മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് പുനരുദ്ധാരണ നിധി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍
തകര്‍ച്ച നേരിടുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ സഹായിക്കാന്‍ പുനരുദ്ധാരണ നിധി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിധിയിലേക്കുള്ള പണം സ്വരൂപിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറന്നത്. കേന്ദ്രസര്‍ക്കാരിന്റെ പേരിലാണ് അക്കൗണ്ട്.
മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെല്ലാം പുനരുദ്ധാരണ നിധിയിലേക്ക് വിഹിതം നല്‍കണം. ലാഭത്തിന്റെ ഒരു ശതമാനം അല്ലെങ്കില്‍ ഒരുകോടി രൂപയാണ് നല്‍കേണ്ടത്. ലാഭത്തിന്റെ ഒരുശതമാനം തുക ഒരുകോടിക്ക് മുകളിലാണെങ്കില്‍, പരമാവധി തുകയാണ് ഒരുകോടിയായി നിശ്ചയിച്ചിട്ടുള്ളത്. ഈ തുക കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ എസ്.ബി.ഐ.യില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഈ തുക മാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഓഡിറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍ക്കാണ് പുനരുദ്ധാരണ നിധിയില്‍നിന്ന് സഹായം നല്‍കുക. ഇതിനായി കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ തയ്യാറാക്കുന്ന പാക്കേജിന് അനുസരിച്ചായിരിക്കും പണം അനുവദിക്കുക. സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനും പുനസംഘടിപ്പിക്കുന്നതിനുമാണ് നിധിയില്‍നിന്ന് സഹായം നല്‍കുക എന്ന ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ നിരീക്ഷണം നടത്തണമെന്ന് കേന്ദ്രസഹകരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വായ്പ സഹകരണ സംഘങ്ങളാണ് പ്രതിസന്ധിയിലാകുന്നവയിലേറെയും. വായ്പ സംഘങ്ങള്‍ പുതിയ ശാഖകള്‍ തുറക്കുന്നതിന് കേന്ദ്രസഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും കൃത്യമായ വാര്‍ഷിക റിട്ടേണ്‍ രജിസ്ട്രാര്‍ക്ക് ഓണ്‍ലൈനായി നല്‍കണം. പുതിയ ബിസിനസ് ഏറ്റെടുക്കുമ്പോള്‍ ഭരണസമിതി അംഗങ്ങള്‍ക്ക് വ്യക്തിഗത താല്പര്യം ഉണ്ടാകുന്ന വിധത്തിലാകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.