ഡിജിറ്റല്‍ കറന്‍സിക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു
ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം കൂടിയതോടെ നിയമപരമായി നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഡിജിറ്റല്‍ കറന്‍സിയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് ഈ മേഖലയിലുണ്ടാകുന്ന മാറ്റം. അതുള്‍കൊണ്ട് ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ഡിജിറ്റല്‍ കറന്‍സി ഇറക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതൊക്കെ വിശദമായി പരിശോധിച്ച് നിയമ നിര്‍മ്മാണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിക്കും. ക്രിപ്റ്റോകറന്‍സി കൈകാര്യം ചെയ്യുന്നതില്‍നിന്ന് കമ്പനികളെയും വ്യക്തികളെയും തടയുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ബില്ലിലുണ്ടാവുമെന്നാണ് വിവരം. 2018 – ല്‍ ആര്‍.ബി.ഐ. ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് ബാങ്കുകളെ ആര്‍.ബി.ഐ. തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഇതില്‍ ഇളവുകള്‍ നല്‍കി. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
പുതുതായി രംഗപ്രവേശം ചെയ്തിട്ടുള്ള ക്രിപ്റ്റോകറന്‍സികളുടെ വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കടുത്ത ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഒരു ദേശീയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിഷയം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ തികച്ചും വ്യത്യസ്തമാണെന്ന് ദാസ് പറഞ്ഞു. ഇതിന്റെനേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുക തന്നെ വേണം. എന്നാല്‍ സാമ്പത്തിക സുസ്ഥിരത നോക്കുമ്പോള്‍ ക്രിപ്റ്റോ കറന്‍സിയെന്നത് വലിയ വെല്ലുവിളിയാണ്. ഔദ്യോഗികമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു. ഇതിന്റെ സാങ്കേതിക വശങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരുന്നു. എന്നാല്‍ ഇത് എന്ന് പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.