കൊച്ചിയില്‍ ടാക്‌സി കാറും സഹകരണക്കൂട്ടായ്മയിലേക്ക്
ആധുനികീകരണത്തിന്റെയും മാറിയ സാഹചര്യങ്ങളുടെയും വെല്ലുവിളികള്‍ നേരിടാന്‍ കൊച്ചി മഹാനഗരത്തിലെ ഓട്ടോറിക്ഷകളും സ്വകാര്യ ബസ്സുകളും സഹകരണ പാത സ്വീകരിച്ചതിനു പിന്നാലെ ടാക്‌സി കാറുകളും സഹകരണക്കൂട്ടായ്മയിലേക്ക്. കോള്‍ ടാക്‌സിയും മീറ്റര്‍ ടാക്‌സിയും മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് വരെയുള്ള നവീന സാധ്യതകള്‍ സാധാരണ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുപോലും പ്രാപ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ജില്ലയില്‍ ആലുവയില്‍ ദേശം എന്ന സ്ഥലത്ത് സജിനി ബില്‍ഡിംഗില്‍ ഓഫീസും എടുത്തു. സജീവമായ അംഗത്വ കാംപയ്‌നിന്റെ ഘട്ടത്തിലാണ് ഇപ്പോള്‍ ഈ സംഘം.
ആഗോള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ ഭാഗമായിരുന്നവരും ഇപ്പോഴും അവയില്‍ തുടരുന്നവരും സാധാരണ ടാക്‌സി സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരും ഈ സഹകരണ സംരംഭത്തില്‍ പങ്കാളികളാണ്.
തുടക്കത്തില്‍ മീറ്റര്‍ ടാക്‌സികളും കോള്‍ ടാക്‌സികളുമാണ് ഏര്‍പ്പെടുത്തുക. മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതോടെ ഊബര്‍, ഒലെ തുടങ്ങിയവയെപ്പോലെ ഓണ്‍ലൈന്‍ ടാക്‌സിയും ആരംഭിക്കും. ടാക്‌സി ബോര്‍ഡുകള്‍ വച്ച് ഓടുന്ന മീറ്റര്‍ ടാക്‌സിയില്‍ യാത്രക്കാര്‍ കയറുമ്പോള്‍ ഡ്രൈവറുടെ ഫോണിലെ ആപ്പിന്റെ സഹായത്തോടെ ദൂരം കണക്കാക്കി നിരക്ക് തീരുമാനിക്കും. തുടര്‍ന്ന് യാത്ര ചെയ്യാം.
സഹകരണ സംഘത്തിന്റെ കോള്‍സെന്ററിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുന്ന യാത്രക്കാരെ ഏറ്റവും അടുത്തുള്ള ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണു കോള്‍ ടാക്‌സി. ഇതിനു ജി.പി.എസിന്റെ സഹായം ലഭ്യമാക്കും. ജൂണ്‍ പകുതിയോടെ ഇത് ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. തുടക്കത്തില്‍ കൊച്ചിയിലായിരിക്കും ഈ സൗകര്യം ഒരുക്കുക. പിന്നീട് തിരുവനന്തപുരവും കോഴിക്കോടും പോലുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. വരുന്ന സ്വാതന്ത്ര്യദിനത്തിലോ ഓണക്കാലത്തോ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസും ആരംഭിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. മൊബൈല്‍ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ ആപ്പ് തയാറാക്കി പരിശീലന ട്രിപ്പുകള്‍ നടത്തിയശേഷമാകും സര്‍വീസ്.
കമ്മീഷനു പകരം
സര്‍വീസ് ചാര്‍ജ്
സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെക്കാള്‍ കുറഞ്ഞ യാത്രാനിരക്കായിരിക്കും ഈടാക്കുക. അതേസമയം, ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സാമ്പത്തികനേട്ടം ഉണ്ടാക്കാനും കഴിയും. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ 26 ശതമാനം കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. സഹകരണ സംഘം കമ്മീഷന്‍ വാങ്ങില്ല. പകരം, സര്‍വീസ് ചാര്‍ജ് ആയിരിക്കും ഈടാക്കുക. ഇത് സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഈടാക്കുന്ന കമ്മീഷന്‍ നിരക്കിനെക്കാള്‍ വളരെ കുറവായിരിക്കും. ഇതുവഴി യാത്രക്കാരില്‍ നിന്ന് വന്‍തുക ഈടാക്കാതെതന്നെ, കമ്മീഷന്‍ നിരക്ക് ഒഴിവാകുകവഴി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സാമ്പത്തികമെച്ചം നേടിക്കൊടുക്കാനാവുമെന്നാണു കണക്കുകൂട്ടല്‍. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കുകളാവും സര്‍വീസിന് അടിസ്ഥാനമാക്കുക.
ഏപ്രില്‍ മൂന്നിനാണ് ഡ്രൈവര്‍മാരുടെ സഹകരണസംഘം രജിസ്റ്റര്‍ ചെയ്തത്. നിയമാവലിക്ക് സഹകരണവകുപ്പ്ിന്റെ അംഗീകാരം ലഭിച്ചു. ടി.ബി. സുധാകരന്‍ ( പ്രസിഡന്റ് ), ജയകുമാര്‍ ( വൈസ് പ്രസിഡന്റ ് ), സുബൈര്‍ .പി.എസ് ( സെക്രട്ടറി ), കെ.എന്‍. സുരേഷ് ( ജോയിന്റ് സെക്രട്ടറി ), ഷിയാസ് ദേശം ( ട്രഷറര്‍ ) എന്നിവരാണു ഭാരവാഹികള്‍. പതിനൊന്നംഗ നിര്‍വാഹകസമിതിയുമുണ്ട്.
ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കവെതന്നെ ഓണ്‍ലൈനും അല്ലാത്തതുമായ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളുടെ ഭാരവാഹികളായിരിക്കുന്നവരാണ് ഈ രംഗത്ത് ഡ്രൈവര്‍മാര്‍ നേരിടുന്ന ചൂഷണവും ബുദ്ധിമുട്ടും മറികടക്കാന്‍ ഈ സംരംഭത്തിനു മുന്നിട്ടിറങ്ങിയത്. സംഘത്തിന്റെ പ്രസിഡന്റ് ടി.ബി. സുധാകരന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ്. സെക്രട്ടറി സുബൈര്‍ പി.എസ്. അതിന്റെ സംസ്ഥാന നിര്‍വാഹക സമിതിയംഗവും. ഷിയാസ് ദേശം കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ സെക്രട്ടറിയായിരുന്നു. നിര്‍വാഹകസമിതിയംഗങ്ങളിലൊരാളായ നവാസ് പൊന്നാനി ജനപക്ഷം മോട്ടോര്‍ തൊഴിലാളി യൂണിയന്റെ ഭാരവാഹിയാണ്.
ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ വന്‍കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ കുറയ്ക്കണമെന്നും അനാവശ്യമായി ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമരങ്ങള്‍ വരെ നടത്തിയിട്ടും ഫലം ഉണ്ടാകാതിരുന്നതിനാലാണ് ഇത്തരം പ്രശ്‌നങ്ങളില്ലാത്ത സംവിധാനം കൊണ്ടുവരാന്‍ സഹകരണ സംഘം സ്ഥാപിക്കുക എന്ന ആശയം ഉടലെടുത്തത്. 500 രൂപയാണ് സംഘത്തിന്റെ അംഗത്വഫീസ്. നിശ്ചിത മാസവരിയുമുണ്ടാകും. അഞ്ഞൂറില്‍പ്പരം പേര്‍ അംഗത്വമെടുത്തുകഴിഞ്ഞിട്ടുണ്ട്. അംഗത്വം ആയിരമെങ്കിലുമാക്കുക എന്നതാണ് സംഘാടകരുടെ ഉദ്ദേശ്യം. അങ്ങനെ അംഗത്വഫീസായി സമാഹരിക്കുന്ന തുക സംഘത്തിന്റെ മൂലധനമായി ഉപയോഗിക്കും. ഈ തുക കൊണ്ടാണ് മൊബൈല്‍ ആപ്പ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ ഇപ്പോള്‍ സി.എന്‍.ജി. ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കാണ് എണ്ണ ഇന്ധന വാഹനങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്നത്. സഹകരണ സംഘത്തിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ ആര്‍.ടി.ഒ.യുടെ ഫിറ്റ്‌നസ് ഉള്ള എല്ലാ വാഹനങ്ങള്‍ക്കും ഇന്ധനഭേദമെന്യേ തുല്യപരിഗണനയായിരിക്കും. അംഗങ്ങള്‍ക്ക് മരണാനന്തരാനുകൂല്യം അടക്കം വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.
മറ്റു പല ജോലികളില്‍ നിന്നു വ്യത്യസ്തമായി സംസ്ഥാനത്തിനു പുറത്തുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ സേവനം ചെയ്യേണ്ടി വരുന്ന ഡ്രൈവര്‍മാരുടെ സമൂഹത്തെ ഏകോപിപ്പിക്കുക എന്നതാണ് തങ്ങളുടെ വലിയ വെല്ലുവിളി എന്ന് സംഘത്തിന്റെ സെക്രട്ടറി സൂബൈര്‍ പറഞ്ഞു. സഹകരണ സംരംഭമെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നു പ്രത്യേക പരിണന പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എല്ലാഭാഗത്തെയും ടാക്‌സി കാറുകളെ അംഗങ്ങളാക്കുന്നുണ്ടെങ്കിലും നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് ഇതിനു മുന്‍കൈയെടുത്തിട്ടുള്ളത്.
ഓട്ടോയും ബസ്സും
ആദ്യ മാതൃക
കൊച്ചി മെട്രോയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഗതാഗത രംഗത്തെ പുതിയ വെല്ലുവിളികള്‍ക്കൊത്തു മാറാനുമായി കൊച്ചിയിലെ ഓട്ടോറിക്ഷകളും സ്വകാര്യ ബസ്സുകളും നേരത്തെതന്നെ സഹകരണ പാതയിലേക്കു തിരിഞ്ഞിരുന്നു. ഇതില്‍ ഓട്ടോറിക്ഷകള്‍ ഓണ്‍ലൈന്‍ സേവനത്തിലേക്കു പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇതു സംബന്ധിച്ച് വിവര സാങ്കേതികവിദ്യാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ ചീഫ് പ്രൊമോട്ടറും സി.ഐ.ടി.യു നേതാവുമായ എം.ബി.സ്യമന്തഭദ്രന്‍ പറഞ്ഞു. ഫെബ്രുവരി 17 നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ( കെ.എം.ആര്‍.എല്‍ ) ഫീഡര്‍ സര്‍വീസ് നടത്താനുള്ള ഓട്ടോറിക്ഷകളുടെ സഹകരണ സംഘം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘമായി ഇതു വളരുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. വൈദ്യുത ഓട്ടോകള്‍ രംഗത്തിറക്കാന്‍ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. ഷെയര്‍ ഓട്ടോ സംവിധാനവും നടപ്പാക്കി. രണ്ടായിരത്തോളം പേര്‍ സംഘത്തില്‍ അംഗങ്ങളായി ചേര്‍ന്നുവെന്ന് സ്യമന്തഭദ്രന്‍ അറിയിച്ചു.
വ്യക്തിഗത ഉടമസ്ഥതയില്‍ നിന്ന് കമ്പനികളായി രൂപാന്തരം പ്രാപിച്ചും സഹകരണ സംഘമായി സംഘടിച്ചും കൊച്ചിയിലെ സ്വകാര്യബസ് വ്യവസായ രംഗവും കൂട്ടായ്മയുടെ പാതയിലാണു മുന്നേറുന്നത്. കൊച്ചി മെട്രോ പേട്ട വരെ നീട്ടുന്നത് പൂര്‍ത്തിയാവുകയും റോഡ് സൗകര്യങ്ങളും മറ്റും മെച്ചപ്പെടുകയും ചെയ്യുന്നതോടെ കൂട്ടായ്മ കൂടുതല്‍ ഫലവത്താകുമെന്ന് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( കെ.എം.ടി.സി ) പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. കൂടുതല്‍ ബസ്സുകള്‍ സഹകരണപ്രസ്ഥാനത്തിലേക്കു വരുന്നുണ്ട്. കഴിഞ്ഞവര്‍ഷം ആദ്യം 160 ബസ്സുടമകളാണു സംഘത്തിലുണ്ടായിരുന്നത്. ഇപ്പോഴത് മുന്നോറോളമായിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.