രാജപക്‌സെമാരുടെ രാജ്യഭരണം
മിര്‍ ഗാലിബ്
അനുജന്‍ പ്രസിഡന്റ്. ജ്യേഷ്ഠന്‍ പ്രധാനമന്ത്രി. ശ്രീലങ്കയുടെ രാജ്യഭരണം സഹോദരങ്ങളുടെ കൈപ്പിടിയിലാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അനുജന്‍ ഗോതബായ രാജപക്‌സെ പ്രസിഡന്റായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷത്തില്‍ ജ്യേഷ്ഠനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായും അധികാരമേറ്റു.
രാജപക്‌സെ കുടുംബം രാജ്യത്തിന്റെ ഭരണാധികാരം മുഴുവന്‍ കൈപ്പിടിയിലൊതുക്കുന്ന കാഴ്ചയാണ് ശ്രീലങ്കയില്‍ കാണാനാവുക. നാലു വര്‍ഷം മുമ്പു മാത്രം രാജപക്‌സെ കുടുംബം രൂപവത്കരിച്ച ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി ( എസ്.എല്‍.പി.പി. ) ആകെയുള്ള 225 ല്‍ 145 സീറ്റ് നേടിയാണ് വന്‍വിജയം കൊയ്തത്. ചില ചെറുകക്ഷികളുടെ പിന്തുണ കൂടിയാകുമ്പോള്‍ ഭരണമുന്നണിയുടെ കക്ഷിനില 150 ലെത്തും. അതേസമയം, കാലപ്പഴക്കമുള്ള പ്രബല കക്ഷികളായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി ( യു.എന്‍.പി. ) യും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി ( എസ്.എല്‍.എഫ്.പി. )യും അപമാനകരമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇരു കക്ഷികള്‍ക്കും ഒരു സീറ്റു വീതമാണ് കിട്ടിയത്. ഈ രണ്ടു കക്ഷികളില്‍നിന്നും പിളര്‍ന്നുണ്ടായ പാര്‍ട്ടികളാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങള്‍ നേടിയതെന്നത് ശ്രദ്ധേയമാണ്.
2016-ല്‍ എസ്.എല്‍.എഫ്.പി. പിളര്‍ന്നാണ് രാജപക്‌സെ കുടുംബം ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി രൂപവത്ക്കരിച്ചത്. യു.എന്‍.പി.യില്‍നിന്ന് വേര്‍പിരിഞ്ഞ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ രണ്ടു മാസം മുമ്പ് മാത്രം രൂപവത്ക്കരിച്ച യുണൈറ്റഡ് പീപ്പിള്‍സ് മൂവ്‌മെന്റ് ( യു.പി.എം. ) 54 സീറ്റുകള്‍ നേടി ഉജ്വല പ്രകടനം കാഴ്ചവെച്ചു. രണ്ടാം സ്ഥാനം നേടിയ യു.പി.എമ്മാണ് ഇനി മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. വംശീയ-ന്യൂനപക്ഷ പാര്‍ട്ടികളുടെ കാര്യം തീരെ കഷ്ടമാണ്. തമിഴ് ദേശീയ സഖ്യം ( ടി.എന്‍.എ. ) 10 സീറ്റാണ് നേടിയത്. കഴിഞ്ഞ തവണ ഇവര്‍ക്ക് 16 സീറ്റ് കിട്ടിയിരുന്നു. മുസ്ലീം പാര്‍ട്ടികളുടെ കക്ഷിനില രണ്ട് സീറ്റിലൊതുങ്ങി.
പ്രതീക്ഷിച്ച വിജയം
രാജപക്‌സെയുടെ വലിയ വിജയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം അഭിപ്രായപ്പെടുന്നത്. പല ഘടകങ്ങളും രാജപക്‌സെയുടെ വിജയത്തിന് ആക്കം കൂട്ടുകയായിരുന്നു. 1. 2015 ല്‍ അധികാരമേറ്റ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയുടെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തീര്‍ത്തും മോശമായ ഭരണം അവര്‍ക്കെതിരായ തരംഗം സൃഷ്ടിച്ചു. അഴിമതി നിറഞ്ഞ ഭരണത്തില്‍നിന്ന് വികസനനേട്ടങ്ങളൊന്നുമുണ്ടായില്ല. 2. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലെ അധികാര വടംവലിയും ഭരണമുന്നണിയിലെ അനൈക്യവും ചേരിപ്പോരുമെല്ലാം ഭരണത്തിന്റെ ശോഭ കെടുത്തി. സജിത പ്രേമദാസയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യു.എന്‍.പി.യില്‍നിന്ന് അടര്‍ന്നുപോയി മറ്റൊരു പാര്‍ട്ടി രൂപവത്ക്കരിച്ചു. അവര്‍ തിരഞ്ഞെടുപ്പില്‍ മികവുറ്റ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 3. ശക്തമായ നേതൃത്വത്തിനു കീഴില്‍ ശക്തമായ ഭരണം എന്ന മഹിന്ദ രാജപക്‌സെയുടെ പ്രചാരണം വോട്ടര്‍മാരെ ആകര്‍ഷിച്ചു. ഭൂരിപക്ഷ സിംഹള-ബുദ്ധിസ്റ്റ് വിഭാഗത്തിന്റെ പ്രതിനിധിയായ രാജപക്‌സെ തീവ്ര ദേശീയതയും ആയുധമാക്കി. മുമ്പ് പ്രസിഡന്റായിരുന്നപ്പോഴാണ് മഹിന്ദ രാജപക്‌സെയുടെ നേതൃത്വത്തില്‍ എല്‍.ടി.ടി.ഇ.യെയും തമിഴ് പോരാളികളെയും അടിച്ചമര്‍ത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഭൂരിപക്ഷ സിംഹള- ബുദ്ധിസ്റ്റ് വിഭാഗത്തിന്റെ മനസ്സില്‍ കരുത്തനായ നേതാവ് എന്ന പ്രതീതി അദ്ദേഹം നേടി. യു.എന്‍.പി.യുടെ നവലിബറല്‍ നയങ്ങള്‍ക്കും പാശ്ചാത്യ ആഭിമുഖ്യത്തിനും എതിരാണ് രാജപക്‌സെ. സ്വതന്ത്ര ജനാധിപത്യത്തില്‍നിന്ന് മാറി സേച്ഛാധിപത്യത്തിന്റെ വഴിയാണ് രാജപക്‌സെ കുടുംബം തേടുന്നതെങ്കിലും ക്ഷേമരാഷ്ട്രം, കരുത്തുറ്റ നേതൃത്വം തുടങ്ങിയ അവരുടെ മുദ്രാവാക്യങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ ഇടംപിടിച്ചു. 4. തിരഞ്ഞെടുപ്പ് ഘട്ടമായപ്പോഴേക്കും യു.എന്‍.പി.യും എസ്.എല്‍.എഫ്.പി.യും തീരേ ദുര്‍ബലമായതും രാജപക്‌സെയ്ക്ക് ഗുണമായി. 5. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിയെ വിജയകരമായി പിടിച്ചുകെട്ടിയതും എസ്.എല്‍.പി്.പി.യെ തുണച്ചു.
കുടുംബാധിപത്യം
ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭാഗധേയം ഒരു കുടുംബം നിര്‍ണയിക്കുന്ന അവസ്ഥയിലാണിന്ന് ശ്രീലങ്കന്‍ രാഷ്ട്രീയം. അനുജന്‍ ഗോതബായ രാജപക്‌സെ പ്രസിഡന്റ്, ജ്യേഷ്ഠന്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി, കുടുംബത്തിലെ മറ്റു മൂന്നു പേര്‍ മന്ത്രിമാര്‍. ഇളയ സഹോദരന്‍ ബേസില്‍ രാജപക്‌സെ ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍. മഹിന്ദയുടെ മൂത്തമകന്‍ നമല്‍ രാജപക്‌സെ യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രിയും മഹിന്ദയുടെ സഹോദരന്‍ ചമല്‍ രാജപക്‌സെ ആഭ്യന്തര സുരക്ഷാ മന്ത്രിയും ചമലിന്റെ മകന്‍ ശശീന്ദ്ര രാജപക്‌സെ സഹമന്ത്രിയുമാണ്. അങ്ങനെ 26 അംഗ മന്ത്രിസഭയില്‍ പ്രധാനമന്ത്രിയടക്കം നാലു പേരാണ് രാജപക്‌സെ കുടുംബത്തില്‍ നിന്നുള്ളത്.
ഇന്ത്യയോടുള്ള സമീപനം
ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആളാണ് മഹിന്ദ രാജപക്‌സെ. മുമ്പ് പ്രസിഡന്റായിരുന്നപ്പോഴുള്ള അനുഭവം അതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ഒരു അകലവും അദ്ദേഹം പുലര്‍ത്തിയിരുന്നു. ശ്രീലങ്കയില്‍ വന്‍കിട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അദ്ദേഹം ചൈനയ്ക്ക് അവസരം നല്‍കി. ഹംബന്‍ടോട്ട തുറമുഖം ചൈനയ്ക്ക് പാട്ടത്തിനു വരെ കൊടുത്തു. ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് കൊളംബോ തുറമുഖത്ത് അടുക്കാന്‍ അദ്ദേഹം അനുമതിയും നല്‍കിയിരുന്നു. ചൈനയുമായുള്ള കൂട്ടുകെട്ട് ശ്രീലങ്കയെ വലിയ കടക്കെണിയിലുമാക്കിയിരുന്നു. മഹിന്ദ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ അതേ നയം തന്നെയാണോ പിന്തുടരുക? ഇന്ത്യയുമായി അടുക്കാന്‍ ശ്രമിക്കുമോ? വരും ദിവസങ്ങളില്‍ ഇതിനെല്ലാം ഉത്തരമുണ്ടാകും.