പലിശ വര്‍ധിക്കും.

2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍ നിന്നു ഏഴു ശതമാനമായി കുറച്ചതായി ശക്തികാന്ത ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പണനയസമിതിയിലെ ആറംഗങ്ങളില്‍ അഞ്ചു പേരും നിരക്കുവര്‍ധനയെ അനുകൂലിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മൊത്ത ആഭ്യന്തരോല്‍പ്പാദനം ( ജി.ഡി.പി) 7.2 ശതമാനമായി ഉയരുമെന്നാണു റിസര്‍വ് ബാങ്ക് കരുതുന്നത്.

നടപ്പുവര്‍ഷം പണപ്പെരുപ്പ നിരക്ക് 6.7 ശതമാനമാണെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പണപ്പെരുപ്പം അഞ്ചു ശതമാനമായി താഴാനിടയുണ്ട്- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News