തൃശ്ശൂരില്‍ നടപ്പാക്കിയ ഈ മാതൃക ഓര്‍ക്കുക

[mbzauthor]

ഡോ. എം. രാമനുണ്ണി

( തൃശ്ശുര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍,
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടര്‍ )

സഹകാരികള്‍ക്കിടയില്‍ ആശങ്കയും ആശയക്കുഴപ്പവും പരത്തിക്കൊണ്ട് സഹകരണ ബാങ്കുകളിലെ ഏകീകൃത സോഫ്റ്റ്‌വെയര്‍ പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരികയാണ്. ഈ പശ്ചാത്തലത്തില്‍, തൃശ്ശൂര്‍ ജില്ലയില്‍ കാല്‍ നൂറ്റാണ്ടു മുമ്പാരംഭിച്ച് ക്രമേണ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ഒരു മാതൃകയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ലേഖകന്‍ അനുഭവങ്ങുടെ ബലത്തില്‍ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നു.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണു എന്നന്വേഷിക്കുന്ന ഒരാള്‍ക്കു ഒട്ടനവധി വസ്തുതകള്‍ കണ്ടെത്താന്‍ കഴിയും. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് , ചിന്തിക്കാനുള്ള കഴിവ് എന്നിവയെല്ലാം വ്യത്യാസങ്ങളില്‍പ്പെടുമെങ്കിലും ഏറ്റവും പ്രധാനം മറ്റൊരാളുടെ അനുഭവം അന്വേഷിക്കാനും അറിയാനും മനുഷ്യനു മൃഗങ്ങളേക്കാള്‍ കഴിയുമെന്നതാണ്. മറ്റൊരര്‍ഥത്തില്‍, ഒരു നായ അതിന്റെ ജീവിതകാലത്തു ഓരോ പ്രശ്നത്തെയും നേരിട്ടുകൊണ്ട് സ്വയം പരിഹാരം കണ്ടെത്തുമ്പോള്‍ മനുഷ്യന്‍ തന്റെ സഹജീവികളായ മറ്റു മനുഷ്യരുടെയോ തന്റെ പിതാമഹന്‍മാരുടെയോ അനുഭവത്തെ അവര്‍ രേഖപ്പെടുത്തിയ സാക്ഷ്യപത്രങ്ങളില്‍ നിന്നു വായിച്ചറിഞ്ഞു പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നു. സഹകരണ ബാങ്കുകളുടെ കമ്പ്യൂട്ടര്‍വത്കരണം സംബന്ധിച്ച ചര്‍ച്ചകളും നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണു ഇത്തരമൊരു ചിന്തയിലേക്കു നയിച്ചത്. ‘മൂന്നാംവഴി’യുടെ കഴിഞ്ഞ ലക്കത്തില്‍ കവര്‍സ്റ്റോറിയായി ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ 25 വര്‍ഷം മുമ്പാരംഭിച്ച് പിന്നീട് ഫലപ്രദമായി നടപ്പാക്കി വിജയപഥത്തില്‍ എത്തിച്ച ഒരു മാതൃകയെക്കുറിച്ചു ഈയവസരത്തില്‍ ഓര്‍ക്കുന്നതിനു പ്രസക്തിയുണ്ട്.

എന്താണു തൃശ്ശൂര്‍ മാതൃക ?

സഹകരണ സ്ഥാപനങ്ങളുടെ കാര്യശേഷിയും കര്‍മശേഷിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സിയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ( NCDC ) ആരംഭിച്ച പ്രവര്‍ത്തന പദ്ധതിയാണു ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രോഗ്രാം ( ICDP ). ഈ പദ്ധതി തൃശ്ശൂര്‍ ജില്ലയില്‍ 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1997-98 ല്‍ ഈ പദ്ധതിയുടെ ചുമതലക്കാരനായി പ്രവര്‍ത്തിക്കാന്‍ ഈ ലേഖകനു അവസരം ലഭിച്ചു. സഹകരണ സ്ഥാപനങ്ങളുടെ സംഭരണശേഷി കൂട്ടാന്‍ ഗോഡൗണ്‍ സ്ഥാപിക്കുക, ബ്രാഞ്ചുകളില്‍ കാഷ് കൗണ്ടറും സ്ട്രോങ് റൂമും സ്ഥാപിക്കുക, മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്കു പ്രവര്‍ത്തന മൂലധനം നല്‍കുക എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. എന്നാല്‍, ഭാവിയിലെ സഹകരണ സ്ഥാപനങ്ങള്‍ ശക്തി പ്രാപിക്കണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഉപയോഗം കാര്യക്ഷമമാക്കിയേ പറ്റൂവെന്നു ഐ.സി.ഡി.പി. ടീമിനു ബോധ്യമായിരുന്നു. ഇക്കാര്യം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന മുന്‍ എം.പി. സി.ഒ. പൗലോസ് മാസ്റ്റര്‍ അടക്കമുള്ളവരുമായി സംസാരിച്ച വേളയില്‍ എന്‍.സി.ഡി.സി.യും സംസ്ഥാന സര്‍ക്കാരും അനുവദിക്കുന്ന പക്ഷം ഇതു ഏറ്റെടുക്കാമെന്നു ഈ ലേഖകന്‍ ഉറപ്പു നല്‍കി. തുടര്‍ന്ന് അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് വിഷയം അവതരിപ്പിച്ചു. അന്നുതന്നെ സഹകരണ വകുപ്പ് സെക്രട്ടറിയോടും സഹകരണ സംഘം രജിസ്ട്രാറോടും ഇക്കാര്യം സംസാരിക്കാമെന്നു അദ്ദേഹം ഉറപ്പു നല്‍കി. തുടര്‍ന്ന് സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ എന്‍.സി.ഡി.സി. റീജണല്‍ ഡയരക്ടര്‍ എന്‍.സി ചെല്ലതങ്കം, സഹകരണ വകുപ്പ് സെക്രട്ടറി സി. ചന്ദ്രന്‍ , സഹകരണ സംഘം രജിസ്ട്രാര്‍ ഷീല തോമസ് എന്നിവര്‍ യോഗം ചേര്‍ന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ച കൃത്യമായ ഇടപെടല്‍തന്ത്രം ചിട്ടപ്പെടുത്താന്‍ ആ യോഗം സഹായിച്ചു. പിന്നീട്് ഐ.സി.എം, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ എന്നിവയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസ്റ്റം റിക്വയര്‍മെന്റ് സ്റ്റഡി നടത്താന്‍ ആരംഭിച്ചു. ഈ വേളയിലാണു സഹകരണ ബാങ്കുകളില്‍ അക്കൗണ്ടിങ് രീതികളില്‍ ഒരുവിധ ഏകോപനവുമില്ലെന്നു കണ്ടെത്താന്‍ കഴിഞ്ഞത്. ഇതു സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കുന്നതിനു ഏറ്റവും വലിയ തടസ്സമായിരുന്നു.

അക്കൗണ്ടിങ് ഏകോപനം

സഹകരണ സംഘങ്ങളിലെ അക്കൗണ്ടിങ് രീതി ഏകോപിപ്പിക്കുക എന്നതു ലഘുവായ ജോലിയല്ല. രജിസ്ട്രാറുടെ ഉത്തരവിലൂടെ നടപ്പാക്കാന്‍ കഴിയുന്ന തീരുമാനമല്ല അത്. അതുകൊണ്ടുതന്നെ വിവിധ അക്കൗണ്ടിങ് രീതികളെ ഏകോപിപ്പിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്താന്‍ വിദഗ്ധ സമിതിക്കു രൂപം നല്‍കി. ഈ സമിതിയുടെ റിപ്പോര്‍ട്ട് ജില്ലയിലെ സഹകരണ ജീവനക്കാരുടെയും സഹകരണ വകുപ്പു ദ്യോഗസ്ഥരുടെയും ഏകദിന ശില്‍പ്പശാലയില്‍ അവതരിപ്പിച്ച് ആവശ്യമായ ഭേദഗതികളിലൂടെ ചിട്ടപ്പെടുത്തി. സഹകരണ സംഘം രജിസ്ട്രാര്‍ ഷീല തോമസിന്റെ നേതൃത്വത്തില്‍ രജിസ്ട്രാര്‍ ഓഫീസിലേയും ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേയും വലിയ സംഘം ജീവനക്കാര്‍ ഈ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായി. ഇതേത്തുടര്‍ന്ന് അക്കൗണ്ടിങ് ഏകോപനം സംബന്ധിച്ച ഒരു കൈപ്പുസ്തകം ഐ.സി.ഡി.പി. പ്രസിദ്ധീകരിച്ചു. പിന്നീട് ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ തിരഞ്ഞെടുക്കപ്പെട്ട സഹകരണ സ്ഥാപനങ്ങളില്‍ വെച്ച് വിശദമായ പരിശീലനം നല്‍കി. ഇതിനുശേഷം സോഫ്റ്റ്‌വെയറിന്റെ ആവശ്യകത തിട്ടപ്പെടുത്തിക്കൊണ്ട് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ ( RFP. അന്നു ആര്‍.എഫ്.പി. എന്ന പ്രയോഗം പരിചിതമായിരുന്നില്ല ) ചിട്ടപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൗലോസ് മാസ്റ്റര്‍ ചെയര്‍മാനും ഈ ലേഖകന്‍ കണ്‍വീനറുമായി പ്രാഥമിക സഹകരണ സംഘങ്ങളിലേയും ജില്ലാ ബാങ്കിലേയും ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന ഒരു സമിതിക്കു രൂപം നല്‍കി. ഈ സമിതി മുമ്പാകെ വിവിധ സോഫ്റ്റ്‌വെയര്‍ ദാതാക്കള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ അവതരിപ്പിച്ചു. ഈ അവതരണം കേള്‍ക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയര്‍ ദാതാക്കളെ ഗ്രേഡ് ചെയ്യുന്നതിനും കൃത്യമായ മാര്‍ക്കിടല്‍ രീതി അവലംബിച്ചു. ഇതിന്റെ ഫലമായി ആറ് ഏജന്‍സികളെ സോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുത്തു. ഈ ഏജന്‍സികള്‍ പില്‍ക്കാലത്തു കേരളത്തില്‍ വിവിധ സഹകരണ ബാങ്കുകളില്‍ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുക വഴി ഈ മേഖലകളില്‍ ചിരപ്രതിഷ്ഠ നേടി. കോഴിക്കോട് ജില്ലയിലെ CESIMA, കണ്ണൂര്‍ ജില്ലയിലെ സിലിക്കണ്‍, തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേറ്റ് കമ്പ്യൂട്ടേഴ്സ്, തിരുവനന്തപുരം ഐ.സി.എം. വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ( ഇപ്പോള്‍ അതു യു.എസ്.ടി. ഗ്ലോബല്‍ എന്ന കമ്പനിയാണു ഏറ്റെടുത്തിരിക്കുന്നത് ) , എറണാകുളം ജില്ലയിലെ റീ ഇന്‍ഫോം കമ്പ്യൂട്ടേഴ്സ് തുടങ്ങിയ ആറ് ഏജന്‍സികള്‍ക്കു ജില്ലയിലെ സന്നദ്ധരായ എഴുപതോളം സഹകരണ സംഘങ്ങളെ വീതിച്ചു നല്‍കി.

1998 ല്‍ ഒരു സംഘത്തിനു 12,500 രൂപ നിരക്കിലാണു സോഫ്റ്റ്‌വെയര്‍ നല്‍കിയത്. ഇതിനാവശ്യമായ പണം അതതു സഹകരണ സംഘങ്ങളാണു വഹിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സംഘങ്ങള്‍ക്കു ജില്ലാ ബാങ്ക് കുറഞ്ഞ പലിശക്കു വായ്പ നല്‍കി. പരിശീലനത്തിനാവശ്യമായ മുഴുവന്‍ ചെലവും ഐ.സി.ഡി.പി.യാണു വഹിച്ചത്. ഇതുകൂടാതെ അതതു കമ്പനികളും പരിശീലനം നല്‍കുകയുണ്ടായി.

ഹാര്‍ഡ്‌വെയര്‍ കണ്ടെത്തല്‍

ഇന്നത്തെപ്പോലെ ക്ലൗഡ് സാങ്കേതികവിദ്യ അന്നുണ്ടായിരുന്നില്ല. അതതു സംഘങ്ങളില്‍ ( മിക്കവാറും ഹെഡ് ഓഫീസില്‍ മാത്രം ) സര്‍വറില്‍ ഡാറ്റ സൂക്ഷിക്കുന്ന രീതിയാണു അവലംബിച്ചത്. ഇതിനാവശ്യമായ സര്‍വര്‍, ഡസ്‌ക്‌ടോപ് , കമ്പ്യൂട്ടര്‍, പ്രിന്റര്‍, ബാറ്ററി എന്നിവ മേല്‍ സൂചിപ്പിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ നടപടിയിലൂടെ വാങ്ങി. തുടര്‍ന്ന്, ജില്ലകളിലെ കമ്പ്യൂട്ടര്‍വല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കു ഐ.സി.ഡി.പി. നേതൃത്വപരമായ പങ്കു വഹിച്ചു. എന്‍.സി.ഡി.സി. പില്‍ക്കാലത്തു ആരംഭിച്ച ഐ.സി.ഡി.പി.കളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനാവശ്യമായ തുക വകയിരുത്തുകയുണ്ടായി.

ഇരിങ്ങാലക്കുടക്കടുത്തുള്ള കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കിലാണു കമ്പ്യൂട്ടര്‍വല്‍കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നത്. തൃശ്ശൂര്‍ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പുരോഗതിക്കും വിപുലീകരണത്തിനും ഈ നടപടി വഴിയൊരുക്കി. ഇന്നു സംസ്ഥാന തലത്തില്‍ത്തന്നെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു അംഗീകാരം നേടിയ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് , അടാട്ട് സര്‍വീസ് സഹകരണ ബാങ്ക്, കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് എന്നു തുടങ്ങി മിക്ക സ്ഥാപനങ്ങളും വളര്‍ച്ച നേടിയത് ഈ പ്രവര്‍ത്തനത്തിലൂടെയാണ്.

കമ്പ്യൂട്ടര്‍വല്‍ക്കരണം രണ്ടാംഘട്ടം

2005 നു ശേഷം തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങളെയും കമ്പ്യൂട്ടര്‍വല്‍കരിക്കാനുള്ള ഒരു ബൃഹദ്പദ്ധതിക്കു ജില്ലാ സഹകരണ ബാങ്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി, സഹകരണ സംഘങ്ങള്‍ക്കാവശ്യമായ ധനസഹായവും പരിശീലനവും നല്‍കാന്‍ ജില്ലാ ബാങ്ക് തയാറായി. 2009 ല്‍ തൃശ്ശൂര്‍ ജില്ലാ ബാങ്ക് രാജ്യത്തുതന്നെ ആദ്യമായി അപ്ലിക്കേഷന്‍ സര്‍വീസ് പ്രൊവൈഡര്‍ ( ASP ) എന്ന രീതിയില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ടി.സി.എസ്സിന്റെ അനുബന്ധ സ്ഥാപനമായ സി-എഡ്ജ് ബാങ്കിന്റെ ഡാറ്റ ബോംബെയിലുള്ള ഡാറ്റ സെന്ററിലും ബാംഗ്ലൂരിലുള്ള ഡിസാസ്റ്റര്‍ റിക്കവറി സെന്ററിലും സൂക്ഷിച്ചു. സ്വന്തമായി സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനു പകരം ഉപയോഗിക്കുന്നതിനു വാടക നല്‍കുന്ന ഈ രീതി പിന്നീട് നബാര്‍ഡ് മാതൃകയാക്കി രാജ്യത്തു മുഴുവനായും നടപ്പാക്കി.

ബാങ്കിങ് മേഖലകളില്‍ സാങ്കേതിക വിദ്യയുടെ പ്രയോഗം വര്‍ധിച്ച തോതില്‍ നടപ്പാക്കപ്പെട്ടു. ഇതിന്റെ ഫലമായി മിക്ക ബാങ്കുകളും എ.ടി.എം, സി.ഡി.എം. എന്നിവ സ്ഥാപിച്ചു. 1997 ല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെടുമ്പോള്‍ രാജ്യത്തു കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ ഈ മേഖലയില്‍ കാര്യമായി ഏര്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഇന്നു എല്ലാ ബാങ്കുകളും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വളരുന്ന സ്ഥിതിയിലെത്തി. അതേസമയം, 1997 നു ശേഷം സഹകരണ മേഖലയില്‍ സാങ്കേതികവിദ്യയില്‍ കാര്യമായ ഒരു പുരോഗതിയും ദൃശ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നും സഹകരണ ബാങ്കുകള്‍ തങ്ങളുടെ ശൈശവാവസ്ഥയില്‍ തുടരുകയാണ്.

2010 ല്‍ തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് ആദ്യത്തെ എ.ടി.എം. സ്ഥാപിച്ചു. ( ഇതിനു മുമ്പുതന്നെ എറണാകുളം ജില്ലാ ബാങ്ക് എം.എം. മോനായിയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ ഏറെ പുരോഗതി നേടിയിരുന്നു. ഇവര്‍ സ്വന്തമായി ഡാറ്റ സെന്റര്‍ സ്ഥാപിക്കുകയും എ.ടി.എമ്മുകള്‍ സജ്ജമാക്കുകയും ചെയ്തു ). തൃശ്ശൂര്‍ ജില്ല ഈ കാര്യത്തിലും നല്ല മാതൃക സൃഷ്ടിച്ചു. ജില്ലയില്‍ ജില്ലാ ബാങ്കിന്റെ നേതൃത്വത്തില്‍ 50 എ.ടി.എമ്മും 34 പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 44 എ.ടി.എമ്മും സജ്ജമാക്കി. ഈ എ.ടി.എമ്മുകള്‍ എല്ലാംതന്നെ എന്‍.എഫ്.എസ്. സ്വിച്ചുമായി ബന്ധപ്പെടുത്തിയതിനാല്‍ ഏതു ബാങ്കിന്റെ കാര്‍ഡുകാര്‍ക്കും ഉപയോഗിക്കാവുന്ന അവസ്ഥ കൈവന്നു. കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്ക് , പഴുവില്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നു തുടങ്ങി മിക്ക പ്രാഥമിക സംഘങ്ങളുടെയും എ.ടി.എമ്മുകള്‍ പ്രതിദിനം നൂറിലേറെപ്പേര്‍ പ്രയോജനപ്പെടുത്തുന്ന അവസ്ഥയിലെത്തി. പ്രതിദിനം ഒരു ലക്ഷത്തിലേറെ രൂപ മിക്ക എ.ടി.എമ്മുകളിലും പിന്‍വലിക്കപ്പെടുന്നുണ്ട്. മൂന്നു ലക്ഷവും നാലു ലക്ഷവും അഞ്ചര ലക്ഷവും പ്രതിദിനം പിന്‍വലിക്കപ്പെടുന്ന എ.ടി.എമ്മുകളും പ്രാഥമിക സഹകരണ സംഘങ്ങളുടേതായിട്ടുണ്ട്. ഇതു കൂടാതെ തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിനു സ്വന്തമായി ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ.്ടി. സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഐ.എഫ.്എസ്. കോഡ് റിസര്‍വ് ബാങ്ക് അനുവദിക്കുകയുണ്ടായി. ഇന്നു ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ്, ഫാസ്റ്റ് ടാഗ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നു തുടങ്ങി എല്ലാ ആധുനിക ബാങ്കിങ് സൗകര്യങ്ങളും തൃശ്ശൂര്‍ ജില്ലാ ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധമായിട്ടുണ്ട്.

സംസ്ഥാന തലത്തിലെ പരിശ്രമങ്ങള്‍

രണ്ടായിരത്തിപ്പത്തോടെ കേരളത്തിലെ എല്ലാ ജില്ലാ ബാങ്കുകളും കോര്‍ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി. തുടര്‍ന്ന്, ഈ സംവിധാനം പ്രാഥമിക സംഘങ്ങളിലേക്കുകൂടി നല്‍കുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനകം സംസ്ഥാനത്തെ 80 ശതമാനം പ്രാഥമിക സഹകരണ സംഘങ്ങളും സ്വന്തം നിലയ്‌ക്കോ ഐ.സി.ഡി.പി. സഹായത്താലോ ജില്ലാ ബാങ്ക് നേതൃത്വത്തിലോ കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടു. മിക്ക സംഘങ്ങളും ബ്രാഞ്ച് ബാങ്കിങ്ങില്‍ നിന്നു കോര്‍ ബാങ്കിങ്ങിലേക്കു മാറി. അപൂര്‍വ്വം ചിലവ ക്ലൗഡ് സംവിധാനം പ്രയോജനപ്പെടുത്തി. ഇടുക്കി ജില്ലാ ബാങ്കിന്റെ നേതൃത്വത്തില്‍ 2014 നവംബര്‍ 22നു നടന്ന ഐ.ടി. കോണ്‍ക്ലേവ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു ഗതിവേഗം കൂട്ടാന്‍ സഹായകമായി. തുടര്‍ന്ന് 2015 ഓഗസ്റ്റ് 22 മുതല്‍ 25 വരെ കുമളിയില്‍ നടന്ന വിഷന്‍ 2020 വര്‍ക്ക്ഷോപ്പ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ദിശാബോധം പകര്‍ന്നു.

2016 ല്‍ തൃശ്ശൂര്‍ ജില്ലാ ബാങ്കിന്റെയും ജില്ലയിലെ പ്രാഥമിക സംഘങ്ങളുടെയും കോര്‍ ബാങ്കിങ് സംവിധാനങ്ങള്‍ തമ്മില്‍ പ്രവര്‍ത്തനത്തില്‍ ഏകീകരണം സാധ്യമാക്കി. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഐ.ടി. വ്യാപനം വേഗത്തിലാക്കാനായി സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ കമ്മിറ്റിക്കു രൂപം നല്‍കി. പ്രാഥമിക സംഘങ്ങളില്‍ വന്‍തോതില്‍ മുതല്‍മുടക്കി നടപ്പാക്കിയ സോഫ്റ്റ്‌വെയറുകളെ മാറ്റുന്നതിനു പകരം കാലോചിതമായ പരിഷ്‌കരണത്തിലൂടെ അപ്ഗ്രേഡ് ചെയ്യാനാണു ഈ സമിതി ശുപാര്‍ശ ചെയ്തത്. ഇഫ്ടാസ് അടക്കമുള്ള വലിയ ഏജന്‍സികള്‍ ഈ അവസരം പ്രയോജനപ്പെടുത്താനിറങ്ങി. വ്യത്യസ്ത കമ്പനികളില്‍ നിന്നു വാങ്ങിയ സോഫ്റ്റ്‌വെയറുകള്‍ അവര്‍ ഇടുക്കിയിലും വയനാട്ടിലും നടപ്പാക്കി. ഇതുവഴി ഏകോപനം എന്ന കാര്യം സാധ്യമായില്ലെങ്കിലും ജില്ലാ തലങ്ങളില്‍ ഇടപെടല്‍ ശക്തമാക്കാന്‍ സഹായകമായി. പിന്നീടിവര്‍ സംസ്ഥാനത്തുടനീളം ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഹകാരികളില്‍ നിന്നുള്ള എതിര്‍പ്പു മൂലം നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു.

ഇടുക്കിയിലും വയനാട്ടിലും പ്രാഥമിക സംഘങ്ങള്‍ സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തില്‍ പൂര്‍ണ തൃപ്തരല്ലെന്ന പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണു സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക സംഘങ്ങളുടെ കോര്‍ ബാങ്കിങ് നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം ചര്‍ച്ചാ വിഷയമാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2021 ജനുവരി 13ന് Geo (RT) NO 21/2021/co-op ആയി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം സഹകരണ സംഘം രജിസ്ട്രാര്‍ ചെയര്‍മാനും എന്‍.ഐ.സി., കേരള ബാങ്ക് , ഐ.ടി. മിഷന്‍, PACS എന്നിവയുടെ പ്രതിനിധികള്‍, അഡീഷണല്‍ രജിസ്ട്രാര്‍, നോഡല്‍ ഓഫീസര്‍ ഐ.ടി. എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. ഈ സമിതി ആര്‍.എഫ്.പി. രൂപവത്കരിച്ചതായും സോഫ്റ്റ്‌വെയര്‍ ഏജന്‍സിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടതായും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തില്‍, പ്രാഥമിക സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍കരണം സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കട്ടെ. തൃശ്ശൂര്‍ ജില്ലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു ഈ നിര്‍ദേശങ്ങള്‍.

1. പ്രാഥമിക സഹകരണ സംഘങ്ങളുടെ ആവശ്യം കൃത്യമായി തിട്ടപ്പെടുത്താതെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കുന്നതു ഗുണകരമാവില്ല.
2. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ഉള്‍ക്കൊണ്ടുവേണം സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കാന്‍.
3. നിലവില്‍ കോര്‍-ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിനു കുറെ പണം വിവിധ സംഘങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ഇതു നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ ആരായണം.
4. നിലവിലുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ സഹായത്തോടെയല്ലാതെ ഡാറ്റ മൈഗ്രേഷന്‍ അടക്കമുള്ള പ്രവര്‍ത്തനം സാധ്യമല്ല. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ സഹകരണ സംഘങ്ങളുടെ വിലയേറിയ ഡാറ്റ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
5. പ്രാഥമിക സഹകരണ സംഘങ്ങളിലെ മനുഷ്യവിഭവശേഷി കണക്കിലെടുത്തുവേണം ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കാനും നടപ്പാക്കാ നും. മിക്ക സംഘങ്ങളും സോഫ്റ്റ്‌വെയര്‍ ഏജന്‍സിയുടെ സഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സഹായമില്ലാതായാല്‍ എങ്ങനെ തുടര്‍പ്രവര്‍ത്തനം സാധ്യമാകുമെന്നു ആരായേണ്ടതുണ്ട്.
6. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളിലും പ്രാദേശിക ജീവനക്കാരെയാണു പ്രയോജനപ്പെടുത്തുന്നത്. ഈ കോവിഡ് -19 കാലഘട്ടത്തില്‍ അത്തരക്കാരെ തൊഴില്‍രഹിതരാക്കുന്ന ഒരു നടപടിയിലൂടെ ഏതാനും വന്‍കിടക്കാരെ ഈ മേഖലയിലേക്കു ക്ഷണിച്ചുവരുത്തുന്നതു ആശാസ്യമാണോയെന്നു പരിശോധിക്കണം.
7. കേരള ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേരള ബാങ്കിന്റെ സോഫ്റ്റ്‌വെയറുമായി ഏകോപിപ്പിക്കാനുള്ള സാധ്യതകള്‍ എത്രകണ്ട് ഫലപ്രദമാകുമെന്നു ആലോചിക്കേണ്ടതുണ്ട്.

കാലോചിതമായി പരിഷ്‌കരിക്കണം

ഏതാണ്ട് 25 വര്‍ഷം ഒട്ടനവധി പേര്‍ കൂട്ടായി നടത്തിയ ആലോചനയുടെയും പ്രവൃത്തിയുടേയും ഫലമാണു ഈ മേഖലയുടെ സാങ്കേതിക വിദ്യാവല്‍ക്കരണമെന്നു തൃശ്ശൂരിന്റെ അനുഭവത്തില്‍ നിന്നു തിരിച്ചറിയേണ്ടതാണ്. ഒരുപക്ഷേ, ഐ.ടി. മേഖലയില്‍ വൈദഗ്ധ്യമുണ്ടെങ്കില്‍ക്കൂടിയും ഇത്തരം ഒരു പ്രവര്‍ത്തനത്തിന്റെ വ്യാപ്തി കണക്കിലെടുക്കാതെ ഒരു പ്രധാന തീരുമാനം കൈക്കൊള്ളാന്‍ ഏതാനും പേരെ നിയോഗിക്കുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയണം. ഓരോ സംഘത്തിലും നടപ്പാക്കിയിട്ടുള്ള സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചു വിശദമായി പഠിച്ച് അവയെ കാലോചിതമായി പരിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കുക എന്നതായിരിക്കും പ്രായോഗിക രീതി. ഇതുവഴി അനാവശ്യമായ ചെലവും സമയ നഷ്ടവും ഒഴിവാക്കാനാവും. ഇന്നു എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകളിലും ഒരേ കമ്പനിയുടെ സോഫ്റ്റ്‌വെയറല്ല ഉപയോഗിക്കുന്നതു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അതേസമയം, ഇത്തരത്തില്‍ വ്യത്യസ്തമായ ഏജന്‍സികള്‍ സോഫ്റ്റ്‌വെയര്‍ നല്‍കുന്നതുകൊണ്ട് ബാങ്കിങ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു ഒരുവിധ തടസ്സവും ഉണ്ടാവില്ലെന്നും ഓര്‍ക്കണം.

ഇന്ത്യന്‍ ബാങ്കുകള്‍ അന്താരാഷ്ട തലത്തില്‍ പ്രവര്‍ത്തിക്കുകയും അന്താരാഷ്ട്ര ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കുകളുമായി സേവനം സമന്വയിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പ്രാഥമിക സംഘങ്ങള്‍ക്കു ഒരൊറ്റ സോഫ്റ്റ്‌വെയര്‍തന്നെ വേണമെന്ന ചിന്ത പുന:പരിശോധിക്കേണ്ടതുണ്ട്. വിവിധ കമ്പനികള്‍ സോഫ്റ്റ്‌വെയര്‍ നല്‍കിയ 33 പ്രാഥമിക സംഘങ്ങള്‍ക്കു എ.ടി.എം. അടക്കമുള്ള സൗകര്യങ്ങള്‍ ടി.സി.എസ്സിന്റെ Bancs 24 എന്ന സോഫ്റ്റ്‌വെയറുമായി ഏകോപിപ്പിച്ച് ഒരുക്കിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന തൃശ്ശൂര്‍ ജില്ലയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. അത്യന്തം ഗൗരവമായ ഈ പ്രവൃത്തി ചിട്ടയായ ആസൂത്രണത്തോടും കാര്യമായ ആലോചനകള്‍ക്കു ശേഷവും മാത്രം നടപ്പാക്കേണ്ട ഒന്നാണ്. അതിനാല്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ വേണം സമീപിക്കാന്‍.

[mbzshare]

Leave a Reply

Your email address will not be published.