ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം; കൂടുതല്‍ പാല്‍ സംഭരിച്ച് തുടങ്ങി; 20 ദിവസത്തേക്ക് സൗജന്യ കാലിത്തീറ്റയും
മലബാര്‍ മേഖലയിലെ പാല്‍ സംഭരണ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമായി. ഉച്ചക്ക് ശേഷം കൂടുതല്‍ പാല്‍ സംഭരിച്ച് തുടങ്ങി. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് 80 ശതമാനം പാല്‍ ആണ് സംഭരിക്കുന്നത്. ക്ഷീര വികസന വകുപ്പും മില്‍മ അധികൃതരും നടത്തിയ ചര്‍ച്ചയില്‍ പാല്‍ സംഭരണം പുനരാരംഭിക്കാന്‍ ധാരണയായിരുന്നു. ചൊവ്വാഴ്ച മുതലാണ് മലബാര്‍ മേഖലയില്‍ വൈകീട്ടത്തെ പാല്‍ സംഭരണം നിര്‍ത്തിയത്. ഉല്‍പാദനം വര്‍ധിച്ചതും കൊവിഡ് സാഹചര്യത്തില്‍ വില്‍പന കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.
അധികമായി സംഭരിക്കുന്ന പാല്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സാമൂഹിക അടുക്കളയിലും എത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇതിനുള്ള നടപടികള്‍ ആവുന്നതേ ഉള്ളൂ. കൊവിഡ് രോഗികളുടെ വീടുകളില്‍ അംഗനവാടികള്‍ വഴി പാലെത്തിക്കാനും ആലോചിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും താമസസ്ഥലങ്ങളിലും പാല്‍ എത്തിക്കും.
മലബാര്‍ മേഖലയില്‍ മാത്രം ദിവസവും എട്ട് ലക്ഷം ലിറ്ററിന് അടുത്താണ് പാല്‍ സംഭരിക്കുന്നത്. വില്‍പന കഴിച്ച് മൂന്നര ലക്ഷം ലിറ്ററിലധികം പാല്‍ ബാക്കിയാവുന്നുണ്ട്. ഈ പാല്‍ അന്യസംസ്ഥാനങ്ങളിലയച്ച് പാല്‍പ്പൊടിയാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രണ്ട് ലക്ഷം ലിറ്ററോളം പാല്‍കൂടുതലായി അയക്കുന്നത് വലിയ പ്രതിസന്ധിയാണ് പാല്‍പ്പൊടി ഫാക്ടറികളില്‍ ഉണ്ടാക്കിയത്.
കൂടുതല്‍ പാല്‍പ്പൊടി നിര്‍മിക്കുന്നതിന് തമിഴ്‌നാട്ടിലെ ഫാക്ടറികളുമായും സംസാരിച്ച് വരുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇത്രയും പാല്‍ , പൊടിയാക്കുന്നത് യൂണിയന് വിലയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒരു കിലോഗ്രാം പാല്‍പ്പൊടി നിര്‍മിക്കുന്നതിന് 350 രൂപയാണ് യൂണിയന് ചെലവ് വരുന്നത്. എന്നാല്‍ 180 രൂപയാണ് വിപണിവില.
ക്ഷീരകര്‍ഷകര്‍ക്ക് 20 ദിവസം കാലിത്തീറ്റ സൗജന്യമായി നല്‍കാനുള്ള മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനവും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ്. മഴ മൂലം കന്നുകാലികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നവര്‍ക്കും ,കൊവിഡ് ബാധിക്കുകയോ നിരീക്ഷണത്തിലാവുകയോ മൂലം പ്രതിസന്ധിയിലാവുകയോ ചെയ്തവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഉത്പാദനക്ഷമതയുള്ള ഉരു ഒന്നിന് 70 രൂപ നിരക്കി കാലിത്തീറ്റ ലഭിക്കും. കര്‍ഷകര്‍ക്ക് മൃഗഡോക്ടറെ വിവരം അറിയിക്കണം. വാര്‍ഡംഗമോ ആര്‍.ആര്‍.ടി. സംഘമോ സാക്ഷ്യപ്പെടുത്തിയ അപേക്ഷ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം.