പുരസ്‌കാരത്തില്‍ ഹാട്രിക്കുമായി നേവല്‍ബേസ് ഉപഭോക്തൃസംഘം

[mbzauthor]

തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാന സഹകരണ അവാര്‍ഡ് നേടിയ
കൊച്ചിന്‍ നേവല്‍ബേസ് ഉപഭോക്തൃ സഹകരണസംഘത്തിനു 59 കൊല്ലത്തെ
പ്രവര്‍ത്തനചരിത്രമുണ്ട്. ഏഴിമലയിലെ നാനൂറോളം പേരടക്കം മൂവായിരത്തോളം
അംഗങ്ങള്‍ സംഘത്തിനുണ്ട്. ദക്ഷിണ നാവികകമാണ്ടിനു കീഴിലെ സിവിലിയന്‍
ജീവനക്കാരും നാവികസേനാംഗങ്ങളുമാണ് അംഗങ്ങള്‍.

തുടര്‍ച്ചയായി മൂന്നൂ തവണ സംസ്ഥാനപുരസ്‌കാരം നേടിയതിന്റെ ഗരിമയിലാണു കൊച്ചിന്‍ നേവല്‍ ബേസ് ഉപഭോക്തൃസഹകരണസംഘം ഇ-161. കൊച്ചി നേവല്‍ബേസും ഫോര്‍ട്ടുകൊച്ചിയിലെ ഐ.എന്‍.എസ്. ദ്രോണാചാര്യയും ആലുവയിലെ നേവല്‍ ആര്‍മമെന്റ് ഡിപ്പോയുമൊക്കെ ഉള്‍പ്പെടുന്ന, കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തെയും അതിനുകീഴില്‍ കണ്ണൂര്‍ ജില്ലയിലെ ഏഴിമലയിലുള്ള നാവിക അക്കാദമിയിലെയും നാവികസേനാംഗങ്ങളുടെയും ഇതരജീവനക്കാരുടെയും സഹകരണസംഘമാണിത്. 1964 ഫെബ്രുവരി 20നു രജിസ്റ്റര്‍ ചെയ്ത് ജൂലായ് ഒന്നിനു പ്രവര്‍ത്തനം ആരംഭിച്ചു. 2019-20 ല്‍ പലവക സഹകരണസംഘവിഭാഗത്തില്‍ മൂന്നാംസ്ഥാനത്തിനും 2020-21 ല്‍ രണ്ടാംസ്ഥാനത്തിനും 2021-22 ല്‍ വീണ്ടും മൂന്നാംസ്ഥാനത്തിനുമുള്ള സംസ്ഥാന സഹകരണവകുപ്പിന്റെ പുരസ്‌കാരം ഈ സംഘം നേടി.

സംഘത്തിന്റെ അറ്റാദായം ഇപ്പോള്‍ 38 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്. 47 കോടിയോളം രൂപ നിക്ഷേപമുണ്ട്. കഴിഞ്ഞ ആറു വര്‍ഷംകൊണ്ടുമാത്രം ഓഹരിമൂലധനം 16.67 ശതമാനം കൂടി. 2017-18 ല്‍ 29.33 കോടി രൂപയായിരുന്ന നിക്ഷേപം ഇപ്പോള്‍ 46.64 കോടിയായി. 59.02 ശതമാനം വര്‍ധന. വായ്പ 27.34 കോടിയില്‍നിന്നു 41.96 കോടിയായി. 34.84 ശതമാനം വര്‍ധന. നിക്ഷേപം കൂടിയതനുസരിച്ചു പലിശച്ചെലവും കൂടി. 2017-18 ല്‍ 2.89 കോടിയായിരുന്ന ചെലവ് 22-23 ല്‍ 4.12 കോടിയായി. പലിശവരുമാനം 2.32 കോടിയില്‍നിന്ന് 4.06 കോടിയായി. 50 ലക്ഷം രൂപയുടെവരെ ഓഹരിമൂലധനം സമാഹരിക്കാന്‍ സംഘത്തിന് അധികാരമുണ്ട്. ഇത് ഒരു കോടിയായി വര്‍ധിപ്പിക്കാനും സി ക്ലാസ് അംഗത്വംകൂടി ഏര്‍പ്പെടുത്താനും നിയമാവലിഭേദഗതിക്കു സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. 2021-22 ലെ വാര്‍ഷികറിപ്പോര്‍ട്ടനുസരിച്ചു 38,01,900 രൂപയാണു സംഘത്തിന്റെ പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം. 1,36,000 രൂപയുടെ ഓഹരി സര്‍ക്കാരിനുണ്ട്. 43,21,69,629 രൂപയാണു പ്രവര്‍ത്തനമൂലധനം. ഓഡിറ്റ് ക്ലാസിഫിക്കേഷനില്‍ എ ക്ലാസായി അംഗീകരിക്കപ്പെട്ടിട്ടുള്ള സംഘത്തിന് ഒരുകാലത്തും നഷ്ടമുണ്ടായിട്ടില്ല. പത്തു വര്‍ഷത്തിലധികമായി 25 ശതമാനം ലാഭവിഹിതം നല്‍കിവരുന്നു. ദക്ഷിണ നാവികകമാണ്ട് നിയോഗിക്കുന്ന ഉദ്യോഗസ്ഥരും കണ്‍കറന്റ് ഓഡിറ്ററും ചേര്‍ന്നാണു സ്‌റ്റോക്ക് തിട്ടപ്പെടുത്തലും മറ്റും നടത്തുന്നത്.

ഏഴിമലയില്‍
സൂപ്പര്‍മാര്‍ക്കറ്റ്

കൊച്ചി നാവികസേനാത്താവളത്തിലാണു സംഘം ആസ്ഥാനം. സ്ഥലവും ഓഫീസ്‌സൗകര്യങ്ങളും നാവികസേന നല്‍കിയതാണ്. അറ്റകുറ്റപ്പണികള്‍ സംഘംതന്നെ നടത്തുന്നു. സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനവും കമ്പ്യൂട്ടര്‍വത്കൃതമാണ്. താല്‍ക്കാലികക്കാരടക്കം 34 ജീവനക്കാരുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ്, ടെക്‌സറ്റൈല്‍സ്‌ഷോപ്പ്, കാര്‍ഷികോപകരണങ്ങളും വളവും മറ്റും വില്‍ക്കുന്ന ജയ്ജവാന്‍ അഗ്രിഷോപ്പ്, ഫാന്‍സി സ്റ്റോര്‍, ജയ്ജവാന്‍ കഫെറ്റീരിയ എന്ന ഭക്ഷണശാല, ജ്യൂസ്-ഐസ്‌ക്രീം പാര്‍ലര്‍, പഴം-പച്ചക്കറി വില്‍പ്പനശാല, ഫോംമാറ്റിങ്‌സിന്റെ കിടക്കവിരികളും കിടക്കകളുമൊക്കെ വില്‍ക്കുന്ന സ്ഥാപനം എന്നിവ കൊച്ചിയിലെ ആസ്ഥാനത്തോടു ചേര്‍ന്നുതന്നെ പ്രവര്‍ത്തിക്കുന്നു. വെസ്‌റ്റേണ്‍ യൂണിയന്‍ മണിട്രാന്‍സ്ഫറിന്റെ ഒരു വിനിമയസംവിധാനവും ഇവിടെയുണ്ട്. അതുകൊണ്ട് വിദേശത്തുനിന്ന് ആരെങ്കിലും പണമയച്ചാല്‍ ഇവിടെനിന്നു സ്വീകരിക്കാം. ഏഴിമലയില്‍ ഓഫീസും ഒരു സൂപ്പര്‍മാര്‍ക്കറ്റുമുണ്ട്. അവിടെ മൂന്നു ജീവനക്കാരുണ്ട്. സംഘത്തിന്റെ എല്ലാ സ്ഥാപനവും ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ വഴി ബന്ധിതമാണ്. ഏഴിമലയിലെ സംഘം പ്രവര്‍ത്തനങ്ങളും കൊച്ചി നേവല്‍ബേസിലെ സംഘം ഓഫീസില്‍നിന്നാണു നിയന്ത്രിക്കപ്പെടുന്നത്. അവിടെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളുടെ വിലയിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇവിടെനിന്ന് ഓണ്‍ലൈനായാണു ചെയ്യുന്നത്. കുറഞ്ഞവിലയ്ക്ക് ഉയര്‍ന്ന ഗുണമേന്‍മയുള്ള സാധനങ്ങള്‍ നല്‍കുക എന്നതാണു സംഘത്തിന്റെ ലക്ഷ്യം. കഫെറ്റീരിയയില്‍ 10 വര്‍ഷംമുമ്പു നിശ്ചയിച്ച വിലയ്ക്കാണു സാധനങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍പ്പോലും വില കൂട്ടിയിട്ടില്ല. പഴം-പച്ചക്കറി വില്‍പ്പനശാലയില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെയും മത്സ്യഫെഡിന്റെയും ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ പ്രത്യേക ക്രമീകരണമുണ്ട്. കിടക്കകളുടെയും മറ്റും വില്‍പ്പനശാലയില്‍ സംസ്ഥാനസര്‍ക്കാര്‍സ്ഥാപനമായ കേരള ഫോംമാറ്റിങ്‌സ് ഇന്ത്യയുടെ കിടക്കകളും വിരിപ്പുകളുമൊക്കെയാണു വില്‍ക്കുന്നത്.

മൊബൈല്‍ റീച്ചാര്‍ജ്, ഡി.ടി.എച്ച.് റീച്ചാര്‍ജ്, ബില്ലുകള്‍ അടയ്ക്കല്‍, ബാങ്ക് സമയത്തിനുശേഷവും ഏതു ബാങ്കിലേക്കും പണം കൈമാറാനുള്ള സംവിധാനം, റെയില്‍വേ-വിമാന-ബസ് ടിക്കറ്റ് ബുക്കിങ്, ഫോട്ടോസ്റ്റാറ്റ്, കെ.വി. ഫീ ചലാന്‍ ജനറേഷന്‍ തുടങ്ങിയ സേവനങ്ങളും സംഘം നല്‍കുന്നുണ്ട്. ഇടക്കിടെ സംഘം വാഹനവിപണനമേളകള്‍ സംഘടിപ്പിക്കാറുണ്ട്. മൊബൈല്‍ഫോണ്‍ മേളകളും നടത്തും. വാഹനക്കമ്പനികളുടെയും മൊബൈല്‍ഫോണ്‍കമ്പനികളുടെയും സഹകരണത്തോടെയാണിത്. മേളകളില്‍ നാവികസേനാംഗങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ ഓഫറുകളും വിലക്കിഴിവുകളുമുണ്ടാകും. 5.75 കോടി രൂപയാണു സംഘത്തിന്റെ വാര്‍ഷികവില്‍പ്പനവിറ്റുവരവ്.

അംഗങ്ങള്‍ക്ക്
പര്‍ച്ചേസ് ബോണസ്

സംഘത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ അംഗങ്ങള്‍ക്കു വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടും. പല സാധനങ്ങള്‍ക്കും നാവികസേനയുടെ കാന്റീനിലേതിനെക്കാള്‍ വില കുറച്ചു കൊടുക്കാന്‍ സംഘത്തിനു കഴിയുന്നു. മെത്തകള്‍, മിക്‌സര്‍-ഗ്രൈന്റര്‍ തുടങ്ങിയവയ്ക്ക് ഇങ്ങനെ കാര്യമായ വിലക്കുറവ് കിട്ടും. വന്‍തോതില്‍ സാധനങ്ങള്‍ എടുക്കുമ്പോള്‍ വിലയില്‍ കിട്ടുന്ന ആനുകൂല്യം ഉപഭോക്താക്കളുമായി പങ്കുവയ്ക്കുന്നതുകൊണ്ടാണിത്. സംഘത്തിന്റെ പര്‍ച്ചേസ് കമ്മറ്റിയാണു സാധനങ്ങള്‍ വാങ്ങുന്നത്. സംഘത്തിന്റെ പ്രത്യേകതയാണു പര്‍ച്ചേസ് ബോണസ്. ഇതു പണ്ടുമുതലേയുണ്ട്. ഒാരോ അംഗത്തിനും സംഘത്തില്‍നിന്ന് ഒരു വര്‍ഷം സാധനങ്ങള്‍ വാങ്ങാന്‍ ചെലവാക്കിയ തുകയുടെ നിശ്ചിതശതമാനം തുക പര്‍ച്ചേസ് ബോണസായി തിരികെ നല്‍കും. പൊതുയോഗമാണ് ഓരോ വര്‍ഷവും എത്ര ശതമാനമാണു പര്‍ച്ചേസ് ബോണസ് നല്‍കേണ്ടതെന്നു തീരുമാനിക്കുക. കഴിഞ്ഞവര്‍ഷം എട്ടു ശതമാനമായിരുന്നു. ഇത് ഇതുവരെ നല്‍കിയതില്‍വച്ച് ഏറ്റവും ഉയര്‍ന്ന ശതമാനമാണ്. സംഘത്തില്‍ അംഗത്വമെടുക്കുമ്പോള്‍ ഒരു സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. അതുപയോഗിച്ച് മാസം 20,000 രൂപയുടെവരെ സാധനങ്ങള്‍ കടമായി വാങ്ങാം. ഇതു പലിശരഹിതമായി ശമ്പളത്തില്‍നിന്നു പിടിക്കുകയാണു ചെയ്യുക. അംഗങ്ങള്‍ നടത്തുന്ന ഇടപാടുകളുടെ വിവരങ്ങള്‍ അപ്പോള്‍ത്തന്നെ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണ്‍ വഴി അറിയിക്കും.

ഓണത്തിനും ക്രിസ്മസിനും സ്‌കൂള്‍തുറപ്പിനും സംഘം തവണവ്യവസ്ഥയില്‍ വായ്പാഅടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ സംവിധാനം ഒരുക്കാറുണ്ട്. ഇതിനു പലിശയില്ല. ഓണത്തിനു 15,000 രൂപയുടെവരെ തുണിത്തരങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങാം. തുക ആറു മാസംകൊണ്ടു ശമ്പളത്തില്‍നിന്ന് ഈടാക്കും. ക്രിസ്മസിനു കേക്കും തുണിത്തരങ്ങളും നക്ഷത്രങ്ങളുമൊക്കെയായി 6000 രൂപയുടെ സാധനങ്ങള്‍ ഇങ്ങനെ എടുക്കാം. സ്‌കൂള്‍തുറപ്പിനു യൂണിഫോംതുണികളും പുസ്തകങ്ങളും പേനയും പെന്‍സിലും ബാഗുമൊക്കെയായി 6000 രൂപയുടെ സാധനങ്ങള്‍ വാങ്ങാം. ഓണക്കാലത്തു പുറമെയുള്ള തുണിക്കടകളില്‍നിന്നു തുണിത്തരങ്ങള്‍ വാങ്ങണമെന്നുള്ളവര്‍ക്കു സംഘം കൂപ്പണ്‍ നല്‍കും. 15,000 രൂപയുടെവരെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണാണു നല്‍കുക. ഈ തുകയും ആറു തവണകളായി ശമ്പളത്തില്‍നിന്നു പിടിക്കും. ഇതിനു പക്ഷേ, പലിശയുണ്ട്. ഓണത്തിനു മെഗാവില്‍പ്പനമേളയും സംഘം നടത്താറുണ്ട്. ഓരോ ആയിരം രൂപയുടെ വാങ്ങലിനും ഒരു കൂപ്പണ്‍ വീതം നല്‍കും. ഇത് അതതുദിവസം നറുക്കെടുത്തു ഭാഗ്യശാലിക്കു കുട സമ്മാനമായി നല്‍കും. മേള കഴിയുമ്പോള്‍ മെഗാ സമ്മാനങ്ങളുമുണ്ട്. ഒന്നാംസമ്മാനം ഒരാള്‍ക്ക് ഒരു പവന്‍, രണ്ടാംസമ്മാനം രണ്ടുപേര്‍ക്കു മിക്‌സര്‍ ഗ്രൈന്റര്‍, മൂന്നാംസമ്മാനം മൂന്നുപേര്‍ക്കു പെഡസ്റ്റല്‍ ഫാന്‍, നാലാംസമ്മാനം നാലുപേര്‍ക്കു തേപ്പുപെട്ടി, അഞ്ചാംസമ്മാനം അഞ്ചുപേര്‍ക്കു തെര്‍മല്‍ഫ്‌ളാസ്‌ക്, ആറാം സമ്മാനം പത്തു പേര്‍ക്കു കിടക്കവിരി എന്നിങ്ങനെയാണു സമ്മാനങ്ങള്‍.

മരണാനന്തര സഹായം
രണ്ടു ലക്ഷം രൂപ

ഏതെങ്കിലും അംഗം മരിച്ചാല്‍ സംഘം ആ കുടുംബത്തിനു രണ്ടു ലക്ഷം രൂപ നല്‍കും. 2021-22 ല്‍ 13 ലക്ഷം രൂപ ഈയിനത്തില്‍ നല്‍കി.
ഇതുകൂടാതെ ഡെത്ത്-കം-റിട്ടയര്‍മെന്റ്് ഫണ്ടുണ്ട്. അംഗത്വമെടുക്കുമ്പോള്‍ മുതല്‍ എല്ലാ മാസവും ഒരു തുക ഇതില്‍ നിക്ഷേപിക്കേണ്ടതുണ്ട്. 100 രൂപയാണു നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. അംഗം വിരമിക്കുകയോ മരിക്കുകയോ ചെയ്യുമ്പോള്‍ ഈ തുക പലിശസഹിതം തിരിച്ചുനല്‍കും. 12 കോടിയോളം രൂപ ഫണ്ടിലുണ്ട്. 2021-22 ല്‍ ഈ ഫണ്ടിലേക്കു 2,28,76,786 രൂപ പിരിഞ്ഞുകിട്ടി. 60,56,977 രൂപ വിരമിച്ചവര്‍ക്കും സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കും നല്‍കി.

ഇരുചക്ര- നാലുചക്ര വാഹനവായ്പകളും കമ്പ്യൂട്ടര്‍വായ്പകളും ഗൃഹോപകരണവായ്പകളും മൊബൈല്‍ഫോണ്‍വായ്പകളും സംഘം നല്‍കുന്നുണ്ട്. ഒരംഗത്തിനു പരമാവധി 12 ലക്ഷം രൂപവരെ വായ്പ നല്‍കും. ഇത് അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കോ സാധനങ്ങളും വാഹനവും നല്‍കുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ ആണു നല്‍കുക. എല്ലാ വായ്പയ്ക്കും പത്തു ശതമാനമാണു പലിശ. സ്ഥിരനിക്ഷേപ പദ്ധതികളും പ്രതിമാസനിക്ഷേപ പദ്ധതികളുമുണ്ട്. പ്രതിമാസനിക്ഷേപ പദ്ധതികളുടെ ആകെ സല ഒരു കോടി കവിഞ്ഞു. 2000 രൂപ മുതല്‍ തുടങ്ങുന്നു സല. 10,000 രൂപ സലയുള്ളവയുമുണ്ട്. മുപ്പതില്‍പ്പരമുണ്ട് പ്രതിമാസനിക്ഷേപ പദ്ധതികള്‍.

സാമൂഹികക്ഷേമ
പ്രവര്‍ത്തനങ്ങള്‍

നിരവധി സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘം നടത്തുന്നുണ്ട്. 2018 ലെ പ്രളയകാലത്തു നാവികസേന ഒരുക്കിയ ദുരിതാശ്വാസക്യാമ്പിലേക്ക് 22 ലക്ഷം രൂപയുടെ സാധനങ്ങള്‍ ലാഭമെടുക്കാതെ സംഘം നല്‍കി. അംഗങ്ങള്‍ക്കു പ്രളയദുരിതാശ്വാസമായി പലിശരഹിതവായ്പ അനുവദിച്ചു. കോവിഡ്കാലത്തു നിരവധി നിര്‍ധനവിദ്യാര്‍ഥികള്‍ക്കു ടെലിവിഷനും മൊബൈല്‍ഫോണും നല്‍കി. അംഗങ്ങള്‍ക്കു പലിശരഹിതവായ്പയും സൗജന്യകോവിഡ്കിറ്റും കൊടുത്തു. പ്രളയകാലത്ത് അഞ്ചു ലക്ഷം രൂപയും കോവിഡ്കാലത്ത് ഏഴു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി, സി.ബി.എസ്.സി, പ്ലസ് ടു പുരസ്‌കാരങ്ങള്‍ സംഘം നല്‍കുന്നുണ്ട്.

ഏഴിമലയിലെ നാനൂറോളം പേരടക്കം മൂവായിരത്തോളം അംഗങ്ങള്‍ സംഘത്തിനുണ്ട്. ദക്ഷിണ നാവികകമാണ്ടിനു കീഴിലെ സിവിലിയന്‍ ജീവനക്കാരും നാവികസേനാംഗങ്ങളുമാണ് അംഗങ്ങള്‍. വിരമിക്കുന്നതോടെ (നാവികസേനാംഗങ്ങളാണെങ്കില്‍ സ്ഥലംമാറിപ്പോവുകയോ വിരമിക്കുകയോ ചെയ്യുന്നതോടെ) സംഘത്തിലെ അംഗങ്ങളല്ലാതാവും.

പുരസ്‌കാരങ്ങള്‍
നിരവധി

സംസ്ഥാനപുരസ്‌കാരത്തിനു പുറമെ നിരവധി അംഗീകാരങ്ങള്‍ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 2011-12 ലും 2015-16 ലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ഉപഭോക്തൃ സഹകരണസംഘത്തിനുള്ള ജില്ലാ സഹകരണ ബാങ്കിന്റെ പുരസ്‌കാരം, 2015-16 ലും 2018-19 ലും ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള കൊച്ചി സര്‍ക്കിള്‍ സഹകരണയൂണിയന്റെ പുരസ്‌കാരം, 2018-19 ല്‍ കൊച്ചി താലൂക്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചതിനുള്ള പുരസ്‌കാരം, 2019-20 ലും 2020-21 ലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ഉപഭോക്തൃ സഹകരണസംഘത്തിനുള്ള സഹകരണവകുപ്പിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചു. സംസ്ഥാനപുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍ നാവികസേന സംഘത്തെ ആദരിക്കുകയും ആ ചടങ്ങുകളില്‍ വച്ചു പുരസ്‌കാരം നാവികസേനാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി സമര്‍പ്പിക്കുകയും ചെയ്തു. 2019-20 ലെ ഈ സമര്‍പ്പണം നിര്‍വഹിച്ചത് ദക്ഷിണ നാവികസേനാമേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗളയും കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറും ചേര്‍ന്നായിരുന്നു. 2020-21 ലെ സമര്‍പ്പണം നിര്‍വഹിച്ചതു ദക്ഷിണ നാവികസേനാമേധാവി വൈസ് അഡ്മിറല്‍ ഹമ്പിഹോളിയും പ്രിന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറും ചേര്‍ന്നാണ്.

കുറച്ചു വര്‍ഷം മുമ്പുവരെ നാവികസേനാ ഉദ്യോഗസ്ഥര്‍ എക്‌സ്ഒഫീഷ്യോ പ്രസിഡന്റുമാര്‍ ആകുന്ന രീതിയായിരുന്നു. ഇപ്പോള്‍ പ്രസിഡന്റടക്കം എല്ലാ ഡയറക്ടര്‍ബോര്‍ഡംഗങ്ങളും ജീവനക്കാരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണ്. പൊതുവേ ഏകകണ്ഠമായാണു തിരഞ്ഞെടുപ്പുകള്‍ നടക്കാറുള്ളത്. നിലവിലെ ഭരണസമിതിയും എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്. ഷൈബി വര്‍ഗീസാണു പ്രസിഡന്റ്. അദ്ദേഹം നേവല്‍ഷിപ്പ് റിപ്പയര്‍യാര്‍ഡില്‍ മെഷിനിസ്റ്റാണ്. ദിനേഷ് ബോര്‍ജിയ കെ.എക്‌സ.് ആണു വൈസ് പ്രസിഡന്റ്. വിജു പി.വി, അബ്രാര്‍ഷാ എ.പി, സുമേഷ് ഫ്രാന്‍സിസ്, റാഫി എ.എം, റോയി പി.ആര്‍, അര്‍ജുന്‍ കെ.എം, ജിഷ ടി.എ, സ്മിത എം, മമതാരാജ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. അജേഷ്‌കുമാര്‍ കെ ആണു സെക്രട്ടറി. നാവികസേനാ ആസ്ഥാനമേധാവിയാണു സംഘത്തിന്റെ പ്രധാനരക്ഷാധികാരി.

മൊബൈല്‍ ബാങ്കിങ്ങും ഓണ്‍ലൈന്‍ പര്‍ച്ചേസിങ് സൗകര്യവും ഏര്‍പ്പെടുത്തലാണു സംഘത്തിന്റെ ഭാവിപരിപാടികളില്‍ പ്രധാനമെന്നു പ്രസിഡന്റ് ഷൈബി വര്‍ഗീസും സെക്രട്ടറി അജേഷ്‌കുമാറും പറഞ്ഞു. ആദ്യം മൊബൈല്‍ബാങ്കിങ്ങാണു തുടങ്ങുക. രണ്ടാംഘട്ടമായാണ് ഓണ്‍ലൈന്‍ പര്‍ച്ചേസ് സൗകര്യം നടപ്പാക്കുക. ഓണ്‍ലൈന്‍ ബാങ്കിങ്ങിനായി ഒരു ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൊച്ചിന്‍ കമ്പ്യൂട്ടിങ് എന്ന സ്ഥാപനമാണ് ഇതു തയാറാക്കിയിട്ടുള്ളത്. സംഘത്തിന്റെ സോഫ്റ്റ്‌വെയര്‍ ജോലികള്‍ ചെയ്യുന്നത് ഈ സ്ഥാപനമാണ്. മൊബൈല്‍ ബാങ്കിങ് നടപ്പാകുന്നതോടെ വീട്ടിലിരുന്നുതന്നെ അംഗങ്ങള്‍ക്കു ബാങ്കിടപാടുകള്‍ നടത്താം. ഓണ്‍ലൈന്‍ പര്‍ച്ചേസിങ് നടപ്പാകുമ്പോള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യപ്പെടുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കും.

 

                                                              (മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

[mbzshare]

Leave a Reply

Your email address will not be published.