ക്ഷേമപെന്‍ഷന്‍: കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കുന്ന സംഘങ്ങളുടെ പലിശനഷ്ടം കേരള ബാങ്ക് നികത്തണം- രജിസ്ട്രാര്‍
കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിലേക്കു പണമടയ്‌ക്കേണ്ടിവരുന്ന സംഘങ്ങള്‍ തങ്ങളുടെ നിക്ഷേപം കാലാവധിയെത്തുംമുമ്പു പിന്‍വലിച്ചാല്‍ അവയ്ക്കുണ്ടാകുന്ന പലിശനഷ്ടം ഒഴിവാക്കിക്കൊടുക്കാന്‍ കേരള ബാങ്ക് നടപടിയെടുക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ കേരള ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കയച്ച കത്തില്‍ നിര്‍ദേശിച്ചു.
സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കാനായി കണ്‍സോര്‍ഷ്യം മുഖേന 2000 കോടി രൂപയാണ് അടിയന്തരമായി സമാഹരിക്കേണ്ടതെന്നു രജിസ്ട്രാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനായി കേരള ബാങ്കിലുള്ള സംഘങ്ങളുടെ നിക്ഷേപം അടിയന്തരമായി പിന്‍വലിക്കേണ്ടതായിവരും. സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം സാമൂഹികപ്രതിബദ്ധത മുന്‍നിര്‍ത്തി കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപം നടത്താനായി സംഘങ്ങള്‍ക്കു കാലാവധിയെത്തുംമുമ്പു തങ്ങളുടെ നിക്ഷേപങ്ങള്‍ കേരള ബാങ്കില്‍നിന്നു പിന്‍വലിക്കേണ്ടിവരും. അപ്പോള്‍ ഇവയുടെ പലിശനഷ്ടം ഒഴിവാക്കാന്‍ കേരള ബാങ്ക് നടപടിയെടുക്കണം. കണ്‍സോര്‍ഷ്യം മുഖേന നിക്ഷേപം നടത്തുന്ന സംഘങ്ങളുടെ വിവരങ്ങള്‍ ഫണ്ട് മാനേജരായ കണ്ണൂര്‍ മാടായി സഹകരണ റൂറല്‍ ബാങ്കിനു യഥാസമയം നല്‍കുകയും വേണം- രജിസ്ട്രാര്‍ നിര്‍ദേശിച്ചു.