നിബന്ധനമാറ്റി; ഇനി എല്ലാ ലേബര്‍ സഹകരണ സംഘങ്ങള്‍ക്കും പൊതുമരാമത്ത് പണി ഏറ്റെടുക്കാം
എല്ലാ ലേബര്‍ സഹകരണ സംഘങ്ങള്‍ക്കും ടെണ്ടറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ പൊതുമാരാമത്ത് വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തുന്നു. തദ്ദേശസ്വയംഭരണമടക്കമുള്ള വകുപ്പുകളിലെ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ലേബര്‍ കോണ്‍ട്രാക്ട് സൈസൈറ്റികള്‍ക്ക് കഴിയാത്ത വിധമായിരുന്നു പോര്‍ട്ടല്‍ തയ്യാറാക്കിയിരുന്നത്. പി.ഡബ്ല്യു.ഡി. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കേ ടെന്‍ഡറില്‍ പങ്കെടുക്കാനാവൂവെന്ന നിബന്ധനവെച്ച് തദ്ദേശസ്ഥാപനങ്ങള്‍ പത്രപ്പരസ്യം ചെയ്തുതുടങ്ങിയതോടെയാണ് സൊസൈറ്റികള്‍ക്ക് ഒരു പ്രവൃത്തിയും ലഭിക്കില്ലെന്ന സാഹചര്യമുണ്ടായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് പി.ഡബ്ല്യു.ഡി. ടെന്‍ഡറും മറ്റും ഓണ്‍ലൈന്‍ സേവനത്തിലേക്കു മാറിയതോടെയാണ് ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ പുറത്തായത്. പി.ഡബ്ല്യു.ഡി. മാന്വല്‍ അനുസരിച്ച് തയ്യാറാക്കിയ പോര്‍ട്ടലില്‍ സൊസൈറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നായിരുന്നു വകുപ്പിന്റെ വാദം. സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമേ ഇതനുസരിച്ച് ലൈസന്‍സിന് അപേക്ഷിക്കാനും ടെന്‍ഡറില്‍ പങ്കെടുക്കാനും കഴിയുമായിരുന്നുള്ളൂ. തദ്ദേശസ്വയംഭരണം, ജലസേചനം, ടൂറിസം തുടങ്ങിയ വകുപ്പുകളിലെ പ്രവൃത്തികള്‍ക്ക് പ്രത്യേക മാന്വല്‍ നിലവിലില്ലാത്തതിനാല്‍ പി.ഡബ്ല്യു.ഡി. മാന്വലാണ് പിന്തുടരുന്നത്.
സംസ്ഥാനത്ത് ഭൂരിപക്ഷം ലേബര്‍ സഹകരണ സംഘങ്ങള്‍ക്കും പി.ഡബ്ല്യു.ഡി. ലൈസന്‍സുള്ളവയല്ല. അതിനാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളടക്കം ഇവയ്ക്ക് വിലക്കു വന്നു. സംഘങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും തീര്‍പ്പുണ്ടായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപച്ചപ്പോഴാണ് അനുകൂല ഉത്തരവുണ്ടായത്. രണ്ടുമാസത്തിനകം പോര്‍ട്ടലില്‍ ആവശ്യമായ മാറ്റംവരുത്തണമെന്നായിരുന്നു കോടതി ഉത്തരവ്.
ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാനും ടെന്‍ഡറില്‍ പങ്കെടുക്കാനും അവസരം ലഭിക്കുംവിധം പൊതുമരാമത്ത് വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാറ്റംവരുത്താന്‍ ഉത്തരവിറങ്ങി. ടെന്‍ഡറില്‍ സൊസൈറ്റികള്‍ക്ക് നല്‍കിയ മുന്‍ഗണനയും പുനഃസ്ഥാപിച്ചു. പി.ഡബ്ല്യു.ഡി. മാന്വലില്‍ ഇതിനാവശ്യമായ ഭേദഗതിവരുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗം തീരുമാനിച്ചിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികള്‍ക്ക് പി.ഡബ്ല്യു.ഡി. ലൈസന്‍സ് നിര്‍ബന്ധമാണ്. മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സഹകരണവകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ഉത്തരവനുസരിച്ച് ലേബര്‍സൊസൈറ്റികള്‍ക്ക് ഏറ്റെടുക്കാം. എക്ലാസ് സൊസൈറ്റികള്‍ക്ക് പരമാവധി 10 കോടി രൂപയുടെയും ബിക്ലാസുകാര്‍ക്ക് അഞ്ചുകോടിയുടെയും സിക്ലാസിന് രണ്ടുകോടിയുടെയും പ്രവൃത്തികളാണ് നടത്താനാവുക. സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെക്കാള്‍ 10 ശതമാനംവരെ ടെന്‍ഡര്‍ തുക കൂടിയാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി നല്‍കാനും കഴിയും.