മേളവും ഡ്രൈവിങ്ങും വിളമ്പലുമായി ശ്രീകൃഷ്ണപുരം വനിതാസംഘം

moonamvazhi

1992 ല്‍ നൂറില്‍ത്താഴെ അംഗങ്ങളുമായി തുടങ്ങിയ ശ്രീകൃഷ്ണപുരം വനിതാ സഹകരണ സംഘത്തില്‍  ഇപ്പോള്‍ ആയിരത്തോളം അംഗങ്ങളുണ്ട്. സ്വന്തമായി വിളമ്പല്‍ സംഘത്തിനും ശിങ്കാരിമേളം
ടീമിനും രൂപം കൊടുത്തിട്ടുള്ള ഈ സംഘം നൂറുകണക്കിനു വനിതകളെ ഡ്രൈവിങ് പഠിപ്പിച്ചു കഴിഞ്ഞു.

ധനകാര്യപ്രക്രിയയിലൂടെ മാത്രമല്ല സ്ത്രീശാക്തീകരണമെന്നു ശ്രീകൃഷ്ണപുരം വനിതാ സഹകരണസംഘം തിരിച്ചറിയുന്നു. സാമൂഹിക സേവനത്തിലും കലാപ്രകടനത്തിലും ഇഴചേരുമ്പോള്‍ സ്ത്രീകള്‍ സമൂഹത്തില്‍ കൂടുതല്‍ ശക്തരാകുമെന്ന വിലയിരുത്തലോടെ വനിതകളുടെ കലാസംഘങ്ങള്‍ രൂപവത്കരിച്ച് സഹകരണരംഗത്തിനു പുതിയ വികസനതാളമിടുകയാണു മൂന്നു പതിറ്റാണ്ടു മാത്രം പ്രായമുള്ള ഈ സ്ഥാപനം.

1992 ല്‍
തുടക്കം

1992 ല്‍ സംഘം തുടങ്ങുമ്പോള്‍ നൂറില്‍ത്താഴെ മാത്രം അംഗങ്ങളേ ഉണ്ടായിരുന്നുള്ളു. കുടുംബശ്രീകള്‍ക്കു ചെറിയതോതില്‍ വായ്പ നല്‍കി മുന്നോട്ടു പോയി. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, കെ.പി. സുഭദ്ര പ്രസിഡന്റായുള്ള ഭരണസമിതി നടത്തിയ പ്രവര്‍ത്തനത്തില്‍ സംഘം വലിയ വളര്‍ച്ചയിലേക്കു കുതിക്കുകയാണ്. ശ്രീകൃഷ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനം ചെയ്തതിന്റെ മികവ് സുഭദ്ര വനിതാ സംഘത്തിനു നല്‍കുമ്പോള്‍ നാട്ടിലെ സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസകേന്ദ്രമാവുകയാണ് ഈ സ്ഥാപനം. ഇന്ന് ആയിരത്തോളം അംഗങ്ങള്‍ സംഘത്തിനുണ്ട്. മൂന്നു കോടി രൂപയുടെ നിക്ഷേപവും ഒരു കോടി രൂപയിലധികം വായ്പാ ബാക്കിയുമായി സംഘം പെണ്‍കരുത്തിന്റെ പ്രതീകമാവുകയാണ്.

കോവിഡ് കാലത്തു കുട്ടികള്‍ക്കു പഠിക്കാന്‍ ടി.വി.യും മൊബൈല്‍ ഫോണുകളും നല്‍കിയിരുന്നു. നാട്ടുകാര്‍ക്കു വിതരണം ചെയ്യാന്‍ ഗ്രാമ പഞ്ചായത്തിലേക്ക് ഓക്‌സി മീറ്ററുകളും സമൂഹ അടുക്കളയിലേക്കു പലവ്യഞ്ജനങ്ങളും പച്ചക്കറികളും നല്‍കിയ സംഘം സേവനസന്നദ്ധത തുടരുകയാണ്. കോവിഡ്ബാധിതരായ വഴിയോരക്കച്ചവടക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ഇപ്പോള്‍ കുറഞ്ഞ പലിശക്കു വായ്പ നല്‍കി വരുന്നുണ്ട് സംഘം.

സദ്യ വിളമ്പാനും
സംഘം

ശ്രീകൃഷ്ണപുരത്തിന്റെ ഭക്ഷണരുചി പേരുകേട്ടതാണ്. വള്ളുവനാടിന്റെ സ്വാദും സ്‌നേഹവും ഭക്ഷണത്തിലുണ്ടാകുമെന്നതാണു പ്രത്യേകത. സദ്യയുണ്ടാക്കിയാല്‍ മാത്രം പോരല്ലോ, അതു നന്നായി വിളമ്പിയാലേ രുചിയുണ്ടാകൂ. അതിനായി നല്ലൊരു വിളമ്പല്‍സംഘത്തെ ശ്രീകൃഷ്ണപുരം വനിതാ സംഘം ഉണ്ടാക്കിയെടുത്തു. ഇരുപതോളം വനിതകളാണിതിലുള്ളത്. സ്വകാര്യ കാറ്ററിങ് സംരംഭകര്‍ ഇവരെ സഹായത്തിനായി വിളിക്കും. പഞ്ചായത്തിലെ മംഗലാംകുന്നില്‍ വനിതാകാന്റീനും സംഘം നടത്തുന്നുണ്ട്. ഇവിടെയും സദ്യക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കും. അപ്പോഴും ഭക്ഷണം വിളമ്പാന്‍ ‘ശ്രമ സംഘം’ എന്ന പേരിലുള്ള വനിതാസംഘമുണ്ടാകും. അങ്ങനെ നാട്ടിലെ ആഘോഷവേളകളിലെല്ലാം സാന്നിധ്യമാവുകയാണ് ഈ വിളമ്പല്‍സംഘം.

ഡ്രൈവിങ്ങും
ശിങ്കാരിമേളവും

സ്വന്തമായി വണ്ടിയോടിച്ചുതുടങ്ങുമ്പോള്‍ വനിതകള്‍ക്കു ധൈര്യവും സ്വാതന്ത്ര്യവും സ്വയമറിയാതെ കൈവരും. അങ്ങനെയൊരു ചിന്തയില്‍ നിന്നാണു കഴിഞ്ഞ വര്‍ഷം സംഘം ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചത്. ഇതിനകം ആയിരത്തോളം പേര്‍ ഇവിടെ പഠിക്കാനെത്തി. മുന്നൂറിലേറെ പേര്‍ക്കു വാഹനമോടിക്കാനുള്ള ലൈസന്‍സ് എടുത്തുനല്‍കി.

ശ്രീകൃഷ്ണപുരം കൈകൊട്ടിക്കളിയുടെ നാടാണ്. ക്ഷേത്രങ്ങള്‍, സമിതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ കൈകൊട്ടിക്കളിസംഘങ്ങളുള്ള നാടാണിത്. എന്നാല്‍, എല്ലാ വിഭാഗം വനിതകള്‍ക്കും മിക്ക കൈകൊട്ടിക്കളിസംഘത്തിലും പല കാരണങ്ങള്‍കൊണ്ടും ചേരാന്‍ കഴിയാറില്ല. കളിക്കണമെന്നു താല്‍പ്പര്യമുണ്ടുതാനും. ഇങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടവരെക്കൂടി ഉള്‍പ്പെടുത്തിയാണു വനിതാസംഘം പുതിയ കൈകൊട്ടിക്കളിസംഘത്തെ രൂപപ്പെടുത്തിയത്. ഒരു പ്രോത്സാഹനമെന്ന നിലയില്‍ സംഘത്തിന്റെ മൂന്നു ഡയറക്ടര്‍മാരും കൂടെ കളിക്കാനുണ്ടാകും. ഒരംഗത്തെ ഇതിന്റെ കോ-ഓര്‍ഡിനേറ്ററുമാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രസന്നിധി ഉള്‍പ്പടെ പതിനഞ്ചിലേറെ അരങ്ങില്‍ ഇതിനകം കൈകൊട്ടിക്കളി അവതരിപ്പിച്ചുകഴിഞ്ഞു.

ഉത്സവത്തിന്റെ നാട് കൂടിയാണു പഴയ വള്ളുവനാട്. പാലക്കാട് ജില്ലയിലാകട്ടെ പൂരങ്ങളുടെയും വേലകളുടെയും ഘോഷയാത്രയുമാണ്. ഇതിനായി കലാമേളമൊരുക്കാന്‍ സംഘം ശിങ്കാരിമേളക്കാരെ ഒരുക്കുകയാണ്. ഒരു മാസമായി ഇതിന്റെ പരിശീലനം നടന്നുവരുന്നു. 12 പെണ്‍കുട്ടികള്‍ക്കാണു പരിശീലനം. അധികം വൈകാതെ ഇവരെ അരങ്ങിലെത്തിക്കാനാണു സംഘത്തിന്റെ ശ്രമം.

കോവിഡിനു മുന്നേ ആരംഭിച്ചതാണു തുണിസഞ്ചിയുടെ നിര്‍മാണം. ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ മുന്നോട്ടു പോയി. ഇപ്പോള്‍ പ്ലാസ്റ്റിക് നിയന്ത്രണം പതുക്കെ അയഞ്ഞപ്പോള്‍ തുണിസഞ്ചിക്കു ഡിമാന്‍ഡ് അല്‍പ്പം കുറഞ്ഞു. എങ്കിലും, ക്ഷേത്രങ്ങളിലേക്കും മറ്റും സ്ഥിരം ആവശ്യമുണ്ട്. രണ്ട് പവര്‍ യൂണിറ്റും എട്ട് സാധാരണ തയ്യല്‍യന്ത്രങ്ങളും തുണിസഞ്ചി നിര്‍മാണകേന്ദ്രത്തിലുണ്ട്. സംഘത്തിന്റെ കീഴില്‍ ഒരു ജനസേവന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

പച്ചക്കറി
കൃഷിയിലേക്ക്

പാട്ടത്തിനെടുത്ത അമ്പതു സെന്റ് സ്ഥലത്തു പച്ചക്കറിക്കൃഷി തുടങ്ങാനാണു സംഘത്തിന്റെ അടുത്തപരിപാടി. സ്ഥലം ഉഴുതു നിരപ്പാക്കിത്തുടങ്ങി. പുസ്തകങ്ങളും സ്റ്റേഷനറികളുമായി സ്‌കൂള്‍ ബസാര്‍ തുടങ്ങാനും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ആയുര്‍വേദ ക്ലിനിക് ആരംഭിക്കുന്നതിനുള്ള ആലോചനയും നടക്കുകയാണെന്നു സംഘം പ്രസിഡന്റ് കെ.പി. സുഭദ്ര പറഞ്ഞു.

വൈവിധ്യ സേവനങ്ങളുടെ വഴിതുറക്കുന്ന ശ്രീകൃഷ്ണപുരം വനിതാസംഘത്തെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തുന്നുണ്ട്. സഹകരണ വകുപ്പും വനിതാ ഫെഡും ചേര്‍ന്നു സംസ്ഥാനത്തെ മികച്ച ഏഴു വനിതാ സംഘങ്ങളെ തിരഞ്ഞെടുത്തതില്‍ ഒന്ന് ശ്രീകൃഷ്ണപുരം സംഘമാണ്. ഇക്കഴിഞ്ഞ വനിതാദിനാചരണത്തിന്റെ ഭാഗമായി പുരസ്‌കാരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലയിലെ മികച്ച വനിതാ സഹകരണ സംഘമെന്ന നിലയില്‍ ശ്രീകൃഷ്ണപുരം സംഘത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു.

സി. ബിന്ദു വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ പി. പങ്കജവല്ലി, കെ.ആര്‍. സതി, എം.കെ. ദേവി, കെ. ഉമാദേവി, യു. സത്യഭാമ, വി. ഹൈമവതി, എം. കമലം എന്നിവര്‍ അംഗങ്ങളാണ്. പി. വാസിനിയാണു സെക്രട്ടറി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News