മഞ്ഞള്‍ കൃഷി വിളവെടുപ്പുമായി കൊടിയത്തൂര്‍ സഹകരണ ബാങ്ക്.
കാര്‍ഷിക മേഖലയില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഉല്പാദിപ്പിച്ച മഞ്ഞള്‍ വിളവെടുപ്പ് നടത്തി. ഗുണനിലവാരമുള്ള മഞ്ഞളിന്‍റെയും മഞ്ഞള്‍ വിത്തിന്‍റെയും വിപണി സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ മാതൃകാ മഞ്ഞള്‍ ഉല്പാദന പദ്ധതി 2018-19 പ്രകാരം കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‍റെ സഹകരണത്തോടെ ബാങ്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ലാന്‍റ് കര്‍ഷക സേവനകേന്ദ്രത്തിലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് മഞ്ഞള്‍ ഉല്പാദിപ്പിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട് ബാങ്കിന്‍റെ അഞ്ച് ഏക്കര്‍ സ്ഥലത്ത് അത്യുല്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പെട്ട വിത്ത് ഉപയോഗിച്ചാണ് ശാസ്ത്രീയമായ രീതിയില്‍ ജൈവമാര്‍ഗ്ഗത്തിലൂടെ മഞ്ഞള്‍ കൃഷി നടത്തിയത്. ഉല്പാദിപ്പിച്ച മഞ്ഞള്‍ വിത്ത് ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹകരണത്തോടെ ആവശ്യാനുസരണം കര്‍ഷകരില്‍ എത്തിക്കുകയെന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ഇ.രമേശ്ബാബുവിന്‍റെ അധ്യക്ഷതയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് നിര്‍വ്വഹിച്ചു.