ജില്ലാബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസത്തേക്ക് നീട്ടി
ജില്ലാസഹകരണ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ കാലാവധി ബുധനാഴ്ച അവസാനിക്കുമായിരുന്നു. ഇതാണ് 2019 ഏപ്രിൽ 10 വരെ നീട്ടിയത്.
ജില്ലാബാങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാബാങ്ക് എ. ക്ലാസ് അംഗങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, കേരളബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനാല്‍ ഈ ഹരജിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ നിലപാട് ഇനി കോടതി സ്വീകരിക്കാനിടയില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നീട്ടിക്കൊണ്ട് ഇറങ്ങിയ ഉത്തരവില്‍ കേരളബാങ്ക് രൂപവത്കരണത്തെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. ഇതുവരെയുള്ള കാലയളവില്‍ ജില്ലാബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനായില്ലെന്നും അതിനാല്‍, അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കാലവാധി നീട്ടി നല്‍കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2018 ഓക്ടോബര്‍ പത്തുവരെയും ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നതുവരെയോയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമുണ്ടാകുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി തീരുന്നതിന് കേരളബാങ്കിനുള്ള ഓര്‍ഡിനന്‍സ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഓര്‍ഡിനന്‍സിന്റെ കരട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, റിസര്‍വ് ബാങ്ക് അനുമതി കിട്ടിയതിനാല്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ഇതാണ് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയുള്ള ഉത്തരവ് മാത്രമായി ഇറക്കിയത്.