കോഓപ് മാര്‍ട്ടില്‍ രജിസ്ട്രാര്‍ ഇടപെട്ടു; നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
കോഓപ് മാര്‍ട്ട് പദ്ധതിയിലെ മെല്ലെപ്പോക്ക് പരിഹരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് ഇടപെട്ടു. ഇതിനായി പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെയും സംഘം പ്രതിനിധികളുടെയും അടിയന്തര യോഗം രജിസ്ട്രാര്‍ വിളിച്ചുചേര്‍ത്തു. പ്രാദേശിക തലത്തില്‍ സഹകരണ വിപണന കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നടപടി വേഗത്തിലാക്കാനാണ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കോഓപ് മാര്‍ട്ട് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പോലും ചെലവഴിക്കാന്‍ സഹകരണ വകുപ്പിന് കഴിയാത്തതിനെ കുറിച്ച് മൂന്നാംവഴി വാര്‍ത്ത നല്‍കിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച സഹായം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെയാണ് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഇടപെട്ടത്.
രണ്ടുവര്‍ഷം മുമ്പാണ് ‘ബ്രാന്‍ഡിങ്ങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രൊഡക്ട്’ എന്ന പദ്ധതി തയ്യാറാക്കിയത്. ഗുണനിലവാരത്തില്‍ മുമ്പിലുള്ള സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹകരണ രീതിയില്‍തന്നെ കണ്‍സ്യൂമര്‍ ശൃംഖല തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒപ്പം, കൂടുതല്‍ ഉല്‍പാദന യൂണിറ്റുകള്‍ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ തുടങ്ങുക എന്നതും ഇതിന്റെ ഭാഗമാണ്. ഈ പദ്ധതി രേഖ പറയുന്ന അതേരീതിയില്‍ നടപ്പാക്കാനാണ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചത്.
14 കോഓപ് മാര്‍ട്ട് സെന്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും കോഓപ് മാര്‍ട്ട് എന്ന രീതിയില്‍ ഇത് വ്യാപിപ്പിക്കാനുള്ള വിതരണ സംവിധാനം ഒരുക്കണമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്. എല്ലാ കോഓപ് മാര്‍ട്ടുകളെയും ബന്ധിപ്പിക്കുന്ന ഐ.ടി. സംവിധാനം ഒരുക്കുന്ന ചുമതല ഊരാളുങ്കല്‍ ടെക്‌നോളജീസിനാണ്. പദ്ധതി രേഖ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഉല്‍പാദന-വിതരണ-വിനിമയ സംവിധാനം ഒരുക്കുന്നതിനുള്ള സാങ്കേതിക സംവിധാനം തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഊരാളുങ്കലിന് നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍(കണ്‍സ്യൂമര്‍)ക്കാണ് ഇതിന്റെ ചുമതല.