ഗംഗാധരന്‍ വൈദ്യരുടെ സഹകാരി ജീവിതത്തിന് അര നൂറ്റാണ്ട്

അനില്‍ വള്ളിക്കാട്

യൗവന കാലത്തു തുടങ്ങിയതാണു ഗംഗാധരന്‍
വൈദ്യരുടെ സഹകാരിജീവിതം. എണ്‍പത്തിയെട്ടാം
വയസ്സിലുംഅതു തുടരുന്നു. എല്ലാവരെയും ചേര്‍ത്തു
പിടിക്കലാണു വൈദ്യരുടെയും സഹകാരിയുടെയും
കടമയെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

കുട്ടിക്കാലത്തു തുടങ്ങിയ വൈദ്യചികിത്സ. യൗവനത്തില്‍ ആരംഭിച്ച സഹകരണപ്രവര്‍ത്തനം. പാലക്കാട് മേഴത്തൂരിലെ എം. ഗംഗാധരന്‍ വൈദ്യര്‍ ചികിത്സകനായും സഹകാരിയായും നാട്ടുകാരുടെ സേവകനാണ്. നവതിയോടടുക്കുന്ന ഗംഗാധരന്‍ വൈദ്യര്‍ പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണു പാരമ്പര്യ ആയുര്‍വേദചികിത്സ. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ തൃത്താല സഹകരണ ബാങ്കിന്റെ ഡയറക്ടറുമായി. മേഴത്തൂര്‍ ചാത്തര് നായര്‍ സ്മാരക (സി.എന്‍.എസ്.) ചികിത്സാലയത്തിലെ ചീഫ് ഫിസിഷ്യനാണ്. ബാലചികിത്സാ വിദഗ്ദനായ ഗംഗാധരന്‍ വൈദ്യരുടെ കൈകളിലൂടെ കടന്നുപോയ എത്രയോ കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ ജീവിതം കൈവന്നു. എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്നതുതന്നെയാണു സഹകാരിയും വൈദ്യനും ചെയ്യേണ്ടതെന്നു എണ്‍പത്തിയെട്ടുകാരനായ ഗംഗാധരന്‍ വൈദ്യര്‍ പറയുന്നു. അര നൂറ്റാണ്ട് പിന്നിട്ട സഹകാരി ജീവിതത്തിനു നാട്ടുകാരുടെ സ്‌നേഹാര്‍പ്പണമായി ബാങ്ക് ആദരസമ്മേളനമൊരുക്കി

ബാങ്കിന്റെ
വളര്‍ച്ചക്കൊപ്പം

പാലക്കാടിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന തൃത്താല സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്കുണ്ട് ഗംഗാധരന്‍ വൈദ്യര്‍ക്ക്. 1970 ലാണു ബാങ്കിന്റെ ഡയറക്ടറാവുന്നത്. ഓടിട്ട സ്വന്തം കെട്ടിടമാണു അന്നു ബാങ്കിനുണ്ടായിരുന്നത്. പിന്നീട് സ്വന്തമായി നിര്‍മിച്ച കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റി. അവിടെ സൗകര്യക്കുറവ് അനുഭവപ്പെട്ടപ്പോള്‍ ആധുനികസൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ത്തന്നെ കമ്പ്യൂട്ടര്‍വത്കരണം നടത്തിയ ബാങ്കുകളിലൊന്നാണു തൃത്താലയിലേത്. 206 കോടിയോളം രൂപ നിക്ഷേപഭദ്രതയുള്ള സൂപ്പര്‍ ഗ്രേഡ് ബാങ്ക് നീതി മെഡിക്കല്‍ സ്റ്റോറും നീതി മെഡിക്കല്‍ ലാബും നടത്തുന്നുണ്ട്.

യൗവനകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനമാണു ഗംഗാധരന്‍ വൈദ്യരെ സഹകരണ മേഖലയിലേക്ക് എത്തിച്ചത്. വെള്ള ഈച്ചരന്‍, കെ. ശങ്കരനാരായണന്‍, കെ.ആര്‍. നാരായണന്‍ തുടങ്ങിയവര്‍ തൃത്താല മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ഒപ്പം നിന്നു പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണു വൈദ്യരുടെ സഹകരണവഴി തുറന്നത്.

വൈദ്യത്തില്‍
ഗുരുകുലപഠനം

മേഴത്തൂര്‍ മാരിപ്പറമ്പില്‍ ലക്ഷ്മിയമ്മയുടെയും നാരായണന്‍ നായരുടെയും മകനായി 1936 ലാണു ജനനം. വീട്ടില്‍ നിന്നു ഒരു കിലോ മീറ്റര്‍ അകലെയുള്ള തൃത്താല എം.സി.എം.യു.പി. സ്‌കൂളില്‍ എട്ടാം ക്ലാസുവരെ പഠിച്ചു. തുടര്‍ന്നു പഠിക്കാന്‍ കുടുംബത്തിലെ സാമ്പത്തികശേഷി അനുവദിച്ചില്ലെന്നു വൈദ്യര്‍ ഓര്‍ക്കുന്നു. അങ്ങനെയാണു പാരമ്പര്യവൈദ്യനായിരുന്ന ചാത്തര് നായരുടെ കീഴില്‍ ആയുര്‍വേദചികിത്സ അഭ്യസിക്കാന്‍ എത്തുന്നത്. അച്ഛന്റെ ബന്ധുകൂടിയായിരുന്നു ചാത്തര് നായര്‍. തീര്‍ത്തും ഗുരുകുലസമ്പ്രദായത്തിലുള്ള പഠനം. പഠിക്കുന്നതിനിടയില്‍ത്തന്നെ ചികിത്സിക്കാനും തുടങ്ങി. പതിമൂന്നാമത്തെ വയസ്സില്‍ ചികിത്സകനായി. അതു കണക്കിലെടുത്താല്‍ 75 വര്‍ഷത്തെ ചികിത്സാപരിചയം.

ബാലചികിത്സയിലാണു ഗംഗാധരന്‍ വൈദ്യര്‍ക്കു വൈദഗ്ദ്യം. മൂന്നു പതിറ്റാണ്ടിനപ്പുറം പാലക്കാട് നഗരത്തിനടുത്തു താമസിച്ചിരുന്ന ‘പൊള്ളുന്ന ഉണ്ണികളെ’ ചികിത്സിച്ച് അസുഖം ഭേദമാക്കിയതു വൈദ്യര്‍ ഓര്‍ക്കുന്നു. ശരീരം മുഴുവന്‍ പൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതായിരുന്നു കുട്ടികളുടെ അസുഖം. ഇപ്പോഴും വിദൂരദിക്കുകളില്‍നിന്നുപോലും ചികിത്സക്കു കുട്ടികളെയുമെടുത്തു വൈദ്യരുടെയടുത്ത് എത്തുന്നവര്‍ ധാരാളമുണ്ട്.

ഗുരുവിന്റെ ഓര്‍മയ്ക്കായാണു ചികിത്സാലയം തൃത്താല റോഡില്‍ തുടങ്ങിയത്. ചികിത്സാലയത്തിനടുത്തുള്ള വീട്ടില്‍ത്തന്നെയായിരുന്നു
താമസം. പത്തു വര്‍ഷം മുന്‍പ് ഭാര്യ വിജയലക്ഷ്മി മരിച്ചതോടെ ഏകാന്തത തോന്നിത്തുടങ്ങിയെന്നു വൈദ്യര്‍ പറയുന്നു. അതോടെ, ചികിത്സാലയത്തിനു പിറകിലായി മകളുടെ ഭര്‍ത്താവ് നടത്തുന്ന ആരോഗ്യസാധന എന്ന ആയുര്‍വേദ ആശുപത്രിക്കടുത്തേക്കു താമസം മാറ്റി. ആഴ്ചയിലൊരിക്കല്‍ സി.എന്‍.എസ്. ചികിത്സാലയത്തിലെത്തും. ബാക്കിയുള്ള ദിവസങ്ങളില്‍ വീട്ടില്‍ ചികിത്സിക്കും.

ആരോഗ്യസാധനയ്ക്കു പോകുന്ന വഴിക്കുതന്നെയാണു സി.എന്‍.എസ്സിന്റെ മരുന്നു നിര്‍മാണശാലയും. താമസിക്കുന്ന വീടും പരിസരവും പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്നു. ചെറിയ തോതില്‍ ഔഷധത്തോട്ടമുണ്ട്. എന്നാല്‍, മരുന്നു നിര്‍മാണശാലയ്ക്ക് ആവശ്യമായ കൂട്ടുകളിലധികവും പുറത്തുനിന്നു വരണം. അല്‍പ്പം പച്ചക്കറിക്കൃഷിയുമുണ്ട്. ഗംഗാധരന്‍ വൈദ്യരുടെ മൂന്നു മക്കളില്‍ രണ്ടു പേര്‍ ആയുര്‍വേദ ഡോക്ടര്‍മാരാണ്. യശോദാമണിയും മണികണ്ഠനും. മറ്റൊരു മകള്‍ ആനന്ദവല്ലി അമേരിക്കയിലാണ്.

വാവനൂര്‍ അഷ്ടാംഗ ആയുര്‍വേദ കോളേജിന്റെ ചെയര്‍മാനായ വൈദ്യര്‍ക്കു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഈ വര്‍ഷത്തെ പൂമുള്ളി ആറാം തമ്പുരാന്‍ സ്മാരക വൈദ്യശ്രേഷ്ഠ പുരസ്‌കാരവും ഉള്‍പ്പെടും.

ബാങ്കിന്റെ
ആദരം

53 വര്‍ഷമായി ബാങ്ക് ഭരണസമിതി അംഗമായി തുടരുന്ന ഗംഗാധരന്‍ വൈദ്യര്‍ക്ക് ആദരമര്‍പ്പിച്ച് തൃത്താല ബാങ്ക് സംഘടിപ്പിച്ച സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. ബാങ്ക് പ്രസിഡന്റ് കെ.വി. മരയ്ക്കാര്‍ അധ്യക്ഷനായി. കെ.പി.സി.സി. ഉപാധ്യക്ഷന്‍ വി.ടി. ബല്‍റാം മുഖ്യപ്രഭാഷണം നടത്തി. എന്‍. ഷംസുദീന്‍ എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുത്തു.

                                           

                                              (മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)

Leave a Reply

Your email address will not be published. Required fields are marked *

Latest News