നെല്ലിനും തേങ്ങയ്ക്കും പിന്നാലെ തക്കാളി സംഭരണത്തിനും സഹകരണ വകുപ്പ്

moonamvazhi

ഇടനിലക്കാരുടെ ചൂഷണം ശക്തമായപ്പോള്‍ തക്കാളി കര്‍ഷകരെ സഹായിക്കാനും സഹകരണ വകുപ്പ് രംഗത്തിറങ്ങുന്നു. വിലയിടിവില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. നെല്ലും തേങ്ങയും സംഭരിക്കാന്‍ നേരത്തെ തന്നെ സഹകരണ വകുപ്പ് സന്നദ്ധമായിട്ടുണ്ട്. എന്നാല്‍, കൃഷിവകുപ്പിനെയും സപ്ലൈയ്‌ക്കോയേയും സഹായിക്കുക എന്ന ചുമതലയാണ് നെല്ല്- തേങ്ങ സംഭരണത്തില്‍ സഹകരണ വകുപ്പിന് ചെയ്യാനുണ്ടായിരുന്നത്. തക്കാളിയുടെ കാര്യത്തില്‍ സഹകരണ വകുപ്പ് നേരിട്ടാണ് സംഭരണത്തിന് ഇറങ്ങുന്നത്.

15 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതിയാണ് സഹകരണ വകുപ്പ് നടപ്പിലാക്കുന്നത്. പാലക്കാട്, ചിറ്റൂര്‍ പ്രദേശത്തെ തക്കാളി കര്‍ഷകര്‍ക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ ഇടത്തട്ടുകാരില്‍ നിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടല്‍ നടത്തിയത്.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചു കൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടി സഹകരണ വകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആവശ്യമെന്നു കണ്ടാല്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും.

ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറി, അവരെ ചേര്‍ത്തു പിടിക്കാന്‍ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് ഇതിലൂടെ സഹകരണവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്. സഹകരണ വാരാഘോഷത്തില്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച 3 വര്‍ഷത്തേ പ്രത്യേക കര്‍മ്മ പദ്ധതിയില്‍ ഏറ്റവും മുന്‍ഗണന നല്‍കിയത് കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ക്ക് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാര്‍ക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News