മീന്‍പിടിത്തോപകരണ പ്രദര്‍ശനവുമായി കോരാമ്പാടം സഹകരണ ബാങ്ക്
(2020 ജൂണ്‍ ലക്കം)
വി.എന്‍. പ്രസന്നന്‍
എറണാകുളം ജില്ലയില്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട് യാത്രാ സൗകര്യങ്ങളില്ലാതെ കിടന്നിരുന്ന ദ്വീപില്‍ 93 വര്‍ഷം മുമ്പ് ആരംഭിച്ച സംഘമാണ് കോരാമ്പാടം സര്‍വീസ് സഹകരണ ബാങ്ക്. മത്സ്യത്തൊഴിലാളി മേഖലയായ ഇവിടെ പൊക്കാളിക്കൃഷിക്കും മീന്‍കൃഷിക്കും പ്രോത്സാഹനം നല്‍കുന്ന ബാങ്ക് തങ്ങളുടെ ഓഫീസിനു മുന്നില്‍ മീന്‍പിടിത്ത ഉപകരണങ്ങളുടെ പ്രദര്‍ശനമൊരുക്കി പുതിയ തലമുറക്ക് അറിവു പകരുന്നു. ഏഴു പേര്‍ ചേര്‍ന്നു 250 രൂപ മൂലധനത്തില്‍ തുടങ്ങിയ ബാങ്കിനിപ്പോള്‍ 13,000 അംഗങ്ങളും 62 കോടി രൂപ നിക്ഷേപവുമുണ്ട്.
തങ്ങളുടെ ഓഫീസിനു മുന്നില്‍ പരമ്പരാഗത മീന്‍പിടിത്തോപകരണങ്ങളുടെ സ്ഥിരം പ്രദര്‍ശന പവലിയന്‍ ഒരുക്കി ശ്രദ്ധേയമാവുകയാണ് മത്സ്യത്തൊഴിലാളി മേഖലയായ കോരാമ്പാടം ദ്വീപിലെ ഒരു സഹകരണ സംഘം. കോരാമ്പാടം സര്‍വീസ് സഹകരണ ബാങ്കാണ് എറണാകുളം ജില്ലയിലെ കോതാട് ദ്വീപിലുള്ള ആസ്ഥാന ഓഫീസിനു മുന്നില്‍ വിജ്ഞാനപ്രദമായ മീന്‍പിടിത്തോപകരണ പ്രദര്‍ശനം സ്ഥിരമായി ഒരുക്കിയിരിക്കുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ ഈ ഉപകരണങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ എത്താറുണ്ട്.
വലുതും ചെറുതുമായ കണ്ണികളും നൂല്‍ക്കാലുകളുമുള്ള വീശുവല, പാടങ്ങളില്‍ മീന്‍പിടിക്കാനുള്ള തൂമ്പുവല, പുഴയ്ക്കു കുറുകെ കയറില്‍ നിരവധി കൊളുത്തുകള്‍ കെട്ടിയിടുന്ന ആയിരം ചൂണ്ട, മീനുകളെ കൊത്തിപ്പിടിക്കാനുപയോഗിക്കുന്ന ഒറ്റാല്‍, ഒരറ്റം ശംഖു പോലെ നീണ്ട വാലന്‍കുട്ട തുടങ്ങി ഇരുപതോളം ഉപകരണങ്ങളാണു പവലിയിനിലുള്ളത്. കള്ളു ചെത്തു തൊഴിലാളികള്‍ ചെത്തിനുപയോഗിക്കുന്ന വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്.
വീശുവല മുതല്‍ ഞണ്ടുവല വരെ
വൈദ്യുതിയില്ലാതിരുന്ന കാലങ്ങളില്‍ ചെമ്മീന്‍കെട്ടുകളില്‍ ചെമ്മീനുകള്‍ക്കു വെളിച്ചം കിട്ടാന്‍ വച്ചിരുന്ന ചതുരക്കൂടിനകത്തുള്ള പ്രത്യേകതരം മണ്ണെണ്ണ വിളക്കായ ലന്തര്‍ണ, അഞ്ചോ ആറോ മത്സ്യത്തൊഴിലാളികള്‍ വട്ടത്തില്‍ നിന്നുകൊണ്ടു മീനുകളെ വലവീശിപ്പിടിക്കാനുപയോഗിക്കുന്ന വടിവല, വഞ്ചിയില്‍ പോയി മീനുകളെ വീശിപ്പിടിക്കുന്ന വീശുവല, രക്ഷപ്പെടാനാവാത്തവിധം വട്ടത്തില്‍ മീനുകള്‍ക്കു ചുറ്റും ജയില്‍ തീര്‍ക്കുന്നപോലെ കുത്തിവയ്ക്കാവുന്ന ഒറ്റാല്‍, വെള്ളം കോരിവറ്റിക്കാന്‍ ഉപയോഗിച്ചിരുന്ന തേക്കുട്ട, പിടിക്കുന്ന മീനുകളെ ഇട്ടുവയ്ക്കുന്ന മീന്‍കൂട, നെല്ലളക്കാന്‍ ഉപയോഗിച്ചിരുന്ന ഇടങ്ങഴി, കൃഷി ചെയ്യുമ്പോഴും മീന്‍പിടിത്തത്തിനിടയിലും വെയിലില്‍ നിന്നു രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന തൊപ്പിക്കുട, ഞണ്ടുകളെ പിടിക്കാന്‍ വട്ടത്തില്‍ ഇരുമ്പുകമ്പി വളച്ച് ഇരയിടാനുള്ള സംവിധാനം സഹിതം വല പിടിപ്പിച്ചു തയാറാക്കിയ ഞണ്ടുവല തുടങ്ങിയവയും ചെറുവഞ്ചിയുമൊക്കെ ഇവിടെ വന്നാല്‍ കാണാം. പലതും പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും ചെത്തുതൊഴിലാളികളില്‍ നിന്നും സംഘടിപ്പിച്ചതാണ്.
ചെത്തു തൊഴിലാളികള്‍ കള്ളു ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന കുടുക്ക ചുരക്ക കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. എത്ര അന്വേഷിച്ചിട്ടും ചുരക്കക്കുടുക്ക കിട്ടിയില്ല. അതിനാല്‍ അത്തരമൊന്ന് ഉണ്ടാക്കിച്ചെടുത്താണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് ഡയറക്ടര്‍ ബോര്‍ഡംഗം കെ.എസ്. ബാബുരാജ് പറഞ്ഞു. ചീനവലയുടെ മാതൃകയും നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊക്കാളിപ്പാടങ്ങളില്‍ മീന്‍ പിടിക്കാന്‍ ഏറ്റവും ഉത്തമമാണു തൂമ്പുവലയെന്ന് ഇത്തരം ജോലികള്‍ ചെയ്തിരുന്നയാള്‍ കൂടിയായ ബോര്‍ഡംഗം ജോസഫ് വിന്‍സന്റ് പറഞ്ഞു. ചതുരത്തിലുള്ള ചട്ടക്കൂടാണ് ഈ വലയുടെ പ്രത്യേകത. ഇതില്‍ ഉറപ്പിച്ചിട്ടുള്ള വലയ്ക്ക് വളരെയേറെ നീളമുണ്ടാകും. ഈ ചട്ടക്കൂട് മീനുകള്‍ കടന്നുപോകുന്ന ചിറയില്‍ ഉറപ്പിച്ചുവയ്ക്കും. വലയുള്ളതറിയാതെ മീനുകള്‍ ഇതിലൂടെ സഞ്ചരിക്കും. മീന്‍പിടിക്കാറാകുമ്പോള്‍ വലയുടെ അറ്റംകെട്ടി മീനുകളെ അതില്‍ അകപ്പെടുത്തും-അദ്ദേഹം വിശദീകരിച്ചു. ബാങ്കിന്റെ ഓഫീസിനു ചുറ്റും വലവീശലും മീന്‍പിടിത്തവുമടക്കമുള്ള ദ്വീപിലെ ദൃശ്യങ്ങള്‍ പെയിന്റ് ചെയ്തിട്ടുള്ളതും പ്രത്യേകതയാണ്.
പതിനാലു ദ്വീപുകള്‍ ചേര്‍ന്ന പഞ്ചായത്താണു കടമക്കുടി. സമീപത്ത് വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലും വരാപ്പുഴ പാലവുമൊക്കെ വന്നിട്ടുണ്ടെങ്കിലും പഞ്ചായത്തില്‍ പലേടത്തേക്കും പോകാന്‍ കടത്തിറങ്ങേണ്ട സ്ഥിതിയുള്ള പ്രദേശമാണിത്. പഞ്ചായത്തിന്റെ മത്സ്യസമ്പത്തിനെക്കുറിച്ചും പൊക്കാളിപ്പാടങ്ങളെപ്പറ്റിയുമൊക്കെ പുതിയ തലമുറയ്ക്ക് അറിവു പകരാന്‍ പ്രയോജനപ്പെടുമെന്ന ചിന്തയാണ് ഇത്തരമൊരു സ്ഥിരം പവലിയന്‍ എന്ന ആശയത്തിലേക്കു നയിച്ചതെന്ന് എഫ്.എ.സി.ടി. സീനിയര്‍ മാനേജര്‍ കൂടിയായ ബാങ്ക് പ്രസിഡന്റ് ഹാരോള്‍ഡ് നിക്കോള്‍സണ്‍ പറഞ്ഞു. 2020 ജനുവരി 19 ന് ബാങ്കിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്ത സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണു പവലിയന്‍ തുറന്നുകൊടുത്തത്.
കെട്ടു കലക്കല്‍ ഉത്സവം
മത്സ്യോപകരണ പവലിയനു പുറമെ ബാങ്കിനെ ശ്രദ്ധേയമാക്കുന്നത് പൊക്കാളിപ്പാടത്ത,് പൊക്കാളിക്കൃഷിക്കു മുന്നോടിയായി, മത്സ്യക്കൃഷി വിളവെടുപ്പിനുശേഷം നടത്തുന്ന ‘ കെട്ടുകലക്കല്‍ ‘ ഉത്സവമാണ്. മത്സ്യക്കൃഷിക്കളങ്ങളും പൊക്കാളിപ്പാടങ്ങളുമാണ് കടമക്കുടി ദ്വീപുകളുടെ പ്രധാനആകര്‍ഷണം. ജൈവ പൊക്കാളിപ്പാടങ്ങളില്‍ നിന്നു പിടിക്കുന്ന മീനുകള്‍ രാസവിമുക്തമായിരിക്കുമെന്നതാണ് ഇത്തരം മത്സ്യങ്ങളുടെ ആകര്‍ഷണം. കെട്ടുകലക്കല്‍ ചടങ്ങിനു രാജഭരണ കാലം മുതലുള്ള പാരമ്പര്യമുണ്ട്. കൊച്ചിയില്‍ പലേടത്തുമുള്ളതുപോലെ, കടമക്കുടിയിലെയും സമീപത്തെ ദേവസ്വംപാടം പ്രദേശങ്ങളിലെയും ചെമ്മീന്‍കെട്ടുകളിലും ഇതുണ്ട്. ആറു മാസം പൊക്കാളിക്കൃഷി നടത്തുന്ന പാടങ്ങളില്‍ പിന്നീട് ആറു മാസം മത്സ്യക്കൃഷിയാണു നടത്തുക. അക്കാലത്ത് ഈ പാടങ്ങള്‍ വലിയ മത്സ്യക്കുളങ്ങളായി മാറും. വിഷുവിനു മുമ്പായി ഈ മത്സ്യങ്ങളെ പിടിക്കും. വളര്‍ച്ചയെത്തിയ വിളഞ്ഞ മത്സ്യങ്ങളെയെല്ലാം പിടിച്ചുകഴിഞ്ഞാല്‍ അവശേഷിക്കുന്നവയെ തൊഴിലാളികള്‍ക്കും മറ്റും ഈ മത്സ്യക്കൃഷിക്കളങ്ങളിലിറങ്ങി പിടിക്കാം. ഇതാണു കെട്ടുകലക്കല്‍. കെട്ടുപൊട്ടിക്കല്‍ എന്നും പറയും. കെട്ടുടമകള്‍ക്കു പുറമെ ഭൂരഹിത തൊഴിലാളികള്‍ക്കും മറ്റും മത്സ്യക്കൃഷിയില്‍ ഒരു വിഹിതം കിട്ടുക എന്നതാണ് ഉദ്ദേശ്യം.
പണ്ടു മുതലേയുള്ളതാണു കെട്ടുകലക്കല്‍ ചടങ്ങെങ്കിലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുംവിധം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി മൂന്നു ദിവസത്തെ ഉത്സവമായി ഇതും സംഘടിപ്പിച്ചു തുടങ്ങിയിട്ടു മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. വലിയ കടമക്കുടി ദ്വീപില്‍ വിനോദസഞ്ചാരം വര്‍ധിപ്പിക്കലും കൂടുമത്സ്യക്കൃഷി നടത്തുന്നവരെയും മത്സ്യത്തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തരെയും സാമ്പത്തികാഭിവൃദ്ധി നേടാന്‍ സഹായിക്കലുമാണു ലക്ഷ്യം. 2017,18,19 വര്‍ഷങ്ങളില്‍ കെട്ടുകലക്കല്‍ മഹോത്സവം നടത്തി. നാടന്‍ പുഴമത്സ്യങ്ങള്‍ കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങള്‍, പാടവരമ്പത്തുകൂടി നടത്തം, പട്ടം പറത്തല്‍ , ചൂണ്ടയിടല്‍, ബോട്ടിംഗ്, കൂടുമത്സ്യക്കൃഷിയില്‍നിന്നുള്ള പച്ചമത്സ്യങ്ങളുടെ വിപണനം, നാടന്‍ പാട്ട്, ഫോട്ടോഗ്രാഫി പ്രദര്‍ശനം എന്നിവ മൂന്നു ദിവസമായി നടത്തും. കഴിഞ്ഞ കെട്ടുകലക്കല്‍ മഹോത്സവത്തില്‍ മൂന്നു ദിവസം കൊണ്ട് ഒന്നരലക്ഷംപേര്‍ പങ്കെടുത്തതായി ബാങ്ക് അവകാശപ്പെടുന്നു. ബാങ്ക് ജീവനക്കാര്‍ക്കുപോലും കടക്കാനാവാത്തത്ര തിരക്കായിരുന്നു കഴിഞ്ഞ തവണത്തെ ഉത്സവത്തിനെന്നു സെക്രട്ടറി രശ്മി ജെ. പറഞ്ഞു.
വലിയ കടമക്കുടി പ്രദേശത്ത് ഇനിയും വിനോദ സഞ്ചാര വികസനം ലക്ഷ്യമിടുന്നുണ്ട്. പ്രധാന റോഡുകള്‍ക്കിരുവശത്തും യാത്രികര്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവര്‍ക്കു ബോട്ടിംഗ് നടത്താനും മീന്‍ പിടിക്കാനും പക്ഷി നിരീക്ഷണത്തിനും സൗകര്യമൊരുക്കുക, ദിശാബോര്‍ഡുകളും റൂട്ട് മാപ്പുകളും സ്ഥാപിക്കുക, കുടുംബശ്രീ ഗ്രൂപ്പുകളെക്കൊണ്ടു പുഴമത്സ്യ വിഭവങ്ങള്‍ കിട്ടുന്ന നാടന്‍ റെസ്റ്റോറന്റ് സ്ഥാപിക്കുക, ടോയ്‌ലെറ്റ്, കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കുക എന്നിവയാണു ഭാവി പരിപാടികള്‍.
പൊക്കാളിക്കൃഷിയും മത്സ്യക്കൃഷിയും
പൊക്കാളിക്കൃഷിയുടെയും മത്സ്യക്കൃഷിയുടെയും പ്രോത്സാഹനത്തിന് ഏറെ പദ്ധതികള്‍ ബാങ്ക് ചെയ്യുന്നുണ്ട്. പൊക്കാളി അരിക്കു നല്ല വില കിട്ടാത്തതും തൊഴിലാളിക്കുറവും മൂലം ബുദ്ധിമുട്ടിയ കൃഷിക്കാരെ സഹായിക്കാന്‍ ബാങ്ക് നേരിട്ടു നെല്ലു ശേഖരിച്ചു ‘ ഗ്രാമിക ‘എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലിറക്കി. 2016 മാര്‍ച്ച് 14നു പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററില്‍ കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ അധ്യക്ഷതയില്‍ നടന്‍ മമ്മൂട്ടി വിപണനം ഉദ്ഘാടനം ചെയ്തു. തവിടു കളയാത്ത പച്ചരി, പുട്ടുപൊടി, അവല്‍, ഉമിക്കരിയുടെ ഹെര്‍ബല്‍ പല്‍പ്പൊടി എന്നിവയും ഉല്‍പ്പന്നങ്ങളില്‍പ്പെടും. കോതാട് ആസ്ഥാന ഓഫീസിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ കാര്‍ഷിക സേവന കേന്ദ്രമുണ്ട്്. 1136 ചതുരശ്ര അടി വിസ്താരമുള്ള ഇവിടെ ‘ഗ്രാമിക’ പൊക്കാളി ഉത്പന്നങ്ങള്‍ സൂക്ഷിക്കാനും വില്‍ക്കാനും നെല്ലു സംഭരിക്കാനും ജൈവ പച്ചക്കറിക്കൃഷിക്കു വേണ്ട വിത്ത്, വളം, കാര്‍ഷികോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യാനും സൗകര്യമുണ്ട്. 2017 ഏപ്രില്‍ 12 ന് സപ്ലൈകോയുടെ മാവേലി സ്‌റ്റോറും തുടങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് ഉദ്ഘാടനം ചെയ്തത്. പൊക്കാളി പ്രോത്സാഹനത്തിനു പ്രയോജനമുണ്ടായി. 2016 ല്‍ കിലോയ്ക്ക് 22 രൂപയായിരുന്ന പൊക്കാളി അരിക്ക് 2019 ആയപ്പോള്‍ 55 രൂപയായി.
നൂറോളം ചീനവലകള്‍ ഇവിടെയുണ്ട്. ചീനവലക്കര്‍ഷകരുടെ ഗ്രൂപ്പുണ്ടാക്കി കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കുന്നു. ഇവരുടെ മത്സ്യോത്പന്നങ്ങള്‍ ‘ ഗ്രാമിക ‘ എന്ന ബ്രാന്‍ഡ് നാമത്തില്‍ ബാങ്ക് നേരിട്ടാണു വില്‍പന. നൂറോളം കൂടുമത്സ്യക്കൃഷിക്കാരുണ്ട്. ഇവര്‍ക്ക് അഞ്ചര ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. മത്സ്യക്കുഞ്ഞുങ്ങള്‍ക്കു തീറ്റ കുറഞ്ഞവിലയ്ക്കു പിഴല ശാഖയില്‍ കിട്ടും. മുട്ടക്കോഴി വളര്‍ത്താന്‍ കോഴിക്കൂട്, കോഴിക്കുഞ്ഞുങ്ങള്‍, കരിങ്കോഴി എന്നിവ സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. കോഴിത്തീറ്റയും മിതമായ വിലയ്ക്കു കിട്ടും. താറാവുകളെയും സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. മുട്ട ബാങ്ക് വില്‍ക്കുന്നു. പശുവളര്‍ത്താന്‍ കാലിത്തീറ്റയും ബാങ്ക് വില്‍ക്കുന്നുണ്ട്.
2018 ഓഗസ്റ്റിലെ മഹാപ്രളയം കടമക്കുടി പഞ്ചായത്തിലെ എല്ലാ വീടുകളെയും ബാധിച്ചു. ഇവര്‍ക്കായി ബാങ്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ കളക്ഷന്‍ കേന്ദ്രം തുറന്നു. ഇവിടെ ലഭിച്ച നിത്യോപയോഗ സാധനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പുറമെ ബാങ്ക് വാങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കൂടിച്ചേര്‍ത്ത് നാലായിരിത്തി ഇരുന്നൂറോളം വീടുകളില്‍ ആശ്വാസക്കിറ്റ് എത്തിച്ചു. 1385 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം 13 മാസത്തെ പലിശരഹിത വായ്പ നല്‍കി. പാത്രങ്ങള്‍ മുതല്‍ അലക്കുയന്ത്രം വരെയുള്ളവ വിതരണക്കാരുമായി ബന്ധപ്പെട്ട് വിപണനമേള നടത്തി 20 മുതല്‍ 50 വരെ ശതമാനം വിലക്കുറവില്‍ നല്‍കി.
250 രൂപയുടെ മൂലധനത്തില്‍ തുടക്കം
തൊണ്ണൂറില്‍പ്പരം വര്‍ഷത്തെ പഴക്കമുള്ള സഹകരണ സംഘമാണ് കോരാമ്പാടം സര്‍വീസ് സഹകരണ ബാങ്ക്. വെള്ളത്താല്‍ ചുറ്റപ്പെട്ടതും വഞ്ചിയും ബോട്ടുമല്ലാതെ യാത്രാസൗകര്യങ്ങളില്ലാതിരുന്നതുമായ ദ്വീപുകളില്‍ സ്ഥാപിതമായ സഹകരണ സംഘം ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു. 1927 നവംബറില്‍ 178-ാം നമ്പര്‍ പരസ്പര സഹായ സംഘമായാണ് ഇതു സ്ഥാപിച്ചത്. തൈക്കൂട്ടത്തില്‍ ജൂസേ ജോസഫ് ആണു സ്ഥാപക പ്രസിഡന്റ്. ഏഴു പേര്‍ ചേര്‍ന്ന് 250 രൂപ മൂലധനത്തിലായിരുന്നു തുടക്കം. ആദ്യ യോഗത്തില്‍ 19 പേര്‍ പങ്കെടുത്തിരുന്നു. കാലങ്ങളോളം നഷ്ടത്തിലായിരുന്നു. 1982 നുശേഷം സ്ഥിതി മെച്ചപ്പെട്ടു. 1997 ല്‍ 75 ലക്ഷം രൂപ നിക്ഷേപം കൈവരിക്കാനായി. 2001 ആയപ്പോള്‍ അതു മൂന്നു കോടിയായി. 2012 ല്‍ 13 കോടിയും. ഇപ്പോള്‍ 62 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപമുണ്ട്. 2003 ല്‍ ക്ലാസ് ത്രീ ബാങ്കായി. 2013 ല്‍ ക്ലാസ് ടൂ ആയി ഉയര്‍ന്നു. 2017ല്‍ ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡായി.
1998 ല്‍ പിഴലയില്‍ ശാഖ തുടങ്ങി. ആദ്യം വാടകക്കെട്ടിടത്തിലായിരുന്നു. 2013 ല്‍ ശാഖാ കെട്ടിടവും ആറു സെന്റും വാങ്ങി. ഇപ്പോള്‍ ഇവിടെ കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ്. നവതി സ്മാരകമാക്കുന്ന ഈ കെട്ടിത്തിന് 2019 ജനവുവരി 17 നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിട്ടു. 2014 മാര്‍ച്ച് മൂന്നിന് മൂലമ്പള്ളിയില്‍ ശാഖ തുടങ്ങി. അന്നത്തെ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. 2016 ഏപ്രില്‍ 17 ന് കടമക്കുടിയിലും ശാഖയായി. മുന്‍ എംപി പി. രാജീവ് ആണ് ഉദ്ഘാടനം ചെയ്തത്. പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ കോരാമ്പാടത്ത് കണ്ടയ്‌നര്‍റോഡിനോടു ചേര്‍ന്ന് 8.74 സെന്റ് വാങ്ങിയിട്ടുണ്ട്.
62 കോടി രൂപ നിക്ഷേപവും 52 കോടി രൂപ വായ്പാ ബാക്കിയുമുള്ള ബാങ്കില്‍ ഇപ്പോള്‍ 13,000 അംഗങ്ങളുണ്ട്. 2018 ല്‍ 12,675 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2019 ല്‍ അത് 12,833 ആയി. 1.7 കോടി രൂപയായിരുന്ന ഓഹരിമൂലധനം 1.9 കോടി രൂപയായി. 2016-17 ല്‍ 46.04 കോടിരൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. 2017-18 ല്‍ അത് 51.65 കോടിയായി. 2018-19 ല്‍ 62.39 കോടിരൂപയും. 38,10,910 രൂപ 2018-19ല്‍ തന്‍വര്‍ഷ ലാഭമുണ്ട്.
ഓണക്കിറ്റ് മുതല്‍ ഓണച്ചന്ത വരെ
2013 സെപ്തംബറില്‍ നിരാലംബരായ 217 അംഗങ്ങള്‍ക്കായി നടത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം, 2014 മുതല്‍ കുടുംബശ്രീകളുടെയും കൃഷിക്കാരുടെയും സഹായത്തോടെ കടമക്കുടിയിലും പിഴലയിലും ആരംഭിച്ച പൊക്കാളിക്കൃഷി, 2014 ഏപ്രില്‍ 27നു നടത്തിയ നേത്രചികിത്സാ ക്യാമ്പ്, 2014 ജൂലായ് 20ന് എസ് ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്തിലെ ഓരോ വാര്‍ഡിലും തുടങ്ങിയ ജൈവ പച്ചക്കറിക്കൃഷി, 2014 ഓഗസ്റ്റ് മൂന്നിന് മൂലമ്പള്ളിയിലെ രണ്ടു വാര്‍ഡുകളില്‍ നടത്തിയ സൗജന്യ പച്ചക്കറിവിത്ത് വിതരണം, 2014 ഓഗസ്റ്റ് 24ന് ചേന്നൂരും കരിക്കാട്ടുതുരുത്തിലും ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷി പദ്ധതി, മട്ടുപ്പാവ് കൃഷി പ്രോത്സാഹന പദ്ധതി, വ്യക്തിത്വ വികാസത്തിനും ഉന്നത വിദ്യാഭ്യാസമാര്‍ഗനിര്‍ദേശത്തിനുമായി 2014 നവംബര്‍ 22ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്ത ‘ദിശ ഗൈഡന്‍സ് ആന്റ് സപ്പോര്‍ട്ടിംഗ് സെന്റര്‍’, 2016 ജനുവരിയില്‍ ആരംഭിച്ച കാര്‍ഷികസേവനകേന്ദ്രം, 2017ല്‍ നടത്തിയ ഹൈബ്രിഡ് പച്ചക്കറിത്തൈ വിതരണം, 2017ലും 18ലും നടത്തിയ ഫലവൃക്ഷത്തൈ വിപണനവും പ്രദര്‍ശനവും, 2017 ഡിസംബറില്‍ നടത്തിയ കൂടുമത്സ്യക്കൃഷി ലൈവ് ഫിഷ് മാര്‍ക്കറ്റ്, 2018ല്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ മയക്കുമരുന്നു വിരുദ്ധ ബോധവത്കരണങ്ങള്‍ തുടങ്ങിയവ ബാങ്കിന്റെ നേട്ടങ്ങളാണ്. കെയര്‍ഹോം പദ്ധതിയില്‍ രണ്ടു വീടു വച്ചുകൊടുത്തു. ചേന്നൂര്‍, മൂലമ്പിള്ളി, കടമക്കുടി, പിഴല എന്നിവിടങ്ങളില്‍ ഓണച്ചന്തകളും നടത്താറുണ്ട്.
ആള്‍ ജാമ്യ വായ്പകളും വസ്തു ജാമ്യ വായ്പകളും ബാങ്കിനുണ്ട്. ആള്‍ജാമ്യത്തില്‍ 20,000 രൂപയാണു നല്‍കുക. 36 മാസമാണു കാലാവധി. ഒരംഗത്തിന് രണ്ടു ലക്ഷം രൂപ വരെ സ്വര്‍ണവായ്പ കിട്ടും. 20,000 രൂപ വരെ കാര്‍ഷിക സ്വര്‍ണപ്പണയ വായ്പയുണ്ട്. 10 വര്‍ഷക്കാലാവധിയില്‍ വസ്തു വായ്പയും ഭവന നിര്‍മാണ വായ്പയുമുണ്ട്. 2016-17ല്‍ 28.22 കോടി രൂപയും 2017-18ല്‍ 30.25 കോടി രൂപയും 2018-19ല്‍ 30.6 കോടി രൂപയും വായ്പ നല്‍കി. മരണാനന്തര സഹായ നിധിയുണ്ട്. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. സംവിധാനങ്ങളുമുണ്ട്.
മുമ്പ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിന്റെ ഡയരക്ടറായിരുന്നിട്ടുള്ള ഹരോള്‍ഡ് നിക്കോള്‍സണ്‍ പ്രസിഡന്റും കെ.വി.ആന്റണി വൈസ്പ്രസിഡന്റും കെ.എസ്. ബാബുരാജ്, അനില്‍കുമാര്‍ എ.ബി, വി.വി. വിബിന്‍, ജോസി ഫ്രാന്‍സിസ്, വി.എ. സുരേന്ദ്രന്‍, ജോസഫ് വിന്‍സന്റ്, അലക്‌സ് ആട്ടുള്ളില്‍, എം.വി. ഷാജി, ലീനാ ബാലന്‍, പുഷ്പ സതീശന്‍, ലിന്‍ഡ സെബാസ്റ്റ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ഭരണസമിതിയാണു ബാങ്ക് ഭരിക്കുന്നത.് ഏഴ് സഥിരം ജീവനക്കാരുള്ള ബാങ്കില്‍ രശ്മി ജെ ആണു സെക്രട്ടറി. പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണെ കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മറ്റി സഹകരണ പ്രസ്ഥാനത്തിനു മികച്ച സേവനം നല്‍കിയതിന്റെ പേരില്‍ ആദരിക്കുകയുണ്ടായി.
[mbzshare]