നഷ്ടപ്പെടുത്തിയോ നീരയുടെ സഹകരണ സാധ്യതകള്‍ ?

moonamvazhi

നീര കേരളത്തിന്റെ തനത് ഉല്‍പ്പന്നമാണ്. ഏറെ പ്രതീക്ഷയോടെയാണു കേരളത്തില്‍ നീര ഉല്‍പ്പാദനം തുടങ്ങിയത്. എന്നാല്‍, തുടങ്ങിയതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതായി എന്നതാണു നീരയുടെ ചരിത്രം. 2014 ലാണു നീര ഉല്‍പ്പാദനം കേരളത്തില്‍ തുടങ്ങിയത്. നീരയും അതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 2014-15 ല്‍ 195 ഗ്രൂപ്പുകള്‍ക്കാണു ലൈസന്‍സ് നല്‍കിയത്. 2015-16 ല്‍ 200 ഗ്രൂപ്പുകള്‍ക്കുകൂടി ലൈസന്‍സ് അനുവദിച്ചു. ഇതിനു ശേഷം നീര ഉല്‍പ്പാദനത്തിനോ വിതരണത്തിനോ സര്‍ക്കാര്‍ പുതിയ ലൈസന്‍സ് നല്‍കിയിട്ടില്ല. അതുമാത്രവുമല്ല, ലൈസന്‍സ് ലഭിച്ച കര്‍ഷകക്കൂട്ടായ്മകള്‍ക്കടക്കം പിന്നീട് മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു വസ്തുത. 2016-17 ല്‍ ലൈസന്‍സ് പുതുക്കിയ കണക്കു നോക്കിയാല്‍ ഇതു മനസ്സിലാകും. ആ വര്‍ഷം 119 പേരാണു ലൈസന്‍സ് പുതുക്കിയത്. 2017-18 ല്‍ ഇതു 71 പേരും 2018-19 ല്‍ 42 പേരുമായി ചുരുങ്ങി. വലിയ പ്രതീക്ഷയോടെ നീരയ്ക്കു വിപണി കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചവര്‍ നിരാശരായി പിന്‍മാറുന്നുവെന്നാണ് ഈ കണക്കു കാണിക്കുന്നത്. തൊഴിലാളി പ്രശ്‌നവും ഉയര്‍ന്ന വിലയുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വലിയ പ്രതീക്ഷയോടെയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ നീര ഉല്‍പ്പാദനത്തിലേക്കു കടന്നത്. കേരകര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും പുതിയ തൊഴില്‍സാധ്യതകളും കേരളത്തിലെ ടൂറിസം മേഖലയിലടക്കം വിപണന സാധ്യതയുള്ളതുമായ ഒരു പദ്ധതി എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചത്. കൃഷി വകുപ്പിനു കീഴില്‍ മാത്രമായി ഒതുങ്ങിയതും സഹകരണ മേഖലയ്ക്കു കാര്യമായ പങ്കാളിത്തം ഇല്ലാതെ പോയതും ടൂറിസം മേഖല ഏറ്റെടുക്കാതിരുന്നതുമാണു നീരയുടെ പതനത്തിനു വഴിയൊരുക്കിയത് എന്നു കാണാനാകും. സഹകരണ സംഘങ്ങളിലൂടെയായിരുന്നു നീരയുടെ ഉല്‍പ്പാദനവും വിപണനവും നടത്തേണ്ടിയിരുന്നത്. ടൂറിസം വകുപ്പ് പൊതുവേ ഇതിന്റെ പ്രചരണവും വിപണന രീതികളും ആസൂത്രണം ചെയ്യേണ്ടതായിരുന്നു. ടൂറിസം സഹകരണ സംഘങ്ങള്‍ക്കു നീരയുടെ വില്‍പ്പനശൃംഖലയില്‍ കണ്ണിയാകാനാകുമായിരുന്നു. കള്ള് ഉല്‍പ്പാദനത്തില്‍പ്പോലും സജീവമായ സഹകരണ സംഘങ്ങള്‍ നീരയുടെ സാധ്യത ഉപയോഗപ്പെടുത്തിയില്ലെന്ന് ഇപ്പോള്‍ വിലയിരുത്തേണ്ടിവരും.

സര്‍ക്കാരുകള്‍ പറഞ്ഞത്

രണ്ടു മുന്നണികള്‍ നേതൃത്വം നല്‍കിയ രണ്ടു സര്‍ക്കാരുകളുടെ കാലം നീരയുടെ ഉല്‍പ്പാദനം തുടങ്ങിയതിനു ശേഷം കഴിഞ്ഞു. മൂന്നാമത്തെ സര്‍ക്കാരാണു പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണത്തിലൂടെ വന്നിട്ടുള്ളത്. നീരയുടെ സാധ്യതയെ ഈ സര്‍ക്കാരുകളൊന്നും തള്ളിക്കളഞ്ഞിട്ടില്ല. 2016 ഫെബ്രുവരി 15ന് അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെയാണ് : ‘തെങ്ങില്‍നിന്നു നീരയും നീരയില്‍നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിലൂടെ കേരകര്‍ഷകരുടെ വരുമാനം കൂട്ടാനും ഈ മേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കാനും സാധിക്കുന്നുണ്ട്. ഇതിലൂടെ പ്രകൃതിദത്തവും ലഹരി മുക്തവും ആരോഗ്യദായകവുമായ പാനീയം ഉപഭോക്താക്കള്‍ക്കു ലഭിക്കും. തെങ്ങില്‍നിന്നു നീരയും തെങ്ങിന്‍പൂങ്കുലയില്‍നിന്നു കേരച്ചക്കരയും ഉണ്ടാക്കുന്നതു സംബന്ധിച്ച് ഡെമോണ്‍സ്‌ട്രേഷനും പരിശീലനത്തിനുമായി ഒരു പൈലറ്റ് പ്രൊജക്ട് 2013-14 ല്‍ നീലേശ്വരം കേന്ദ്രമാക്കി ആരംഭിച്ചിട്ടുണ്ട്. പൈലറ്റ് പ്രൊജക്ടിന്റെ ചെലവിനായി 130 ലക്ഷം രൂപ കാര്‍ഷിക സര്‍വകലാശാലയ്ക്കു നല്‍കി. പൈലറ്റ് പ്രൊജക്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന നീരയുടെ വിതരണച്ചുമതല നാളികേര വികസന കോര്‍പ്പറേഷനാണ്. ഇതിനുള്ള ചെലവുകള്‍ക്കായി 180 ലക്ഷം രൂപ കോര്‍പ്പറേഷന് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള വെന്റിങ് മെഷീന്‍ മുഖേനയും എലത്തൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളിലുള്ള വില്‍പ്പന കേന്ദ്രങ്ങളിലൂടെയും നാളികേര വികസന കോര്‍പ്പറേഷന്‍ നീര വിപണനം നടത്തിവരുന്നു. നാളികേര വികസന കോര്‍പ്പറേഷന്‍ എലത്തൂരില്‍ പ്രതിദിനം 300 ലിറ്റര്‍ നീര ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിച്ച് ഉല്‍പ്പാദനം നടത്തിവരുന്നു. കണ്ണൂരിലെ ആറളത്തു 5000 ലിറ്റര്‍ വീതം രണ്ടു ഷിഫ്റ്റുകളിലായി നീര ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുണ്ട്. കൊല്ലം ജില്ലയിലെ കൈപ്പുഴ നാളികേര ഉല്‍പ്പാദനക്കമ്പനിക്കും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നാളികേര ഉല്‍പ്പാദനക്കമ്പനിക്കും ആലപ്പുഴ ജില്ലയിലെ കരപ്പുറം നാളികേര ഉല്‍പ്പാദനക്കമ്പനിക്കും 50 ലക്ഷം വീതം സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.’ അന്നു മന്ത്രിപറഞ്ഞ കാര്യങ്ങളുടെ സ്ഥിതി അഞ്ചര വര്‍ഷത്തിനു ശേഷം വീണ്ടും പരിശോധിച്ചാല്‍ ചെയ്ത കാര്യങ്ങളും ചെലവഴിച്ച പണവും വെള്ളത്തില്‍ വരച്ച വരപോലെയായെന്നു ബോധ്യമാകും.

നീരയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനവും വിപണനവും ശക്തിപ്പെടുത്തുന്നതിനായി നാളികേര – നീര ബോര്‍ഡ് രൂപവത്കരിച്ചിരുന്നു. 2015 ജൂണ്‍ 26 നാണു ബോര്‍ഡ് രൂപവത്കരിച്ചത്. കൃഷി – എക്‌സൈസ് വകുപ്പുകളുടെ ഏകോപനം ഇതിനു വേണമെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ കാഴ്ചപ്പാട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ചെയര്‍മാനും എക്‌സൈസ് കമ്മീഷണര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായാണു ബോര്‍ഡുണ്ടാക്കിയത്. നീര മാര്‍ക്കറ്റിങ് പ്രമോട്ട് ചെയ്യുക എന്നതായിരുന്നു ബോര്‍ഡിന്റെ പ്രധാന ചുമതല. ഇക്കാര്യത്തില്‍ ബോര്‍ഡും ഒന്നും ചെയ്തില്ല. നീര ബോര്‍ഡ് എന്നതു പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുപോലും വ്യക്തതയില്ലാത്ത അവസ്ഥയിലാണ്. ബോണഫൈഡ് ജാഗറി ഉല്‍പ്പാദകര്‍, കേരള സ്റ്റേറ്റ് ബിവ്‌റേജസ് കോര്‍പ്പറേഷന്‍, കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി, കോക്കനട്ട് പ്രൊഡ്യൂസര്‍ ഫെഡറേഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, കോക്കനട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കേരഫെഡ് എന്നിവയ്ക്കും സംസ്ഥാനത്തു നീര ഉല്‍പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അനുമതി നല്‍കിയിരുന്നു. ആ തീരുമാനം കൊണ്ടും നീരയുടെ തലവരമാറ്റാനായില്ല.

ഒന്നാം പിണറായി സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനില്‍കുമാര്‍ നീരയുടെ ഉല്‍പ്പാദനത്തെക്കുറിച്ചും അതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും 2019 ജുലായ് 19നു നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെയാണ : ‘ നീര ഉല്‍പ്പാദനത്തിനു 540 ലക്ഷം രൂപ ചെലവില്‍ മൂന്നു പൈലറ്റ് യൂണിറ്റുകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ നീലേശ്വരം, വെള്ളാനിക്കര ( തൃശ്ശൂര്‍ ), വെള്ളായണി ( തിരുവനന്തപുരം ) എന്നീ കേന്ദ്രങ്ങളില്‍ ആരംഭിക്കാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ ഒരു പൈലറ്റ് യൂണിറ്റിനു 100 ലക്ഷം രൂപയും റിവോള്‍വിങ് ഫണ്ടായി 30 ലക്ഷം രൂപയും അനുവദിക്കുകയും നീലേശ്വരം കാര്‍ഷിക കോളേജില്‍ ആദ്യത്തെ പൈലറ്റ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ പൈലറ്റ് യൂണിറ്റിലും 1000 ലിറ്റര്‍ നീര ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനും നീര ടെക്‌നീഷ്യന്മാര്‍ക്ക് പരിശീലനം നല്‍കാനുമാണു കാര്‍ഷിക സര്‍വകലാശാല ലക്ഷ്യമിട്ടത്. ഇവ നടപ്പാക്കാന്‍ സര്‍വകലാശാലയ്ക്കു 130 ലക്ഷം രൂപ അനുവദിച്ചു. സര്‍വകലാശാല വികസിപ്പിച്ചെടുത്ത നീര ഉല്‍പ്പാദന സാങ്കേതിക വിദ്യ കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷനു കൈമാറിക്കൊണ്ടുള്ള ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്’. ഈ സര്‍ക്കാര്‍ ഇടപെടലിനു ശേഷവും നീര ലൈസന്‍സ് നേടിയവരുടെ എണ്ണം വര്‍ഷം 42 പേരായി ചുരുങ്ങുകയാണു ചെയ്തത്. 392 പേര്‍ ആവേശത്തോടെ ലൈസന്‍സ് നേടി ഉല്‍പ്പാദനം തുടങ്ങിയിടത്തുനിന്നാണ് ഈ പടിയിറക്കം.

വീണ്ടും പഠിക്കുന്നു

നീരയെ ഇപ്പോഴത്തെ സര്‍ക്കാരും തള്ളുന്നില്ല. പക്ഷേ, അത് എങ്ങനെ വിജയകരമായി നടപ്പാക്കണമെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ് എന്നു മാത്രം. ഇപ്പോഴും സഹകരണ മേഖലയെ ഇതിന്റെ ഭാഗമാക്കികൊണ്ടുള്ള ഒരു പദ്ധതിയും തയാറാക്കിയിട്ടില്ല. അതിനു കൃഷിവകുപ്പും സഹകരണ വകുപ്പും മുന്‍കൈ എടുത്തിട്ടുമില്ല. നീരയുടെ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു വീണ്ടും പഠിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ കൃഷി വകുപ്പ്. പദ്ധതിയുടെ പ്രായോഗികത, നീര കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ, വിപണന സാധ്യത എന്നിവ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഡയരക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി സഹായത്തോടെ പാക്കിങ് യൂണിറ്റ് തുടങ്ങാനും ഏകീകൃത ബ്രാന്‍ഡില്‍ വിപണിയിലിറക്കാനും കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതും എവിടെയും എത്താതിരുന്നിടത്താണു പുതിയ പഠനം.

നീര ഉല്‍പ്പാദനത്തിനായി 29 നാളികേര ഉല്‍പ്പാദകക്കമ്പനികളാണു രൂപവത്കരിച്ചിരുന്നത്. ഇവയ്ക്കു വായ്പനല്‍കിയത് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. ഈ കമ്പനികളെല്ലാം ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതില്‍ 15 കമ്പനികളെ ചേര്‍ത്ത് കണ്‍സോര്‍ഷ്യമുണ്ടാക്കി നീര ടെട്രപാക്ക് യൂണിറ്റ് തുടങ്ങാനായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തീരുമാനം. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി പാലക്കാട് മുതലമടയില്‍ നീര ടെട്ര പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. 25 കോടി രൂപയായിരുന്നു ഇതിനു കണക്കാക്കിയ ചെലവ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരം ഈ പണം ലഭ്യമാക്കി പ്ലാന്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. അതു പക്ഷേ, വിജയം കണ്ടില്ല. ഈ പ്ലാന്റും പദ്ധതിയും ഉല്‍പ്പാദകക്കമ്പനികളുടെ കണ്‍സോര്‍ഷ്യം ഏറ്റെടുക്കാമെന്നാണു 2020 മാര്‍ച്ചില്‍ എടുത്ത ഈ തീരുമാനം. ഇതും ഇതുവരെ നടപ്പായിട്ടില്ല. സര്‍ക്കാര്‍ ഉത്തരവില്ലാതെ പദ്ധതി അംഗീകരിക്കാനാവില്ലെന്നതാണു കിഫ്ബിയുടെ നിലപാട്. ഈ പദ്ധതി എങ്ങുമെത്താതായതോടെ ഉല്‍പ്പാദകക്കമ്പനികളുടെ പ്രവര്‍ത്തനവും നിലച്ചു.

നീരയ്ക്കുവേണ്ടി തുടങ്ങിയ പല കര്‍ഷക ഉല്‍പ്പാദകക്കമ്പനികളും ഇപ്പോള്‍ ജപ്തിഭീഷണിയിലാണ്. നീര ഉല്‍പ്പാദന രംഗത്തു സജീവമായിരുന്ന 11 കമ്പനികള്‍ക്ക് ആകെ 20 കോടി രൂപയുടെ ബാധ്യതയുണ്ട്. കൊല്ലം കൈപ്പുഴയിലെ ഒരു കമ്പനി മാത്രമാണ് ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദിപ്പിക്കുന്നത്. ദിവസം ശരാശരി 500 ലിറ്റര്‍ നീര ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്നു വായ്പയെടുത്ത ഒമ്പതു കമ്പനികള്‍ക്കു പുനരുജ്ജീവന പാക്കേജ് നല്‍കിയതു മാത്രമാണ് ഈ രംഗത്തു സമീപകാലത്തുണ്ടായ ഏക സര്‍ക്കാര്‍ ഇടപെടല്‍. പദ്ധതി ഉപേക്ഷിക്കുന്നില്ലെന്നും എങ്ങനെ പ്രായോഗികമായി നടപ്പാക്കാമെന്നുമാണു സര്‍ക്കാര്‍ പരിശോധിക്കുന്നത് എന്നാണ് ഇപ്പോഴത്തെ കൃഷിമന്ത്രി പി. പ്രസാദ് വിശദീകരിക്കുന്നത്. അതിനുള്ള പഠനമാണു കൃഷിവകുപ്പ് നടത്തുന്നത്.

സാധ്യത ഏറെയുണ്ട്

നീര ഉല്‍പ്പാദനം ഉപേക്ഷിക്കേണ്ട പദ്ധതിയല്ലെന്നാണു നിയമസഭാ സമിതി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. നീരയുടെ സാധ്യതകള്‍ കാണാതെ പോയി എന്നതാണ് ഈ രംഗത്തു സംഭവിച്ച വീഴ്ചയെന്നും എന്തുകൊണ്ട് നീര വേണമെന്നും എങ്ങനെയാണ് അതിന്റെ വിപണനരീതി ഒരുക്കേണ്ടതെന്നും സമിതി വിശദീകരിക്കുന്നുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് : കേരളത്തിലെ കേരകര്‍ഷകര്‍ക്കും ചെത്തുതൊഴിലാളികള്‍ക്കും പുത്തനുണര്‍വും വാനോളം പ്രതീക്ഷയും നല്‍കിക്കൊണ്ടാണു നീര കടന്നുവന്നത്. തെങ്ങ്, കരിമ്പന, ചൂണ്ടപ്പന എന്നിവയുടെ വിരിയാത്ത പൂങ്കുലകള്‍ ചെത്തിയൊരുക്കുമ്പോള്‍ ലഭിക്കുന്ന അശേഷം മദ്യാംശമില്ലാത്തതും മാധുര്യമേറിയതും പുളിക്കാത്തതുമായ പ്രകൃതിദത്ത പാനീയമാണു നീര എന്ന മധുരക്കള്ള്. മനുഷ്യശരീരത്തിലെ പ്രോട്ടീന്‍ നിര്‍മാണത്തെ സഹായിക്കുന്ന ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, വിവിധ വിറ്റാമിനുകള്‍ എന്നിവയുടെ കലവറയാണ് നീര. ധാരാളം പോഷകഗുണമുള്ള നീര പല രോഗങ്ങളുടെയും നിവാരണത്തിനും സിദ്ധൗഷധമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഗുണങ്ങളുണ്ടെങ്കിലും ഇന്നും നീരയെ ലഘുപാനീയത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു സമിതി മനസ്സിലാക്കുന്നു ‘. ആരോഗ്യദായകമായ ഈ പാനീയത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ നീരയെ ഒരു ജനപ്രിയ പാനീയമാക്കുന്നതിനുള്ള വിപണനതന്ത്രം ആവിഷ്‌കരിക്കുകയും വേണമെന്നു സമിതി അഭിപ്രായപ്പെടുന്നു. ഇതില്‍ നമ്മള്‍ വിജയിച്ചാല്‍ നീര സ്വദേശത്തു എന്നപോലെ വിദേശത്തും ഇഷ്ടപാനീയത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുമെന്നു സമിതിക്കു ബോധ്യമുണ്ട്.

കേരളത്തില്‍ വിവിധ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന നീരയ്ക്കു വ്യത്യസ്ത സ്വാദും ഗുണനിലവാരവുമാണുള്ളത്. ഉല്‍പ്പാദനച്ചെലവില്‍ വരുന്ന ഏറ്റക്കുറച്ചിലും ഒരേ ഉല്‍പ്പന്നത്തിനു വ്യത്യസ്ത വില ഈടാക്കുന്നതും നീരയുടെ വിപണനത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നതാണു മറ്റൊരു കാര്യം. അതിനാല്‍ നീര ശേഖരിക്കുന്നതിനു ഒരു കേന്ദ്രീകൃത സംവിധാനവും സംസ്‌കരണത്തിന് ആധുനിക സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കണമെന്നു നിയമസഭാ സമിതി നിര്‍ദേശിക്കുന്നു. ഇപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന നീര ഏകീകൃത ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുകവഴി ഗുണമേന്മ വര്‍ധിപ്പിക്കാനും ചെറുകിട നീര ഉല്‍പ്പാദന യൂണിറ്റുകള്‍ക്കുണ്ടാകുന്ന വലിയ സാമ്പത്തിക ഭാരം ലഘൂകരിക്കാനും സാധിക്കും. നമ്മുടെ സംസ്ഥാനത്തെ ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവുമൂലം നീരയുടെ വില മറ്റു സംസ്ഥാനത്തുള്ളതിനേക്കാള്‍ കൂടുതലാണ്. നീരയുടെ ഉയര്‍ന്ന വില സാധാരണക്കാരെയും തെങ്ങിനു ന്യായമായ പാട്ടം കിട്ടാത്തതിനാല്‍ കേര കര്‍ഷകരെയും കായികാധ്വാനത്തിന് അനുസൃതമായ വരുമാനം ലഭിക്കാത്തതിനാല്‍ നീര ടെക്‌നീഷ്യന്മാരെയും ഈ മേഖലയില്‍നിന്ന് അകറ്റാന്‍ കാരണമായതായി സമിതി നിരീക്ഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ മികച്ച പോഷകഗുണങ്ങളാണു കേരളത്തിലെ നീരയ്ക്കുള്ളതെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുകയും സര്‍ക്കാര്‍ സബ്‌സിഡി കൂടി നല്‍കുകയും ചെയ്യുകയാണെങ്കില്‍ നീരയ്ക്കു വിപണിയുടെ ഉയരങ്ങള്‍ താണ്ടാനാകും.

നീരയില്‍നിന്നുണ്ടാക്കാവുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ പഞ്ചസാര, ഹല്‍വ, ചക്കര, തേന്‍, ബ്രഡ്, ചക്കരക്കുഴമ്പ്, ലെമണ്‍ സ്‌ക്വാഷ് എന്നിവയുടെ ഗുണമേന്മയെകുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരാനും പരസ്യങ്ങളിലൂടെ വിപണി കണ്ടെത്താനും പരിശ്രമം ഉണ്ടാകേണ്ടതുണ്ട്. കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നീരയുടെയും അതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണവും വിപണനവും ഊര്‍ജിതമാക്കുന്നതിനൊപ്പം കേര കര്‍ഷകര്‍ക്കു ന്യായമായ പാട്ടം കിട്ടാനും നീര ടെക്‌നീഷ്യന്മാര്‍ക്കു മെച്ചപ്പെട്ട വേതനം ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. ദൃശ്യ – ശ്രാവ്യ മാധ്യമങ്ങള്‍വഴി പ്രചരണം നടത്തിയും കേരളം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തിയും നീരയുടെയും അതില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണവും വിപണനവും വ്യാപിപ്പിക്കാന്‍ സാധിക്കും – നിയമസഭാ സമിതി റിപ്പോര്‍ട്ടില്‍ പ്രത്യാശിക്കുന്നു.

Leave a Reply

Your email address will not be published.