മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാന നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരാന്‍ ആലോചന
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കേരളത്തിലേക്കുള്ള വരവ് നിയന്ത്രിക്കാന്‍ സംസ്ഥാന സഹകരണ നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചന. ഇതിനായി നിയമവിദഗ്ധരുമായി സഹകരണ വകുപ്പ് ആശയവിനിമയം നടത്തി. സംസ്ഥാന നിയമത്തില്‍ സമഗ്ര ഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്ല് ഇപ്പോള്‍ നിയമസഭയുടെ പരിഗണനയിലാണ്. ഇതില്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
കേന്ദ്രനിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് സംസ്ഥാനത്തെ ഏത് സംഘത്തെയും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിനോട് കൂട്ടിച്ചേര്‍ക്കാനാകും. ഇങ്ങനെ ലയിപ്പിക്കുന്നതോടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന് കേരളത്തില്‍ പ്രവര്‍ത്തന മേഖലയും ലഭിക്കും. ലയനവ്യവസ്ഥകള്‍ ലളിതമാക്കി എന്നതാണ് കേന്ദ്രനിയമത്തിലെ ഭേദഗതിയിലൂടെ ഉണ്ടായത്. മള്‍ട്ടി സ്‌റ്റേറ്റ് നിയമത്തിലെ വകുപ്പ് 19ലാണ് സംസ്ഥാന തലത്തിലുള്ള സംഘത്തെ ലയിപ്പിക്കാനുള്ള പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രണ്ടു സംഘങ്ങളുടെയും പൊതുയോഗം മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രമേയം അംഗീകരിച്ചാല്‍ ലയനം നടത്താമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ലയനപ്രമേയം പാസാകാനുള്ള ഭൂരിപക്ഷം അതത് സംസ്ഥാനത്തെ നിയമത്തില്‍ വ്യവസ്ഥ ചെയ്തതിന് അനുസരിച്ചാകാം. ഒരേസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ മാത്രമേ ലയിപ്പിക്കാവൂവെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ലയനത്തിനുള്ള പൊതുയോഗ തീരുമാനം ഓണ്‍ലൈനായി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചാല്‍ രജിസ്‌ട്രേഷന്‍ നല്‍കും. കേന്ദ്ര രജിസ്‌ട്രേഷന്‍ കിട്ടുന്നതോടെ സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ റദ്ദാവും.
ഈ വ്യവസ്ഥയെ പ്രതിരോധിക്കാനുള്ള വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ലയനത്തിന് സംസ്ഥാന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും, മള്‍ട്ടി സ്‌റ്റേറ്റ് സംഘവുമായുള്ള ലയനത്തിനുള്ള വ്യവസ്ഥകള്‍ പ്രത്യേകമായി പറയുന്നില്ല. ഇതും കൂടി നിയമത്തില്‍ കൊണ്ടുവന്നേക്കും. സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു സംഘത്തിനും ലയനനടപടി സ്വീകരിക്കാനാവില്ലെന്ന രീതിയിലാകും വ്യവസ്ഥ കൊണ്ടുവരിക.
സംസ്ഥാന നിയമത്തിലെ ഭേദഗതികളടങ്ങുന്ന ബില്ലില്‍ സെലക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് നിയമസഭയില്‍ റിപ്പോര്‍ട്ടായി നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 24ന് നിയമസഭ ഈ ബില്ല് പരിഗണിക്കാന്‍ നിശ്ചയിച്ചതാണ്. ഇതിനിടയില്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, സഭാസമ്മേളനം വെട്ടിക്കുറച്ചു. ഇത് കാരണം സഹകരണ ബില്ല് പരിഗണിച്ചിട്ടില്ല. സപ്തംബറില്‍ വീണ്ടും സഭ ചേരുന്നുണ്ട്. സപ്തംബര്‍ 14ന് ഈ ബില്ല് പരിഗണിക്കാനാണ് സാധ്യത.