മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ ലക്ഷം രൂപ നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി.

adminmoonam

യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ ലക്ഷം രൂപ നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി, ജില്ലാ ചെയർമാൻമാർ വഴി സഹകരണസംഘങ്ങൾക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25ഉം 15ഉം ലക്ഷം വീതം നൽകണമെന്ന് പല സഹകരണ ഉദ്യോഗസ്ഥരും നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് യുഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങൾ പരമാവധി ഒരു ലക്ഷം രൂപ നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി തീരുമാനിച്ചതെന്ന് ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു.

സൂപ്പർ ഗ്രേഡ്, സ്പെഷ്യൽ ഗ്രേഡ് അർബൻ ബാങ്കുകളും സഹകരണ സംഘങ്ങളും ഒരു ലക്ഷം രൂപ നൽകണം. ക്ലാസ് 1 മുതൽ ക്ലാസ് 6 വരെയുള്ള അർബൻ ബാങ്കുകളും സഹകരണ സംഘങ്ങളും 50,000 രൂപ വരെയും നൽകാവുന്നതാണ്. മറ്റ് ഇതര സഹകരണ സംഘങ്ങൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും സഹകരണ ജനാധിപത്യ വേദി നിർദ്ദേശിച്ചു.

ദുരിതാശ്വാസ നിധിയുടെ പേരിൽ വകുപ്പുദ്യോഗസ്ഥർ നിർബന്ധിത പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയം യു.ഡി.എഫ് ലെ ഉയർന്ന നേതാക്കളെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഇത്തരത്തിൽ യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ നൽകേണ്ട തുകയെ സംബന്ധിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയ കാലത്തും കെയർ ഹോം പദ്ധതിക്കുവേണ്ടിയും ഇപ്പോൾ കോവിഡ് 19ന്റെ പ്രതിരോധത്തിനു വേണ്ടിയും സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളും സാമ്പത്തികമായി സർക്കാരിനെ സഹായിക്കുന്നുണ്ട്. എന്നാൽ പരമാവധി തുക സഹകരണ സംഘങ്ങളിൽ നിന്നും പിരിച്ചെടുക്കുക എന്ന നയം ഉദ്യോഗസ്ഥർക്ക് ചേർന്നതല്ല. ഈ വിഷയത്തിൽ വകുപ്പ്, ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞമാസം കുടിശ്ശിക പിരിച്ചെടുക്കാൻ പോലും സഹകരണസംഘങ്ങൾക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭൂരിഭാഗം സംഘങ്ങളും നഷ്ടത്തിലുമാകും. തന്നെയുമല്ല പെൻഷൻ വിതരണത്തിന്റെ പേരിൽ ഉണ്ടാകുന്ന 194N പ്രകാരമുള്ള ടി.ഡി.എസും സംഘങ്ങൾക്ക് ബാധ്യത ആകുന്നുണ്ട്. സംഘങ്ങളുടെ നിലനിൽപ്പ് പരിഗണിച്ചാണ് സഹകരണ ജനാധിപത്യ വേദി ഇത്തരത്തിലൊരു നിർദ്ദേശം നൽകുന്നതെന്ന് കരകുളം പറഞ്ഞു. നിർബന്ധിത പിരിവ് നടത്തുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News