ബൈലോ ഭേദഗതി തടഞ്ഞ കോഴിക്കോട് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി
ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ബൈലോ ഭേദഗതി തടഞ്ഞ കോഴിക്കോട് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സഹകരണ വകുപ്പ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം നല്കിയ അപ്പീല്‍ അപേക്ഷ പരിഗണിച്ചാണ് സംഘത്തിന് അനുകൂലമായി സഹകരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.കെ.ഗോപകുമാര്‍ ഉത്തരവിറക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നുവെന്നതടക്കം ജോയിന്റ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ സര്‍ക്കാര്‍ തള്ളി. 2018 ഡിസംബറില്‍ നല്കിയ ബൈലോ ഭേദഗതി അപേക്ഷയില്‍ കോടതിയും സര്‍കാര്‍ അപ്പീലും കടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് സംഘത്തിന് അനുകൂലമായി തീര്‍പ്പുണ്ടായത്. ഒരു സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടുവര്‍ഷം തടയിടാനായി എന്നതുമാത്രമാണ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സര്‍ക്കാര്‍ തള്ളിയതിലൂടെ സംഭവിച്ചത്.
സ്വര്‍ണപണയ വായ്പ നല്‍കാനുള്ള വ്യവസ്ഥ ഉള്‍കൊള്ളിച്ച് നല്കിയ ബൈലോ ഭേദഗതിയാണ് കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ നിരസിച്ചത്. ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവില്‍ ഭേദഗതി നിരസിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇതിനെതിരെയാണ് സംഘം ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനും മൂന്നുമാസത്തിനുള്ളില്‍ അതില്‍ തീര്പ്പുകല്പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ചാണ് സര്‍ക്കാരിന് മുമ്പില്‍ അപ്പീല്‍ അപേക്ഷ എത്തിയത്. സംഘത്തിനുവേണ്ടി പ്രസിഡന്റ് എം.രാജനും സഹകരണ സംഘം രജിസ്ട്രാര്‍ക്ക് വേണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.ബിന്ദുവും കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)ക്ക് വേണ്ടി സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ.ബബിത്തും ഹിയറിങ്ങിന് ഹാജരായി.
സംഘത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ബൈലോ ഭേദഗതിക്ക് കാരണമെന്നായിരുന്നു പ്രസിഡന്റിന്റെ വാദം. 2017 ആഗസ്റ്റിലാണ് ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങുന്നത്. 8.04കോടിരൂപ മൂലധനവും 8.14കോടിരൂപയുടെ നിക്ഷേപവും സംഘത്തിനുണ്ട്. അതേസമയം, 1.71 കോടിയുടെ വായ്പമാത്രമാണ് നല്‍കാനായത്. 50,000 രൂപവരെയുള്ള വ്യക്തിവായ്പകളാണ് സംഘത്തിന് നല്കാനാവുന്നത്. അതുകൊണ്ടുമാത്രം ഒരു സംഘത്തിന് പിടിച്ചുനില്‍ക്കാനാവില്ല. സ്വര്‍ണ പണയവായ്പയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. സംഘത്തിലെ അംഗങ്ങള്‍പോലും സ്വകാര്യ പണമിടപാടുകാരെയാണ് ആശ്രയിക്കുന്നത്. ഇവര്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നു. സ്ട്രോങ് റൂം, സി.സി.ടി.വി., ആലാറം എന്നിങ്ങനെ എല്ലാ സുരക്ഷ സംവിധാനങ്ങളുമുണ്ട്. സെക്രട്ടറി തസ്തിക അനുവദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബൈലോ ഭേദഗതി ചെയ്യാന്‍ പൊതുയോഗം തീരുമാനിച്ച് അനുമതിക്കായി നല്‍കിയത്- ഇതായിരുന്നു സംഘത്തിന്റെ വാദം.
ഈ അപേക്ഷ നിരസിച്ചതിനുള്ള വിശദീകരണം ജോയിന്റ് രജിസ്ട്രാര്‍ക്കുവേണ്ടി ബിബിത്താണ് നല്‍കിയത്. ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍ സഹകരണ സംഘം എഫ്.എ.സി.എസ്. എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കുന്നത്. ചുരുക്കപ്പേരിനൊപ്പം ക്ലിപ്തം എന്ന് ചേര്‍ത്ത് നല്‍കാനാവില്ല. ശാഖകളുടെ പേരും വിലാസവും ചേര്‍ത്തിട്ടില്ല. പലവക സംഘമായാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. പലവക സംഘത്തിന് എ-ക്ലാസ് അംഗങ്ങളില്‍നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല. നാമമാത്ര അംഗങ്ങള്‍ക്ക് സ്വര്‍ണ പണയവായ്പ എടുക്കുന്നതിനും നിക്ഷേപം, ഗ്രൂപ്പ് ഡെപ്പോസിറ്റ്, മറ്റ് വായ്പകള്‍ സ്വീകരിക്കല്‍ എന്നിവയ്ക്കും ചട്ടപ്രകാരം അനുമതി നല്‍കാനാവില്ല. അഞ്ച് ലക്ഷം രൂപവരെയുള്ള സ്വര്‍ണ പണയവായ്പ നല്‍കുന്നതിന് ഇരട്ടപ്പൂട്ട് സംവിധാനമൊരുക്കണം. ഇതിന് പെയ്ഡ് സെക്രട്ടറി വേണം. ചട്ടം പരിശോധിച്ചാണ് അപേക്ഷ നിരസിച്ചത്- ഇതായിരുന്നു ജോയിന്റ് രജിസ്ട്രാര്‍ക്ക് വേണ്ടിയുള്ള വാദം.
എട്ടുമാസം അപേക്ഷ പിടിച്ചുവെച്ച് കാരണം പോലും വ്യക്തമാക്കാതെയാണ് കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. 2018 ഡിസംബര്‍ 16നാണ് ബൈലോ ഭേദഗതിക്കുള്ള തീരുമാനം ഭരണസമിതി കൈക്കൊള്ളുന്നത്. 2019 ജനുവരി 14ന് ഇത് സംബന്ധിച്ചുള്ള അപേക്ഷ കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നല്കി. അത് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറാന്‍ 21 ദിവസമെടുത്തു. ജോയിന്റ് രജിസ്ട്രാര്‍ അതില്‍ തീരുമാനമെടുക്കാന്‍ ആറുമാസമെടുത്തു. അപേക്ഷ നിരസിച്ചുകൊണ്ട് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കുന്നത് 2019 ആഗസ്റ്റ് 16നാണ്. അപേക്ഷയിലെ ഭൂരിഭാഗം ആവശ്യങ്ങളും നിരസിച്ചുവെന്ന് മാത്രമല്ല അതിന് കാരണവും വിശദീകരിച്ചിട്ടില്ല. ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തി.
നിയമാവലി വ്യവസ്ഥയുടെ നമ്പര്‍ പോലും തെറ്റിച്ചാണ് ബൈലോ ഭേദഗതിയുടെ അപേക്ഷ നിരസിച്ചുകൊണ്ട് ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വേണ്ടത്ര ഗൗരവത്തോടെയല്ല ഇത് പരിശോധിച്ചത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതിനാല്‍, നിരസിക്കുന്നതിന് കാരണങ്ങള്‍ വിശദമാക്കി പുതുക്കിയ ഉത്തരവ് ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിക്കണം. മാത്രവുമല്ല, സംഘത്തിന് സുരക്ഷ ക്രമീകരണവും സെക്രട്ടറിയെ നിയമിക്കുന്നതിനുള്ള അനുമതിയുള്ള നിലയ്ക്ക് പുതുക്കിയ അപേക്ഷ സ്വീകരിച്ച് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്