മില്‍മയുടെ ക്ഷീരഭവനില്‍ ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാള്‍ തുറന്നു

moonamvazhi

ലോക ക്ഷീരദിനത്തിന്റെ ഭാഗമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) പട്ടത്തെ യൂണിയന്‍ ആസ്ഥാനമായ ക്ഷീരഭവനില്‍ പണികഴിപ്പിച്ച ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാള്‍ തുറന്നു. ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ ഉദ്ഘാടനം ചെയ്തു.

വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്തതു പോലെ സ്ത്രീകള്‍ക്കുള്‍പ്പെടെ തൊഴിലവസരം സൃഷ്ടിക്കുകയും സമൂഹത്തിന് ഉപകാരപ്രദമാകും വിധം പ്രവര്‍ത്തിക്കുകയുമാണ് മില്‍മ ചെയ്യുന്നതെന്ന് എന്‍.ഭാസുരാംഗന്‍ പറഞ്ഞു. കര്‍ഷകരെ സംരക്ഷിക്കുന്നതിന് എപ്പോഴും മുന്‍കൈയെടുക്കുന്ന മില്‍മ മികച്ച പാലും പാലുല്‍പ്പന്നങ്ങളും കുടുംബങ്ങളിലെത്തിക്കുന്നു. ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണ് മില്‍മ വിലകല്‍പ്പിക്കുന്നതെന്നും ഭാസുരാംഗന്‍ കൂട്ടിച്ചേര്‍ത്തു.

മില്‍മയ്ക്കു പുറമേ ഒട്ടനവധി പാല്‍വിപണന ബ്രാന്‍ഡുകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും ക്ഷീരകര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരിക്കുകയും ഏറ്റവും ആരോഗ്യദായകമായി ജനങ്ങളിലെത്തിക്കുന്നതും മില്‍മ മാത്രമാണെന്ന് സ്വാഗതപ്രസംഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്.കോണ്ട പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം വി. എസ് പദ്മകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ റസൂല്‍ഖാന്‍, ഫിനാന്‍സ് മാനേജര്‍ വില്‍സന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ‘മില്‍മ ചരിത്രവും സമകാലിക പ്രസക്തിയും’, ‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്ക്’ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ഹരിലാല്‍, വിമുക്തി കോഓര്‍ഡിനേറ്റര്‍ വിഘ്‌നേഷ് എസ്.എ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News