ജീവനക്കാര്‍ക്കെതിരായ പരാതി : മില്‍മയില്‍ ഇനി അച്ചടക്ക സമിതിയില്ല
സഹകരണ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ ചട്ടപ്രകാരം രൂപവത്കരിക്കേണ്ട അച്ചടക്കസമിതി മില്‍മയില്‍ ഒഴിവാക്കുന്നു. ഇതിനായി ബന്ധപ്പെട്ട ചട്ടത്തില്‍ നിന്നു മില്‍മക്കും മേഖലാ യൂണിയനുകള്‍ക്കും ഇളവ് നല്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
ജീവനക്കാര്‍ക്കെതിരെ ഗൗരവമുള്ള ആരോപണം ഉയര്‍ന്നാല്‍ പരിശോധിക്കുന്നതിനാണു മൂന്നു അംഗങ്ങളില്‍ കൂടാത്ത അച്ചടക്കസമിതി രൂപവത്കരിക്കണമെന്നു സഹകരണ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ചട്ടം 198 ലാണ് ഇക്കാര്യം പറയുന്നത്. ഉപചട്ടം 2 (എ) അനുസരിച്ചാണു മൂന്നംഗങ്ങളടങ്ങിയ ഉപസമതി രൂപവത്കരിക്കണമെന്നു പറയുന്നത്. ഇതില്‍ പ്രസിഡന്റ് അംഗമാകാന്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. ഉപചട്ടം 2 (ബി) യില്‍ സ്ഥാപനത്തിനുള്ളില്നിന്നോ പുറത്തുനിന്നുള്ള ഏജന്‍സികളില്‍നിന്നോ ലഭിക്കുന്ന പരാതികള്‍ ഈ സമിതിക്കു അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുണ്ട്. ഈ നടപടിയില്‍ ഭരണസമിതിക്കാണ് അപ്പീല്‍ നല്‍കേണ്ടത്.
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്, തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയന്, എറണാകുളം റീജിയണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്, മലബാര്‍ റീജിയണല്‍ സഹകരണ മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയന് എന്നിവിടങ്ങളില്‍ അന്വേഷണത്തിനു ഉപസമിതി രൂപവത്കരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഫെഡറേഷന് മാനേജിങ് ഡയരക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യം പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ന്യായമാണെന്നു ബോധ്യപ്പെടുന്നതിനാല്‍ ചട്ടത്തില്‍നിന്നു ഇളവു നല്‍കുന്നുവെന്നാണു വിജ്ഞാപനത്തിലുള്ളത്. എന്നാല്‍, പൊതുതാല്പര്യം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം, ചട്ടം 198 ഉപ ചട്ടം മൂന്നില്‍ അച്ചടക്ക സമിതിയായി എക്സിക്യുട്ടീവ് കമ്മിറ്റിക്കു പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ട്. ഇത്തരത്തില്‍ എക്സിക്യുട്ടീവ് കമ്മിറ്റി എടുക്കുന്ന നടപടികളിലും ബോര്‍ഡിനാണു അപ്പീല്‍ നല്‍കേണ്ടത്.
ജീവനക്കാര്‍ക്കെതിരായ ചെറിയ അച്ചടക്ക നടപടികള്‍ സെക്രട്ടറിക്കു സ്വീകരിക്കാന്‍ അധികാരമുണ്ട്. ഇതിനെതിരെ അപ്പീല്‍ നല്‍കേണ്ടത് പ്രസിഡന്റിനാണ്. പ്രസിഡന്റ് അപ്പീല്‍ അധികാരി ആയതുകൊണ്ടാണ് അച്ചടക്ക സമിതി രൂപവത്കരിക്കുമ്പോള്‍ അതില്‍ പ്രസിഡന്റ് അംഗമാകാന്‍ പാടില്ലെന്നു ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നടപടിയെടുക്കുന്നവര്‍തന്നെ അപ്പീല്‍ അധികാരിയാകുന്നതു സ്വാഭാവിക നീതിക്ക് എതിരാണെന്ന നിയമതത്വം അനുസരിച്ചാണിത്. അതേസമയം, എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ പ്രസിഡന്റ് അംഗമാണ്. ഉപസമിതിക്ക് പകരം, എക്സിക്യുട്ടീവ് കമ്മിറ്റി അച്ചടക്കസമിതിയായി പ്രവര്‍ത്തിച്ചാല്‍ അപ്പീല്‍ പരിശോധിക്കാനുള്ള പ്രസിഡന്റ് നടപടിയെടുക്കുന്ന സമിതിയിലും അംഗമാകുമെന്ന സ്വാഭാവിക നീതിനിഷേധം ഉണ്ടാകാനിടയുണ്ട്.