പുനര്‍ജനി പദ്ധതിക്ക് മിഷന്‍ കോഓര്‍ഡിനേറ്ററെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി

moonamvazhi

ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ അംഗങ്ങളായ സഹകരണ സംഘങ്ങളുടെ നവീകരണത്തിന് മേല്‍നോട്ടം ഉറപ്പാക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സാമ്പത്തികവും സാങ്കേതികവും സഹായം ഒരുക്കുന്നതിന് സഹകരണ വകുപ്പ് പുനര്‍ജനി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ‘മിഷന്‍ കോഓര്‍ഡിനേറ്റര്‍’ എന്ന നിലയിലായിരിക്കും പുതിയ നിയമനം.

സംസ്ഥാനത്തെ പട്ടികവിഭാഗക്കാര്‍ അംഗങ്ങളായ സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രത്യേകം ശ്രദ്ധയോടെ ഇടപെടേണ്ടതുണ്ടെന്ന് ജൂണ്‍ ഏഴിന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം വിലയിരുത്തിയിരുന്നു. യോഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് പുനര്‍ജനി പദ്ധതിക്ക് മിഷന്‍ കോഓര്‍ഡിനേറ്ററെ നിയോഗിക്കണമെന്ന് കാണിച്ച് ജൂണ്‍ 30ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു.

വര്‍ക്കിങ് ഗ്രൂപ്പ് യോഗം തീരുമാനിച്ച വ്യവസ്ഥകളോടെ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ഓരോ സംഘവും നടപ്പാക്കുന്ന പ്രൊജക്ടിനെ കുറിച്ച് പഠിച്ച് പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ കറക്ടീവ് ഇന്‍പുട്‌സ് നല്‍കുന്നതിനും, സംഘത്തിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനുമായി ഒരാളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദമുള്ളയാളെ മിഷന്‍ കോഓര്‍ഡിനേറ്ററായി നിയമിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് സ്ഥിര നിയമനം ആയിരിക്കില്ല. കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നതെങ്കില്‍ ഹോണറേറിയത്തിന് പകരം കരാര്‍തുകയായി നിശ്ചയിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കായി ഒട്ടേറെ സഹായ പദ്ധതികള്‍ സഹകരണ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് ഉപയോഗപ്പെടുത്താനുള്ള കാര്യശേഷി സംഘങ്ങള്‍ക്കുണ്ടാകുന്നില്ലെന്നതാണ് പ്രശ്‌നം. പ്രൊജക്ട് അനുസരിച്ചാണ് സാമ്പത്തിക സഹായവും നല്‍കുന്നത്. നല്ല ബിസിനസ് പ്ലാന്‍ ആസൂത്രണം ചെയ്ത് അതിനനുസരിച്ച് പ്രൊജക്ട് തയ്യാറാക്കുന്നതിന് സംഘങ്ങള്‍ക്ക് കഴിയുന്നില്ല. ഇതില്‍ സംഘങ്ങളെ സഹായിക്കുകയും മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും മിഷന്‍ കോഓര്‍ഡിനേറ്ററുടെ ചുമതലയാണ്.

പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ വിവിധ പ്രൊജക്ടുകള്‍ നടപ്പാക്കുന്നതിന് 20 ലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പട്ടികവിഭാഗം യുവജനങ്ങള്‍ക്ക് തൊഴില്‍പരിശീലനം കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവ ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപവരെ അനുവദിക്കുന്നതിനും പദ്ധതിയുണ്ട്. നൂതന പദ്ധതികള്‍ നടപ്പാക്കി സംഘത്തിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് സ്‌പെഷല്‍ റിവൈവല്‍ സ്‌കീം പ്രകാരം 40 ലക്ഷം രൂപവരെ ലഭിക്കും. സംഘത്തെ ലാഭത്തിലേക്ക് എത്തിക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് 50 ലക്ഷം രൂപവരെ സര്‍ക്കാര്‍ അനുവദിക്കും. ഇതെല്ലാം ഉപയോഗപ്പെടുത്താനാവശ്യമായ ഇടപെടലാണ് മിഷന്‍ കോഓര്‍ഡിനേറ്ററിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.

Õ

Leave a Reply

Your email address will not be published. Required fields are marked *

Latest News