ദുരിതാശ്വാസ ഫണ്ട് കൈമാറുന്നതിന് കമ്മീഷന് വാങ്ങുന്നതിന് വിലക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുമ്പോള് സഹകരണ ബാങ്കുകള്‍ കമ്മീഷനോ മറ്റ് ചാര്‍ജുകളോ ഈടാക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. എസ്.ബി.ഐ. അടക്കമുള്ള ബാങ്കുകള്‍ നേരത്തെ ഈ നടപടി സ്വീകരിച്ചിരുന്നു. സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഇത് ബാധകമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിറക്കിയത്.
ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്കുന്ന പണം നിക്ഷേപിക്കുന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഓരോ ജില്ലയിലെയും ജോയിന്റ് രജിസ്ട്രാര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
പ്രളയദുരിതത്തില്‍ പാഠപുസ്തകമടക്കം നഷ്ടപ്പെട്ടുപോയ വിദ്യാര്‍ത്ഥികളെ സഹകരണ സ്ഥാപനങ്ങള്‍ സഹായിക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. സംഘത്തിന്റെ പൊതുനന്മാഫണ്ട് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് സംഘങ്ങള്‍ക്ക് പൊതുനന്മാഫണ്ട് ഉപയോഗിക്കാമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപുറമെയാണ് പഠനോപകരണങ്ങള്‍ നല്‍കുന്നതിനും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.