പ്രതിമകള്‍ തലയറ്റു വീഴുമ്പോള്‍

Deepthi Vipin lal

(2020 ആഗസ്റ്റ് ലക്കം)

മിര്‍ ഗാലിബ്

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവം അമേരിക്കയെ മാത്രമല്ല യൂറോപ്പിനെയും ആഫ്രിക്കയെയും
ഏഷ്യയെയും ഇളക്കിമറിക്കുകയാണ്. വംശീയതക്കെതിരായ രോഷം ചരിത്രത്തിലേക്കും ഇറങ്ങിച്ചെന്നതോടെ പലരുടെയും പ്രതിമകള്‍ നിലംപൊത്തുകയാണ്.

വംശീയത അമേരിക്കയെ പിടിച്ചുലയ്ക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമായി തുടരുകയാണ്. ജനാധിപത്യ ഭരണക്രമത്തിലേക്ക് ചുവടുവെച്ചിട്ട് കാലമേറെയായെങ്കിലും വംശീയാതിക്രമങ്ങള്‍ എന്നും അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്. ജനാധിപത്യ ധ്വംസനത്തിന്റെയും മനുഷ്യാവകാശ നിഷേധത്തിന്റെയും പേരില്‍ മറ്റു രാജ്യങ്ങളെ വിമര്‍ശിക്കാനും വരുതിയില്‍ നിര്‍ത്താനും ശ്രമിക്കുന്ന യു.എസ്. ഭരണകൂടത്തിന്റെ വിട്ടുമാറാത്ത തലവേദനയായി വംശീയത മാറുന്നു.

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ടുകള്‍ക്കിടയിലമര്‍ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണല്ലോ യു.എസ്സിലെ വംശീയാതിക്രമ പരമ്പരയിലെ ഒടുവിലത്തെ സംഭവം. പതിവില്‍നിന്ന് വ്യത്യസ്തമായി, ഒരു കറുത്ത വര്‍ഗക്കാരന്റെ കൊലപാതകം സൃഷ്ടിച്ച പ്രക്ഷോഭം അമേരിക്കന്‍ ഐക്യനാടിലൊതുങ്ങിയില്ല. യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറി. മാത്രമല്ല, വംശീയതയ്‌ക്കെതിരായ രോഷം ചരിത്രത്തിലേക്കും ഇറങ്ങിച്ചെന്നു.

ചരിത്രത്തില്‍ വംശീയതയുടെ കൊടിയടയാളങ്ങളായ നേതാക്കളുടെ പ്രതിമകള്‍ പ്രതിഷേധാഗ്‌നിക്കിരയായി. ചരിത്രത്തില്‍ അവര്‍ വഹിച്ച അധികാരസ്ഥാനങ്ങള്‍ നോക്കാതെ, വംശീയതയുടെ പേരില്‍ മനുഷ്യനെ വിഭജിക്കുന്ന അവരുടെ നിലപാടുകള്‍ തുറന്നുകാട്ടപ്പെട്ടു. വെളുത്ത നിറത്തിന് മേന്മ കല്‍പ്പിക്കുന്നതോ വംശീയതയുടെ സുചകമായതോ ആയ പേരുകള്‍ ഉപേക്ഷിക്കാന്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ തയാറായി എന്നതും ഈ പ്രക്ഷോഭങ്ങളുടെ അതി ശ്രദ്ധേയമായ ഫലമായിരുന്നു. വംശീയതയ്‌ക്കെതിരായ വേറിട്ടതും വീറുറ്റതുമായ പോരാട്ടത്തിനാണ് ജോര്‍ജ് ഫ്‌ളോയിഡിന്റെ നിഷ്ഠുര കൊലപാതകം വഴിയൊരുക്കിയത്.

നീചമായ കൊല

എട്ടു മിനിറ്റ് 46 സെക്കന്‍ഡിലാണ് ലോകത്തെ ഞെട്ടിച്ച ആ നിഷ്ഠുര കൊലപാതകം നടന്നത്. ഡെറിക് ഷോവിന്‍ എന്ന വെളുത്ത പോലീസുകാരനാണ് തന്റെ മൂന്നു സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയത്. സിഗരറ്റിന്റെ വിലയായി കള്ളനോട്ട് നല്‍കിയെന്ന പരാതിയിലാണ് ഈ പോലീസുകാരന്‍ അമേരിക്കയിലെ മിനിയാപോളിസില്‍വെച്ച് ‘ശിക്ഷ’ നടപ്പാക്കിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്‌ളോയിഡിന്റെ നിലവിളി ആ പോലീസുകാര്‍ ചെവിക്കൊണ്ടില്ല. ജീവനു വേണ്ടി പിടഞ്ഞ ഫ്‌ളോയിഡിന്റെ എട്ടു മിനിറ്റിലെ ഈ രോദനം ഉയര്‍ത്തിക്കാട്ടിയാണ് ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭകാരികള്‍ തെരുവുകളില്‍ പ്രതിഷേധിച്ചത്.

വേരുറച്ച വംശീയത

സമൂഹത്തില്‍ ആഴത്തില്‍ വേരുറച്ചു പോയ വംശീയതയെയാണ് സിസ്റ്റമിക് റേസിസം (വ്യവസ്ഥാപരമായ വംശീയത ) എന്നു പറയുന്നത്. ഇത്തരം വംശീയ ബോധം തലമുറകളോളം നിലനില്‍ക്കുമെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രതിലോമകരമായ വശം. ഇന്ത്യയിലെ ജാതിവ്യവസ്ഥയും ഒരര്‍ഥത്തില്‍ സിസ്റ്റമിക് റേസിസത്തിന്റെ ഉദാഹരണമാണ്. യൂറോപ്പിലും ഈ വംശീയബോധം നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഇതേറ്റവും തീവ്രമായി അനുഭവപ്പെടുന്നത് അമേരിക്കയിലാണ്.

ബ്രിട്ടീഷ് സാമ്രാജ്യമാണ് ഇന്നത്തെ അമേരിക്കന്‍ ഭരണക്രമത്തിന്റെ മുന്‍ഗാമി. പതിനാറാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടീഷുകാര്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ 13 കോളനികള്‍ സ്ഥാപിച്ചു. തദ്ദേശീയരായ റെഡ് ഇന്ത്യന്‍സുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടാണ് ബ്രിട്ടന്‍ അവിടെ ആധിപത്യം സ്ഥാപിച്ചത്. തങ്ങളുടെ തോട്ടങ്ങളില്‍ പണിയെടുക്കാനായി ആഫ്രിക്കയില്‍ നിന്ന് നാല് ലക്ഷത്തോളം അടിമകളെയാണ് ബ്രിട്ടീഷുകാര്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. കറുത്ത വര്‍ഗക്കാരായ ഇവരുടെ പിന്മുറക്കാരാണ് ഇന്നത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍. യു.എസ്. ജനസംഖ്യയില്‍ 12.1 ശതമാനം ( 3.6 കോടി ) വരും അവര്‍. അമേരിക്കയിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെയും എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരങ്ങളുടെയുമൊക്കെ ഫലമായി അടിമവ്യവസ്ഥ യു.എസില്‍ നിയമം മൂലം നിരോധിച്ചു. ജനാധിപത്യ ഭരണഘടന നിലവില്‍വന്നതോടെ പൗരന്‍മാര്‍ക്കിടയില്‍ നിയമപരമായ തുല്യത സ്ഥാപിക്കപ്പെട്ടു.

വംശീയ വിവേചനങ്ങളെ നിയമംമൂലം വിലക്കിയെങ്കിലും അമേരിക്കന്‍ സമൂഹത്തില്‍ വേരുറച്ചുപോയ വംശീയ മനോഭാവത്തിന് മാറ്റം വരുത്താന്‍ ഈ നിയമ നിര്‍മാണങ്ങള്‍കൊണ്ട് കഴിഞ്ഞില്ല. പല മേഖലകളില്‍ ആഫ്രിക്കന്‍ – അമേരിക്കന്‍ വംശജന്‍ അവഗണന നേരിട്ടു. അവര്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലവും തുടര്‍ന്നു. ക്രമസമാധാന പാലനത്തിലും നീതിനിര്‍വഹണത്തിലും അവര്‍ വിവേചനം നേരിട്ടു. സാമ്പത്തികമായി അവര്‍ ഏറ്റവും പിന്നാക്കമായി മാറി. തൊഴിലില്ലായ്മ അവര്‍ക്കിടയില്‍ കൂടി. വംശീയ വിവേചനത്തിന്റെ പേരില്‍ 1960 കളില്‍ അമേരിക്കയില്‍ നടന്ന കലാപങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. ഈ കലാപങ്ങള്‍ പിന്നീട് അടിച്ചമര്‍ത്തി. ഇതേക്കുറിച്ച് പഠിച്ച കെര്‍ണര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് വെള്ളക്കാരന്റെ വംശീയ മനോഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ്.

പോലീസ് സേനയില്‍ കറുത്ത വംശജരോട് എന്നും വിവേചനം നിലനിന്നിരുന്നു. 2012 ല്‍ ട്രെയ്വണ്‍ മാര്‍ട്ടിന്‍ എന്ന പതിനേഴുകാരനെ ജോര്‍ജ് സിമ്മര്‍മാന്‍ എന്ന വെള്ളക്കാരനായ പോലീസുകാരന്‍ വെടിവെച്ചു കൊന്നിരുന്നു. എന്നാല്‍, സിമ്മര്‍മാന്‍ ശിക്ഷിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് ‘ബ്ലേക്ക് ലൈവ്‌സ് മാറ്റര്‍’ ( Black Lives Matter ) എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. ഇപ്പോള്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നതും ഈ സംഘടനയാണ്.

2014 ല്‍ മൈക്കല്‍ ബ്രൗണ്‍, 2015 ല്‍ ഫ്രെഡിഗാരി എന്നീ കറുത്ത വര്‍ഗക്കാരും വംശീയ വിദ്വേഷത്താല്‍ കൊല്ലപ്പെട്ടു. എന്നാല്‍, അക്കാലത്തൊക്കെ അരങ്ങേറിയതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയിലായിരുന്നു ഇത്തവണത്തെ പ്രക്ഷോഭം. മാനവികതയുടെ സന്ദേശമുയര്‍ത്തി നടന്ന പ്രക്ഷോഭത്തില്‍ വന്‍തോതില്‍ വെളുത്ത വര്‍ഗക്കാര്‍ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധാത്മകമായ നിലപാടാണ് ഈ ജനകീയ പ്രക്ഷോഭത്തോട് സ്വീകരിച്ചത്. സമരം നടത്തുന്ന സ്വന്തം പൗരന്മാരെ പട്ടാളത്തെയിറക്കി നേരിടുമെന്നുവരെ ട്രംപ് ഭീഷണി മുഴക്കി.

ചരിത്രത്തിലേക്കിറങ്ങുന്ന പ്രതിഷേധം

കോവിഡ് – 19 ഭീഷണിയെ വകവെയ്ക്കാതെ കറുത്തവനും വെളുത്തവനും ഒരുമിച്ചിറങ്ങി പോരാടിയെന്നതില്‍ ഒതുങ്ങുന്നില്ല ഈ പ്രക്ഷോഭത്തിന്റെ വീര്യം. ഭൂതകാലത്തിലേക്കിറങ്ങി അത് ഭാവിതലമുറയ്ക്ക് ഒരു വലിയ സന്ദേശം നല്‍കുന്നുണ്ട്. വംശീയതയെ ഉയര്‍ത്തിപ്പിടിച്ച ചരിത്രത്തിലെ വലിയ നേതാക്കളുടെയെല്ലാം പ്രതിമകള്‍ പ്രക്ഷോഭകരുടെ രോഷത്തിനിരയായി. ജൂണ്‍ 11 ന് മിയാമിയില്‍ പ്രക്ഷോഭകര്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയുടെ തലയൊടിച്ചു. അമേരിക്ക കണ്ടുപിടിച്ചയാള്‍ എന്ന നിലയില്‍ നമ്മള്‍ സ്‌കൂളുകളില്‍ പഠിച്ച കൊളംബസാണ് അമേരിക്കയിലേക്ക് അടിമകളെ കൊണ്ടുവന്നത്. മിനസോട്ട, റിച്ച്മണ്ട്, വെര്‍ജീനിയ, ബോസ്റ്റണ്‍, സെന്റ് പോള്‍ എന്നിവിടങ്ങളിലും കൊളംബസിന്റെ പ്രതിമകള്‍ ആക്രമണത്തിനിരയായി.

ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് സെസില്‍ റോഡ്‌സിന്റെ പ്രതിമ നീക്കണമെന്നാവശ്യപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്വാര്‍ഥികള്‍ സമരം നടത്തി. ബ്രിട്ടീഷ് നാവികന്‍ ക്യാപ്റ്റന്‍ ജോണ്‍ ഹാമില്‍ട്ടന്റെ വെങ്കലപ്രതിമ ന്യൂസിലാന്‍ഡിലെ ഹാമില്‍ട്ടണ്‍ നഗരത്തില്‍നിന്ന് നീക്കി. രസകരമായ കാര്യം, ആ നഗരം തന്നെ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണെന്നതാണ്. ഗോത്രവര്‍ഗക്കാരുടെ കൊലയാളി എന്ന വിമര്‍ശനം ഹാമില്‍ട്ടണ്‍ നേരിടുന്നുണ്ട്. 1860 ല്‍ ആയിരക്കണക്കിന് മാവോരി ഗോത്രവര്‍ഗക്കാരെ കൂട്ടക്കുരുതി നടത്തിയത് ഹാമില്‍ട്ടന്റെ നേതൃത്വത്തിലായിരുന്നു. ഗോത്രവര്‍ഗക്കാരുടെ ആവശ്യപ്രകാരമാണ് പ്രതിമ നീക്കിയത്.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന വിശുദ്ധ ജൂനി പെറോയുടെ പ്രതിമയും പ്രക്ഷോഭകാരികള്‍ തകര്‍ത്തു. പതിനെട്ടാം നൂറ്റാണ്ടിലെ കത്തോലിക്കാ മെഷിണറിയായിരുന്നു ജൂനി പെറോ. കയറുകൊണ്ട് പ്രതിമ നിലത്ത് വലിച്ചിട്ട് മുഖം ചുവന്ന പെയിന്റടിച്ച് വികൃതമാക്കി. ജൂനി പെറോ യൂറോപ്യന്‍ കോളണിവത്കരണത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മിഷണറി ദൗത്യങ്ങള്‍ തദ്ദേശീയരെ നിര്‍ബന്ധിത സേവനങ്ങള്‍ക്ക് പ്രേരിപ്പിച്ചിരുന്നുവെന്നും ആരോപിച്ചാണ് പ്രക്ഷോഭകര്‍ പ്രതിമ വലിച്ചു താഴെയിട്ടത്. അമേരിക്കയിലും യൂറോപ്പിലുമുള്ള മറ്റനേകം പ്രമുഖരുടെ പ്രതിമകളും പ്രതിഷേധാഗ്‌നിക്കിരയായിട്ടുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകള്‍ പ്രക്ഷോഭകരുയര്‍ത്തിയ ഭീഷണിയെത്തുടര്‍ന്ന് മറച്ച് സൂക്ഷിക്കുന്നുമുണ്ട്.

പേരുകള്‍ മാറുന്നു

വംശീയതയുടെ സൂചകങ്ങളായ പേരുകള്‍ മാറ്റാന്‍ വന്‍കിട കമ്പനികളും സ്ഥാപനങ്ങളും മുന്നോട്ടുവരുന്നുവെന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും ശ്രദ്ധേയവും ശുഭകരവുമായ ഫലം. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഫെയര്‍ ആന്‍ഡ് ലവ് ലി എന്ന ഉത്പന്നത്തില്‍നിന്ന് ഫെയര്‍ എന്ന ഭാഗം എടുത്തുമാറ്റി. ഗ്ലോ ആന്‍ഡ് ലവ്‌ലി എന്നു മാത്രമാണ് ഇനി ഉല്‍പ്പന്നം അറിയപ്പെടുക. സ്ലേവ്‌സ് എന്ന പ്രമുഖ യു.എസ്. മ്യൂസിക് കമ്പനി പേരു മാറ്റുമെന്ന് പ്രഖ്യാപിച്ചു. അടിമത്തത്തെ സൂചിപ്പിക്കുന്ന സ്ലേവ്‌സ് എന്ന പേരാണ് പ്രശ്‌നം. കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ചിട്ടില്ല. യു.എസ്സിലെ ജെഫേഴ്‌സണ്‍ ഏരിയ ബില്‍ഡേഴ്‌സിന്റെ പേര് ചാര്‍ലോട്ടെസ് വില്ലെ എന്നാക്കി മാറ്റി. വംശീയതയുമായുള്ള ജെഫേഴ്‌സന്റെ ബന്ധമാണ് പ്രശ്‌നം. ക്യാപ്റ്റന്‍ കുക്ക് ഹോട്ടലിന്റെ പേര് ഡൈവ് എന്നാക്കി. ഗോത്രവര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിലെ ജെയിംസ് കുക്കിന്റെ പങ്കാളിത്തമാണ് പ്രശ്‌നം. യു.കെ.യിലെ ആപ്പിള്‍ ബുച്ചനന്‍ സ്ട്രീറ്റിന്റെ പേര് ആപ്പിള്‍ ഗ്ലാസ്ഗോ എന്നാക്കി. അടിമ വ്യാപാരവുമായി ബുച്ചനനുള്ള ബന്ധമാണ് കാരണം. ഇങ്ങനെ വംശീയത പേറുന്ന ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും തെരുവുകളുടെയുമൊക്കെ പേരുകളാണ് മാറ്റിയത്.

ഉപബോധ തലത്തില്‍പ്പോലും നിറഭേദത്തിന് മഹത്വം കല്‍പ്പിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും മനുഷ്യന്‍ ഒന്നാണെന്നുമുള്ള വലിയ സന്ദേശമാണ് ഈ പ്രക്ഷോഭം പകര്‍ന്നുതന്നത്. സമീപകാല ലോക ചരിത്രത്തിലെ വംശീയതയ്‌ക്കെതിരായ ഏറ്റവും ഉജ്ജ്വലമായ പോരാട്ടമാണ് ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായത്. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ആ പ്രക്ഷോഭം മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നതാണ് ആശാവഹമായ കാര്യം.

 

Leave a Reply

Your email address will not be published.