കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് അഞ്ചുനില കെട്ടിടം ഉയരുന്നു

[mbzauthor]

22 വര്‍ഷം മുമ്പു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച
കൊയിലാണ്ടി സഹകരണാശുപത്രി അടുത്ത വര്‍ഷം
അഞ്ചു നിലകളുള്ള സ്വന്തം കെട്ടിടത്തിലേക്കു മാറും. അതോടെ
ഇതു 150 പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള
സ്‌പെഷ്യാലിറ്റി ആശുപത്രിയാകും. കൊയിലാണ്ടി, പയ്യോളി
നഗരസഭകളിലെയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക്
ആശ്രയിക്കാവുന്ന ആതുര സേവന കേന്ദ്രമായി കൊയിലാണ്ടി
സഹകരണാശുപത്രിയെ മാറ്റുകയാണു ഭരണ സമിതിയുടെ
ലക്ഷ്യം.

 

രണ്ട് ദശാബ്ദത്തിലേറെയായി ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കൊയിലാണ്ടി സഹകരണാശുപത്രിയ്ക്കു കോതമംഗലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ഉയരുന്നു. അഞ്ചുനില കെട്ടിടത്തില്‍ അടുത്ത വര്‍ഷത്തോടെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷ. നിലവില്‍ കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനു സമീപം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണാശുപത്രി 2023 ല്‍ത്തന്നെ പുതിയ കെട്ടിടത്തിലേക്കു മാറ്റാനാവും. സഹകരണാശുപത്രി ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതിനു മുന്നോടിയായി എല്ലാവിധ ആധുനിക ചികില്‍സാ സംവിധാനങ്ങളും സേവന വിഭാഗങ്ങളുമുളള ഒരു എസന്‍ഷ്യല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറ്റുകയാണു ഭരണസമിതിയുടെ ലക്ഷ്യം.

കൊയിലാണ്ടിയിലേയും പരിസര പ്രദേശങ്ങളിലേയും ഒരുകൂട്ടം സഹകാരികളുടെയും സുമനസ്സുകളുടെയും കൂട്ടായ്മയില്‍ 2000 ആഗസ്റ്റ് നാലിനാണു കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ അക്കാദമി പിറവിയെടുത്തത്. സ്വകാര്യ ആസ്പത്രികളുടെ അമിത ചൂഷണത്തില്‍ നിന്നു സാധാരണക്കാരെ രക്ഷപ്പെടുത്തുകയും അവര്‍ക്കു മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയുമാണു കൊയിലാണ്ടി സഹകരണാശുപത്രിയുടെ ലക്ഷ്യം. ആശുപത്രിയുടെ വികസന മുന്നേറ്റത്തില്‍ സുപ്രധാനമായ കാല്‍വെപ്പാണ് 35 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഞ്ചുനില കെട്ടിടം.

കൃഷ്ണയ്യര്‍
ബില്‍ഡിങ്

മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യരും കുടുംബവും താമസിച്ചിരുന്ന കോതമംഗലത്തെ സ്ഥലത്താണു കൊയിലാണ്ടി സഹകരണ ആശുപത്രിക്കായുളള ബഹുനില കെട്ടിടം ഉയരുന്നത്. കൃഷ്ണയ്യര്‍ ബില്‍ഡിങ് എന്ന പേരിലാണ് ആശുപത്രി കെട്ടിടം അറിയപ്പെടുക. അറുപത്തി ഒന്നേകാല്‍ സെന്റ് സ്ഥലമാണു വിലയ്ക്കു വാങ്ങിയത്. നേരത്തെ കോ-ഓപ്പറേറ്റീവ് കോളേജായിരുന്നു ഇവിടെയുണ്ടായിരുന്നത്. പിന്നീട് കോളേജിന്റെ ആസ്തി ബാധ്യതകള്‍ സഹകരണാശുപത്രി ഏറ്റെടുത്തു. 2016 ജനുവരി 31 നു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനാണു സഹകരണാശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടത്. 2017 ലാണു കെട്ടിടം പണി തുടങ്ങിയത്. കെട്ടിടത്തിന്റെ സിവില്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായി. പുതിയ കെട്ടിടം വരുന്നതോടെ നിരവധി സൗകര്യങ്ങളുളള ആശുപത്രിയായി ഇതു മാറും. 66379.19 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളളതാണു പുതിയ കെട്ടിടം. 150 പേരെ കിടത്തി ചികില്‍സിക്കാനുളള സൗകര്യം ഇവിടെയുണ്ടാവും.

പുതിയ കെട്ടിടത്തിന്റെ ഏറ്റവും താഴെയുളള നിലയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പാര്‍ക്കിങ് ഏരിയയുമാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ അത്യാഹിത വിഭാഗം, സ്‌കാനിംഗ്, ഇ.സി.ജി, എക്കോ, ടി.എം.ടി. അടക്കമുളള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിവിധ പരിശോധനാ കേന്ദ്രങ്ങള്‍, ഡയാലിസിസ് സെന്റര്‍, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഐ.സി.യു. അടക്കമുളള തിയേറ്റര്‍ കോംപ്ലക്്‌സ് എന്നിവയായിരിക്കും സജ്ജമാക്കുക. രണ്ടാം നിലയില്‍ ഓഫീസുകളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും കോണ്‍ഫറന്‍സ് ഹാളും സ്‌പെഷ്യല്‍ റൂമുകളും പ്രവര്‍ത്തിക്കും. മൂന്നാം നിലയില്‍ പുരുഷ -സ്ത്രീ വാര്‍ഡുകള്‍, അവസാന നിലയില്‍ വാര്‍ഡുകളും ഗസ്റ്റ് റൂമുകളും. എല്ലാ നിലയിലും നഴ്‌സിംഗ് സ്റ്റേഷന്‍, ഡോക്ടര്‍മാരുടെ മുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയുണ്ടാകും.

നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ( എന്‍.സി.ഡി.സി ) നിന്നു കേരള സര്‍ക്കാര്‍ വഴിയാണു കെട്ടിട നിര്‍മാണത്തിനായി സാമ്പത്തിക സഹായം കിട്ടുന്നത്. സഹകരണാശുപത്രി സമര്‍പ്പിച്ച 26.08 കോടി രൂപയുടെ പദ്ധതി എന്‍.സി.ഡി.സി. അനുവദിക്കുകയും ആദ്യ ഗഡു ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്താനുളള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

 

രണ്ടായിരത്തില്‍
തുടക്കം

2000 ആഗസ്റ്റ് നാലിനാണു വാടകക്കെട്ടിടത്തില്‍ സഹകരണാശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രി കഴിഞ്ഞാല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. തുടക്കത്തില്‍ നാലു ഡോക്ടര്‍മാരും ഏതാനും നേഴ്‌സുമാരുമായി തുടങ്ങിയ ആശുപത്രിയില്‍ ഇപ്പോള്‍ വിവിധ വിഭാഗങ്ങളിലായി പതിനഞ്ചു ഡോക്ടര്‍മാരുടെ സേവനം കിട്ടുന്നുണ്ട്. വിസിറ്റിംഗ് ഡോക്ടര്‍മാരുടെ സേവനവുമുണ്ട്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.പി. രവീന്ദ്രനാണു ചീഫ് മെഡിക്കല്‍ ഓഫീസര്‍. ദിവസവും മുന്നൂറിലേറെ രോഗികള്‍ ഇവിടെ ചികില്‍സ തേടിയെത്താറുണ്ട്. 25 രോഗികളെ കിടത്തിച്ചികില്‍സിക്കാനുളള സൗകര്യം ഇപ്പോഴുണ്ട്. അത്യാഹിത വിഭാഗം, ഫാര്‍മസി, ഇ.സി.ജി, ലാബ്, ആംബുലന്‍സ് സൗകര്യങ്ങള്‍ 24 മണിക്കൂറും കിട്ടും.

സ്‌പെഷ്യാലിറ്റി
ആശുപത്രിയാകും

പുതിയ കെട്ടിടത്തിലേക്കു മാറുമ്പോള്‍ ആധുനിക ചികില്‍സാ സൗകര്യങ്ങളും ചികില്‍സാ ഇളവുകളും ലഭിക്കുന്ന സ്‌പെഷ്യാലിറ്റി ആശുപത്രിയായി കൊയിലാണ്ടി സഹകരണാശുപത്രിയെ മാറ്റുകയാണു ലക്ഷ്യം. ജനറല്‍ മെഡിസിന്‍, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, ഓപ്പറേഷന്‍ സൗകര്യത്തോടെ അസ്ഥിരോഗ വിഭാഗം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ചര്‍മരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ദന്ത വിഭാഗം, ശ്വാസകോശ വിഭാഗം, കാര്‍ഡിയോളജി, ന്യൂറോളജി, ഉദരരോഗ വിഭാഗം, യൂറോളജി എന്നിവ സജ്ജമാകും. ആധുനിക സൗകര്യങ്ങളോടു കൂടിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍, ഡയാലിസിസ് സെന്റര്‍, അത്യാധുനിക സൗകര്യമുളള ലബോറട്ടറി, യു.എസ്.ജി, സി.ടി.സ്‌കാനിംഗ്, ഡിജിറ്റല്‍ എക്‌സ്‌റേ, ഇ.സി.ജി,. ഇ.ഇ.ജി, എക്കോ,ടി.എം.ടി, ഫാര്‍മസി, ആംബുലന്‍സ്, കാന്റീന്‍ തുടങ്ങിയ മറ്റ് സൗകര്യങ്ങളുമുണ്ടാവും. ഹോം കെയര്‍ യൂനിറ്റ്, ജെറിയാട്രിക് സെന്റര്‍, ട്രോമാ കെയര്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് സെന്റര്‍, മെഡിക്കല്‍ അക്കാദമി തുടങ്ങിയ സേവനങ്ങളും ആശുപത്രിയുടെ ലക്ഷ്യങ്ങളാണ്.

രണ്ടു ലക്ഷം രൂപ മുതല്‍ ഓഹരി നിക്ഷേപമുളളവര്‍ക്കു ചികില്‍സാ ആനുകൂല്യവും നിശ്ചിത വാര്‍ഷിക വരുമാനവും ഓഫര്‍ ചെയ്യുന്നുണ്ട്. 25,000 രൂപ മുതല്‍ ഓഹരി നിക്ഷേപമുളളവര്‍ക്കു പ്രത്യേക ചികില്‍സാ ആനുകൂല്യങ്ങളും 10,000 രൂപ മുതല്‍ ഓഹരി നിക്ഷേപമുളളവര്‍ക്ക് ഒ.പി. വിഭാഗത്തില്‍ ചികില്‍സാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. ഓഹരി ഉടമകളാകുന്നവര്‍ക്ക് ഒ.പി.വിഭാഗത്തില്‍ ചികില്‍സാ ആനുകൂല്യങ്ങള്‍, കിടത്തിച്ചികില്‍സയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ഹെല്‍ത്ത് ചെക്കപ്പ്, അഞ്ചു ലക്ഷം രൂപ മുതല്‍ ഓഹരി നിക്ഷേപമുളളവര്‍ക്കു ഹോംകെയര്‍ സേവനം എന്നിവയും ഓഫര്‍ ചെയ്യുന്നുണ്ട്.

കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ആതുര സേവന കേന്ദ്രമായി കൊയിലാണ്ടി സഹകരണാശുപത്രിയെ മാറ്റുകയാണു ഭരണ സമിതിയുടെ ലക്ഷ്യം. ആശുപത്രി സേവനങ്ങള്‍ക്കു പുറത്തുളളതിനേക്കാള്‍ കുറഞ്ഞ ചാര്‍ജാണ് ഈടാക്കുന്നതെന്ന് സെക്രട്ടറി യു. മധുസൂദനന്‍ പറഞ്ഞു. സന്നദ്ധ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനോപകാരപ്രദമായ മറ്റു സേവനങ്ങളും നല്‍കുന്നുണ്ട്. പ്രളയം, കോവിഡ് കാലത്തു ആശുപത്രി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രളയ കാലത്തെ ദുരിതാശ്വാസ കാമ്പുകളില്‍ ആശുപത്രിയുടെ മെഡിക്കല്‍ ടീം സന്ദര്‍ശിച്ചിരുന്നു. കോവിഡ് കാലത്തു സാനിറ്റൈസര്‍ നിര്‍മിച്ചു സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ‘ സേവനം ഒരു ഫോണ്‍ കോളില്‍ ‘ എന്ന സേവന പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.

915 ഓഹരി ഉടമകളാണു സഹകരണാശുപത്രിയിലുളളത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ ഷെയര്‍. മുന്‍ എം.എല്‍.എ പി. വിശ്വന്‍ (പ്രസിഡന്റ്), ടി.കെ. ചന്ദ്രന്‍ (വൈസ് പ്രസിഡന്റ്), സി. കുഞ്ഞമ്മദ്, പി.എ. അജനചന്ദ്രന്‍, മണിയോത്ത് മൂസ, യൂ.കെ. ചന്ദ്രന്‍, പി.കെ. ഭരതന്‍, ആര്‍.കെ. അനില്‍കുമാര്‍, ആര്‍.പി. വല്‍സല, യു.കെ. നിര്‍മല, ഡോ.കെ.വി. നിഷ എന്നിവരാണു ഭരണ സമിതി അംഗങ്ങള്‍. യു. മധുസൂദനനാണു സെക്രട്ടറി.

 

[mbzshare]

Leave a Reply

Your email address will not be published.