പശുക്കള്‍ക്ക് കുത്തിവയ്പ്പില്ല; നിസ്സഹായതയില്‍ ക്ഷീരസംഘങ്ങളും
കാലത്തീറ്റകള്‍ക്ക് വില കുത്തനെ കൂടുന്നു. പാല്‍ വില്‍പനയില്‍നിന്നുള്ള വരുമാനം കുറഞ്ഞു. ലോക്ഡൗണ്‍ കാരണം പച്ചപ്പുല്ല് അടക്കം എത്തിച്ചുനല്‍കാനാകാത്ത സ്ഥിതി. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ് ക്ഷീരകര്‍ഷകര്‍. ഇതിനൊപ്പം, കാലവര്‍ഷത്തിന് മുന്നോടിയായി കന്നുകാലികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവയ്പ്പുകളും ഇത്തവണ മുടങ്ങി. കര്‍ഷകര്‍ക്ക് താങ്ങായി നില്‍ക്കേണ്ട ക്ഷീരസഹകരണ സംഘങ്ങളും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.
മഴക്കാലത്ത് പശുക്കളില്‍ കുരലടപ്പന്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിന്‍ എടുക്കുന്നത് പതിവാണ്. കൊവിഡും ലോക്ഡൗണും മൂലം ഇത്തവണ വാക്സിനേഷന്‍ നടന്നിട്ടില്ല. ഇതിനോടകം തന്നെ നിരവധി പശുക്കള്‍ ചത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുക്കളില്‍ ചര്‍മ്മമുഴ രോഗം സ്ഥിരീകരിച്ചത്. കുളമ്പുരോഗ വ്യാപനവും വലിയ തോതിലുണ്ട്. ആലപ്പുഴ ജില്ലയില്‍ കുളമ്പുരോഗം വ്യാപകമായിട്ടുണ്ട്. അകിടുവീക്കം, ആന്ത്രാക്സ്, എലിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഈ രോഗങ്ങളെ ഫലപ്രദമായി ചെറുത്തുനില്‍ക്കണമെങ്കില്‍ വാക്സിനേഷന്‍ അനിവാര്യമാണ്.
ഒന്നോ രണ്ടോ പശുക്കളുള്ള കര്‍ഷകരൊന്നും ഇന്‍ഷൂറന്‍സിന്റെ ഭാഗമായിട്ടില്ല. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ കന്നുകാലി പരിപാലനത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറീപ്പ്. മഴക്കാലത്ത് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പശുക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കണം. അധികം തണുപ്പേല്‍ക്കാതെ ഇവയെ സംരക്ഷിക്കണം. പനി, താടയില്‍ നീര് എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. ഇത് കുരലടപ്പന്റെ ലക്ഷണങ്ങളാണ്. വെള്ളംകയറി സ്ഥലങ്ങളില്‍ പശുക്കളെ നിറുത്താതിരിക്കാനും ശ്രദ്ധിക്കണം, തൊഴുത്തുകളിലെ വൈദ്യുതബന്ധം പരിശോധിക്കണം, തൊഴുത്ത് വൃത്തിയാക്കി ഈച്ചശല്യം ഒഴിവാക്കണം, തൊഴുത്തില്‍ വെള്ളംകയറിതാല്‍ പശുക്കളെ ടൈല്‍ പാകിയ സ്ഥലങ്ങളില്‍ നിര്‍ത്തരുത്, പശുക്കിടാങ്ങള്‍ക്ക് വിരമരുന്ന് നല്‍കണം. – എന്നിങ്ങനെയുള്ള നിര്‍ദ്ദേശമാണ് കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
കാലത്തീറ്റവില ആവര്‍ത്തിച്ച് കൂടുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരുകാര്യം. 50 കിലോ ചാക്ക് കാലിത്തീറ്റയ്ക്ക് 75 രൂപയാണ് 2 മാസത്തിനുള്ളില്‍ വര്‍ദ്ധിച്ചത്. പാലുത്പാദനം കുറഞ്ഞ സമയത്തെ വിലക്കയറ്റം വലിയ നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മില്‍മ മാത്രമാണ് വിലവര്‍ദ്ധിപ്പിക്കാത്തത്. കഴിഞ്ഞ ആഴ്ച മാത്രം 25 രൂപ കൂടി. ഇപ്പോള്‍ ചാക്കിന് 1195 രൂപയാണ് വില. കാലിത്തീറ്റയ്ക്കുള്ള ചോളം, പരുത്തിക്കുരു, ഗോതമ്പ് എന്നിവ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ ഇവയുടെ വരവും കാര്യമായി കുറഞ്ഞു. എങ്കിലും വിലകൂട്ടാതെ തന്നെ ഡിമാന്‍ഡ് അനുസരിച്ച് നല്‍കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ട്.