മില്‍മയിലെ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ്; പ്രസിഡന്റുമാര്‍ക്ക് കാലപരിധി

[mbzauthor]

മില്‍മ മേഖലാ യൂണിയനുകളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇതിനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെയാകും റിക്രൂട്ട്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുക. അവ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയനിലെ എല്ലാ സ്ഥിരജീവനക്കാരുടെയും മുഴുവന്‍ നിയമന പ്രക്രിയകളുടെയും അധികാരിയാകും.

 

മാനേജിങ് ഡയറക്ടര്‍ ഒഴികെയുള്ള ജീവനക്കാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഈ കമ്മിറ്റിക്കാവും. കമ്മിറ്റിയില്‍ എട്ടില്‍ കൂടാത്ത അംഗങ്ങളുണ്ടാകും. ക്ഷീരവികസന വകുപ്പ് സെക്രട്ടറി ചെയര്‍മാനും ക്ഷീരോല്‍പാദക യൂണിയന്റെ അപ്പക്സ് ബോഡിയുടെ മാനേജിങ് ഡയറക്ടര്‍ കണ്‍വീനറുമായിരിക്കുമെന്നു ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഭരണസമിതിയില്‍ ആദ്യമായി വൈസ് പ്രസിഡന്റ് പദവി ഉള്‍പ്പെടുത്താനും അത് വനിതകള്‍ക്കായി സംവരണം ചെയ്യാനും ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണ സമിതി അംഗങ്ങള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ തുടരാനാകില്ല. മേഖലാ യൂണിയന്‍ ചെയര്‍മാര്‍ക്ക് രണ്ട് തവണയില്‍ കൂടുതലും ചുമതലയില്‍ തുടരാന്‍ കഴിയില്ല. അപ്പക്സ് സംഘത്തിന്റെ ഭരണസമിതിയിലും മൂന്നു തവണയില്‍ കൂടുതല്‍ അംഗമാകാനാവില്ല. ഈ വ്യവസ്ഥ നടപ്പിലാകുന്നതോടെ സ്ഥിരമായി ചിലര്‍ മാത്രം ഭാരവാഹിത്വത്തില്‍ തുടരുന്നത് ഒഴിവാക്കാനും പുതിയ തലമുറയ്ക്ക് ഈ രംഗത്തേയ്ക്ക് കടന്നു വരാനും അവസരം ഒരുങ്ങുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

 

പുതിയ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 180 ദിവസം 500 ലിറ്റര്‍ പാലെങ്കിലും നല്‍കിയാല്‍ മാത്രമെ അംഗത്വം ലഭിക്കുകയുള്ളൂ. അതേസമയം കറവപ്പശുക്കള്‍ ഉള്ളവര്‍ക്ക് മാത്രമേ അംഗത്വം നല്‍കാവൂവെന്നും വ്യവസ്ഥയുണ്ട്. ഒന്നോ അതിലധികമോ കറവപ്പശുക്കളോ എരുമകളോ ഉള്ളതും സംഘത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ സ്വന്തം ഭൂമിയിലോ പാട്ട ഭൂമിയിലോ ക്ഷീരഫാമുകള്‍ നടത്തുന്നതുമായവര്‍ക്ക് അംഗത്വം നല്‍കാമെന്നാണ് വ്യവസ്ഥ.

 

പ്രാഥമിക സഹകരണ സംഘങ്ങളില്‍ നടപ്പാക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ച ‘ആക്ടീവ് മെമ്പര്‍ഷിപ്പ്’ സമ്പദായം ക്ഷീരസംഘങ്ങളില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. തൊട്ടുമുമ്പുള്ള 12 മാസങ്ങളില്‍ 180 ദിവസത്തേക്ക് 500 ലിറ്റര്‍ പാല്‍ സംഘത്തിലേക്ക് നല്‍കിയില്ലെങ്കില്‍ ഒരാള്‍ക്ക് ആക്ടീവ് അംഗത്വം നഷ്ടമാകും. കന്നുകാലി ഷെഡിലോ ഫാമിലോ ഒരു കറവപ്പശുവെങ്കിലും ഇല്ലെങ്കിലും ആക്ടീവ് അംഗമാകുന്നതിന് അയോഗ്യതയാകും. ക്ഷീര വികസന മേഖലയിലെ നിര്‍ജീവ സഹകരണ സംഘങ്ങളെ ഒഴിവാക്കുന്നതിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലേയ്ക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിഡാ ജേക്കബ് സമിതി നിര്‍ദ്ദേശിച്ച ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

[mbzshare]

Leave a Reply

Your email address will not be published.