പ്രാഥമിക സംഘങ്ങള്‍ക്ക് ആംബുലന്‍സ് വാങ്ങാന്‍ അനുമതി നല്‍കണം – കേരള സഹകരണ ഫെഡറേഷന്
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്കിയാല് ഇപ്പോഴത്തെ ആംബുലന്‍സ് ക്ഷാമത്തിനു ശാശ്വത പരിഹാരം കണ്ടെത്താനാവുമെന്നു കേരള സഹകരണ ഫെഡറേഷന് ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രോഗികളാകുന്നവര്‍ക്ക് അത്യാവശ്യഘട്ടത്തില്‍പ്പോലും ആംബുലന്‍സുകള്‍ കിട്ടാത്ത അവസ്ഥയുണ്ടെന്നു വിജയകൃഷ്ണന് കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ചെറിയ മേഖലകളായി ആയിരത്തിയറുനൂറോളം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓക്സിജന്‍ സൗകര്യമുള്ള ഒരു ആധുനിക ആംബുലന്‍സ് വാങ്ങാന്‍ ഈ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കണം. അതിലേക്കായി ഒരു ഡ്രൈവര്‍-കം- അറ്റന്‍ഡര്‍ തസ്തികയും അനുവദിക്കണം. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം കിട്ടും. ഇതിലൂടെ നമ്മുടെ ആരോഗ്യരംഗത്തിനു സഹകരണ മേഖല കൈത്താങ്ങാകും – വിജയകൃഷ്ണന് അഭിപ്രായപ്പെട്ടു.