മര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോംകോ ടവര്‍ തുറന്നു
കോഴിക്കോട് മര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ സഹകരണ മേഖലയുടെ സമഗ്ര നിയമഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാ തരത്തിലുമുള്ള സംഭാവനകളും നല്‍കി സഹകരണ മേഖല മുന്നോട്ട് കുതിക്കുകയാണ്. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ മുന്നോട്ടുവരുന്ന സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ പ്രസ്ഥാനം. ഇതിനെ ആരുവിചാരിച്ചാലും തകര്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കോംകോ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം, പെന്‍ഷന്‍ സ്‌കീം, ഇടം ഭവന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവിലും മെയിന്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യ നിക്ഷേപം സ്വീകരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ ബി സുധ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍. ബിജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമണ്‍പുറ, ഷീന, ഇ.എം. വിനോദ് എന്നിവര്‍ സംസാരിച്ചു. കോംകോ പ്രസിഡന്റ് വി.ടി. സത്യന്‍ സ്വാഗതവും ഇ. ദാമോദരന്‍ നന്ദിയും പറഞ്ഞു.