പ്രാഥമിക സംഘങ്ങള്‍ക്കു നല്കുന്ന പലിശ നിരക്ക് കുറച്ച് മലപ്പുറം ജില്ലാ ബാങ്ക്
സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ജില്ലാ ബാങ്കില്‍ നിന്നും അനുവദിച്ച സ്‌പെഷ്യല്‍ ഗോള്‍ഡ് കാര്‍ഷികേതര ഹ്രസ്വകാല വായ്പയ്ക്ക് ഈടാക്കി വന്നിരുന്ന ഏഴുശതമാനം പലിശ ആദ്യഘട്ടത്തില്‍ അഞ്ചര ശതമാനമായും വാര്‍ഷിക ജനറല്‍ ബോഡിയില്‍ നാലര ശതമാനവുമായി കുറച്ചു. ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് യു.എ ലത്തീഫ് എം.എല്‍.എ ജനറല്‍ബോഡി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു.
പലിശ 4 ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതിക്കും ജനറല്‍ മാനേജര്‍ക്കും കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ നേരത്തേ നിവേദനം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കൃത്യമായി തിരിച്ചടക്കുന്ന എല്ലാ വായ്പകള്‍ക്കും പലിശയില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥും ജില്ലാ ബാങ്ക് പ്രസിഡന്റ് യൂ.എ ലത്തിഫിന് വീണ്ടും കത്ത് നല്‍കി.