കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: എഴുത്തുകാരനായ സംരംഭകന്‍

[mbzauthor]

– വി.എന്‍. പ്രസന്നന്‍

പ്രശ്‌നങ്ങളോടു പ്രതികരണസ്വഭാവത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന തീര്‍ത്തും വ്യത്യസ്തനായ വ്യവസായ സംരംഭകനാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം
വ്യവസായ സംരംഭകരിലെ എഴുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ വ്യവസായ സംരംഭകനുമാണ്. ശാത്രജ്ഞനാകാന്‍ കൊതിച്ച് വ്യവസായിയായി മാറിയ കൊച്ചൗസേപ്പ് രണ്ടു ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു.

 

വ്യവസായസംരംഭകര്‍ സാമൂഹിക മാധ്യമങ്ങളില്‍ കാര്യമായി ഇടപെടാറില്ല. ഉണ്ടെങ്കില്‍ത്തന്നെ അതിനൊരു പബ്ലിക് റിലേഷന്‍സ് സ്വഭാവവും പരസ്യസ്വഭാവവും കാണും. എന്നാല്‍, പ്രശ്‌നങ്ങളോടു പ്രതികരണസ്വഭാവത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന വ്യത്യസ്തനായ വ്യവസായ സംരംഭകനാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ‘ഫോര്‍ബ്‌സ്’ പട്ടികയില്‍ ഇടമുള്ള ശതകോടീശ്വരരില്‍ ഒരാളായ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ എന്നും എന്തെങ്കിലും കാണും; ജനശ്രദ്ധയില്‍ വരേണ്ട വാര്‍ത്തകളോ നര്‍മം നിറഞ്ഞ കാര്‍ട്ടൂണുകളോ അങ്ങനെ എന്തെങ്കിലും. പ്രശ്‌നങ്ങളോടു പരസ്യമായിത്തന്നെ പ്രതികരിക്കാനും അദ്ദേഹം മടിച്ചിട്ടില്ല. അവ രാഷ്ട്രീയക്കാരുള്‍പ്പെടെ ആരെയെങ്കിലും പ്രകോപിപ്പിച്ചാല്‍ പ്രത്യാഘാതം നേരിടാനും തയാര്‍. സാമൂഹിക വിമര്‍ശനത്തിന്റെ രൂക്ഷതയും അനേകര്‍ക്കു താങ്ങും തണലുമേകുന്ന വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സ്‌നേഹമാധുര്യവും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ മുതലാളിത്തംതന്നെ നല്ലത് എന്നു സ്ഥൈര്യത്തോടെ പറയുന്നയാളുമാണു കൊച്ചൗസേപ്പ്.

വ്യത്യസ്തനായ
എഴുത്തുകാരന്‍

അപ്പോഴപ്പോള്‍ കാര്യങ്ങള്‍ കുത്തിക്കുറിക്കാന്‍ കൈയിലൊരു സ്‌ക്രിബ്‌ളിങ് പാഡും പേനയും കരുതുന്ന ഒരു സംരംഭകന്‍ കൂടിയാണ് കൊച്ചൗസേപ്പ്. ‘ഒരു കൊച്ചു പേനയാണു നീണ്ട ഓര്‍മശക്തിയെക്കാള്‍ നല്ലത്’ എന്നദ്ദേഹം എഴുതിയിട്ടുണ്ട്. എഴുതാന്‍ സമയം കിട്ടാത്ത വ്യവസായസംരംഭകര്‍ക്കിടയില്‍ എഴുത്തുകാരന്‍ എന്ന നിലയിലും വ്യത്യസ്തനാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം വ്യവസായ സംരംഭകരിലെ എഴുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ വ്യവസായ സംരംഭകനുമാണ്. ‘പ്രാക്ടിക്കല്‍ വിസ്ഡം ഇന്‍ റിയല്‍ ലൈഫ്’, ‘ദി ഗിഫ്റ്റ്’ ‘ജേര്‍ണി ടൂവാര്‍ഡ്‌സ് ഹോപ്പ്’ എന്നീ കൃതികള്‍ ഇംഗ്ലീഷിലും ‘പ്രാക്ടിക്കല്‍ വിസ്ഡം’, ‘പാരിതോഷികം’ ‘ഓര്‍മക്കിളിവാതില്‍’, ‘ഓര്‍മകളിലേക്ക് ഒരു യാത്ര’ എന്നീ കൃതികള്‍ മലയാളത്തിലും രചിച്ചു.

ഒരു വൃക്ക ദാനം ചെയ്തിട്ടുള്ള കൊച്ചൗസേപ്പ് അവയവദാന പ്രചാരണത്തിലും സജീവം. ദയാവധം നിയമവിധേയമാക്കാന്‍ കോടതികളില്‍ പോരാടി. തെരുവുനായ ശല്യത്തിനെതിരായും പ്രവര്‍ത്തിക്കുന്നു. ‘വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്’ സ്ഥാപിച്ചു രംഗത്തുവന്ന അദ്ദേഹം ‘വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡി’ന്റെയും ‘വീഗാലാന്റ് ഡവലപ്പേഴ്‌സി’ന്റെയുമൊക്കെ തലപ്പത്തുണ്ട്. ‘വി ഗാര്‍ഡ്’ സ്ഥാപിച്ച് 17-ാം വര്‍ഷം അദ്ദേഹം ഏറ്റവും കൂടുതല്‍ ആദായനികുതി നല്‍കുന്ന വ്യക്തിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം (രാഷ്ട്രീയ സമ്മാന്‍) നേടി. 1.2 ശതകോടി ഡോളറിന്റെ മൂല്യവുമായി 2018 ല്‍ അദ്ദേഹം ഫോര്‍ബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലും ഇടംപിടിച്ചു. കെ.സി.എഫ്. (ഗ. ഇവശേേശഹമുുശഹഹ്യ എീൗിറമശേീി) എന്ന ജീവകാരുണ്യട്രസ്റ്റുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി 2021ല്‍ ‘ഹാറുണ്‍ ഇന്ത്യ ജീവകാരുണ്യപ്പട്ടിക’യില്‍ ( ഒമൃൗി കിറശമ ജവശഹമിവേൃീു്യ ഘശേെ ) ഇന്ത്യയിലെ ഏറ്റവും ഉദാരമതികളില്‍ 37-ാമനായി. ‘എന്റെ വീട്’ പദ്ധതിയാണു ഫൗണ്ടേഷന്റെ ഏറ്റവും പുതിയ ജീവകാരുണ്യ പ്രവര്‍ത്തനം. പാവപ്പെട്ടവര്‍ക്കു വീടുവച്ചുകൊടുക്കുന്ന പദ്ധതിയാണിത്.

ആഗ്രഹിച്ചത്
ശാസ്ത്രജ്ഞനാകാന്‍

1950 ല്‍ തൃശ്ശൂര്‍ ജില്ലയിലെ പറപ്പൂരില്‍ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ സി.ഒ. തോമസിന്റെയും മറിയാമ്മയുടെയും ആറു മക്കളില്‍ ഒരാളായാണു കൊച്ചൗസേപ്പ് ജനിച്ചുവളര്‍ന്നത്. സ്‌കൂളില്‍ ശരാശരിവിദ്യാര്‍ഥിയായിരൂന്ന അദ്ദേഹത്തിനു 6 എന്ന അക്കം 9 എന്നും തിരിച്ചും എഴുതുന്നതരം ഡിസ്‌ലക്‌സിയ എന്ന പഠന വൈകല്യമുണ്ടായിരുന്നു. അതെക്കുറിച്ച് അദ്ദേഹം ‘ഓര്‍മക്കിളിവാതിലി’ല്‍ എഴുതിയിട്ടുള്ളത് ഇങ്ങനെ: ”വര്‍ഷങ്ങള്‍ക്കുശേഷം എന്റെ മക്കളായ അരുണും മിഥുനും ജനിച്ച് അവര്‍ സ്‌കൂളിലെത്തിയപ്പോഴാണു ഡിസ്‌ലക്‌സിയ എന്നൊരു അസുഖമുണ്ടെന്നും അതാണ് എനിക്കു സംഭവിച്ചതെന്നും തിരിച്ചറിഞ്ഞത്.”എങ്കിലും, ഊര്‍ജതന്ത്രം അദ്ദേഹത്തിന്റെ ശക്തിയായിരുന്നു. ബിരുദവും ബിരുദാനന്തരബിരുദവും ഊര്‍ജതന്ത്രത്തിലായിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, എത്തിപ്പെട്ടതു തിരുവനന്തപുരത്ത് ഒരു ചെറിയ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ 150 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ സൂപ്പര്‍വൈസര്‍ ട്രെയിനി തസ്തികയില്‍. എമര്‍ജന്‍സി ലാമ്പുകളും ബാറ്ററി ചാര്‍ജറുകളും സ്റ്റബിലൈസറുകളുമൊക്കെ നിര്‍മിക്കുന്ന കമ്പനിയായിരൂന്നു അത്. ഒരു കൊല്ലം കഴിഞ്ഞു മറ്റൊരു കമ്പനിയില്‍ ചേര്‍ന്നു. മികവു കണ്ടു കമ്പനി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. വൈകാതെ അതിന്റെ സാങ്കേതിക-ഗവേഷണവിഭാഗം മേധാവിയായി.

വളരെവേഗം കൊച്ചൗസേപ്പ് ഇലക്ട്രോണിക് സാധനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതില്‍ വിദഗ്ധനായി. ഇലക്ട്രോണിക് സാധനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ വളരെപ്പേര്‍ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. അറ്റകുറ്റപ്പണിക്കു കിട്ടിയ സാധനങ്ങളില്‍ ഏറെയും സ്റ്റബിലൈസറുകളായിരുന്നു. അങ്ങനെയാണു സ്വന്തം സ്റ്റബിലൈസര്‍ നിര്‍മാണസ്ഥാപനം എന്ന ആശയം ഉദിച്ചത്. പക്ഷേ, ബാങ്ക് അക്കൗണ്ട് ശൂന്യമായിരുന്നു. എങ്കിലും, ജോലി വിട്ടു. പിതാവ് 50,000 രൂപ നല്‍കി സഹായിച്ചു.

1977 ല്‍, 27-ാം വയസ്സില്‍ എറണാകുളത്തു കലൂരില്‍ ഷെഡ് വാടകയ്‌ക്കെടുത്തു. വീട്ടുപകരണങ്ങളെ വോള്‍ട്ടേജ് വ്യതിയാനങ്ങളില്‍നിന്നു രക്ഷിക്കുന്ന ഉപകരണമായതിനാല്‍ അദ്ദേഹം തന്റെ സ്റ്റബിലൈസറിനു ‘വി ഗാര്‍ഡ്’ (ഢഏൗമൃറ) എന്നു പേരിട്ടു. വോള്‍ട്ടേജ് ഗാര്‍ഡ് എന്നതിലെ വോള്‍ട്ടേജ് എന്ന വാക്കിന്റെ ആദ്യക്ഷരമെന്ന നിലയിലാണു ‘വി’ സ്വീകരിച്ചത്. ലോഗോ രൂപകല്‍പന ചെയ്തതും അദ്ദേഹംതന്നെ. പത്താംക്ലാസ് തോറ്റ രണ്ടു തൊഴിലാളികളായിരുന്നു ആകെ ജീവനക്കാര്‍. ഒരു സെക്കന്റ്ഹാന്റ് ലാമ്പ്രെട്ട സ്‌കൂട്ടര്‍ മാത്രമാണ് അന്ന് അദ്ദേഹത്തിനുണ്ടായിരുന്നത്. അക്കാലത്തെക്കുറിച്ച് അദ്ദേഹം ‘പാരിതോഷിക’ത്തില്‍ അനുസ്മരിക്കുന്നു: ”വളരെ താഴ്ന്ന നിലവാരമുള്ള ലോഡ്ജിലാണു ഞാന്‍ താമസിച്ചിരുന്നത്. എന്റെ മുറിയില്‍ തടികൊണ്ടുള്ള രണ്ടു സിംഗിള്‍ സൈസ് പലകക്കട്ടിലാണ് ഉണ്ടായിരുന്നത്. ഒന്നില്‍ ഞാന്‍ കിടക്കും. രണ്ടാമത്തെതില്‍ സ്റ്റബിലൈസര്‍ ഉണ്ടാക്കാനായി മാര്‍ക്കറ്റില്‍നിന്നു വാങ്ങിക്കൊണ്ടുവന്ന സാമഗ്രികള്‍ വെക്കും. ആ പലകക്കട്ടിലായിരുന്നു എന്റെ ഗവേഷണകേന്ദ്രം. എല്ലാ രാത്രിയും ഞാന്‍ പുറത്തുപോയി വഴിയരികില്‍ കാണുന്ന കടയില്‍നിന്നും എന്തെങ്കിലും കഴിക്കും. പിന്നെ മുറിയിലെത്തി സ്റ്റബിലൈസര്‍ ഉണ്ടാക്കുന്ന ജോലിയില്‍ വ്യാപൃതനാവും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഞാന്‍ എന്റെ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തു. പിന്നീട് ഒരു കൊല്ലന്റെ അടുത്തുപോയി സ്റ്റബിലൈസര്‍ ബോക്‌സിന്റെ ഡിസൈന്‍ കൊടുത്തു. ആ ഡിസൈനു കുറച്ചു വളവും ചരിവുമൊക്കെയുള്ളതുകൊണ്ടു നിലവില്‍ വിപണിയിലുള്ള സോപ്പുപെട്ടി മോഡല്‍ സ്റ്റബിലൈസറിനെ അപേക്ഷിച്ചു കാഴ്ചയില്‍ ഭംഗിയുണ്ടായിരുന്നു. പിന്നീടു ഞാന്‍ ഓറഞ്ചു നിറമുള്ള കുറച്ചു പെയിന്റു വാങ്ങിവന്നു തനിയേ ഇരുന്നു പെയിന്റ് ചെയ്തു.”

വില്‍പ്പനയുടെ കാര്യം അദ്ദേഹം വര്‍ണിക്കുന്നു:”എല്ലാ ദിവസവും മൂന്നു സ്റ്റബിലൈസര്‍ അടങ്ങുന്ന രണ്ടു പെട്ടികള്‍ ഇരുകൈയിലുമേന്തി ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടെയുള്ള ഇലക്ട്രോണിക് ഷോപ്പുകളില്‍ സ്റ്റബിലൈസറുകള്‍ വില്‍ക്കും. സമാനമായ ഒരു രംഗം വില്‍സ്മിത്ത് എന്ന നടന്‍ ‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’ എന്ന സിനിമയില്‍ അഭിനയിക്കുന്നതുകണ്ടു ഞാന്‍ ചിരിച്ചുപോയി.”

ബാങ്കുകള്‍ വായ്പ
നിരസിച്ചു

അക്കാലത്തു റഫിജറേറ്ററുകള്‍ക്ക് അനുബന്ധമായി മാത്രമാണു സ്റ്റബിലൈസറുകള്‍ ഉപയോഗിച്ചിരുന്നത്. റഫ്രിജറേറ്ററുകള്‍ ഉണ്ടായിരുന്നതാകട്ടെ സമ്പന്നകുടുംബങ്ങളില്‍ മാത്രവും. കെല്‍ട്രോണിന്റെയും ടാറ്റയുടെയും സ്റ്റബിലൈസറുകള്‍ വിപണിയിലുണ്ടായിരുന്നു. അവയെക്കാള്‍ അല്‍പം വിലക്കൂടുതലായിരുന്നു ‘വി ഗാര്‍ഡി’ന്റെ സ്റ്റബിലൈസറിന്. കെല്‍ട്രോണിന്റെ സ്റ്റബിലൈസറിന് 490 രൂപയായിരുന്നു. ‘വി ഗാര്‍ഡി’ന്റെതിനു 495 രൂപയും. അതുകൊണ്ടു കടക്കാര്‍ വാങ്ങാന്‍ മടിച്ചു. തന്റെ ഉല്‍പ്പന്നത്തിന്റെ മെച്ചങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയും കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തും വിറ്റുപോകാത്തവ തിരിച്ചെടുക്കാമെന്നു സമ്മതിച്ചുമാണു കടക്കാരെ കൂടെ നിര്‍ത്തിയത്. ഉപഭോക്താക്കളില്‍നിന്നു പരാതിയൊന്നും വരാതായതോടെ കടക്കാര്‍ക്കു വിശ്വാസമായി. അങ്ങനെ ബിസിനസ് ശക്തി പ്രാപിച്ചു. അപ്പോള്‍ വികസനത്തിനു കൂടുതല്‍ പണം ആവശ്യമായി. പക്ഷേ, ബാങ്കുകള്‍ വായ്പ നിരസിക്കുകയാണു ചെയ്തത്. അപ്പോള്‍ പിതാവ് 50,000 രൂപ കൂടി നല്‍കി

സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനുശേഷം ഷീലയെ വിവാഹം കഴിച്ചു. വടക്കാഞ്ചേരിയില്‍നിന്നുള്ള ഒരു ബിസിനസ് കുടുംബാംഗമായ ഷീല പില്‍ക്കാലത്തു ‘വി സ്റ്റാര്‍ ക്രിയേഷന്‍സ്’ ( ഢടമേൃ ഇൃലമശേീി)െ എന്ന വസ്ത്രബ്രാന്റിനു തുടക്കം കുറിച്ചുകൊണ്ടു വ്യവസായ സംരംഭകയായി. (ഈ സംരംഭത്തിനിപ്പോള്‍ 142 കോടി രൂപയുടെ വിറ്റുവരവുണ്ട്). ‘വി ഗാര്‍ഡി’ന്റെ വളര്‍ച്ചയ്ക്കു കേരളത്തിലെ ഗള്‍ഫ് ബൂം വളരെ സഹായകമായി. ഗള്‍ഫ് നാടുകളില്‍ ജോലി തേടിപ്പോയവരുടെ കുടുംബങ്ങളിലുണ്ടായ അഭിവൃദ്ധി അവരെ റഫ്രിജറേറ്ററുകളുടെയും മറ്റും ഉപഭോക്താക്കളാക്കി. അവയ്ക്കു സ്റ്റബിലൈസറുകള്‍ ആവശ്യമായിരുന്നതിനാല്‍ ‘വി ഗാര്‍ഡി’ന്റെ വില്‍പ്പന കുതിച്ചുയര്‍ന്നു. വൈദ്യുതിവിതരണത്തിലെ ഏറ്റിറക്കങ്ങള്‍ അന്നു വ്യാപകമായിരുന്നു. അതുകൊണ്ടു കൊച്ചൗസേപ്പ് സ്റ്റബിലൈസറുകളില്‍ മാത്രമല്ല ഇന്‍വര്‍ട്ടറുകള്‍ അടക്കമുള്ള പുതിയ ഉല്‍പ്പന്നങ്ങളിലും നിക്ഷേപം വര്‍ധിപ്പിച്ചു. ക്രമേണ ‘വി ഗാര്‍ഡി’ന്റെ വിപണി കേരളത്തിനു പുറത്തേക്കും വളര്‍ന്നു ദക്ഷിണേന്ത്യന്‍ വിപണി കീഴടക്കി. ദീര്‍ഘകാല വിജയത്തിന് ഉള്ളിന്റെയുള്ളിലെ ഗുണമേന്മാബോധം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിസിനസ് വ്യാപിപ്പിച്ചപ്പോള്‍ ഉല്‍പ്പാദനത്തില്‍ പുറംകരാര്‍ സമ്പ്രദായം അവലംബിച്ച കേരളത്തിലെ ആദ്യബിസിനസുകാരന്‍ ഒരുപക്ഷേ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയായിരിക്കും. സ്ത്രീകളുടെ കൂട്ടായ്മകളെയാണ് ഇങ്ങനെ നിയോഗിച്ചത്. സ്ത്രീകളുടെ സംഘങ്ങളെ ഗ്രാമങ്ങളില്‍ ജോലിക്കു നിയോഗിച്ചാല്‍ കേന്ദ്ര എക്‌സൈസ് നികുതിയിളവും കിട്ടുമായിരുന്നു. അടിസ്ഥാനസൗകര്യച്ചെലവും കുറഞ്ഞുകിട്ടി.

2008 ല്‍ ഓഹരിവിപണിയില്‍ പ്രവേശിച്ചു. 70 കോടി രൂപ സമാഹരിക്കാനായിരുന്നു അത്. ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്യുംമുമ്പ് 2006-07 സാമ്പത്തികവര്‍ഷം 222 കോടി രൂപയായിരുന്നു വരുമാനം. 2022 ല്‍ ‘വി ഗാര്‍ഡി’ന്റെ വിറ്റുവരവ് 3,498 കോടി രൂപയാണ്. ഏതാനും വര്‍ഷത്തിനുള്ളില്‍ വരുമാനത്തിന്റെ 60 ശതമാനവും ഇനി ദക്ഷിണേന്ത്യയ്ക്കു പുറത്തുനിന്നായിരിക്കും. വോള്‍ട്ടേജ് സ്റ്റബിലൈസറുകളും ഇന്‍വര്‍ട്ടറുകളും യു.പിഎസുകളും അടക്കമുള്ള വിഭാഗത്തില്‍നിന്നുള്ള വരുമാനം ആകെ വരുമാനത്തിന്റെ 23 ശതമാനമാണ്. ഇലക്ട്രിക്കല്‍ ഹൗസ് വയറിങ് കേബിളുകളിലും സ്വിച്ച്ഗിയറിലും നിന്നുള്ള വരുമാനം 46 ശതമാനവും.

500 വിതരണക്കാരും 30,000 ഡഡീലര്‍മാരും 20,000 റീട്ടെയ്‌ലര്‍മാരും വി ഗാര്‍ഡ് വ്യവസായ ശൃംഖലയ്ക്കുണ്ട്. പമ്പുകള്‍, മോട്ടോറുകള്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, വയറിങ് കേബിളുകള്‍, യു.പി.എസുകള്‍, സീലിങ് ഫാനുകള്‍ തുടങ്ങി വിപുലമാണ് ഉല്‍പ്പന്നനിര. യു.പി.എസ്. വിഭാഗത്തില്‍ വിപണിയുടെ 20 ശതമാനവും ‘വി ഗാര്‍ഡി’നാണ്. പമ്പുകളുടെ വിഭാഗത്തില്‍ ഇതു 15 ശതമാനവും വാട്ടര്‍ഹീറ്ററുകളുടെ വിഭാഗത്തില്‍ 12 ശതമാനവും വയറിങ് കേബിളുകളുടെ വിഭാഗത്തില്‍ ഏഴു ശതമാനവുമാണ്.

നല്ലൊരു കുടുംബനാഥനാണു കൊച്ചൗസേപ്പ്. തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നയാള്‍. കുടുംബത്തോടൊപ്പം വിദേശയാത്രകളും അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശനങ്ങളും നടത്തിയിരുന്നു. ആ യാത്രകളാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിനു പ്രചോദനം. ഡിസ്‌നിലാന്റിലെ റൈഡുകളുടെ സാങ്കേതികവിദ്യയും ആകര്‍ഷിച്ചു. അതിന്റെ ചെറുമാതൃകകള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ സൃഷ്ടിച്ചുകൂടാ എന്നു ചിന്തിച്ചു. അതാണു കൊച്ചിയിലെ ‘വീഗാലാന്റ’. 2000 ലായിരുന്നു ഉദ്ഘാടനം. ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്ക് ആണിത്. അഞ്ചു വര്‍ഷത്തിനുശേഷം മറ്റൊരു അമ്യൂസ്‌മെന്റ് പാര്‍ക്കു കൂടി തുറന്നു: ബംഗളൂരുവിലെ ‘വണ്ടര്‍ല’്. പില്‍ക്കാലത്തു വീഗാലാന്റും ‘വണ്ടര്‍ല’എന്ന ബ്രാന്റ്‌നാമം സ്വീകരിച്ചു. 2016 ല്‍ ഹൈദരാബാദില്‍ ‘വണ്ടര്‍ല’യുടെ ശാഖ തുടങ്ങി. പക്ഷേ, കോവിഡ് മൂലം ചെന്നൈയിലെ പാര്‍ക്കിന്റെ നിര്‍മാണം നീണ്ടു. 128 കോടിയുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് സംരംഭമായ ‘വണ്ടര്‍ല’യുടെ ( നേരത്തെ ‘വിഗാലാന്റ’് ) മാനേജിങ് ഡയറക്ടര്‍ മൂത്ത മകന്‍ അരുണാണ്. ഇളയ മകന്‍ മിഥുനാണ് ഇപ്പോള്‍ ‘വി ഗാര്‍ഡി’ന്റെ മാനേജിങ് ഡയറക്ടര്‍.

ജീവനക്കാര്‍ക്ക്
കമ്പനി ഓഹരി

സുതാര്യതയില്‍ വിശ്വസിക്കുന്നയാളാണു കൊച്ചൗസേപ്പ്. ജീവനക്കാര്‍ ആത്മാര്‍ഥമായി ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധനും. ജീവനക്കാരെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തന്റെ കമ്പനികളുടെ അഞ്ചു ശതമാനം ഓഹരികള്‍ അവര്‍ക്കാണു നല്‍കിയിട്ടുള്ളത്. അക്കാദമിക പാണ്ഡിത്യത്തെക്കാള്‍ പ്രായോഗികജ്ഞാനമാണു പ്രധാനം എന്ന് അദ്ദേഹം കരുതുന്നു. നേരേവാ നേരേ പോ എന്നതാണു സമീപനം. ഉല്‍പ്പന്നത്തില്‍ വ്യത്യസ്ത കൈവരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ടീം വര്‍ക്കാണു വിജയകാരണം. പരസ്യത്തിനു നല്ലൊരു സ്ഥാനമുണ്ട്. എന്നാല്‍, പരസ്യമായിരിക്കരുത് എല്ലാം. പ്രത്യേകതകള്‍ ജനങ്ങളിലെത്തിക്കാനാവണം പരസ്യം. വിദഗ്ധനായ ഒരു ബിസിനസുകാരന്‍ മള്‍ട്ടി ടാസ്‌കര്‍ ആയിരിക്കണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ മാനേജ്‌മെന്റ്, ബിസിനസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. വിജയിപ്പിച്ച ഉല്‍പ്പന്നങ്ങളെപ്പോലെത്തന്നെ വേണ്ടെന്നുവച്ച ഉല്‍പ്പന്നങ്ങളുമുണ്ട്. ക്ലോക്കുകള്‍ അത്തരമൊന്നാണ്. ലാഭകരമാവണമെങ്കില്‍ വന്‍തോതില്‍ ഉല്‍പ്പാദനം വേണ്ടിവരുമായിരുന്നു. പക്ഷേ, മറ്റുല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുംപോലെ ഇതിനെ വികസിപ്പിക്കാനാവില്ല എന്നു തോന്നി. അതാണു വേണ്ടെന്നുവച്ചത്.

2011 ലാണു ചിറ്റിലപ്പിള്ളി തന്റെ ഒരു വൃക്ക ദാനം ചെയ്തത്; ഒരു ട്രക്ക് ഡ്രൈവര്‍ക്ക്. അതിന്റെ കഥയാണു ‘പാരിതോഷികം’. ”അവയവദാനം ബിസിനസില്‍ നിക്ഷേപിക്കുന്നതുപോലുള്ള പ്രക്രിയയല്ല. അവിടെ ഞാന്‍ എന്നില്‍ത്തന്നെ നിക്ഷേപിക്കുകയാണ്” – അതില്‍ അദ്ദേഹം എഴുതി. ദയാവധം നിയമവിധേയമാക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ‘ പാരിതോഷിക ‘ ത്തിലുണ്ട്. 1988 ല്‍ 38-ാം വയസ്സിലായിരുന്നു ആ ഹര്‍ജി. ”എന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത് ഇതാണ്: എഴുപതു വയസ്സിനുശേഷം ദീര്‍ഘകാല രോഗാവസ്ഥയില്‍ കിടക്കുന്നപക്ഷം വേദനാരഹിതമായും സ്വസ്ഥമായും മരിക്കാന്‍ എന്നെ അനുവദിക്കണം. എനിക്ക് ഇത്തരം അവസ്ഥ വന്നാല്‍ തുടര്‍ന്നു ചികിത്സകള്‍ ആഗ്രഹിക്കുന്നില്ല.” പക്ഷേ, സബ് കോടതി ഹര്‍ജി തള്ളി. ഹൈക്കോടതിയെ സമീപിച്ചപ്പോഴും അനുകൂല പ്രതികരണമുണ്ടായില്ല. ആ അധ്യായം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: ”2011 ല്‍ ഒരപകടത്തിന്റെ ഭാഗമായി തല നിലത്തിടിച്ച് മരണാസന്നയായിക്കിടന്ന അരുണ്‍ ഷാന്‍ബാദ് എന്ന നഴ്‌സ് യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നു. അവരുടെ കേസില്‍ സുപ്രീംകോടതി ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി : സമാനസാഹചര്യങ്ങളില്‍ രോഗിക്കു മരുന്നും ഭക്ഷണവും നിരാകരിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം തീരുമാനങ്ങളാണു നമുക്കു വേണ്ടത്.” വീഗാലാന്റിലെ ഇന്‍ഹൗസ് മാഗസിനായ ‘വി ആന്റ് വി'( ഢ മിറ ണല) യില്‍ 1996 മുതല്‍ ഏഴു വര്‍ഷം എഴുതിയ ചിന്തകളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും ചേര്‍ത്തൊരുക്കിയതാണു മറ്റൊരു പുസ്തകമായ ‘പ്രാക്ടിക്കല്‍ വിസ്ഡം’.

2012ല്‍ ചിറ്റിലപ്പിള്ളി ‘വിഗാലാന്റ് ഡവലപ്പേഴ്‌സ്’ തുടങ്ങി. 136 കോടി രൂപയുടെ വിറ്റുവരവുണ്ട്. വൃക്ക ദാനം ചെയ്തുകൊണ്ട് പ്രതിജ്ഞാബദ്ധമായി അവയവദാന പ്രചാരണം നടത്തുന്ന അദ്ദേഹം തെരുവുനായ ശല്യത്തില്‍നിന്നു കേരളത്തെ മുക്തമാക്കാനും പ്രയത്‌നിക്കുന്നു.

ജീവകാരുണ്യ
സ്ഥാപനങ്ങള്‍

രണ്ടു ജീവകാരുണ്യ സ്ഥാപനങ്ങളും കൊച്ചൗസേപ്പിന്റേതായുണ്ട്. നേരത്തേ പരാമര്‍ശിച്ച കെ.സി.എഫ്. എന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് ഒന്ന്. ചികിത്സാ-വിദ്യാഭ്യാസ-ഭവനനിര്‍മാണ കാര്യങ്ങളില്‍ നിര്‍ധനരെ സഹായിക്കാനും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ പുനരുദ്ധരിക്കാനും ഫൗണ്ടേഷന്‍ ശ്രമിക്കുന്നു. യുവസംരംഭകര്‍ക്കു ‘വിജയീഭവ’ എന്ന പരിശീലന പരിപാടി നടത്തുന്നുണ്ട്. 20 ബാച്ചിലായി അറുന്നൂറിലധികം പേര്‍ പരിശീലനം നേടിക്കഴിഞ്ഞു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളതു ശ്രദ്ധിക്കുക: ”കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു മേഖല സ്ത്രീശാക്തീകരണമാണ്. സാമ്പത്തികമായും പശ്ചാത്തലവികസനപരമായും പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങള്‍ കണ്ടെത്തി അവിടുത്തെ വീട്ടമ്മമാര്‍ക്കു പരിശീലനവും പലിശരഹിതവായ്പയായി സാമ്പത്തിക സഹായവും ചെയ്യുന്നതാണ് ഈ രീതി. സ്വാഭിമാനവും സ്വാശ്രയത്വവും ഒരുമിച്ചു ചേരുമ്പോഴേ സ്ത്രീശാക്തീകരണം സാര്‍ഥകമാവൂ. പ്രാദേശികമായ അവികസിതാവസ്ഥയ്ക്കും കുടുംബപ്രാരാബ്ധങ്ങള്‍ക്കും കീഴില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ സമ്പദ്ഘടനയുടെ ഗുണഫലങ്ങള്‍ എല്ലാവരിലുമെത്തുകയുള്ളൂ. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനു വനിതകള്‍ക്കു പരിശീലനം നല്‍കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ കെ.സി.എഫ്. ധനസഹായം നല്‍കി സംരംഭം ആരംഭിച്ചവര്‍ വരുമാനം ലഭിച്ചുതുടങ്ങുന്ന മുറയ്ക്കു തങ്ങള്‍ക്കു കിട്ടിയ തുക മറ്റൊരാള്‍ക്കു സംരംഭം തുടങ്ങാന്‍ നല്‍കണം. ഇങ്ങനെ സ്വയംസംരംഭകരുടെ ഒരു ശൃംഖലതന്നെ വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സഹായം നല്‍കുക മാത്രമല്ല, ഈ സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ അവയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പ്രാരാബ്ധങ്ങള്‍ക്കും പരാധീനതകള്‍ക്കുമിടയില്‍ പരാജയപ്പെട്ടുപോകുന്ന കുറെപ്പേരുടെയെങ്കിലും ജീവിതത്തില്‍ പ്രതീക്ഷയുടെ തിരിനാളം കൊളുത്താനായതില്‍ സന്തോഷമുണ്ട്.” കാക്കനാടാണു ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ആസ്ഥാനം.

തോമസ് ചിറ്റിലപ്പിള്ളി ട്രസ്റ്റാണു മറ്റൊരു ജീവകാരുണ്യ സ്ഥാപനം. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായാണിത്. ഈ സ്ഥാപനം ഒരു വയോജനഗേഹവും ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി ശാന്തിമന്ദിരവും നടത്തുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോലഴിയില്‍ ‘സിസ്‌റ്റേഴ്‌സ് ഓഫ് നിര്‍മല’ പ്രോവിന്‍സില്‍പ്പെട്ട കത്തോലിക്കാ കന്യാസ്ത്രീകളാണ് ഇവ നടത്തിക്കൊണ്ടുപോകുന്നത്.

‘വി ഗാര്‍ഡ്’ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിററ്റസ് ആണ് ഇന്നു കൊച്ചൗസേപ്പ്. കേരളത്തിലെ സഹസ്രാബ്ദ ബിസിനസുകാരനുള്ള പുരസ്‌കാരം, 2000 ലെ വിനോദസഞ്ചാരവത്സര പുരസ്‌കാരം, 2011 ല്‍ ‘മലയാളമനോരമ’യുടെ വല്‍സര വാര്‍ത്താസ്രഷ്ടാവ് പുരസ്‌കാരം, 2000 ല്‍ ടി.എം.എ. മാനേജര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സാമൂഹികപ്രതിബദ്ധരായ സംരംഭകര്‍ ഏറെ ആവശ്യമുള്ള ഇക്കാലത്തു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ അത്തരക്കാര്‍ കൂടുതല്‍ രംഗത്തുവരാന്‍ പ്രചോദനമാവുമെന്നു പ്രതീക്ഷിക്കാം.

[mbzshare]

Leave a Reply

Your email address will not be published.