റിസര്‍വ് ബാങ്ക് പറഞ്ഞതും കേരളം കേട്ടതും
– സിദ്ധാര്ഥന്
(2020 ഡിസംബര്‍ ലക്കം)
ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി കേരളത്തില്‍ എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള അവ്യക്തത തുടരുകയാണ്. നിയമപരമായ നിയന്ത്രണ നടപടികളെ ഒളിച്ചുവെച്ച് മറികടക്കാനാവുമെന്നു സര്‍ക്കാര്‍ കരുതുന്നത് അപകടമാണ്. ഇക്കാര്യത്തില്‍ സഹകരണ മേഖലയുടെ ആശങ്ക അകറ്റാനുള്ള പ്രായോഗിക നടപടികളാണ് കൈക്കൊള്ളേണ്ടത്.
ബാ ങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരളത്തില്‍ എങ്ങനെയാണ് നടപ്പാകുന്നത് എന്നതിനെക്കുറിച്ചുള്ള ആശങ്ക സഹകരണ മേഖലയില്‍ ആകെയുണ്ട്. ഇക്കാര്യത്തില്‍ ഒരു വ്യക്തത സര്‍ക്കാറില്‍നിന്നോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നോ ഉണ്ടാകുന്നില്ലെന്നത് ഈ ആശങ്ക വര്‍ധിപ്പിക്കുന്നു. അവ്യക്തമായ ധാരണകളും വ്യക്തിപരമായ വിശദീകരണങ്ങളും മാത്രമാണ് സഹകാരികള്ക്കിടയിലുള്ളത്. പ്രത്യേകിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ക്കിടയില്‍. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വിവരം നല്‍കണമെന്ന സഹകരണ സംഘം രജിസ്ട്രാറുടെ അറിയിപ്പ് മാത്രമാണ് നിയമഭേദഗതിക്കു ശേഷം സഹകരണ വകുപ്പില്നിന്നുണ്ടായിട്ടുള്ളത്. ഈ ഭേദഗതി കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കില്ലെന്നാണ് സ്വകാര്യ സംഭാഷണങ്ങളില്‍ സഹകരണ വകുപ്പിന്റെ പ്രതിനിധികള്‍ പങ്കുവെച്ചിട്ടുള്ളത്. ഈ ഭാഷ്യം ആധികാരികമായി പല സഹകാരികളും പുറത്തും പങ്കുവെച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് രജിസ്ട്രാറുടെ കണക്കെടുപ്പും റിപ്പോര്‍ട്ട് തേടലും ഉണ്ടായത്. ഇതോടെ, പഴയ ന്യായീകരണം നടത്തിയ സഹകാരികള്‍ പിന്മാറിയ മട്ടാണ്.
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേരുപയോഗിച്ച് പ്രവര്‍ത്തിക്കാനാവില്ല, ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഇടപാടുകാര്‍ക്ക് നല്‍കാനാവില്ല എന്നീ രണ്ട് പ്രശ്നങ്ങളാണ് നിയമഭേദഗതിക്കുശേഷം ഉണ്ടാകാനിടയുള്ളത്. ഈ രണ്ടു കാര്യങ്ങളിലും സഹകരണ വകുപ്പില്‍നിന്ന് ഒരു വ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല. 2020 ജൂണ്‍ 26 നാണ് ബാങ്കിങ് നിയന്ത്രണ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. അന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു എന്നര്‍ഥം. ഇതിനുശേഷം നിയമഭേദഗതിക്കനുസരിച്ച് കേരളത്തിലെ സഹകരണ മേഖലയില്‍ എന്തൊക്കെ മാറ്റമുണ്ടാകണമെന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അവ സഹകാരികളെ അറിയിക്കാനും പുതിയ നിബന്ധനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനും സഹകരണ വകുപ്പ് നടപടി എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നിയമപരമായ നിയന്ത്രണ നടപടികളെ ഒളിച്ചുവെച്ചു മറികടക്കാനാകുമെന്ന് കരുതുന്നത് അബദ്ധമാണെന്നു മാത്രമല്ല അപകടവുമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ച സഹകാരികള്‍ക്ക് നിയമഭേദഗതി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഒരു രീതിയിലും ബാധിക്കില്ലെന്നാണ് സഹകരണ വകുപ്പില്‍നിന്ന് അനൗദ്യോഗികമായി ലഭിച്ച വിശദീകരണം . ഇത് വിശ്വസിച്ചവര്‍ക്കാണ് ചെക്ക് ഉപയോഗിക്കുന്നവരുടെ കണക്കെടുക്കാനും വിവരങ്ങള്‍ തേടാനുമുള്ള സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശം ഇപ്പോള്‍ ആഘാതമായിത്തീര്ന്നിരിക്കുന്നത്.
ആദ്യത്തെ അറിയിപ്പ് ആഗസ്റ്റില്‍
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ബാധിക്കുമെന്ന് ആഗസ്റ്റിലാണ് റിസര്‍വ് ബാങ്ക് സഹകരണ വകുപ്പിനെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനു പിന്നാലെയായിരുന്നു ഈ അറിയിപ്പ്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാനതല ഏകോപന സമിതി യോഗത്തിലാണ് ഈ അറിയിപ്പു നല്‍കിയത്. 2020 ആഗസ്റ്റ് 14നായിരുന്നു എസ്.എല്‍.സി.സി. ( സംസ്ഥാന തല ഏകോപന സമിതി ) യോഗം. ഇതില്‍ മൂന്നാമത്തെ അജണ്ട ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയെക്കുറിച്ചായിരുന്നു. 2020 ജൂണ്‍ 26 ന് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും പുതിയ ഭേദഗതിയനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുമുള്ള ആര്.ബി.ഐ. ജനറല്‍ മാനേജരുടെ അറിയിപ്പ് യോഗത്തെ അറിയിച്ചു. അതനുസരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ നടപടി സ്വീകരിക്കണമെന്ന് ആര്.ബി.ഐ. റീജിയണല്‍ ഡയരക്ടര്‍ സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദേശിക്കുകയും ചെയ്തു. നിയമം നടപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പോലീസ് ( ക്രൈം ) പറഞ്ഞു. ബാങ്കിങ് നിയന്ത്രണ നിയമമായാലും അത് നടപ്പാക്കുന്നതില്‍ പോലീസിനും ഉത്തരവാദിത്തമുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. നിയമലംഘനം തടയണമെന്ന നിര്‍ദേശം യോഗത്തില്‍വെച്ച് പോലീസിനു കൈമാറാന്‍ റിസര്‍വ് ബാങ്കിനാവും. അതുകൊണ്ടാണ് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സംസ്ഥാന തല ഏകോപന സമിതികളില്‍ പോലീസിലെ ഉന്നതോദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത്.
ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ മാറ്റത്തിനനുസരിച്ച് സഹകരണ സംഘങ്ങളില്‍ തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന ധന വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഈ യോഗത്തില്‍ നിര്‍ദേശിച്ചത്. ബാങ്ക് എന്നു പേരിനൊപ്പം ചേര്‍ക്കരുതെന്ന കാര്യം സഹകരണ സംഘങ്ങളെ അറിയിക്കണമെന്ന് അദ്ദേഹം യോഗത്തില്‍വെച്ചുതന്നെ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. നിയമഭേദഗതിക്കു ശേഷം സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്നുപയോഗിക്കാനാവില്ല. ഇത് നിയമലംഘനമാണെന്നും അത് നടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. ഇതിനൊപ്പം, നിയമഭേദഗതിക്കുശേഷം എന്തൊക്കെ നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിനു കത്ത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍നിന്നുതന്നെ വ്യക്തത നല്‍കുമെന്നാണ് റീജിയണല്‍ ഡയരക്ടര്‍ നല്കിയ മറുപടി.
രണ്ടാം തവണ ടാസ്ക് ഫോഴ്സില്‍
ബാങ്കിങ് നിയന്ത്രണ നിയമത്തിനനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്ന് അര്‍ബന്‍ ബാങ്കുകളുടെ ടാസ്ക് ഫോഴ്സ് യോഗത്തിലും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഏകോപന സമിതി യോഗത്തില്‍ ഓര്‍ഡിനന്‍സ് വന്നപ്പോഴാണ് ഇക്കാര്യം ഉന്നയിച്ചതെങ്കില്‍ ടാസ്ക് ഫോഴ്സ് യോഗത്തില്‍ ബില്‍ പാസായ ശേഷമാണ് ഈയാവശ്യമുയര്ത്തിയത്്. അര്‍ബന്‍ ബാങ്കുകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് റിസര്‍വ് ബാങ്കിന്റെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രതിനിധികളും സഹകരണ സംഘം രജിസ്ട്രാറുമെല്ലാം പങ്കെടുക്കുന്ന ടാസ്ക് ഫോഴ്സ് യോഗം ആറു മാസത്തിലൊരിക്കല്‍ ചേരാറുള്ളത്. അര്‍ബന്‍ ബാങ്കുകളെ ബാധിക്കാത്ത ഒരു കാര്യം ഈ യോഗത്തില്‍ റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ സഹകരണ സംഘം രജിസ്ട്രാറോട് ഉന്നയിച്ചു എന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് ഇതിനു നല്കുന്ന പ്രാധാന്യം വ്യക്തമാകും.
ഒക്ടോബര്‍ ഏഴിനാണ് ടാസ്ക്ഫോഴ്സ് യോഗം ചേര്‍ന്നത്. ഇതില്‍ എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും ബാങ്ക് എന്ന പേര് അടിയ ന്തരമായി മാറ്റണമെന്ന് റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയരക്ടര്‍ സഹകരണ സംഘം രജിസ്ട്രാറോട് നേരിട്ട് ആവശ്യപ്പെട്ടു. ബാങ്ക് എന്നുപയോഗിക്കാനായില്ലെങ്കില് അത് പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു ആശങ്കയുെണ്ടന്ന് രജിസ്ട്രാര്‍ അറിയിച്ചു. അതിനാല്‍, ഇത് ശ്രദ്ധയോടെ നടപ്പാക്കേണ്ട വിഷയമാണെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കുശേഷം കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാങ്ക് എന്നുപയോഗിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പേര് മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. പുതിയ നിര്‍ദേശം നടപ്പാക്കുന്നതില്‍ രജിസ്ട്രാര്‍ ആശങ്ക പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഓഫീസിലെ ഉദ്യോഗസ്ഥര്‍തന്നെ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു കത്തു നല്കാന് റിസര്‍വ് ബാങ്ക് റിജിയണല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷവും സഹകാരികളെയോ പാക്സ് അസോസിയേഷനെയോ ഇക്കാര്യം അറിയിക്കാനുള്ള നടപടി സഹകരണ വകുപ്പ് സ്വീകരിച്ചില്ല. നിയമഭേദഗതി പ്രാഥമിക സംഘങ്ങളെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് ഇതേപ്പറ്റി ഒന്നും അറിയിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് സഹകാരികള്‍ക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
ഒടുവില്‍ കണക്കെടുപ്പ്
ഓക്ടോബര്‍ 28 ന് റിസര്‍വ് ബാങ്ക് വീണ്ടും രജിസ്ട്രാര്‍ക്ക് കത്ത് നല്കി. സംസ്ഥാന തല ഏകോപന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചില വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം. രണ്ട് കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഏതെങ്കിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘമോ മറ്റ് സംഘങ്ങളോ അവരുടെ ഇടപാടുകാര്‍ക്ക് ചെക്ക് നല്‍കുന്നുണ്ടോയെന്നതാണ് ഒന്നാമത്തെ കാര്യം. അങ്ങനെയുണ്ടെങ്കില്‍ അത്തരം സംഘത്തിന്റെ വിലാസമുള്‍പ്പടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ഈ കത്തിനു ശേഷമാണ് അഞ്ചു മാസം മുമ്പുണ്ടായ നിയമഭേദഗതിയില്‍ കേരളത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന ബോധ്യത്തിലേക്ക് സഹകരണ വകുപ്പ് എത്തുന്നത്. ഇതോടെ, സഹകരണ സംഘം രജിസ്ട്രാര്‍ എല്ലാ ജോയിന്റ് രജിസ്ട്രാര്‍മാരോടും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച രീതിയില്‍ സഹകരണ സംഘങ്ങളുടെ ചെക്ക് ഉപയോഗത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് നവംബര്‍ 11 ന് ആവശ്യപ്പെട്ടു. അടിയന്തരമായി റിപ്പോര്‍ട്ടു വേണമെന്നായിരുന്നു നിര്‍ദേശം.
ഇത്തരമൊരു കണക്കെടുപ്പ് വന്നതോടെയാണ് വകുപ്പുദ്യോഗസ്ഥരും സര്‍ക്കാരിന്റെ ഭാഗമായവരും അനൗദ്യോഗികമായി പറഞ്ഞതൊന്നുമല്ല കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന ബോധ്യം സഹകാരികള്ക്കുണ്ടായത്. അതുവരെ വന്ന മാധ്യമ വാര്‍ത്തകളെ തള്ളിപ്പറഞ്ഞവര്‍ പിന്നീട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്ന നിലയിലേക്കു വന്നു. എന്നിട്ടും, പാക്സ് അസോസിയേഷന് ഈ വിഷയത്തില്‍ ഒരിടപെടലും നടത്തിയിട്ടില്ല. രജിസ്ട്രാറുടെ ചോദ്യത്തിന് എന്തു മറുപടി നല്‍കണമെന്നതായിരുന്നു പിന്നീടുള്ള ചര്‍ച്ച. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ചെക്കുപയോഗിക്കുന്നുണ്ടെന്നു മറുപടി നല്‍കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ അതിലെ വ്യവസ്ഥകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാധകമല്ല എന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന വിലക്ക് ബാധിക്കില്ലെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍, ചെക്ക് ഉപയോഗിക്കുന്നില്ലെന്നും ഇടപാടുകാര്‍ക്ക് നല്‍കുന്നത് പണം പിന്‍വലിക്കാനുള്ള സ്ലിപ്പ് മാത്രമാണെന്നും മറുപടി നല്‍കുന്നതാണ് ഉചിതം എന്നായിരുന്നു മറുവാദം. എന്തായാലും, സഹകരണ മേഖലയിലെ സംഘടനകളെല്ലാം രണ്ടാമത്തെ നിലപാടാണ് അംഗീകരിച്ചിട്ടുള്ളത്. സഹകരണ സംഘം രജിസ്ട്രാര്‍ റിസര്‍വ് ബാങ്കിനു നല്കുന്ന മറുപടി എന്തായിരിക്കുമെന്നും അതില്‍ റിസര്‍വ് ബാങ്ക് എന്തു നടപടി സ്വീകരിക്കും എന്നുമാണ് ഇനി അറിയേണ്ടത്.
ആര്.ബി.ഐ. നേരത്തെയും പറഞ്ഞു
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്നുപയോഗിക്കുന്നതിനെ റിസര്‍വ് ബാങ്ക് നേരത്തെയും എതിര്‍ത്തിരുന്നു. 2017 നവംബര്‍ 29 ന് ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് സംസ്ഥാനത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ചില സഹകരണ സംഘങ്ങള്‍ ബാങ്ക് എന്നുപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഏഴാം വകുപ്പിന്റെ ലംഘനമാണെന്നുമാണ് ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ സംഘങ്ങള്‍ക്ക് ബാധകമാകുന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന വകുപ്പാണിത്. നോമിനല്‍, അസോസിയേറ്റ് അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നു റിസര്‍വ് ബാങ്ക് ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത്, ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനു മുമ്പുതന്നെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്നുപയോഗിക്കുന്നതിലും വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്നു നിക്ഷേപം വാങ്ങുന്നതിലും റിസര്‍വ് ബാങ്ക് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നര്‍ഥം. പുതിയ ഭേദഗതിക്കു ശേഷം ആ നടപടി കൂടുതല്‍ കര്ശനമാക്കാനേ തരമുള്ളൂ. അതിനാല്‍, നിബന്ധനകളില്‍നിന്നു ഒളിച്ചോടുന്ന സഹകരണ വകുപ്പിന്റെ സമീപനം കൂടുതല്‍ അപകടകരമാവാനാണ് സാധ്യത. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കൂടുതല്‍ പരിശോധിക്കുകയും അത് മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പാക്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ആദായനികുതി പ്രശ്നത്തില്‍ നിയമപരമായ പരിഹാരത്തിനു ശ്രമിക്കാനുള്ള ഇടപെടലാണ് കോവിഡിനു മുമ്പ് പാക്സ് അസോസിയേഷന് നടത്തിയത്. ഇതിനായി അഡ്വക്കറ്റ് ജനറലില്‍നിന്നു നിയമോപദേശം തേടി നടപടിക്ക് ഒരുങ്ങിയെങ്കിലും പിന്നീടുണ്ടായ കോവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. ഇപ്പോഴത്തെ പ്രശ്നത്തിലും പാക്സ് അസോസിയേഷന് എ.ജി.യെയടക്കം ഉള്‍പ്പെടുത്തി ഇടപെടേണ്ടതുണ്ട്. അതിനാണ് സഹകരണ വകുപ്പും സര്‍ക്കാരും ശ്രമിക്കേണ്ടതും. ഒപ്പം, ഏറ്റുമുട്ടല്‍ എന്ന നിലയില്‍ കാണാതെ സഹകരണ മേഖലയ്ക്ക് സഹായകമാകുന്ന പ്രായോഗിക സമീപനങ്ങളും സ്വീകരിക്കേണ്ടതുണ്ട്.