ബീഹാറില്‍ ഇ-സ്റ്റാമ്പ് വില്‍പ്പന ഇനി സഹകരണ ബാങ്കുകള്‍ വഴി

[mbzauthor]

ബീഹാറില്‍ ഇനി സഹകരണ ബാങ്കുകളിലൂടെ ഇ-സ്റ്റാമ്പും വില്‍ക്കും. ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന ഇ-സ്റ്റാമ്പിന്റെ വില്‍പ്പനയുടെ ചുമതല സ്റ്റോക്ക് ഹോള്‍ഡിങ് കമ്പനി ഓഫ് ഇന്ത്യയില്‍ നിന്നു എടുത്തുമാറ്റിയാണു സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ ഏല്‍പ്പിച്ചത്.

സ്റ്റാമ്പ് വില്‍പ്പനയില്‍ ക്രമക്കേടുകളുണ്ടെന്നു പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണു സര്‍ക്കാരിന്റെ നടപടി. സ്റ്റാമ്പ് വില്‍ക്കുമ്പോള്‍ സ്റ്റോക്ക് ഹോള്‍ഡിങ് കമ്പനിക്ക് ഒരു ശതമാനം കമ്മീഷന്‍ ലഭിച്ചിരുന്നു. സ്റ്റോക്ക് ഹോള്‍ഡിങ് കമ്പനിതന്നെയാവും തുടര്‍ന്നും സ്റ്റാമ്പ് വാങ്ങുക. പക്ഷേ, സഹകരണ ബാങ്കുകളായിരിക്കും വില്‍പ്പന നടത്തുക. ( രജിസ്‌ട്രേഷനിലെ തട്ടിപ്പുകളും തെറ്റുകളും ഇല്ലാതാക്കാന്‍ 2013 ജൂലായിലാണു രാജ്യത്തു ഇ-സ്റ്റാമ്പിങ് – ഓണ്‍ലൈന്‍ സ്റ്റാമ്പിങ് – സൗകര്യം ഏര്‍പ്പെടുത്തിയത്).

ബീഹാറില്‍ 120 ലധികം രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളുണ്ട്. ഇതില്‍ എഴുപതിലും സഹകരണ ബാങ്കുകള്‍ ഇ-സ്റ്റാമ്പ് വില്‍പ്പന തുടങ്ങിക്കഴിഞ്ഞു. സഹകരണ ബാങ്കുകള്‍ക്കു സ്റ്റാമ്പ് വില്‍പ്പനയിലൂടെ ഒരു വര്‍ഷം ശരാശരി 30 കോടി രൂപയുടെ ലാഭമുണ്ടാക്കാനാവുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ കൊല്ലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തു 5000 കോടി രൂപയുടെ സ്റ്റാമ്പാണു വിറ്റത്. ഇക്കൊല്ലം ഇതു 6000 കോടിയാവുമെന്നാണു കരുതുന്നത്.

സംസ്ഥാനത്തു സഹകരണ ബാങ്കുകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചുവരികയാണ്. സ്റ്റാമ്പു വില്‍പ്പനയിലൂടെ അത് ഒന്നുകൂടി വിപുലമാവും. ബീഹാറില്‍ 23 ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകളും 8463 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുമാണുള്ളത്. പ്രാഥമിക സംഘങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടന്നുവരികയാണ്. ഓരോ സംഘവും 4.35 ലക്ഷം രൂപ ചെലവഴിച്ചാണു കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നത്. മൂന്നു കൊല്ലത്തിനുള്ളില്‍ എല്ലാ സംഘങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കും.

[mbzshare]

Leave a Reply

Your email address will not be published.