മഞ്ഞള്‍ സുഗന്ധവുമായി ആമ്പല്ലൂര്‍ ബാങ്ക്

[mbzauthor]
അനില്‍ വള്ളിക്കാട്

 

ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് സഹകരണ ബാങ്കായ ആമ്പല്ലൂര്‍ ബാങ്കിന് ഏഴര പതിറ്റാണ്ടിന്റെ സേവന ചരിത്രമുണ്ട്. ഇരുനൂറോളം കര്‍ഷകര്‍ അണിചേര്‍ന്ന് ബാങ്കിന്റെ നേതൃത്വത്തില്‍ 127 ഏക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നു. 30 ആടു ഫാമുകളുള്ള ബാങ്കുമായി ബന്ധപ്പെട്ട് മുന്നൂറോളം കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരെ മാത്രം അംഗങ്ങളാക്കി പുതിയൊരു സംഘം തുടങ്ങാനുള്ള പരിപാടിയിലാണ് ബാങ്ക്.

സുഗന്ധവ്യഞ്ജനങ്ങളുടെ നാടെന്ന കേട്ടറിവിലേക്ക് കടന്നുപോകുന്ന കേരളപ്പെരുമയെ നേരനുഭവത്തിലേക്ക് കൈകോര്‍ത്തു നടത്താന്‍ ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കനിഞ്ഞിറങ്ങിയത് ഒരു വരള്‍ച്ചക്കാലത്തെ ദുരിതമുഖത്തു നിന്നാണ്. അതിനു കാരണവുമുണ്ടായിരുന്നു. ബാങ്കിന്റെ അംഗങ്ങളിലും ഇടപാടുകാരിലും ഭൂരിഭാഗവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരാണ്. വിളനാശത്താല്‍ ഇവര്‍ പ്രയാസത്തിലായി. താരതമ്യേന കുറഞ്ഞ വെള്ളം മതിയെന്നതുകൊണ്ട് ബദല്‍ വിളയായി മഞ്ഞളിനെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു. പുതിയ കൃഷി വിളയിലും വ്യാപനത്തിലും വന്‍വിജയമായി. നാലു വര്‍ഷം കൊണ്ട് കേരളത്തിന്റെ സഹകരണ കാര്‍ഷിക ചരിത്രത്തിന് ഇത് പുതിയൊരേടായി.

തൃശ്ശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ ആമ്പല്ലൂര്‍ വില്ലേജില്‍ പീച്ചി കനാലിന്റെ തെക്കും കല്ലൂര്‍ റോഡിന്റെ പടിഞ്ഞാറുമായി കിടക്കുന്ന പ്രദേശമാണ് ബാങ്കിന്റെ പ്രവര്‍ത്തനമേഖല. 2016 ലുണ്ടായ വരള്‍ച്ച ഇവിടത്തെ കാര്‍ഷിക മേഖലക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ജലസേചന സൗകര്യം കുറവായ ഈ പ്രദേശത്തെ പാടങ്ങള്‍ പച്ച വിരിക്കണമെങ്കില്‍ മഴ കനിയണം. പശ്ചിമഘട്ട താഴ്‌വാരത്തിലെ ഈ പ്രദേശം സുഗന്ധവ്യഞ്ജനക്കൃഷിക്ക് അനുയോജ്യമെന്ന അറിവും മഞ്ഞള്‍ മണത്തിലേക്ക് നാടിനെ വഴിനടത്താന്‍ ബാങ്കിനു പ്രേരകമായി.

സഹകരണ സംഗമം

മഞ്ഞള്‍ക്കൃഷിക്ക് നിലമൊരുക്കാന്‍ ആദ്യം ചെയ്തത് നാട്ടിലെ സഹകരണ സ്ഥാപനങ്ങള്‍ തമ്മിലുള്ള കൈകോര്‍ക്കലായിരുന്നു. പഞ്ചായത്തിലെ വട്ടാണത്ര സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് അളഗപ്പനഗര്‍ സഹകരണ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന നിലയില്‍ കേരളത്തിന്റെ വികസനവഴിയില്‍ ഇതൊരു പുതിയ കാല്‍വെയ്പ്പായി. ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കൂടിയായ എ.എസ്. ജിനിയാണ് കണ്‍സോര്‍ഷ്യത്തിന്റെ കണ്‍വീനര്‍.

മഞ്ഞളിന്റെ ആഭ്യന്തര-വിദേശ വിപണി കണക്കിലെടുത്ത് ഔഷധമൂല്യവും ഉല്‍പ്പാദനക്ഷമതയും കൂടിയ തോതിലുള്ള ‘പ്രതിഭ’ എന്ന വിത്താണ് കൃഷിയിറക്കാനായി തിരഞ്ഞെടുത്തത്. കോഴിക്കോട് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ( ഐ.ഐ.എസ്.ആര്‍ ) വികസിപ്പിച്ചെടുത്ത വിത്തിനമാണിത്. സത്യമംഗലത്തുനിന്ന് കൊണ്ടുവന്ന 16 ടണ്‍ വിത്ത് 25 ഏക്കറില്‍ ആദ്യമായി കൃഷിയിറക്കി. ഇന്ന് 127 ഏക്കറിലേക്ക് മഞ്ഞള്‍ക്കൃഷി വ്യാപിച്ചു. വരള്‍ച്ചയുടെ വറുതിയില്‍നിന്ന് രക്ഷനേടാന്‍ തുടങ്ങിയ ബദല്‍ വിളയിറക്കലിന് നാലുവര്‍ഷം തികയുമ്പോഴേക്കും ഇരുനൂറോളം കര്‍ഷകര്‍ അണിചേര്‍ന്നുകഴിഞ്ഞു.

‘പ്രതിഭ’യുടെ മഞ്ഞള്‍ പ്രകാശം

മഞ്ഞളിന്റെ നിറവും മണവും പോലെത്തന്നെ സഹകരണ കൂട്ടായ്മയുടെ സമഗ്ര മഞ്ഞള്‍ക്കൃഷി പദ്ധതി അളഗപ്പനഗര്‍ പഞ്ചായത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. ‘പ്രതിഭ’ വിത്തിന്റെ ഉല്‍പ്പാദന-വിതരണ രംഗത്തെ അംഗീകൃത ലൈസന്‍സിയാണ് സഹകരണ കണ്‍സോര്‍ഷ്യം. തൃശ്ശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 112 ഏക്കറില്‍ക്കൂടി കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ മഞ്ഞള്‍ക്കൃഷി ചെയ്തുവരുന്നുണ്ട്. വിത്ത്, വിളവ്, വിപണനം എന്നിവ ബന്ധിപ്പിച്ചുള്ള പദ്ധതിയുടെ വന്‍സ്വീകാര്യതയായി കൃഷിവ്യാപനത്തെ വിലയിരുത്താം. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്കെല്ലാം വിത്ത് നല്‍കും. നബാര്‍ഡിന്റെ സബ്‌സിഡിയോടെ ഏഴു ശതമാനം പലിശയില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. വിള കലണ്ടര്‍ തയാറാക്കി വിതരണം ചെയ്യും. വളമിടുന്നതിലടക്കം പരിശീലനം നല്‍കും. കൃഷിയിട സന്ദര്‍ശനം മുടങ്ങാതെ നടത്തും.

ഉല്‍പ്പന്നത്തിന് കര്‍ഷകര്‍ സ്വയം വിപണി കണ്ടെത്തേണ്ടതില്ല. പൊതുവിപണിയിലേതിനേക്കാള്‍ അധികം വില നല്‍കി മുഴുവന്‍ ഉല്‍പ്പന്നവും കണ്‍സോര്‍ഷ്യം സംഭരിക്കും. ഈ വര്‍ഷം പച്ചമഞ്ഞളിന് കിലോഗ്രാമിന് 19 രൂപ വിലയുണ്ടായിരുന്നപ്പോള്‍ കണ്‍സോര്‍ഷ്യത്തിനു കീഴിലെ കര്‍ഷകര്‍ക്ക് 40 രൂപയാണ് നല്‍കിയത്. തൊഴില്‍ വര്‍ധനക്കുപരിയായുള്ള ഇരട്ടി വരുമാനം തെല്ലൊന്നുമല്ല കര്‍ഷകര്‍ക്ക് താങ്ങാകുന്നത്.

സംഭരിക്കുന്ന മഞ്ഞള്‍ പൊടിച്ച് വിപണനം നടത്തുന്നതിനായി ആധുനികരീതിയിലുള്ള പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ട്. കുര്‍ക്കുമിന്‍ അളവ് കൂടുതലുള്ള മഞ്ഞള്‍പ്പൊടി ‘സുഭക്ഷ്യ’ എന്ന ബ്രാന്‍ഡില്‍ കണ്‍സോര്‍ഷ്യം വിപണിയില്‍ ഇറക്കിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലെ സഹകരണ സംഘങ്ങള്‍ വിത്തിനായി അളഗപ്പനഗറിലെത്തും. ഐ.ഐ.എസ്.ആറും വിത്തിനായി കൂട്ടായ്മയെ സമീപിക്കുന്നുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ മുന്തിയ ഇനം കുരുമുളകിന്റെ കൃഷി ചെയ്യാനാണ് പരിപാടിയെന്ന് കണ്‍സോര്‍ഷ്യം കണ്‍വീനര്‍ കൂടിയായ ആമ്പല്ലൂര്‍ ബാങ്ക് സെക്രട്ടറി ജിനി പറഞ്ഞു. കുരുമുളകിന്റെ കലവറ കൂടിയായിരുന്നു മുമ്പ് അളഗപ്പനഗര്‍.

ലക്ഷ്യം സമഗ്ര വികസനം

ആമ്പല്ലൂര്‍ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയെ വ്യത്യസ്ത ജീവിത സ്വഭാവക്കാര്‍ രണ്ടായി വിഭജിക്കുന്നുണ്ട്. പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്നവരില്‍ നഗരവല്‍ക്കരണ ആഭിമുഖ്യമുള്ള വ്യാപാരികളും ഉദ്യോഗസ്ഥരുമാണ് ഏറിയ പങ്കും. എന്നാല്‍, ഗ്രാമാന്തരീക്ഷമുള്ള കിഴക്കന്‍ മേഖലയില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് കൂടുതലായി താമസിക്കുന്നത്. പതിനാറായിരത്തിലേറെ വരുന്ന സമ്മിശ്ര അംഗബലമാണ് ബാങ്കിന്റെ സവിശേഷത.

വ്യത്യസ്ത കാര്‍ഷിക വികസന പദ്ധതികള്‍ക്കുള്ള സഹായത്തിനൊപ്പം വൈവിധ്യമാര്‍ന്ന വായ്പാ രീതികളിലൂടെ സമസ്ത ജീവിത മേഖലയെയും പരിപോഷിപ്പിക്കുകയെന്നതാണ് ബാങ്കിന്റെ പ്രവര്‍ത്തനരീതിയെന്ന് പ്രസിഡന്റ് വി. കെ. സുബ്രഹ്മണ്യന്‍ പറഞ്ഞു. ഭൂപണയ-സ്വര്‍ണപ്പണയ വായ്പകള്‍, വ്യാപാരികള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം, ശമ്പളത്തില്‍നിന്നു തവണകള്‍ പിടിക്കുന്ന വായ്പകള്‍, സാധാരണ വായ്പകള്‍, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പകള്‍ തുടങ്ങി ബാങ്കിന്റെ ധനകാര്യ വഴികള്‍ വിപുലമാണ്. നാട്ടുകാരുടെയെല്ലാം ആശ്വാസ കേന്ദ്രമായിത്തീരാന്‍ ഇതുകൊണ്ട് ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആടും പുല്ലും പച്ചക്കറിയും

നബാര്‍ഡിന്റെ സഹായത്തോടെ ചെറുകിട സംയോജിത ഫാം പദ്ധതി ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. നാലു പേരടങ്ങുന്ന ജെ.എല്‍.ജി. ക്കോ വ്യക്തിക്കോ തുടങ്ങാവുന്ന ആട് വളര്‍ത്തല്‍ പദ്ധതിയാണിത്. മലബാറി ഇനത്തില്‍പെട്ട 19 പെണ്ണാടുകളും ഒരു മുട്ടനാടും അടങ്ങുന്ന യൂണിറ്റാണ് ഒരു ഫാം. ശാസ്ത്രീയമായ കൂടാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഏഴു ശതമാനം പലിശ നിരക്കില്‍ നാലു വര്‍ഷത്തേക്ക് നാലു ലക്ഷം രൂപ വായ്പ നല്‍കും. പദ്ധതിയുടെ ഭാഗമായി ബാങ്കിന് അനുവദിച്ചു കിട്ടിയ ഗ്രാന്റില്‍ നിന്നും കര്‍ഷകര്‍ക്കാവശ്യമായ പരിശീലനം, മൃഗ പരിപാലന പിന്തുണ, വിപണന സൗകര്യമൊരുക്കല്‍ എന്നിവ ബാങ്ക് നടത്തും. നിലവില്‍ 30 ആട് ഫാമുണ്ട്. വരുന്ന മാര്‍ച്ചോടെ അത് അന്‍പതാക്കുക എന്നതാണ് ലക്ഷ്യം.

ആടുഫാമിനു പുറമെ, പച്ചക്കറി, തീറ്റപ്പുല്‍ക്കൃഷി എന്നിവയും ബാങ്കിന്റെ സഹായത്തോടെ വ്യാപകമാക്കുന്നുണ്ട്. ജലക്ഷാമത്തിന് പരിഹാരമായി ഓരോ വീട്ടിലും മഴവെള്ള റീചാര്‍ജ് യൂണിറ്റും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നു.

വിപണനത്തിലുള്ള ആശങ്ക കര്‍ഷകര്‍ക്ക് ഒട്ടും നല്‍കാതെ ബാങ്ക് അതേറ്റെടുക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഉല്‍പ്പന്നങ്ങളെല്ലാം ബാങ്ക് വഴിയാണ് വില്‍ക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ത്തന്നെ എല്ലാ വസ്തുക്കളും വിപണനം നടത്താനാകുന്നുണ്ട്. ഇതിനു പുറമെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ബാങ്ക് നിര്‍മിക്കുന്നുണ്ട്. ആടുകളുടെ വിസര്‍ജ്യം പൊടിച്ച് അജാമൃതം എന്ന പേരില്‍ ജൈവവളം വില്‍ക്കുന്നുണ്ട്. ഇതിനായി പ്രത്യേക പ്ലാന്റ് സജ്ജീകരിച്ചിട്ടുണ്ട്. ആടുകളുടെ മൂത്രം, മരുന്നുനിര്‍മാണത്തിനായി ഔഷധിക്ക് നല്‍കും. ആടിന്റെ മാംസം വില്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

തരിശുരഹിത കൃഷിഭൂമി

കാര്‍ഷിക മേഖലയില്‍ ഇടപെടുന്നതിന് നാല്‍പ്പത് ജെ.എല്‍.ജി. കള്‍ ബാങ്കിനുണ്ട്. നാല്‍പ്പതു ലക്ഷം രൂപയുടെ വായ്പാ സഹായം ഇവര്‍ക്ക് ബാങ്കിന്റേതായി നിലവിലുണ്ട്. തരിശിട്ടിരുന്ന നെല്‍വയലുകള്‍ കൃഷിഭൂമിയാക്കുന്നതിന് ഈ വായ്പാ പദ്ധതി ഏറെ ഗുണം ചെയ്തു. ഇതിനകം മുപ്പത് ഏക്കര്‍ നെല്‍പ്പാടം തരിശുരഹിത കൃഷി ഭൂമിയിലേക്ക് മാറിക്കഴിഞ്ഞു.

മുന്നൂറോളം കുടുംബശ്രീ യൂണിറ്റുകള്‍ ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് ഏഴരക്കോടി രൂപയുടെ വായ്പ ഇപ്പോള്‍ നിലവിലുണ്ട്. ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതി തൃശ്ശൂര്‍ ജില്ലയില്‍ ആദ്യം തുടങ്ങിയത് ആമ്പല്ലൂര്‍ ബാങ്കാണ്. 27 ഗ്രൂപ്പുകള്‍ക്കായി നാലു കോടിയോളം രൂപ വായ്പ നല്‍കി. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒമ്പതു കോടി രൂപയുടെ വായ്പാ സഹായം ലഭ്യമായി. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയില്‍ 154 ഗ്രൂപ്പുകള്‍ക്ക് 1.37 കോടി രൂപ നല്‍കി. ആര്‍.കെ.എല്‍.എസ് പദ്ധതിയില്‍ 38 ഗ്രൂപ്പുകള്‍ക്ക് 1.30 കോടി രൂപയും വായ്പ നല്‍കി. കെയര്‍ഹോം പദ്ധതിയില്‍ അഞ്ചു വീടുകള്‍ ബാങ്ക് നിര്‍മിച്ചു നല്‍കി. സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പഞ്ചയത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ അളഗപ്പനഗര്‍ എ.പി.എച്ച്.എസ്.എസ.് ലെ മലയാളം മീഡിയം പത്താം ക്ലാസ് പൂര്‍ണമായും സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റി. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്.

ഏഴര പതിറ്റാണ്ട് നീണ്ട യാത്ര

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് പിറവിയെടുത്ത സംഘം ആമ്പല്ലൂരുകാരുടെ ആശ്വാസ ജീവിതത്തിനായുള്ള യാത്ര ഏഴര പതിറ്റാണ്ടോളമായി തുടരുകയാണ്. 1946 ജൂണ്‍ 17 ന് ഈഴവ പരസ്പര സഹായ സംഘം എന്ന പേരിലായിരുന്നു തുടക്കം. 1969 ല്‍ സര്‍വീസ് സഹകരണ സംഘമായി. 1980 ല്‍ സഹകരണ ബാങ്കുമായി. മണ്ണുത്തി-ചാലക്കുടി ദേശീയ പാതയില്‍ ആമ്പല്ലൂര്‍ കവലയില്‍ നിന്നു ചിമ്മിനി ഡാമിലേക്കുള്ള വഴിയില്‍ മൂന്നു കി. മീറ്റര്‍ കടന്ന് മണ്ണംപേട്ട വൈദ്യശാല എന്ന സ്ഥലത്താണ് ബാങ്കിന്റെ ഹെഡ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

121 കോടി രൂപയുടെ നിക്ഷേപവും 115 കോടി രൂപയുടെ വായ്പയും ബാങ്കിന് നിലവിലുണ്ട്. ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുള്ള ബാങ്കിന് ആമ്പല്ലൂര്‍, കാളക്കല്ല്, മണ്ണംപേട്ട എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. നീതി മെഡിക്കല്‍ സ്റ്റോറും നീതി വളം ഡിപ്പോയും ബാങ്ക് നടത്തുന്നു. അംഗങ്ങള്‍ക്ക് 15 ശതമാനം വരെ ലാഭവിഹിതം നല്‍കുന്നു. ബാങ്കിന്റെ വിപുലമായ സേവന പദ്ധതികള്‍ക്ക് കരുത്തായി 18 ജീവനക്കാരുമുണ്ട്.

എസ്. എം. റാഫി വൈസ് പ്രസിഡന്റായുള്ള 13 അംഗ ഭരണസമിതിയില്‍ പി.കെ. ആന്റണി, കെ.എ. ജോര്‍ജ്, ടി.ബി. രാധാകൃഷ്ണന്‍, കെ.കെ. ശശി, പി.വി. ജോണ്‍സണ്‍, സി.ആര്‍. രാഗേഷ്, പി.എസ്. വിനോദ്, പി.സി. ഗോപാലന്‍, കെ. പങ്കജവല്ലി, ലത രാജന്‍, സുനൈന സതീഷ് എന്നിവരാണ് മറ്റംഗങ്ങള്‍.

എഫ്.പി.ഒ. വരുന്നു

കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കൂടുതല്‍ ഫലവത്താക്കാനും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) എന്ന പേരില്‍ പുതിയൊരു സഹകരണ സംഘം തുടങ്ങാന്‍ ബാങ്ക് നടപടികള്‍ എടുത്തുവരികയാണ്. പശു, കോഴി, ആട്, കാട, മല്‍സ്യം തുടങ്ങിയവ വളര്‍ത്തുന്നതിലേക്ക് കൂടുതല്‍ കര്‍ഷകരെ കൊണ്ട് വരും. പച്ചക്കറി കൂടുതലായി ഉല്‍പ്പാദിപ്പിക്കും. എല്ലാ ഉല്‍പ്പന്നങ്ങളും സംഘം നേരിട്ട് സംഭരിച്ച് വില്‍പ്പന നടത്തും. സംഭരണ പ്രക്രിയക്ക് ശീതീകരണ സംവിധാനം കൊണ്ടുവരും. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉണ്ടാക്കും. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമായി നടത്തുന്നതിനാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക സംഘം രൂപവത്കരിക്കുന്നതെന്ന് സെക്രട്ടറി ജിനി സൂചിപ്പിച്ചു. ഇതിന് നബാര്‍ഡിന്റെ സഹായം ലഭ്യമാക്കും. കൃഷി ചെയ്യുന്നവര്‍ക്ക് മാത്രം സംഘത്തില്‍ അംഗത്വം ലഭിക്കുന്ന വിധത്തില്‍ മാനദണ്ഡം നിശ്ചയിക്കും. ആദ്യം നൂറു പേരെ രണ്ടായിരം രൂപ വീതം ഓഹരി വാങ്ങി ചേര്‍ക്കും. അഞ്ചുവര്‍ഷം കൊണ്ട് അംഗബലം അഞ്ഞൂറാക്കും. തുടക്കത്തില്‍ ബാങ്കിന്റെ സഹായം സംഘത്തിനുണ്ടാകും. രണ്ടു വര്‍ഷത്തിനുള്ളില്‍ സംഘം പൂര്‍ണ സജ്ജമാക്കാനും സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ പ്രാപ്തമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ജിനി പറഞ്ഞു.

 

[mbzshare]

Leave a Reply

Your email address will not be published.