കൊല്ലം ജില്ലാസഹകരണ ആശുപത്രിക്ക് ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ 115 കോടി
കൊല്ലം ജില്ലാസഹകരണ ആശുപത്രിക്ക് ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ 115.80 കോടി രൂപ നബാര്‍ഡില്‍നിന്ന് സഹായം ലഭിക്കും. ഇതിന്റെ ആദ്യ ഗഡുവായി 7.89 കോടി രൂപ അനുവദിച്ചു. പക്ഷേ, പണയാധാരം നല്‍കണമെന്ന വ്യവസ്ഥയിലാണ് നബാര്‍ഡ് വായ്പ അനുവദിച്ചത്. ഇതിന്റെ ബുദ്ധിമുട്ട് സംഘം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് സര്‍ക്കാരിന് ബോര്‍ഡ് സമര്‍പ്പിച്ച് പണം പിന്‍വലിക്കാമെന്ന ഇളവ് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കാന്‍സര്‍ സെന്റര്‍, ജെറിയാട്രിക് സെന്റര്‍, ആയൂര്‍വേ ആശുപത്രി എന്നിവ തുടങ്ങുന്നതിനുള്ള പദ്ധതിയാണ് കൊല്ലം ജില്ലാസഹകരണ ആശുപത്രിക്കുള്ളത്. ഈ പദ്ധതി നബാര്‍ഡ് അംഗീകരിച്ചാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി വായ്പ അനുവദിച്ചത്. നിലവിലുള്ള നിയമമനുസരിച്ച് പണം പിന്‍വലിക്കണമെങ്കില്‍ പണയാധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കണം. ഇത് ഭാരിച്ച ചെലവുവരുമെന്ന് കാണിച്ചാണ് ആശുപത്രി പ്രസിഡന്റ് സഹകരണ മന്ത്രിക്ക് കത്ത് നല്‍കിയത്.
പണയാധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം സര്‍ക്കാരിന് ബോണ്ട് സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശമാണ് സംഘം പ്രസിഡന്റ് സര്‍ക്കാരിന്റെ മുമ്പില്‍ വെച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിലെ വ്യവസ്ഥകളില്‍ ഇളവുനല്‍കി ബോണ്ട് സമര്‍പ്പിച്ച് വായ്പാ തുക പിന്‍വലിക്കാന്‍ അനുമതി നല്കി സഹകരണ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.